ജീവിതലക്ഷ്യം ധനസമ്പാദനത്തില്‍ ഒതുക്കുന്നവര്‍

പത്രാധിപർ

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

ചൈനക്കാര്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു നാടോടിക്കഥയുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: ഒരു ഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. കരുത്തരായ മൂന്ന് ആണ്‍മക്കള്‍ അയാള്‍ക്കുണ്ട്. അയാള്‍ പാടത്തും പറമ്പിലും നന്നായി പണിയെടുക്കുകയും മക്കളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചെയ്യും. കണക്കില്ലാത്ത സമ്പത്ത് കുമിഞ്ഞുകൂടിയിട്ടും ആ കര്‍ഷകന്‍ പിശുക്ക് കാണിച്ചു. മക്കള്‍ക്ക് യാതൊന്നും നല്‍കിയതുമില്ല. വയസ്സായപ്പോഴും അയാളുടെ പേടി ഈ സമ്പത്തെല്ലാം നഷ്ടപ്പെടുമോ എന്നായിരുന്നു. ഒരുദിവസം മക്കളെ അടുത്തേക്ക് വിളിച്ച് അയാള്‍ പറഞ്ഞു: ''എനിക്കു വയസ്സായി. എപ്പോള്‍ മരിക്കുമെന്നറിയില്ല. ഞാനുണ്ടാക്കിയ സമ്പത്തെല്ലാം നഷ്ടപ്പെടുത്താതെ നിങ്ങളില്‍ ആരാണോ സൂക്ഷിക്കുക; അവന് ഞാന്‍ അത് മുഴുവന്‍ നല്‍കും. എന്റെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കുന്നവന് മാത്രമെ നല്‍കൂ.

ആകാംക്ഷയോടെ നില്‍ക്കുന്ന മക്കളില്‍ മൂത്തവനോട് കര്‍ഷകന്‍ ചോദിച്ചു: ''ഞാന്‍ മരിച്ചാല്‍ നീ എന്നെ എങ്ങനെ സംസ്‌കരിക്കും?''

അച്ഛന് തൃപ്തികരമായ ഉത്തരം കൊടുത്താല്‍ സമ്പത്ത് മുഴുവന്‍ തനിക്ക് ലഭിക്കുമെന്ന അത്യാഗ്രഹത്താല്‍ മൂത്ത മകന്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ മൃതദേഹത്തെ സ്വര്‍ണക്കരയുള്ള വസ്ത്രത്തില്‍ പൊതിയും. വെള്ളി കൊണ്ടുള്ള ശവപ്പെട്ടിയില്‍ അടക്കം ചെയ്യും.''

സ്വര്‍ണക്കരയുള്ള വസ്ത്രവും വെള്ളികൊണ്ടുള്ള ശവപ്പെട്ടിയും വാങ്ങി പണം ധൂര്‍ത്തടിക്കുന്ന മകനെ സമ്പത്ത് ഏല്‍പിക്കാന്‍ കൊള്ളില്ലെന്ന് അയാള്‍ തീര്‍ത്തുപറഞ്ഞു. അടുത്ത ചോദ്യം രണ്ടാമെത്ത മകനോടായിരുന്നു. ജ്യേഷ്ഠന് പറ്റിയ അമളി തനിക്ക് പറ്റരുതെന്ന ചിന്തയോടെ അവന്‍ പറഞ്ഞത് മൃതദേഹം ഞാന്‍ വിലകുറഞ്ഞ ശവപ്പെട്ടിയില്‍ വിലകുറഞ്ഞ വസ്ത്രം ധരിപ്പിച്ച് അടക്കം ചെയ്യുമെന്നായിരുന്നു. നാട്ടിലെ ബുദ്ധസന്യാസിമാരെ വിളിച്ചു വരുത്തി മൂന്നു ദിവസം പ്രാര്‍ഥിപ്പിക്കും എന്നുകൂടി പറഞ്ഞ് അച്ഛനെ സന്തോഷിപ്പിക്കുവാനും അവന്‍ നോക്കി. 'സന്യാസിമാരെ വിളിച്ചുവരുത്തിയാല്‍ അവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കണം, മാത്രമല്ല അവര്‍ തിരിച്ചു പോകുമ്പോള്‍ കാശും കൊടുക്കേണ്ടിവരും. നിന്നെ പണം ഏല്‍പിക്കാന്‍ കൊള്ളില്ല' എന്നായിരുന്നു അച്ഛന്റെ പ്രതികരണം. മൂന്നാമത്തെ മകനോട് ചോദ്യം ആവര്‍ത്തിച്ചു. രണ്ട് സഹോദരന്മാരുടെയും അനുഭവം തനിക്ക് വരാതിരിക്കാന്‍ അവന്‍ തലപുകഞ്ഞാലോചിച്ചു. അവന്‍ പറഞ്ഞു: ''വസ്ത്രത്തിനും ശവപ്പെട്ടിക്കുമൊന്നും ഞാന്‍ കാശ് ചെലവാക്കില്ല. വടക്കന്‍ പ്രവിശ്യയിലുള്ള ഏതെങ്കിലും മെഡിക്കല്‍ കോളേജിന് അച്ഛന്റെ മൃതശരീരം കാശിന് വില്‍ക്കും.''

അച്ഛന് സന്തോഷമായി! ഇവന്‍ പണം ചെലവാക്കില്ല. മാത്രമല്ല പണം ഉണ്ടാക്കുവാന്‍ മിടുക്കനുമായിരിക്കും. അച്ഛന്‍ മകനെ ഇങ്ങനെ കൂടി ഉപദേശിച്ചു: ''വടക്കന്‍ പ്രവിശ്യക്കാര്‍ക്ക് വില്‍ക്കരുത്. അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും കടം പറയുന്നവരുമാണ്. തെക്കന്‍ പ്രവിശ്യക്കാര്‍ക്ക് വില്‍ക്കുക. അവര്‍ റൊക്കം പണം തരുന്നവരാണ്.''

 'തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായുള്ളവനാകുന്നു' എന്ന അല്ലാഹുവിന്റെ വചനം എത്ര ശരിയാണെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണല്ലോ ധനത്തിന്റെ പേരില്‍ മക്കള്‍ പിതാവിനെയും പിതാവ് മക്കളെയുമൊക്കെ വെട്ടിക്കൊന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നമുക്ക് വായിേക്കണ്ടിവരുന്നത്. ജീവിതത്തിന്റെ ഏക ലക്ഷ്യം ധനസമ്പാദനമാണ് എന്ന മട്ടിലാണ് പലരുടെയും ജീവിതമിന്ന്. ആവശ്യത്തിന് ചെലവഴിക്കാതെ സമ്പാദിച്ച് കൂട്ടുന്നവരും ദുര്‍വ്യയത്തിനായി എങ്ങനെയെങ്കിലും പണമുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്. അല്ലാഹു യഥാ ര്‍ഥ വിശ്വാസികളെപ്പറ്റി പറയുന്നു: ''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:67)