ആരും ശാശ്വതരല്ല

പത്രാധിപർ

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

ഇഹലോകം; ജനിമൃതികള്‍ക്കിടയിലെ ആവാസകേന്ദ്രം. അതിലെ ജീവിതം ശാശ്വതമല്ല. വളരെ ദൈര്‍ഘ്യമുള്ളതുമല്ല. ഏതാനും വര്‍ഷങ്ങള്‍ മാത്രം. എങ്കിലും മനുഷ്യന്‍ ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍ കയറിനിന്ന് താനിവിടെ ശാശ്വതനാണെന്ന മട്ടില്‍ വിരാജിക്കുന്നു. ധാര്‍മിക നിയമങ്ങളും സദാചാരസംഹിതകളും തച്ചുതകര്‍ക്കുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയുമൊക്കെ പേരില്‍ ചോരപ്പുഴകള്‍ ഒഴുക്കുന്നു. അതെ, വിറക്കാത്ത കൈകളോടെ, അറക്കാത്ത മനസ്സോടെ അയല്‍വാസിയുടെ കഴുത്തില്‍നിന്നും തലവേര്‍പെടുത്തുന്നു. അപരന്റെ നെഞ്ചിലേക്ക് വെടിയുണ്ടയുതിര്‍ക്കുന്നു. നിരപരാധികളുടെ ശരീരങ്ങള്‍ സ്‌ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ വറ്റിപ്പോകുന്ന ഹിമബിന്ദുപോലെയാണ് ഐഹിക ജീവിതമെന്നും അതിനാല്‍ അത് തീരുംമുമ്പ് സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തണമെന്നും അങ്ങനെ ആത്മ സംതൃപ്തിയോടെ മരിച്ച് പരലോക വിജയത്തിന് പാത്രീഭൂതരാകാന്‍ ശ്രമിക്കണമെന്നും ഇസ്‌ലാം മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നു. ഇഹലോകത്തിന്റെ നൈമിഷികതയെക്കുറിച്ച് ബോധമുള്ള ഒരു മനുഷ്യന്‍ നടേ സൂചിപ്പിച്ചതരത്തില്‍ താന്തോന്നിയായി ജീവിക്കാന്‍ തരമില്ല. സകലവിധ അധര്‍മത്തിന്റെയും ആള്‍രൂപങ്ങളായിരുന്ന ഒരു ജനതതിയെ നിഷ്‌കളങ്കരും സദാചാരനിഷ്ഠരുമാക്കിത്തീര്‍ക്കുവാന്‍ നബി(സ്വ)ക്ക് സാധിച്ചതിന്റെ പിന്നില്‍ അവരില്‍ ഭൗതിക ജീവിതത്തോടുള്ള അമിത കാമന ഇല്ലായ്മ ചെയ്യുവാനും പരലോക വിജയത്തിനായുള്ള അഭിനിവേശം സന്നിവേശിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ്.

നബി(സ്വ) പറഞ്ഞു: ''നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ ആവുക; അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ.'' താല്‍ക്കാലികാവശ്യത്തിന് അന്യദേശത്തുചെന്ന ഒരു വ്യക്തി അവിടെ സ്ഥലംവാങ്ങി വീടുവെക്കാനൊരുങ്ങില്ല. എത്രയും പെട്ടെന്ന് ആവശ്യം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങാന്‍ അയാള്‍ വെമ്പല്‍കൊള്ളും. ഒരു വഴിയാത്രക്കാരന്‍ ക്ഷീണമകറ്റാന്‍ മരത്തണലിലോ സത്രത്തിലോ തങ്ങുമ്പോള്‍ അയാളുടെയും മനസ്സില്‍ എത്രയും വേഗം വീട്ടില്‍ തിരിച്ചെത്തണമെന്നായിരിക്കും. അതുപോലെയായിരിക്കണം ഒരു സത്യവിശ്വാസി ഇഹലോകത്ത് ജീവിക്കേണ്ടത്. മരണമെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട് ഇവിടെ ശാശ്വതനെന്ന മട്ടില്‍ ജീവിക്കരുത്. നമ്മള്‍ വെറും വഴിയാത്രക്കാരാണ്. ഇന്നല്ലെങ്കില്‍ നാളെ മടങ്ങേണ്ടിവരും. നമുക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നിര്‍ബന്ധമായ മടക്കം. നമുക്ക് ഇഷ്ടമുള്ള സമയവും ദിവസവും നോക്കാതെയുള്ള മടക്കം. കാരണം, ആ മടക്കദിവസവും സമയവും തീരുമാനിക്കുന്നത് നമ്മളല്ല; സ്രഷ്ടാവാണ്. ദൈവവിശ്വാസികളും ദൈവനിഷേധികളുമൊക്കെ അവനവന് നിശ്ചയിക്കപ്പെട്ട സമയംവരുമ്പോള്‍ മടങ്ങിപ്പോയേ തീരൂ.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയ പ്രവാചകസഖാക്കളുടെ ദൃഷ്ടിയില്‍ ലൗകിക താല്‍പര്യങ്ങളും ലക്ഷ്യങ്ങളും അപ്രധാനമായിത്തീര്‍ന്നു. സമ്പത്തുള്ളവര്‍ ഉദാരമായി ധര്‍മം ചെയ്തു. സംസാരത്തില്‍, പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി. വിശ്വാസ സംരക്ഷണത്തിന് വിഘാതം നില്‍ക്കുകയും അക്രമിക്കാനൊരുമ്പെട്ടുവരികയും ചെയ്തവരോട് സധീരം അവര്‍ പൊരുതി. ഐഹികമായ എന്തെങ്കിലും നേട്ടമോ ആരൊടെങ്കിലുമുള്ള വിദ്വേഷമോ വെറുപ്പോ അല്ലായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. പരലോക രക്ഷയായിരുന്നു അവരുടെ ലക്ഷ്യം. 

നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും ഇഹലോകത്തെ സ്‌നേഹിച്ചാല്‍ പരലോകത്ത് അത് നഷ്ടമുണ്ടാക്കും. ആരെങ്കിലും പരലോകത്തെ സ്‌നേഹിച്ചാല്‍ ഇഹലോകത്ത് അത് നഷ്ടമുണ്ടാക്കും. അതുകൊണ്ട് നശിക്കുന്നതിനെക്കാള്‍ ശേഷിക്കുന്നതിന് നിങ്ങള്‍ പ്രാധാന്യം നല്‍കുക'' (അഹ്മദ്, ബൈഹഖി).