അന്യായമായി ആരും ഉപദ്രവിക്കപ്പെടരുത്

പത്രാധിപർ

2017 നവംബര്‍ 04 1439 സഫര്‍ 15

ഒരു വാക്ക് മതി അന്യന്റെ അഭിമാനത്തെ നശിപ്പിക്കാന്‍. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കല്‍ ദുഷ്‌ക്കരമാണ്. എന്തെങ്കിലും ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ അല്ലെങ്കില്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ അന്യന്റെ അഭിമാനം കശക്കിയെറിയാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ എമ്പാടുമുണ്ട്. സര്‍വശക്തനായ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടുന്നവര്‍ അതില്‍ നിന്ന് ഒഴിവാകേണ്ടതുണ്ട്. 

ഒരാളും അന്യായമായി ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വാക്കുകൊണ്ടും നോക്കുകൊണ്ടും കൈകാലുകള്‍െകാണ്ടുമൊന്നും ഒരു സത്യവിശ്വാസി ഒരാളെയും ഉപദ്രവിക്കുവാന്‍ പാടില്ല. താന്‍ ഒരു നിലയ്ക്കും ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ആഗ്രഹിക്കുന്നവന്‍ അതേ ആഗ്രഹം എല്ലാവര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കണം.

നാവ് വലിയ ഒരനുഗ്രഹമാണ്. അത് ഒരായുധവുമാണ്. അതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാവിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലുണ്ടാകുന്ന ദോഷം മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം പലരിലും ഏഷണി, പരദൂഷണം, പരിഹാസം, പരനിന്ദ, കളവ് തുടങ്ങിയ ദുര്‍ഗുണങ്ങള്‍ കാണപ്പെടുന്നു. ഇത്തരത്തില്‍ അന്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുള്ളവര്‍ ആരെയാണോ അങ്ങനെ ചെയ്തത് അവരെ നേരില്‍കണ്ട് മാപ്പ് ചോദിക്കണമെന്നും ശേഷം സ്രഷ്ടാവിനോട് പശ്ചാത്തപിക്കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാത്തപക്ഷം അന്ത്യനാളില്‍ അവന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നാണ് പ്രവാചക വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. 

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: ''പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?'' സ്വഹാബികള്‍ പറഞ്ഞു: ''പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.'' നബി ﷺ പറഞ്ഞു: ''എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഇവനാണ്-നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി ദുഷ്പരാതി പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും'' (മുസ്‌ലിം).

മറ്റൊരാളെ പരിഹസിക്കുന്നതും ചീത്തപ്പേര് വിളിക്കുന്നതും കടുത്ത ദ്രോഹമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

ഒരാള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വാക്കുപറഞ്ഞാല്‍ നീണ്ടുനില്‍ക്കുന്ന വാശിക്കും വക്കാണത്തിനും പിണക്കത്തിനും അത് കാരണമായേക്കും. അതുകൊണ്ടുതന്നെ സൂക്ഷിച്ച് സംസാരിക്കണം. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ദോഷം ആരോപിക്കരുത്. ക്വുര്‍ആന്‍ പറയുന്നു:

 ''സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ  സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (49:12).

'ശവം തിന്നുക' എന്ന ശക്തമായ ഉപമയില്‍നിന്നുതന്നെ ഒരാളുടെ അസാന്നിധ്യത്തില്‍ അയാളെക്കുറിച്ച് കുറ്റം പറയുന്നതിന്റെ ഗൗരവം ബോധ്യമാണ്.

കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും എന്നിട്ട് അത് നാട്ടില്‍ പാട്ടാക്കി കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന പലരും അതിന്റെ ഗൗരവം മനസ്സിലാക്കാറില്ല എന്നതാണ് വസ്തുത. ഒരു യഥാര്‍ഥ മുസ്‌ലിം ഈ ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം മുക്തനായിരിക്കേണ്ടതുണ്ട്.