പ്രമാണങ്ങളുടെ കാവലാളാവുക

പത്രാധിപർ

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

അല്ലാഹുവിന്റെ മതമായ ഇസ്ലാമിന്റെ ഇതര മതങ്ങളിൽ നിന്നുള്ള ഏറ്റവും മൗലികമായ വ്യതിരിക്തത അതിന്റെ പ്രമാണങ്ങളുടെ ദൈവികതയും അജയ്യതയുമാണ്‌. ക്വുർആനും ഹദീഥുമാകുന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഇന്ന്‌ ലോകം ഉറ്റുനോക്കുന്നുണ്ട്‌; എല്ലാവിധ തെറ്റുധരിപ്പിക്കലുകൾക്കിടയിലും. മനുഷ്യജീവിതത്തിന്റെ സർവ മണ്ഡലങ്ങളിലേക്കുമുള്ള കൃത്യവും വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങൾ നൽകുന്നു എന്നതാണ്‌ ഇസ്ലാമിക പ്രമാണങ്ങളെ സ്വീകരിക്കാൻ ആളുകൾ വർധിച്ചു വരുന്നു എന്നതിന്റെ അടിസ്ഥാന കാരണം.

പ്രമാണങ്ങളിലേക്ക്‌ ലോകം അടുത്തുവരുന്നത്‌ ഇരുട്ടിനെ പ്രണയിക്കുന്നവർക്ക്‌ അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. അത്തരം അസ്വസ്ഥതകൾ വളർന്നു വലുതായി ഒരു പ്രത്യേക തരം അവസ്ഥയിലെത്തിയിരിക്കുകയാണിന്ന്‌. ക്വുർആനിനും ഹദീഥിനും നേരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന പുതിയ ആരോപണങ്ങൾ ഇത്തരം ഒരവസ്ഥയുടെ ഉൽപന്നങ്ങളാണ്‌. പ്രമാണങ്ങളെ തുറന്ന മനസ്സോടെ ആഴത്തിൽ പഠിച്ചിട്ടല്ല ഇത്തരം വിമർശനങ്ങൾ ഇവർ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ വാസ്തവം. പ്രമാണങ്ങളെ ആരൊക്കെ നേർക്കുനേരെ പഠിക്കാൻ തുനിഞ്ഞിട്ടുണ്ടോ അവരൊക്കെ പ്രമാണങ്ങളുടെ പ്രചാരകരായി തീർന്നിട്ടുണ്ട്‌ എന്നതാണ്‌ ചരിത്രം.

പ്രമാണങ്ങളുടെ ശക്തി ശരിയാംവണ്ണം തിരിച്ചറിഞ്ഞ എതിരാളികൾ ഈ പ്രമാണങ്ങളുടെ പ്രകാശത്തെ ഊതിക്കെടുത്താനുള്ള പരിശ്രമങ്ങൾക്ക്‌ ആക്കം കൂട്ടിയിട്ടുണ്ടെന്നാണ്‌ വർത്തമാനകാലത്തെ ചില സംഭവങ്ങൾ നമ്മോട്‌ പറയുന്നത്‌. വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നിരന്തരം ക്വുർആൻ, ഹദീഥ്‌ വിമർശനങ്ങൾ പടച്ചുവിട്ടുകൊണ്ടിരിക്കുക എന്നതാണിവരുടെ രീതി. മുസ്ലിം നാമധാരികളും പണ്ഡിതവേഷധാരികളും ഇതിലുണ്ട്‌. പ്രമാണങ്ങളിൽ, വിശിഷ്യാ ഹദീഥുകളിൽ തള്ളിക്കളയേണ്ട പലതും സ്ഥാനം പിടിച്ചിട്ടുണ്ട്‌ എന്ന്‌ വരുത്തിത്തീർക്കാനാണിവർ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായി ഹദീഥുകളോട്‌ പൊതുസമൂഹത്തിന്‌ അവമതിപ്പുണ്ടാവുന്ന രീതിയിലാണ്‌ ഇത്തരക്കാർ എഴുതുകയും പറയുകയും ചെയ്യുന്നത്‌.

സത്യത്തിൽ ഇസ്ലാമിക പ്രമാണങ്ങൾ; അത്‌ ക്വുർആനാവട്ടെ, ഹദീഥാവട്ടെ പ്രമാദമുക്തമാണെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യം ഉറക്കെ പറഞ്ഞ്‌ പ്രമാണങ്ങളുടെ കാവലാളാവുക എന്നതാണ്‌ ഇന്ന്‌ വിശ്വാസികളുടെ മൗലിക ദൗത്യം. പ്രമാണ നിരാസം ഒരു ട്രന്റായി മാറിയ ഇന്നത്തെ സാഹചര്യത്തിൽ ആദർശ ഭദ്രതയുള്ളവർക്ക്‌ ഉത്തരവാദിത്തങ്ങൾ വർധിക്കുകയാണ്‌. അല്ലാഹുവിന്റെ ഈ വചനങ്ങൾ ശ്രദ്ധിക്കുക: `അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ്‌ വിജയികളൾ` (7:157).

“ആർ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകൻമാർ, സത്യസന്ധൻമാർ, രക്തസാക്ഷികൾ, സച്ചരിതൻമാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ” (4:69).

“(അല്ലാഹുവിന്റെ ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവർ അല്ലാഹുവെ അനുസരിച്ചു” (നിസാഅ​‍്‌: 80).

“...ആകയാൽ അദ്ദേഹത്തിന്റെ കൽപനക്ക്‌ എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ച്‌ കൊള്ളട്ടെ” (24:63).

ഇബ്നുകഥീർ പറയുന്നു: “അദ്ദേഹത്തിന്റെ കൽപനക്ക്‌ എതിർ പ്രവർത്തിക്കുന്നവർ സൂക്ഷിച്ച്‌ കൊള്ളട്ടെ” എന്ന ക്വുർആൻ വാക്യത്തിന്റെ ഉദ്ദേശം റസൂൽ(സ്വ) നടപ്പിൽ വരുത്തുന്ന നിയമങ്ങൾ, അദ്ദേഹത്തിന്റെ ചര്യകൾ, അവിടുത്തെ വഴികൾ, മാർഗ രീതികൾ എന്നിവയടങ്ങുന്ന കൽപനകൾ എന്നതാണ്‌. അപ്പോൾ ഏതൊരാളുടെയും മൊഴികളും കർമങ്ങളും വിലയിരുത്തപ്പെടുന്നത്‌ അവ അവിടുത്തെ വാക്കുകളോടും പ്രവൃത്തികളോടും അനുധാവനം ചെയ്ത്‌ കൊണ്ടുള്ളതാണോ അല്ലേ എന്ന്‌ പരിശോധിച്ച്‌ കൊണ്ടായിരിക്കും. അവിടുത്തോട്‌ അനുകരിച്ച്‌ കൊണ്ടാണെങ്കിൽ സ്വീകരിക്കപ്പെടുകയും എതിരായതാണെങ്കിൽ അതിന്റെ ഉറവിടം ഏതാവട്ടെ അത്‌ നിരാകരിക്കപ്പെടുന്നതുമാണ്‌. ബുഖാരിയും മുസ്ലിമുമടക്കമുള്ളവർ റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീഥിൽ ഇങ്ങനെ കാണാം. നബി(സ്വ)പറഞ്ഞു: “നമ്മുടെ കൽപനയില്ലാത്ത ഏതൊരു പ്രവർത്തി ആർ ചെയ്താലും അത്‌ തള്ളപ്പെടേണ്ടതാണ്‌.”