വിഘടിക്കുവാനല്ല സംഘടന!

പത്രാധിപർ

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

“അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അദ്ദേഹത്തോടൊപ്പം അവർ വല്ല പൊതുകാര്യത്തിലും ഏർപെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തോട്‌ അനുവാദം ചോദിക്കാതെ അവർ പിരിഞ്ഞു പോകുകയില്ല. തീർച്ചയായും നിന്നോട്‌ അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവർ. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന്‌ വേണ്ടി (പിരിഞ്ഞ്‌ പോകാൻ) അവർ നിന്നോട്‌ അനുവാദം ചോദിക്കുകയാണെങ്കിൽ അവരിൽ നീ ഉദ്ദേശിക്കുന്നവർക്ക്‌ നീ അനുവാദം നൽകുകയും, അവർക്ക്‌ വേണ്ടി നീ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുർആൻ 24:62).

വിശ്വാസികൾ അവരുടെ സംഘടിത ജീവിതത്തിലും സംഘടനാകാര്യങ്ങളിലും അനുഷ്ഠിക്കേണ്ട ഇസ്ലാമിക ബാധ്യതകളാണ്‌ ഈ വചനത്തിൽ അല്ലാഹു പഠിപ്പിക്കുന്നത്‌. സത്യവിശ്വാസികൾ ഒരുഭാഗത്തും സത്യനിഷേധികളുടെ മുഴുവൻ സംഘങ്ങളും മറുഭാഗത്തും അണിനിരന്നുകൊണ്ട്‌ അഹ്സാബ്‌ യുദ്ധത്തിനൊരുങ്ങുന്ന സന്ദർഭമാണ്‌ ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം എന്ന്‌ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചിട്ടുണ്ട്‌.

നബി(സ)യും അനുയായികളും ശത്രുക്കളെ തടുക്കുവാൻ വേണ്ടി ഒരു കിടങ്ങ്‌ (ഖൻദക്വ്‌) കുഴിക്കുകയാണ്‌. ധൃതിപിടിച്ച ജോലി നടക്കുന്നതിനിടയിൽ കപടന്മാരിൽ ചിലർ രംഗത്തുനിന്ന്‌ ഒഴിഞ്ഞുമാറി. അവർക്ക്‌ വിശ്വാസികളെ സംരക്ഷിണമെന്ന ബോധത്തെക്കാൾ സ്വന്തം കാര്യമായിരുന്നു പ്രധാനം. സത്യവിശ്വസികളാകട്ടെ അത്യാവശ്യം വരുമ്പോൾ നബി(സ)യോട്‌ സമ്മതം വാങ്ങി പുറത്തുപോകുകയും ആവശ്യം കഴിഞ്ഞാൽ തിരിച്ചുവന്ന്‌ കാര്യത്തിൽ സഹകരിക്കുകയും ചെയ്തു. ഇതാണ്‌ ഖൻദക്വിൽ സംഭവിച്ചത്‌.

അവതരണ പശ്ചാത്തലം എന്തായിരുന്നാലും സംഘടിത ജീവിതത്തിന്റെ മര്യാദകൾ നാം ഇതിൽ കാണുന്നു. ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും ആ നേതാവിനെ അനുസരിച്ചുകൊണ്ട്‌ സംഘടിതമായ പ്രവർത്തന പരിപാടികളിൽ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെയും ഇതിൽ അല്ലാഹു പഠിപ്പിക്കുന്നു. പ്രവാചകൻ(സ)നേതാവായ നബി(സ)യും അനുയായികൾ എന്ന നിലക്ക്‌ സ്വഹാബികൾ അനുവർത്തിക്കേണ്ട അച്ചടക്ക മര്യാദകൾ മാത്രമല്ല ഈ പറയുന്നത്‌. പ്രകൃതിമത; പ്രമാണബദ്ധമായി പ്രബോധനം ചെയ്യുവാൻ വേണ്ടി പ്രബോധനം ചെയ്യുവാൻ വേണ്ടി സംഘടിച്ച എല്ലാവരും ഈ നേതൃ-അനുയായിബന്ധം നിലനിർത്താൻ ബാധ്യസ്ഥരാണ്‌. സംഘന, സംഘടിത പ്രവർത്തനങ്ങൾ എന്നിവ വ്യക്തികളെക്കൊണ്ട്‌ നിലനിൽക്കുന്നതാണെങ്കിലും വ്യക്തികൾക്കതീതമായ ഒരസ്തിത്വം സംഘടനക്കുണ്ട്‌.

വിശുദ്ധ ക്വുർആനിനെയും നബിചര്യയെയും കലവറയില്ലാതെ പിൻപിറ്റുന്ന ഒരു സംഘടനയുടെ അസ്തിത്വം പവിത്രമാണ്‌. ഈ പവിത്ര സംരക്ഷിക്കാൻ നാം ബാധ്യസ്ഥരുമാണ്‌.

ഉബാദതുബ്നു സ്വാമിത്‌(റ) പറയുന്നു: “ഞങ്ങൾ നബി(സ)യോട്‌ പ്രതിജ്ഞ ചെയ്തു; പ്രയാസത്തിലും എളുപ്പത്തിലും ഇഷ്ടത്തിലും അനിഷ്ടത്തിലും കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും അക്കാര്യത്തിൽ ബന്ധപ്പെട്ടവരോട്‌ ശണ്ഠ കൂടുകയില്ലെന്നും; അല്ലാഹുവിങ്കൽനിന്നുള്ള വ്യക്തമായ തെളിവുകളുള്ളവിധം സത്യനിഷേധം കണ്ടാലൊഴികെ. ഞങ്ങൾ ഏതുഘട്ടത്തിലും എവിടെയും സത്യം പറയുമെന്നും അല്ലാഹുവിന്റെ കാര്യത്തിൽ ആക്ഷേപകന്റെ ആക്ഷേപം ഞങ്ങൾ ഭയപ്പെടുകയില്ല എന്നും ഞങ്ങൾ നബി(സ)യോട്‌ കരാർ ചെയ്തു” (ബുഖാരി, മുസ്ലിം). സംഘടിത ജീവിതത്തിന്റെ ഇരുതട്ടിലുമുള്ള ബാധ്യതകൾ ഈ ഹദീഥിൽനിന്നൂം വ്യക്തമാണ്‌.

റസൂലിന്റെ കൂടെ പൊതുകാര്യത്തിലായിരിക്കുമ്പോൾ സമ്മതം ചോദിച്ചു പോകുന്നവരാണ്‌ അല്ലാഹുവിനെയും റസൂലിനെയും വിശ്വസിക്കുന്നവർ എന്ന ക്വുർആനിന്റെ പ്രസ്താവന അച്ചടക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഏതൊരു സംഘടിത സമൂഹത്തിന്റെയും ശക്തിയാണ്‌ ഈ അച്ചടക്കം. സംഘടനക്ക്‌ ഈ ശക്തി നഷ്ടപ്പെട്ടാൽ അതിനെ നയിക്കുന്ന വ്യക്തികൾ മാറിവന്നാലും ഈ ബലക്ഷയം അവശേഷിക്കുമെന്നതാണ്‌ വസ്തുത. അനുയായികളുടെ അനുസരണ ബാധ്യത പോലെത്തന്നെ നായകന്മാരുടെ ഉത്തരവാദിത്തവും ഇതോടൊപ്പം ചേർത്തു പറയേണ്ടതാണ്‌. നബി(സ) പറഞ്ഞു: “ഒരാളെ അല്ലാഹു ഒരു സമൂഹത്തിന്റെ നായകത്വം ഏൽപിച്ചു. എന്നിട്ടവരെ അയാൾ വഞ്ചിച്ചുകൊണ്ട്‌ മരണപ്പെട്ടാൽ സ്വർഗം അവന്‌ നിഷിദ്ധമായിരിക്കും” (ബുഖാരി, മുസ്ലിം).

ചുരുക്കത്തിൽ നേതൃസ്ഥാനത്തിരിക്കുന്നവരുടെ ആദർശ പ്രതിബദ്ധതയും സത്യനിഷ്ഠയും അനുയായികളുടെ അനുസരണവുമാണ്‌ ഇസ്ലാമിക സംഘടിത വ്യവസ്ഥയിലെ അടിസ്ഥാനശിലകൾ. ഇവയ്ക്ക്‌ ഇളക്കംതട്ടിയാൽ കൂട്ടായ്മ ശിഥിലമാകും. മുജാഹിദ്‌ സംഘടനയിൽ നടക്കുന്ന ആനുകാലിക സംഭവ വികാസങ്ങൾ അതാണ്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌. വ്യക്തികളുടെ ഒറ്റപ്പെട്ടതും യുക്തിചിന്തയിൽ അധിഷ്ഠിതവുമായ അഭിപ്രായങ്ങളിലേക്ക്‌ സംഘടനയെ ചുരുട്ടിക്കൂട്ടാൻ ശ്രമിച്ചാലുള്ള ദുരന്തഫലം ഭീകരമായിരിക്കും.