അഭിപ്രായ സ്വാതന്ത്ര്യം ഏകപക്ഷീയമാവരുത്

പത്രാധിപർ

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

ഭരണാധികാരികളെ ചോദ്യം ചെയ്യുന്നതും അവരുടെ തെറ്റായ നയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും രാജ്യദ്രോഹത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടാല്‍ രാജ്യം സ്വേഛാധിപത്യത്തിലേക്ക് നടന്നടുക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഏതൊരു സാധാരണക്കാരനും സോഷ്യല്‍ മീഡിയവഴി തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരത്തിലുള്ള 'രാജ്യദ്രോഹി'കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സൈബര്‍ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിട്ട് അധികകാലമായിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നാണ് സുപ്രീംകോടതി വിധിച്ചത്.

പക്ഷേ, ഈ വിധിയെ അവഗണിച്ചുകൊണ്ട്, പ്രതികരിക്കുന്നവര്‍ക്കുമേല്‍ രാജ്യദ്രോഹത്തിന്റെയോ തിവ്രവാദത്തിന്റെേെയാ ചാപ്പകുത്തി അവരെ പിടിച്ച് ജയിലിലടക്കുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് മാന്യമായി അഭിപ്രായം പറയാനും ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും ആരോഗ്യപരമായി വിമര്‍ശിക്കുവാനും അവകാശമില്ലാതാകുന്നത് സ്വേഛാധിപത്യത്തിലേക്കുള്ള കാല്‍വയ്പാണെന്നതില്‍ സംശയമില്ല. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തുമാവാം എന്ന എന്ന നിലപാട് ഒരിക്കലും ഉണ്ടായിക്കൂടാ.

ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഹര്‍ത്താലില്‍ മുംബെയിലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയ ഷഹീന്‍ദാദ എന്ന പെണ്‍കുട്ടിയും അതു ലൈക് ചെയ്ത കോട്ടയം കുമരകം സ്വദേശിനി റിനു ശ്രീനിവാസനും അറസ്റ്റിലായപ്പോള്‍ നിയമ വിദ്യാര്‍ഥിനിയായ ശ്രേയ സിംഗാള്‍ കൊടുത്ത കേസില്‍ ചരിത്രത്തില്‍ ഇടംപിടിച്ച കോടതിവിധി ഉണ്ടായിട്ടും മാന്യമായി പ്രതികരിക്കുന്നത് ഭയപ്പെടേണ്ട കാര്യമായി നിലനില്‍ക്കുന്നു!

66 എ പ്രകാരം പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പലരെയും ജയിലിലടക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കുറ്റപ്പെടുത്തിയാണ് പല സ്ഥലങ്ങളിലും നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതയുടെ പടംവരച്ചതിനും കാര്‍ട്ടൂണ്‍ വരച്ചതിനും ശിക്ഷിക്കപ്പെട്ടവരുണ്ട്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിക്കെതിരെ എഴുതിയതിന് ഒരു വിദ്യാര്‍ഥിയെ ജയിലിലടച്ചിട്ടുണ്ട്.

മോശപ്പെട്ട ഭാഷയില്‍ വിമര്‍ശിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റു തന്നെ. എന്നാല്‍ അതിന്റെ മറവില്‍ അഭിപ്രായം പറയാനുള്ള അവകാശത്തെ തന്നെ നിഷേധിക്കുന്നത് അന്യായമാണ്. ഇവിടെ നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിലര്‍ക്ക് എന്തും പറയാം, എന്തും എഴുതാം, മറ്റു ചിലര്‍ക്ക് ഒന്നും പറഞ്ഞുകൂടാ, എഴുതിക്കൂടാ എന്ന നിലപാടാണോ ഉള്ളത് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഇവിടെ കാര്യങ്ങള്‍. ന്യൂനപക്ഷ വിഭാഗങ്ങളെ ഉദ്ദേശിച്ചുകൊണ്ട് ചില എം.പി മാരും സ്വാമിമാരും മറ്റും നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നവയാണ് എന്നറിഞ്ഞിട്ടും അവര്‍ക്കെതിരില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അവരെ തിരുത്താനും തിരുത്തിക്കാനും ആരുമില്ല.

ഇന്ത്യന്‍ ശിക്ഷാനിയമം 153-എ യില്‍ ''എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ മറ്റ് സൂചനകളിലൂടെയോ വിവിധ മത,ജാതി,ദേശ, ഭാഷക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുവാന്‍ ശ്രമിക്കുക, പൊതുസമൂഹത്തില്‍ ശാന്തിയും സമാധാനവും തകര്‍ക്കുന്ന രൂപത്തില്‍ വ്യത്യസ്ത ജാതി, മത, ദേശ, സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക....'' തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ മൂന്നുവര്‍ഷംവരെ തടവിനും പിഴ അടക്കാനും വിധിക്കാവുന്നതാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ വിഷം ചീറ്റുന്ന 'ചിലരെ' തൊടാന്‍ ഇവിടുത്തെ നിയമ വ്യവസ്ഥക്ക് ആര്‍ജവമില്ല. ഫെയ്‌സ് ബുക്കില്‍ ഒരു ലൈക്കടിച്ചവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച് നാടിനെ രക്ഷിച്ചതായി സായൂജ്യമടയാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുകയും ചെയ്യുന്നു. ഈ അവസ്ഥക്കാണ് മാറ്റമുണ്ടാകേണ്ടത്.