സന്തോഷത്തിന്റെ രഹസ്യം

പത്രാധിപർ 

2017 ഏപ്രില്‍ 08 1438 റജബ് 11

ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ 'സന്തോഷത്തിന്റെ രഹസ്യം' എന്ന് പേരുള്ള ഒരു കഥയുണ്ട്. ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അകലെയുള്ള ഏറ്റവും പ്രശസ്തനായ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞയച്ചു; സന്തോഷത്തിന്റെ രഹസ്യമെന്ത് എന്ന് അറിഞ്ഞു വരാന്‍. ഏറെ ക്ലേശകരമായ യാത്രക്കു ശേഷം അവന്‍ ജ്ഞാനിയുടെ വാസസ്ഥലം കണ്ടുപിടിച്ചു. ഒരു വലിയ മലയുടെ മുകളിലുള്ള അതിമനോഹരമായ കൊട്ടാരമായിരുന്നു അത്. ജ്ഞാനിയെ കാണാനും ഉപദേശം നേടാനും നിവരവധി പേര്‍ അവിടെ എത്തിയിരുന്നു. ഓരോരുത്തരെയും അരികില്‍ വളിച്ച് ജ്ഞാനി വിവരങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ അവന്റെ ഊഴവും എത്തി. തന്റെ വരവിന്റെ ഉദ്ദേശ്യം അവന്‍ ജ്ഞാനിയെ അറിയിച്ചു.

ജ്ഞാനി തന്റെ നീണ്ട താടിരോമങ്ങള്‍ തടവിക്കൊണ്ട് അവനോട് പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ അല്‍പം തിരക്കിലാണ്. നീ പോയി എന്റെ ഈ കൊട്ടാരമൊക്കെ ചുറ്റിനടന്ന് കണ്ടിട്ട് വരൂ; രണ്ട് മണിക്കൂര്‍ കഴിഞ്ഞ്.''

പിന്നെ അദ്ദേഹം ഒരു ചെറിയ സ്പൂണ്‍ എടുത്ത് അവന്റെ നേരെ നീട്ടി. സ്പൂണില്‍ രണ്ടു തുള്ളി എണ്ണയുണ്ടായിരുന്നു. അത് അവനെ ഏല്‍പിച്ചിട്ട് ജ്ഞാനി പറഞ്ഞു: ''ഇത് കയ്യിലിരിക്കട്ടെ. നടക്കുമ്പോള്‍ എണ്ണ തുളുമ്പിപ്പോകാതെ നോക്കണം.''

അവന്‍ കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയിറങ്ങി. രണ്ടു മണിക്കൂര്‍ തള്ളിനീക്കി. അവന്റെ ശ്രദ്ധ മുഴുവന്‍ കയ്യിലുള്ള സ്പൂണിലായിരുന്നു. അതിലെ എണ്ണ താഴെ വീഴരുതല്ലോ.

രണ്ടുമണിക്കൂര്‍ കഴിഞ്ഞ് അവന്‍ ജ്ഞാനിയുടെ അടുത്തെത്തി. ജ്ഞാനി അവനോടു ചോദിച്ചു: ''കൊട്ടാരമൊക്കെ ഇഷ്ടപ്പെട്ടോ? ഇതാണ് എന്റെ ലോകം.''

എന്ത് ഉത്തരം നല്‍കണമെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. ഒടുവില്‍ തന്റെ ശ്രദ്ധ മുഴുവന്‍ എണ്ണയിലായിരുന്നു എന്ന സത്യം അവന്‍ തുറന്നു പറഞ്ഞു.

ജ്ഞാനി നിര്‍ദേശിച്ചു: ''ഒന്നുകൂടെ പോയി എല്ലാം കണ്ടുവരൂ.''

അവന്‍ വീണ്ടും കൊട്ടാരം കാണാന്‍ പുറപ്പെട്ടു. ആ ചെറിയ സ്പൂണും അതിലെ എണ്ണയും അപ്പോളും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കൊട്ടാര ഭംഗികളെല്ലാം അവന്‍ ആസ്വദിച്ചു കണ്ടു. തട്ടിലും ചുവരുകളിലുമുള്ള ചിത്രപ്പണികള്‍, വിലകൂടിയ പേര്‍ഷ്യന്‍ പരവതാനികള്‍, തിരശ്ശീലകള്‍, സമൃദ്ധമായ വിരുന്നുശാല, സ്വര്‍ണത്തളികകളില്‍ നിറച്ച വിശിഷ്ട ഭക്ഷണ പദാര്‍ഥങ്ങള്‍, പലതരം പൂക്കള്‍ നറഞ്ഞ ഉദ്യാനം, ചുറ്റിലുമുള്ള മലനിരകള്‍...

എല്ലാം ആസ്വദിച്ചു കണ്ടതിനുഷേം ജ്ഞാനിയുടെ അടുത്തെത്തി കണ്ട കാഴ്ചകള്‍ അദ്ദേഹത്ത വിസ്തരിച്ചു പറഞ്ഞു കേള്‍പിച്ചു. അപ്പോള്‍ ജ്ഞാനിയുടെ ചോദ്യം: ''പക്ഷേ, ഞാന്‍ നിന്റെ കയ്യിലേല്‍പിച്ച രണ്ടു തുള്ളി എണ്ണെയവിടെ?''

അവന്‍ കയ്യിലുള്ള സ്പൂണിലേക്ക് േനാക്കി. അത് തികച്ചും ശൂന്യം!

ജ്ഞാനി പറഞ്ഞു: ''നീ പഠിച്ചിരിക്കേണ്ട ഒരു പാഠമേയുള്ളൂ. ലോകത്തിലെ എല്ലാം സൗഭാഗ്യങ്ങളും ആസ്വദിച്ചുകൊള്ളൂ. അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യം.

ഇതിലെ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ പറഞ്ഞ എണ്ണ കൊണ്ട് സാഹിത്യകാരന്‍ ഉദ്ദേശിച്ചതെന്താണെന്നറിയില്ല. അത് ആത്മീയതയിലേക്ക് ആപേക്ഷികമായി പൂര്‍ണമായും ശരിയാണ്. ഭൗതിക ലോകത്ത് സ്രഷ്ടാവ് നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നവനാണ് മനുഷ്യന്‍. അനുവദിക്കപ്പെട്ട ആസ്വാദനങ്ങള്‍ അവന്‍ ഉപേക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇഹപര ലോകങ്ങളില്‍ സന്തോഷവും സമാധാനവും നല്‍കുന്ന യഥാര്‍ഥ ആത്മീയതയെ അവന്‍ നഷ്ടപ്പെടുത്തിക്കൂടാ.

''അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28: 77).

ഐഹിക ജീവിതത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വിഭവങ്ങളിലും ആസ്വാദനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ വിനഷ്ടമാകുന്നത് ആത്മീയതയാണ്. അത്തരക്കാര്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും.