നന്ദിയും നന്ദികേടും

പത്രാധിപർ

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

ഇസ്‌ലാം മനുഷ്യചിന്തയുടെ ഉല്‍പന്നമല്ല. അടിസ്ഥാനരഹിതങ്ങളായ അധ്യാപനങ്ങളും അബദ്ധജടിലമായ വിശ്വാസങ്ങളും ഇസ്‌ലാമിന് അന്യമാണ്. ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാനാഗ്രഹിക്കുന്ന ഏതൊരാളും  പ്രാഥമികമായി ചെയ്യേണ്ടത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുകയാണ്. അതിന് ശ്രമിക്കാതെ തന്റെ പരിമിതമായ വീക്ഷണങ്ങളിലൂടെ മാത്രം ക്വുര്‍ആനിനെയും പ്രവാചകനെയും ഇസ്‌ലാമിനെയും മനസ്സിലാക്കുന്നത് തീര്‍ച്ചയായും വലിയ തെറ്റുധാരണയിലേക്കായിരിക്കും നയിക്കുക. അല്ലാഹു പറയുന്നു:

''അല്ല, മുഴുവന്‍ വശവും അവര്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം അവര്‍ക്കു വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്. അപ്രകാരം തന്നെയാണ് അവരുടെ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയത്. എന്നിട്ട് ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കൂ'' (ക്വുര്‍ആന്‍ 10:39).

''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?'' (52:35-37).

''(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു'' (6:4).

ഏറെ സരളവും അതിലേറെ ചിന്തോദ്ദീപകവുമാണ് ഈ ക്വുര്‍ആന്‍ സൂക്തങ്ങള്‍. പ്രപഞ്ച സ്രഷ്ടാവിനെയല്ലാതെ വേറെ ഏത് ശക്തികളെയും വ്യക്തികളെയും ദൈവമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആര്‍ക്കാണ് ക്വുര്‍ആനിലെ ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുക? ആര്‍ക്കാണ് തങ്ങള്‍ ആരാധിക്കുന്ന ജനനവും മരണവും വിചാരവികാരങ്ങളെല്ലാമുണ്ടായിരുന്ന തങ്ങളുടെ ആരാധ്യന്മാരാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് പറയാന്‍ കഴിയുക? ആര്‍ക്കാണ് രാപ്പകലുകള്‍ മാറിമാറിക്കൊണ്ടുവരുന്നതും മഴ വര്‍ഷിപ്പിക്കുന്നതും സസ്യങ്ങള്‍ മുളപ്പിക്കുന്നതും കായ്കനികള്‍ ഉദ്പാദിപ്പിക്കുന്നതും ജീവിതവും മരണവും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം തങ്ങളുടെ ആരാധ്യരാണെന്ന് പറയാന്‍ കഴിയുക? ആര്‍ക്കും കഴിയില്ല എന്നുറപ്പ്.

ഇവിടെയാണ് ഇസ്‌ലാം വ്യതിരിക്തമാകുന്നത്. പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേയുള്ളൂ എന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അത് മനുഷ്യ ബുദ്ധിയെയും ചിന്തയെയും തട്ടിയുണര്‍ത്തിക്കൊണ്ടാണ് സ്രഷ്ടാവിന്റെ അജയ്യതയും അനശ്വരതയും ബോധ്യപ്പെടുത്തിത്തരുന്നത്. ഇത് ഉള്‍ക്കൊണ്ടു കൊണ്ട് ഇസ്‌ലാം പുല്‍കിയ ഒരാള്‍ സ്രഷ്ടാവിന്റെ മതത്തിന്റെ നിയമനിര്‍ദേശങ്ങളില്‍ അവ്യക്തതയോ സന്ദേഹമോ ദര്‍ശിക്കുകയില്ല. മതത്തിന്റെ യുക്തിഭദ്രമായ വിശ്വാസകാര്യങ്ങളും പ്രായോഗികമായ കര്‍മാനുഷ്ഠാന കാര്യങ്ങളും സ്‌നേഹം, കാരുണ്യം, സഹകരണം തുടങ്ങി സര്‍വവിധ മാനുഷിക ഗുണങ്ങളും കൈക്കൊള്ളുവാന്‍ പഠിപ്പിക്കുന്ന  ഉന്നതമായ സവിശേഷതയും അവന്റെ മനസ്സില്‍ ആന്ദോളനം സൃഷ്ടിക്കാതിരിക്കില്ല. 

എന്നാല്‍ പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങി മതം മാറുന്ന ഒരാളില്‍ ഈ സവിശേഷ ഗുണം കാണുക സാധ്യമല്ല. അങ്ങനെയൊരു മാറ്റം ഇസ്‌ലാം അംഗീകരിക്കുന്നുമില്ല. തലയെണ്ണി കണക്കെടുത്ത് അംഗബലത്തില്‍ ഊറ്റംകൊള്ളാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. ഭൗതിക ലോകത്തെ നേട്ടങ്ങളിലേക്കല്ല ഇസ്‌ലാമിന്റെ ക്ഷണം; പ്രത്യുത പരലോകത്തെ രക്ഷയിലേക്കും ശാശ്വത സുഖജീവിതത്തിലേക്കുമാണ്. തികച്ചും വ്യക്തിനിഷ്ഠമാണത്. ഇഷ്ടമുള്ളവര്‍ക്ക് സ്രഷ്ടാവ് നല്‍കിയ അനന്തമായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചുകൊണ്ട് ജീവിക്കാം; നന്ദികേട് കാണിച്ചും ജീവിക്കാം. നേട്ടങ്ങളും നഷ്ടങ്ങളും അവനവന്‍ തന്നെ അനുഭവിക്കേണ്ടിയും വരും എന്നു മാത്രം.