പ്രകോപനങ്ങളെ അതിജയിക്കുക

പത്രാധിപർ

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

ഇന്ത്യ ഒരു മതേതര രാജ്യമാണ്. അഥവാ രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കുവാനും ആരാധനാകര്‍മങ്ങള്‍ ചെയ്യുവാനും ആദര്‍ശ പ്രബോധനം നടത്തുവാനും  സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ്. വ്യത്യസ്ത മതവിശ്വാസികള്‍ ഒരുമയോടെയും സഹകരണത്തോടെയും സ്‌നേഹത്തോടെയും തിങ്ങിപ്പാര്‍ക്കുന്ന രാജ്യം. അതുതന്നെയാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും സൗന്ദര്യവും

എന്നാല്‍ ഈ സവിശേഷതയും സൗന്ദര്യവും ഇല്ലാതാക്കുവാനും രാജ്യത്തെ ഏകശിലാത്മകമാക്കുവാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ഈ ശ്രമം നടത്തുന്നത് ആര് തന്നെയായാലും അത് പാഴ്ശ്രമവും ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്നതും ആയിരിക്കുമെന്നതില്‍ സംശയമില്ല.

രക്തച്ചൊരിച്ചില്‍ നടത്തിയും ഭയപ്പാട് സൃഷ്ടിച്ചും ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്ന തരത്തില്‍ തീവ്രവാദ നിലപാടില്‍ മുന്നോട്ടു പോകുന്നത് മതഭൂരിപക്ഷത്തില്‍ പെട്ടവരാണെങ്കിലും മതന്യൂനപക്ഷത്തില്‍ പെട്ടവരാണെങ്കിലും അവരെ വോട്ടു ബാങ്കില്‍ ചോര്‍ച്ച സംഭവിക്കുമെന്ന ഭയമില്ലാതെ അമര്‍ച്ച ചെയ്യുവാനുള്ള ചങ്കൂറ്റം കാണിക്കുന്ന ഭരണസാരഥികളെയാണ് ഇന്ന് രാജ്യത്തിനാവശ്യം.

രാജ്യത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുവാന്‍ ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയെ തിരിച്ചറിയുവാനും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുവാനും സമാധാന കാംക്ഷികള്‍ ശ്രമിക്കേണ്ടതുണ്ട്. മത-രാഷ്ട്രീയ-സാമുദായിക വ്യത്യാസമില്ലാതെ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. 

മതസഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും പുകഴ്‌പെറ്റ സംസ്ഥാനമായ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സംഭവിക്കാതിരിക്കുവാന്‍ മുസ്‌ലിം സമുദായം നാളിതുവരെ വഹിച്ച പങ്ക് വിസ്മരിക്കാവതല്ല. തുടര്‍ന്നും പൂര്‍വോപരി ശക്തിയോടെ കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട്. മതസംഘടനകളും മഹല്ല് കമ്മിറ്റികളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. സമുദായഗാത്രത്തില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ക്ക് മുളച്ചുപൊന്തുവാന്‍ ഒരിക്കലും അവസരം കൊടുത്തുകൂടാ. പുകച്ചു പുറത്തു ചാടിക്കും പോല്‍ പ്രകോപനമുണ്ടാക്കി പ്രതികരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരുടെ രഹസ്യ അജണ്ടകള്‍ക്ക് തലവെച്ചുകൊടുക്കുന്ന വിവേകശൂന്യത ആരില്‍നിന്നും ഉണ്ടായിക്കൂടെന്ന് ബോധവത്കരണം നടത്തണം. 

പ്രബോധകര്‍ തങ്ങളുടെ വാക്കുകളില്‍ ഏറെ സൂക്ഷ്മത പാലിക്കുക. സത്യം പറയുവാന്‍ ആര്‍ജവം കാണിക്കരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. പറയേണ്ട സത്യം പറയേണ്ടതുണ്ട്. പറയേണ്ടതേ പറയാവൂ; നാവിന് അറിയാതെ പറ്റുന്ന സ്ഖലിതം പോലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ തടയുവാനുള്ള ആയുധമാക്കുവാന്‍ കാതോര്‍ത്തിരിക്കുന്നവര്‍ക്ക് അറിഞ്ഞുകൊണ്ട് ആയുധം നല്‍കരുതെന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. 

വികാര വിക്ഷോഭം നിറഞ്ഞ വാക്ശരങ്ങളല്ല; വിചാര വിവേകത്തിന്റെ സത്തകൊണ്ടുള്ള സത്യത്തിന്റെ പൂവമ്പുകളാണ് പ്രബോധകരില്‍നിന്നുതിരേണ്ടത്. 'നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയറിയിക്കുക; നിങ്ങള്‍ അവരെ വെറുപ്പിക്കരുത്' എന്ന പ്രവാചക നിര്‍ദേശം ഓര്‍ക്കുക. ജനങ്ങളെ സുഖിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുക, സത്യം മറച്ചുവെക്കുക എന്നല്ല ഈ നിര്‍ദേശത്തിലുള്ളത്. നന്മകല്‍പിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും മാന്യമായ ശൈലി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലക്ഷ്യത്തെ പോലെ മാര്‍ഗവും വിശുദ്ധമാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.