വഴിമുടക്കികളോട്

പത്രാധിപർ

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

''ഏത് ഈര്‍ക്കില്‍ പ്രസ്ഥാനമോ പാര്‍ട്ടിയോ, ജില്ലാ സമ്മേളനമോ സംസ്ഥാന സമ്മേളനമോ നടത്തിയാലും ശരി, അതിനോടനുബന്ധിച്ച്, വാടകക്കെടുത്ത വാഹനങ്ങളില്‍ കൂലിക്ക് ആളെ കുത്തിനിറച്ച് തിങ്ങിനിറഞ്ഞ നഗരവീഥികളില്‍ ചൊരിഞ്ഞശേഷം, വാഹന ഗതാഗതവും എന്തിന് കാല്‍നട യാത്രപോലും അസാധ്യമാക്കിക്കൊണ്ട് പ്രകടനങ്ങള്‍ നടത്തുന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പതിവുകര്‍മമാണ്. വഴിമുടക്കി പ്രകടനങ്ങള്‍ക്ക് ബഹു. ഹൈക്കോടതി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയപ്പോള്‍, ആരംഭശൂരത്വം എന്ന് പറയുന്നതുപോലെ, ആദ്യം കുറെ നാളത്തേക്ക് പ്രകടനദാഹികളും പോലീസുകാരും കുറച്ചൊക്കെ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ശങ്കരന്‍ വീണ്ടും തെങ്ങേല്‍തന്നെ! തലസ്ഥാന നഗരിയില്‍ ഈ അടുത്തകാലത്ത് നടന്ന പ്രകടനങ്ങളെല്ലാം തന്നെ നിരത്തുകള്‍ മുഴുവന്‍ കയ്യടക്കിക്കൊണ്ട്, പൂര്‍ണമായും ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. മറ്റ് നഗരങ്ങളിലെ സ്ഥിതിയും മറിച്ചല്ല''. ഒരു പ്രമുഖ മലയാള പത്രത്തില്‍ വന്ന പ്രതികരണങ്ങളില്‍ ഒരു സഹോദരന്‍ എഴുതിയ വരികളാണിത്.

മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടാക്കി യാത്രക്കാരെ വലച്ചും രോഗികളെ പ്രയാസപ്പെടുത്തിയും പ്രകടനം നടത്തുന്നു, ബന്ദിന്റെയും ഹര്‍ത്താലിന്റെയും പേരില്‍ റോഡുകളില്‍ കല്ലും മരവുമിട്ടും ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും ഗതാഗതം സ്തംഭിപ്പിക്കുന്നു... ഇതെല്ലാം നടക്കുന്നത് പ്രാകൃതയുഗത്തിലല്ല, ആധുനിക കാലഘട്ടത്തിലാണ്; സാംസ്‌കാരിക കേരളത്തിലാണ്. ഈ കുളിമുറിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നഗ്‌നരാണ്; എന്തിനേറെ മതഘോഷ യാത്രകള്‍ നടത്തി ഗതാഗതക്കുരുക്കുണ്ടാക്കി മതസംഘടനകള്‍ പോലും ഇതില്‍ പങ്കുചേരുന്നു! മതത്തിന്റെ പേരിലുള്ള ഘോഷയാത്രകള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ അടുത്തകാലത്തായി മത്സരബുദ്ധി കാണിക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ഇവിടെയാണ് മാനവികതയുടെ പ്രവാചകന്റെ ''വഴിയില്‍നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ ധര്‍മമാകുന്നു'' എന്ന വചനം പ്രസക്തതമാവുന്നത്. ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടാല്‍ വഴിമുടക്കിയും മറ്റും നിരവധിയാളുകളെ കൊല്ലാക്കൊല ചെയ്ത് 'ധാര്‍മികമായി' പ്രതികരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വചനമാണിത്.

വഴിയില്‍ കാണുന്ന ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ജന്തുജാലങ്ങളോടുപോലും കാരുണ്യം കാണിക്കുവാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാം മനുഷ്യ ജീവനും സ്വത്തിനും അഭിമാനത്തിനും പവിത്രത നല്‍കിയ മതമാണ്. സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കുകയും അതിന്റെ മാര്‍ഗത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന സ്വാര്‍ഥമതികള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ സത്യവിശ്വാസികള്‍ ചെയ്യേണ്ടത് പ്രവാചക ശിഷ്യന്മാരെപോലെ അന്യരുടെ സുഖക്ഷേമം ആഗ്രഹിക്കുകയും അതിനുവേണ്ടി തങ്ങളാലാകുന്നത് ചെയ്യുകയുമാണ്.

ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങളില്‍നിന്നും മതഘോഷ യാത്രകളില്‍നിന്നും ബന്ദ്, ഹര്‍ത്താല്‍ പോലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ സത്യവിശ്വാസികള്‍ തയ്യാറാവേണ്ടതുണ്ട്. വഴിയിലെ ഉപദ്രവകരമായ വസ്തുക്കള്‍ നീക്കം ചെയ്യല്‍ ധര്‍മമാണെന്ന പ്രവാചക വചനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് സകലവിധ ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍നിന്നും സത്യവിശ്വാസികള്‍ അകന്നുനില്‍ക്കേണ്ടതുണ്ട്.

ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നാം ജീവിക്കുന്നത്. പൗരന്മാര്‍ക്ക് സംഘടിക്കുവാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുവാനും ഇവിടെ അനുവാദമുണ്ട്; സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുവാനും കവര്‍ന്നെടുക്കുവാനും അവരെ ബുദ്ധിമുട്ടിക്കുവാനും ആര്‍ക്കും അവകാശമില്ല. എന്നാല്‍ അതാണിന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതും. സത്യവിശ്വാസികളില്‍നിന്ന് ഇത്തരത്തിലുള്ള ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാകുവാന്‍ പാടില്ല; ഒരിക്കലും.