ഇത് വെള്ളരിക്കാ പട്ടണമോ?

പത്രാധിപർ

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

സൈബര്‍ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് അടുത്ത കാലത്താണ്. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തിപരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നാണ് കോടതിയുടെ വിധി. ഇതേ കാരണത്താല്‍ കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീം കോടതി റദ്ദാക്കി. ഈ രണ്ട് വകുപ്പുകളും അവ്യക്തമാണെന്നും കോടതി വിധിച്ചിട്ടുണ്ട്. 

സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് മാന്യമായി അഭിപ്രായം പറയാനും ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും ആരോഗ്യപരമായി വിമര്‍ശിക്കുവാനും അവകാശമില്ലാതാകുന്നത് സ്വേഛാധിപത്യത്തിലേക്കുള്ള കാല്‍വയ്പാണെന്നതില്‍ സംശയമില്ല. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തുമാവാം എന്ന എന്ന നിലപാട് ഒരിക്കലും ഉണ്ടായിക്കൂടാ. 

മോശപ്പെട്ട ഭാഷയില്‍ വിമര്‍ശിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റു തന്നെ. എന്നാല്‍ അതിന്റെ മറവില്‍ അഭിപ്രായം പറയാനുള്ള അവകാശത്തെ തന്നെ നിഷേധിക്കുന്നത് അന്യായമാണ്. ഇവിടെ നാം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. 

വര്‍ഗീയ വൈരം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നു പറഞ്ഞ് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട് നമ്മുടെ നാട്ടില്‍. പലരും ഈ ഭീഷണിക്കു കീഴിലാണ്. അതിലൊക്കെയും പ്രതികള്‍ മുസ്‌ലിംകളാണ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ വര്‍ഗീയ ലഹളയുടെ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ ശേഷിയുള്ളതും പല സന്ദര്‍ഭങ്ങളിലും ചോരപ്പുഴ തീര്‍ക്കുവാന്‍ കാരണമായതുമായ പ്രസംഗങ്ങള്‍ നടത്തിയവര്‍ ഇന്ത്യയിലുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് മൊറാദാബാദിലും ഭീവണ്ടിയിലുമൊക്കെയുണ്ടായ രക്തച്ചൊരിച്ചിലിനു പിന്നില്‍ സാക്ഷാല്‍ ബാല്‍താക്കറെയുടെ പ്രസംഗവും 'സാംന'യിെലഴുതിയ ലേഖനവുമാണെന്നത് രഹസ്യമല്ല.

ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര ജനാധിപത്യത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നയാളാണ് വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ. വ്യത്യസ്ത മത, സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് തൊഗാഡിയയുടെ പ്രസംഗങ്ങളും എഴുത്തുകളും. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരനായ തൊഗാഡിയ നിയമങ്ങള്‍ക്ക് അതീതനാണെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടറായ തൊഗാഡിയ ഗുജറാത്ത് കലാപ കാലത്ത് മുസ്‌ലിംകള്‍ക്ക് ചികിത്സ നിഷേധിച്ചുകൊണ്ട് വൈദ്യശാസ്ത്ര ധാര്‍മികതയെ വെല്ലുവിളിച്ചിരുന്നു. ചിലര്‍ക്ക് എന്തും പറയാം, എന്തും എഴുതാം, മറ്റു ചിലര്‍ക്ക് ഒന്നും പറഞ്ഞുകൂടാ, എഴുതിക്കൂടാ എന്ന നിലപാടാണോ ഉള്ളത് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഇവിടെ കാര്യങ്ങള്‍. 

ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍കര്‍ എന്നിവര്‍ക്കു ശേഷം പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൂടി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ അങ്ങിങ്ങായി ചില പ്രതിഷേധ സ്വരങ്ങള്‍ ഉയരും. അതോടെ എല്ലാം കെട്ടടങ്ങും. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സിനു വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ ശശികലയുടെ ഭീഷണി ഇതിനോട് ചേര്‍ത്തു വായിക്കുക. 

ഇന്ത്യന്‍ ശിക്ഷാനിയമം 153-എയില്‍ ''എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ മറ്റ് സൂചനകളിലൂടെയോ വിവിധ മത,ജാതി,ദേശ,ഭാഷക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുവാന്‍ ശ്രമിക്കുക, പൊതുസമൂഹത്തില്‍ ശാന്തിയും സമാധാനവും തകര്‍ക്കുന്ന രൂപത്തില്‍ വ്യത്യസ്ത ജാതി, മത,ദേശ,സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക...'' തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ മൂന്നുവര്‍ഷംവരെ തടവിനും പിഴ അടക്കാനും വിധിക്കാവുന്നതാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ തെറ്റായി ഒന്നും ചെയ്യാത്ത ചിലരുടെ മേല്‍ ഈ നിയമം നടപ്പിലാക്കാന്‍ ചാടിവീഴുകയും തെറ്റ് ചെയ്തവരെ തലോടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാം കാണുന്നത്. ഫെയ്‌സ് ബുക്കില്‍ ഒരു ലൈക്കടിച്ചവരെ പോലും അറസ്റ്റു ചെയ്ത് ജയിലിലടച്ച് നാടിനെ രക്ഷിച്ചതായി സായൂജ്യമടയാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുകയും ചെയ്യുന്നു. ഈ അവസ്ഥക്കാണ് മാറ്റമുണ്ടാകേണ്ടത്. നമ്മുടെ നാട് ഒരു വെള്ളരിക്കാ പട്ടണമായി മാറിക്കൂടാ.