നവോത്ഥാനത്തിന്റെ അവകാശവാദവും വിസ്മരിക്കപ്പെടുന്ന വസ്തുതകള്

പത്രാധിപർ

2017 മെയ് 06 1438 ശഅബാന്‍ 9

മതത്തിന്റെ മൗലിക സംശുദ്ധിയില്‍ നിന്ന് അനുയായികള്‍ അകന്നുതുടങ്ങുന്നത് ജീര്‍ണതയുടെ ആരംഭമാണ്. ജീര്‍ണതകളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും അവരെ തിരിച്ചുകൊണ്ടുവരേണ്ടത് വിവരമുള്ളവരുടെ ബാധ്യതയാണ് എക്കാലത്തും. പൗരോഹിത്യവും സ്വാര്‍ഥ താല്‍പര്യങ്ങളും മതത്തിന്റെ സംശുദ്ധലക്ഷ്യങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്ന വേളകളില്‍ അക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ബാധ്യത നിര്‍വഹിക്കുവാന്‍ പണ്ഡിതന്മാര്‍ രംഗത്തുവന്നിട്ടുണ്ട്; മുസ്‌ലിംകളുള്ളിടത്തെല്ലാം. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മതത്തിന്റെ ആദിമവിശുദ്ധിയിലേക്ക് തിരിച്ചുവിളിക്കുവാന്‍ കുറെ മഹത്തുക്കള്‍ രംഗത്തുവന്നിട്ടുണ്ട്. അതിന്റെയൊക്കെ അനന്തര ഫലമാണ് മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു കാണുന്ന മതബോധവും വിദ്യാഭ്യാസ തല്‍പരതയും. 

എന്നാല്‍, ഇന്ന് മുസ്‌ലിം കൈരളി കൈവരിച്ച സകല നേട്ടങ്ങളും മാറ്റങ്ങളും തങ്ങളുടെ പരിശ്രമ ഫലമാണെന്നു പറഞ്ഞ് നവോത്ഥാനത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാന്‍ ചിലരൊക്കെ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരാണോ സകല രംഗങ്ങളില്‍നിന്നും മുസ്‌ലിം സമുദായത്തെ പുറകോട്ടു വലിക്കാന്‍ ഒരു കാലത്ത് നേതൃത്വം വഹിച്ചത് അവര്‍ തന്നെയാണ് മുന്നേറ്റങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വെമ്പല്‍കൊള്ളുന്നത് എന്നതാണ് ഏറെ രസകരം. പച്ചമലയാളം സംസാരിക്കുന്നത് തന്നെ ശരിയല്ലെന്നു പറഞ്ഞിരുന്നവര്‍ 'ദ്വാദശ മഹാമഹ'ങ്ങളും 'നവോത്ഥാന' സമ്മേളനങ്ങളും നടത്തുന്നു! ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നു പറഞ്ഞിരുന്നവര്‍ 'പ്രൊഫ്‌സമ്മിറ്റ്' നടത്തുന്നു, ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ നടത്തുന്നു. വനിതകള്‍ അക്ഷരം പഠിക്കുന്നത് മക്‌റൂഹാണെന്ന് പ്രമേയം പാസ്സാക്കിയവര്‍ വനിത മാസികകളും വനിത കോളേജുകളും നടത്തുന്നു. രോഗം വന്നാല്‍ ചികിത്സിക്കാതെ മന്ത്രങ്ങളിലും തന്ത്രങ്ങളിലും മാലകളിലും നൂലുകളിലും തങ്ങന്മാരിലും മുസ്‌ല്യാക്കളിലും ജാറങ്ങളിലും അഭയം കണ്ടിരുന്നവര്‍ ഇന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ നടത്തുന്നു!  

 വ്യക്തമായ ഏകദൈവാദര്‍ശവും അതിന്റെയടിസ്ഥാനത്തിലുള്ള സാമൂഹ്യ സാംസ്‌കാരിക നിലപാടുകളും അവലംബിച്ചാല്‍ ഏതു കാലത്തും ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് അതിന്റെ വ്യതിരിക്ത മൗലികതയിലേക്ക് തിരിച്ചു പോകുവാന്‍ കഴിയും. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണങ്ങളിലെ അഴിച്ചുപണി മുസ്‌ലിംകള്‍ക്ക് ആവശ്യമായി വരുന്നില്ല. പ്രമാണങ്ങളെ നവീകരിക്കുകയോ മാറ്റിത്തിരുത്തുകയോ അല്ല; പ്രമാണങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് മുസ്‌ലിംകള്‍ക്കിടയിലെ ജീര്‍ണതകള്‍ക്കുള്ള പരിഹാരം എന്നര്‍ഥം. 

മലയാളഭാഷയില്‍ ക്വുര്‍ആന്‍ പഠിക്കുന്നതും അതിന് പരിഭാഷയെഴുതുന്നതും മതവിരുദ്ധമെന്ന് പ്രഖ്യാപിച്ച പണ്ഡിതന്മാര്‍ ജീവിച്ച നാടാണിത്. ഇതിന്റെ ഫലമായി വിശുദ്ധക്വുര്‍ആന്‍ വീടിന്റെ തട്ടിന്‍പുറത്തും പള്ളികളിലെ അലമാരകളിലും സൂക്ഷിക്കപ്പെടുന്ന; കത്തപ്പുരകളിലും ജാറങ്ങളിലും മാത്രം പാരായണം ചെയ്യപ്പെടുന്ന ഒരു നിര്‍ജീവ ഗ്രന്ഥമായി മാറ്റിവെക്കപ്പെട്ടു. ക്വുര്‍ആന്‍ പരിഭാഷ ചെയ്യുന്നതും അച്ചടിച്ചോ എഴുതിയോ ക്വുര്‍ആന്‍ വാക്യങ്ങളുടെ ആശയം വിതരണം ചെയ്യുന്നതും മതനിഷിദ്ധമായി പുരോഹിതന്മാര്‍ പരിചയപ്പെടുത്തി. പാതിരാപ്രസംഗങ്ങളിലെ തുടക്കവും ഒടുക്കവും കൊഴുപ്പിക്കാനുള്ള സൗന്ദര്യ വാക്യങ്ങളായി ഉദ്ധരിക്കപ്പെട്ട ക്വുര്‍ആന്‍ വാക്യങ്ങളുടെ പോലും ശരിയായ അര്‍ഥവും താല്‍പര്യവും മുസ്‌ലിം ജനസാമാന്യത്തിന് പകര്‍ന്നു നല്‍കുവാന്‍ പുരോഹിതര്‍ തടസ്സം നിന്നു. 

കേരളത്തിലെ സലഫികള്‍ അവയെ നഖശിഖാന്തം എതിര്‍ത്തു തോല്‍പിച്ചു എന്നതാണ് ചരിത്രം. വിശുദ്ധ ക്വുര്‍ആനിന്റെ അനന്യപ്രഭാവത്തിലേക്ക് മുസ്‌ലിം സമൂഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി കടന്നുപോയ മഹാരഥന്മാരായ സലഫി പണ്ഡിതന്മാര്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു. അവര്‍ നിസ്വാര്‍ഥരായിരുന്നു. ഗുണകാംക്ഷാനിര്‍ഭരമായ മനസ്സുള്ളവരായിരുന്നു. ആ ശ്രമങ്ങള്‍ അതേപോലെ ഇന്നും ഭംഗിയായി ചെയ്തുെകാണ്ടിരിക്കുന്ന; അതിന്റെ പേരില്‍ ത്യാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനവധി പണ്ഡിതന്മാരും പ്രവര്‍ത്തകരും കേരളത്തിലുണ്ട്; വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന കൂട്ടായ്മയുടെ കീഴില്‍.