ഫലസ്തീനിന്റെ മുറിവില്‍ മുളകു പുരട്ടുന്ന അമേരിക്ക

പത്രാധിപർ

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ജനിച്ചുവളര്‍ന്ന ഫലസ്തീന്‍ നാട്ടില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ് ഇസ്രയേല്‍ ജൂതന്മാര്‍. അധിനിവേശം നടത്തിയവരെ ആട്ടിയോടിക്കേണ്ടതിനു പകരം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് അന്ന് ഐക്യരാഷ്ട്ര സഭ ചെയ്തത്! 1948ല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ രണ്ടായി പകുത്ത് ഇസ്രയേല്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങള്‍ രൂപീകരിക്കുകയാണ് ഐക്യരാഷ്ട്ര സഭ ചെയ്തത്. എന്നാല്‍ ഇന്നും ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീരാന്‍ ഫലസ്തീന് സാധിച്ചിട്ടില്ല.

അേതാടെ ഫലസ്തീന്‍കാരുടെ പൗരത്വം ഛിന്നഭിന്നമായി. 1948 മെയ് 15ന് ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഐക്യരാഷ്ട്ര സഭ നിര്‍ണയിച്ച അതിര്‍ത്തി ഇസ്രയേല്‍ വര്‍ധിപ്പിച്ചു. 1967ല്‍ ഗാസയും വെസ്ബാങ്കും ഗോലാന്‍ കുന്നുകളും ഇ്രസയേല്‍ പിടിച്ചെടുത്തു. ജോര്‍ദാന്റെ ഭാഗമായിരുന്ന കിഴക്കന്‍ ജറുസലേമും അവര്‍ കയ്യടക്കി. അതോടെ ഇസ്രയേലിനകത്തെ ഫലസ്തീനികള്‍, ഇസ്രയേല്‍ കീഴടക്കിലയ സ്ഥലത്തെ ഫലസ്തീനികള്‍, ഇ്രസയേല്‍ കീഴടക്കി ഇസ്രയേലി നിയമങ്ങള്‍ ബാധകമാക്കിയ സ്ഥലത്തെ (കിഴക്കന്‍ ജറുസലേം) ഫലസ്തീനികള്‍, ഇസ്രയേലിന്റെ മേല്‍നോട്ടത്തില്‍ ഫലസ്തീന്‍കാര്‍ക്ക് പരിമിതമായ സ്വയംഭരണാവകാശം നല്‍കിയ (ഗാസ, ജെറിക്കോ) പ്രദേശത്തെ ഫലസ്തീനികള്‍ എന്നിങ്ങനെ നാലുതരം പൗരന്മാരായി ഫലസ്തീനികള്‍ മാറി.

ഇസ്രയേലിന്റെ കോളനിവാഴ്ച ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് ഫലസ്തീനികളുടെ ചെറുത്തുനില്‍പ്. ജനിച്ചുവളര്‍ന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീനികളെ അക്രമികളായും അധിനിവേശം നടത്തിയ അക്രമികളായ ഇസ്രയേലികളെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി മാത്രമെ എന്നും പാശ്ചാത്യമാധ്യമങ്ങളും രാഷ്ട്രങ്ങളും ചിത്രീകരിച്ചിട്ടുള്ളൂ. ഫലസ്തീന്‍-ഇസ്രയേലി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇ്രസയേല്‍ അധിനിവേശ രാഷ്ട്രമാണെന്ന യാഥാര്‍ഥ്യം വ്യക്തമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. ഫലസ്തീന്‍കാരില്‍നിന്നും അന്യായമായി പിടിച്ചെടുത്ത ഫലസ്തീന്‍കാരുടെ ജന്മസ്ഥലത്താണ് സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്ന വസ്തുതയുംമാധ്യമങ്ങള്‍ മറച്ചുവെക്കും.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രഖ്യാപനം ഫലസ്തീനികളെ വീണ്ടും യുദ്ധമുഖത്തേക്ക് എടുത്തുചാടിക്കുന്നതും അവരുടെ ജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കുന്നതുമാണ്. ഇപ്പോള്‍ മസ്ജിദുല്‍ അക്വ്‌സയുടെ മുറ്റത്ത് സര്‍വായുധ സജ്ജരായ ഇസ്രയേല്‍ സൈനികരുടെ മുമ്പില്‍ ജുമുഅ നമസ്‌കാരം നടത്തുന്ന ഫലസ്തീനികള്‍ക്ക് അതിനുള്ള അനുമതിപോലും നിഷേധിക്കപ്പെടാനും ഇത് കാരണമായിത്തീരും. 1980ല്‍ ഇസ്രയേല്‍ ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതാണെങ്കിലും അതിനെ രാജ്യാന്തര നിയമലംഘനമായി ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അപലപിച്ചതാണ്. അന്യരാജ്യങ്ങളുടെ അഭ്യന്തരകാര്യങ്ങളില്‍ വല്യേട്ടന്‍ ചമഞ്ഞ് ഇടപെടുന്ന അമേരിക്ക ഇത്രയും കാലം ഈ വിഷയത്തില്‍ ഇസ്രയേലിന് അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുത്തിരുന്നില്ല എന്ന കാര്യം ഓര്‍ക്കുക. എന്നാല്‍ വകതിരിവില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രംപ് പശ്ചിമേഷ്യയെ കൂടുതല്‍ കലക്കിമറിക്കാന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയും ബ്രിട്ടനും റഷ്യയുമടക്കമുള്ള രാജ്യങ്ങളും അറബ് ലോകവും ഈ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെങ്കിലും കടിഞ്ഞാണില്ലാത്ത കുതിരപോല്‍ പായുന്ന ട്രംപ് പിന്തിരിയുമോ എന്നറിയില്ല. കാത്തിരുന്നുകാണാം.