സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക

പത്രാധിപർ

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

ദൈവചിന്തയാല്‍ സജീവമായിരിക്കണം വിശ്വാസിയുടെ മനസ്സ.് അവന്റെ അനുശാസനകള്‍ പാലിച്ച് എത്രത്തോളം അവന്റെ പ്രീതി നേടാന്‍ ശ്രമിക്കുന്നുവോ അത്രകണ്ട് അവന്‍ തന്റെ ദാസനോട് അടുക്കും.

വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണല്ലോ അല്ലാഹുവിലുള്ള വിശ്വാസം. അത് കേവലമായ വിശ്വാസത്തില്‍ ഒതുക്കേണ്ടതല്ല. അവന്റെ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവന്‍ അനാദിയും അനന്തനും പ്രപഞ്ചസ്രഷ്ടാവും വിധാതാവും പരിപാലകനുമാണ് എന്ന അറിവും ഓര്‍മയും, തനിക്ക് ജന്മവും ജീവിതവും മരണവും സുഖവും ദുഃഖവും രോഗവും ആരോഗ്യവും ക്ഷേമവും ക്ഷാമവും ആപത്തും അനുഗ്രഹവുമെല്ലാം നല്‍കുന്നത് ഏകനായ അല്ലാഹുവാണെന്ന നിതാന്ത ബോധവും വിശ്വാസിക്കുണ്ടായിരിക്കണം. അപ്പോള്‍ അവന്റെയുള്ളില്‍ ശുഭപ്രതീകഷ വളരും. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുവാനുള്ള അടങ്ങാത്ത താല്‍പര്യവുമുണ്ടായിത്തീരും. അതവനെ കര്‍മനിരതനാക്കും. ദുരിത ഘട്ടത്തില്‍ അവന്‍ നിരാശനാകില്ല. അല്ലാഹുവിനോട് മാത്രം അവന്‍ വിളിച്ചു പ്രാര്‍ഥിക്കും. തന്റെ കാര്യത്തില്‍ അല്ലാഹു നിശ്ചയിച്ചുവെച്ചതിനപ്പുറം യാതൊന്നും സംഭവിക്കില്ലെന്ന ബോധം അവനില്‍ ദൃഢമാകും. അത് ധൈര്യവും പ്രത്യാശയും നല്‍കും. അത്തരക്കാര്‍ക്ക് പ്രയാസഘട്ടങ്ങളില്‍ പരിഭ്രാന്തിയുണ്ടാകില്ല. ആലസ്യവും നൈരാശ്യവും അവരെ പൊതിയുകയില്ല. ജീവസ്സുറ്റ, കര്‍മനിരതമായ, അന്തസ്സും നിര്‍ഭയത്വവുമുള്ള വിഭാഗമാകും അവര്‍.

അബൂബക്ര്‍(റ) പറയുന്നു: ''ഞങ്ങള്‍ ഥൗര്‍ ഗുഹയിലായിരിക്കെ തലക്കുമുകളിലൂടെ നടന്നു നീങ്ങുന്ന മുശ്‌രിക്കുകളുടെ പാദങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അന്നേരം അല്ലാഹുവിന്റെ 'ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: 'അബൂബക്‌റേ, മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടാളുകളെ കുറിച്ച് താങ്കളുടെ വിചാരമെന്താണ്?' (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ റസൂല്‍(സ്വ)യും അബൂബക്ര്‍(റ)വും ഹിജ്‌റയുടെ വേളയില്‍ ഒളിച്ചിരുന്ന ഥൗര്‍ഗുഹയുടെ അടുത്തെത്തിയ ശത്രുക്കള്‍ക്ക് ഗുഹയിലേക്കൊന്ന് പാളിനോക്കാന്‍ തോന്നിയില്ല. നോക്കിയാല്‍ അവരെ കണ്ടെത്തിയേനെ. അല്ലാഹുവിലുള്ള അചഞ്ചമായ വിശ്വാസം, അവനിലുള്ള തവക്കുല്‍ അവരെ രക്ഷിച്ചു. സ്രഷ്ടാവില്‍ ഭരമേല്‍പിച്ചവര്‍ പിന്നെന്തു ഭയപ്പെടാന്‍!

അല്ലാഹുവില്‍ ഭരമേല്‍പിക്കാത്തവര്‍ക്ക് നിരാശയായിരിക്കും അത്യന്തിക ഫലം. ഭയം അവരെ വലയം ചെയ്തിരിക്കും. അപകര്‍ഷതാബോധവും കര്‍മവൈമുഖ്യവും അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ വിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാനുള്ള കല്‍പന കാണാം.

''അല്ലാഹുവെ പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് വിശ്വാസികള്‍'' (8:2).

അനസ്(റ) വില്‍ നിന്ന.് നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും തന്റെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ 'അല്ലാഹുവിന്റെ നാമത്തില്‍. ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അല്ലാഹുവില്‍ നിന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല' എന്നു പറഞ്ഞാല്‍ (മലക്കുകള്‍ വഴി) പറയപ്പെടും: 'നീ സന്മാര്‍ഗം പ്രാപിച്ചിരിക്കുന്നു. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.' പിശാച് അവനില്‍ നിന്ന് അകന്നു പോകുകയും ചെയ്യും'' (അബൂദാവൂദ്, തിര്‍മുദി).