സദാചാര പൊലീസും നിഷ്‌ക്രിയ പൊലീസും

പത്രാധിപർ

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

കൊച്ചി മറൈന്‍ ഡ്രൈവില്‍ 2015ല്‍ വിചിത്രമായൊരു സമരം നടന്നു; ചുംബന സമരം. ചുംബന സമരത്തിന്റെ ചൂടും ചൂരും മായും മുമ്പേ സമരനായകനും നായികയും ചില കൂട്ടുകച്ചവടക്കാരും അറസ്റ്റിലായതാണ് പിന്നീടു കണ്ടത്. ഇഷ്ടമുള്ള പുരുഷനും സ്ത്രീക്കും പരസ്യമായി ചുണ്ടുകള്‍ കോര്‍ത്ത് ചുംബിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുംവരെ സമര രംഗത്തുണ്ടാകുമെന്നാണ് അന്ന് നായിക പ്രസ്താവിച്ചിരുന്നത്.

ആഭാസകരമായ ആ സമരത്തില്‍ അപകടം മണത്തവരെല്ലാം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാള്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ അതിനെ മഹത്ത്വവത്കരിച്ചു. അനാവശ്യമായ കവറേജ് നല്‍കി. ഒരു പത്രം പരസ്യമായി ചുംബിക്കാനുള്ള വേദിയൊരുക്കിക്കൊടുക്കുക കൂടി ചെയ്തു! ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ സംഘടനകളും സാംസ്‌കാരിക(?) നായകരുമുണ്ട്.

മറൈന്‍ ഡ്രൈവ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അവിടെയുണ്ടായിരുന്ന യുവതിയുവാക്കളെ ശിവസേനക്കാര്‍ ചൂരല്‍വടികൊണ്ട് തല്ലിയോടിച്ചതാണ് തുടക്കം. നിയമം കയ്യിലെടുക്കുന്നത് നോക്കിനിന്ന് ആസ്വദിക്കുകയായിരുന്നു അന്നേരം അവിടെയുള്ള പൊലീസുകാര്‍. ഈ സംഭവം കേരള നിയസഭയെ പ്രക്ഷുബ്ധമാക്കി. കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാര്‍ക്കെതിരെ വേണ്ടിവന്നാല്‍ കാപ്പ ചുമത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും നിയമസഭയില്‍ സമ്മതിച്ചു.

'സദാചാര ചൂരല്‍ സമരം', 'സ്‌നേഹ ഇരിപ്പു സമരം', 'ചുംബന സമരം' എന്നീ പേരുകളില്‍ വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തിനാണ് പിന്നീട് മറൈന്‍ ഡ്രൈവ് സാക്ഷ്യം വഹിച്ചത്. ശ്ലീലതയുടെ സകല സീമകളും ഭേദിച്ചുകൊണ്ട് നിന്നും ഇരുന്നും കിടന്നും ചുംബിച്ച് തകര്‍ക്കുന്നതായിരുന്നു ഈ സമരങ്ങളുടെ ക്ലൈമാക്‌സ്! അതിനും നമ്മുടെ പൊലീസുകാര്‍ സാക്ഷികളായിരുന്നു. അങ്ങനെ സാദാ പൊലീസുകാര്‍ നിഷ്പക്ഷ നിലപാടുമായി നിഷ്‌ക്രിയത്വം പാലിച്ച് മാതൃകയായി! തന്റെ ഭാര്യയെ വില്‍പനച്ചരക്കാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ ചുംബന സമരനായകന്‍ ഇത്തവണത്തെ സമരത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്നു എന്നത് ഇത്തരം സമരങ്ങളുടെ സദാചാരഗതി വെളിവാക്കുന്നു.

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ പാര്‍ക്കുകളിലും ബീച്ചുകളിലും മേയാന്‍ വിടുന്നവര്‍ വര്‍ത്തമാനകാലത്തെ കാളിമയാര്‍ന്ന സംഭവവികാസങ്ങളെ കണ്ടില്ലെന്നു നടിച്ച് മക്കളെ നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഫ്രന്റ്ഷിപ് എന്നോ ലിംഗസമത്വമെന്നോ ഓമനപ്പേരിട്ട് ഇത്തരം പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നുവെങ്കില്‍ മനുഷ്യസംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും അത് സ്വീകാര്യമല്ല. മൃഗങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ചില മൂല്യങ്ങളുണ്ടല്ലോ.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, രാപ്പകല്‍ ഭേദമില്ലാതെ ഇഷ്ടാനുസരണം ഇഷ്ടമുള്ളേടത്തൊക്കെ ഇഷ്ടമുള്ളവരോടൊപ്പം സഞ്ചരിക്കാനും ഇഷ്ടമുള്ളതൊക്കെ ചെയ്യാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന വാദക്കാര്‍ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാതാക്കളെയും സഹോദരിമാരെയും ഈ 'സ്വാതന്ത്ര്യം' അനുഭവിക്കാന്‍ സമ്മതിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.

പൊതു ഇടങ്ങള്‍ ആഭാസങ്ങള്‍ കാണിക്കാനുള്ളതല്ല. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ കയ്യൂക്കിന്റെയോ അധികാരത്തിന്റെയോ ബലത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് അധികാരവുമില്ല. അതിനാണ് പൊലീസ്. ഒരിക്കല്‍ തല്ലുന്നവന്റെയും മറ്റൊരിക്കല്‍ തല്ല് കൊള്ളുന്നവന്റെയും കൂടെ നിന്ന് നിഷ്പക്ഷത കാണിക്കലല്ല പൊലീസിന്റെ ധര്‍മം.