കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ധനത്തോടുള്ള അത്യാര്‍ത്തി

പത്രാധിപർ

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

ഈ ലോകത്ത് അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നവനാണ് മനുഷ്യന്‍. ആ  അനുഗ്രഹങ്ങളൊന്നും തന്നെ തന്റെ കഴിവുകൊണ്ടോ പ്രയത്‌നം കൊണ്ടോ നേടിയെടുത്തവയല്ല. അല്ലാഹു നമുക്ക് പണം നല്‍കി. ഐശ്വര്യം നല്‍കി. അനുവദനീയമായ മാര്‍ഗത്തിലൂടെ ധനം സമ്പാദിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഏതുവിധേനയും പണം സമ്പാദിക്കാന്‍ മനുഷ്യരില്‍ അധികവും നെട്ടോട്ടമോടുന്നു. ഹലാലാണോ ഹറാമാണോ എന്നൊന്നും നോക്കാതെ! എങ്ങനെ തന്റെ സമ്പാദ്യം ഇരട്ടിപ്പിക്കാം എന്ന ആലോചനയിലാണവനെപ്പോഴും. അതിനു വേണ്ട എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പല കെണികളിലും ചെന്നുചാടിക്കുന്നു മനുഷ്യന്റെ ഈ അത്യാര്‍ത്തി.

സാമ്പത്തിക രംഗത്ത് മനുഷ്യന്‍ പുതിയ വഴികള്‍ തേടുമ്പോള്‍ അത് അവനെ വലിയ അപകടങ്ങളിലേക്കും പരാജയങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കുടുംബവും ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങളും തീരാവേദനകളും വറ്റാത്ത കണ്ണീരായി അവശേഷിക്കുന്ന എത്രയോ സംഭവങ്ങള്‍ ദിനപത്രങ്ങളിലൂടെയും വാര്‍ത്താചാനലുകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പ്രതിയായി മാറുന്നവരും ഇരയായിമാറുന്നവരും ആരാണ്? അവരില്‍ പാവപ്പെട്ടവരുണ്ട്. ഇടത്തരക്കാരുണ്ട്. വന്‍ സമ്പന്നരുണ്ട്. സാമ്പത്തിക പരാധീനതകളുള്ളവര്‍ അതില്‍നിന്ന് കരകേറുവാനും സമ്പന്നര്‍ അതിമോഹംമൂത്ത് ഇരട്ടിയിരട്ടിയായി വര്‍ധിപ്പിക്കുവാനുമുള്ള ശ്രമം നടത്തുമ്പോഴാണ് ഇരകളോ പ്രതികളോ ആയി മാറുന്നത്. ഇസ്‌ലാം പഠിപ്പിച്ച 'ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം' എന്ന തത്ത്വം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുന്നില്ല. കിടമത്സരത്തിലാണവനെപ്പോഴും. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നു നില്‍ക്കണം; എല്ലാ കാര്യത്തിലും എന്നതാണവന്റെ ചിന്ത. അതിന് ഏതു നീച മാര്‍ഗവും അവലംബിക്കാന്‍ മടികാണിക്കുന്നില്ല. ഒരു സത്യവിശ്വാസി ഏത് നിലക്കുള്ള ജീവിത ശൈലി സ്വീകരിക്കണമെന്ന് നബി ﷺ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. 

'നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങള്‍ നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത.് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തരുന്ന അനുഗ്രഹത്തെ നിസ്സാരമായി കാണാതിരിക്കാന്‍ അതാണ് ഉത്തമം' എന്നാണ് അവിടുന്ന് കല്‍പിച്ചിരിക്കുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോള്‍ തന്നെ അതിന് നന്ദികാണിക്കുകയും വേണം. 

'സമ്പത്തും സന്താനങ്ങളും ഐഹിക ജീവിത്തിന്റെ അലങ്കാരങ്ങളാണ്' എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നത്. പ്രത്യക്ഷമായി മതനിഷ്ഠയുള്ളവരായി ജീവിക്കുന്നവര്‍ എന്ന് നാം മനസ്സിലാക്കുന്നവരില്‍ ചിലരെങ്കിലും സാമ്പത്തിക രംഗത്ത് വിശുദ്ധി പാലിക്കുന്നില്ലെന്ന യാഥാര്‍ഥ്യം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു! അന്യന്റെ മുതല്‍ അപഹരിക്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന ദുരന്ത വാര്‍ത്തകള്‍ ദിനം പ്രതി കേള്‍ക്കാനിടവരുന്നു. 'തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായുള്ളവനാകുന്നു' എന്ന അല്ലാഹുവിന്റെ വചനം എത്ര ശരിയാണ്. അതുകൊണ്ടാണല്ലോ ധനത്തിന്റെ പേരില്‍ മക്കള്‍ പിതാവിനെയും പിതാവ് മക്കളെയുമൊക്കെ വെട്ടിക്കൊന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നമുക്ക് വായിേക്കണ്ടിവരുന്നത്.

ഭൗതികലോകത്തിലെ അലങ്കാരമായ സമ്പത്തിനെ അഹങ്കാരത്തിനും ദുര്‍നടപ്പിനും വിനിയോഗിച്ച ചിലരുടെ മുന്‍കാല ചരിത്രങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ഇന്നും അത്തരക്കാരുണ്ട്; അവര്‍ സമൂഹത്തിന് വരുത്തിവെക്കുന്ന ദോഷങ്ങള്‍ ചെറുതല്ല. എങ്ങനെ സമ്പാദിച്ചു, ഏതുവഴിയില്‍ വിനിയോഗിച്ചു എന്ന ചോദ്യത്തിന് നാളെ പടച്ചവന്റെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന ചിന്ത ഒരു മുസ്‌ലിമിന് വിനഷ്ടമായിക്കൂടാ.