മനുഷ്യത്വത്തിന്റെ ദര്‍ശനം

പത്രാധിപർ

2017 ഒക്ടോബര്‍ 07 1438 മുഹറം 16

മനുഷ്യരെല്ലാം ഏകനായ ദൈവത്തിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്‌ലാമിന്റെ സവിശേഷതയാണ്. വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ അത് മനുഷ്യര്‍ക്കിടയില്‍ ഉച്ചനീചത്വം കല്‍പിക്കുന്നില്ല. വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 

''ഹേ മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു... തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ശ്രേഷ്ഠന്‍ നിങ്ങളിലേറ്റവും ദൈവഭയമുള്ളവന്‍ മാത്രമാകുന്നു'' (49:13).

 നബി ﷺ പറഞ്ഞു: ''മതനിഷ്ഠയും സൂക്ഷ്മതയുംകൊണ്ടല്ലാതെ ഒരാള്‍ക്കും മറ്റൊരാളെക്കാള്‍ മഹത്ത്വമില്ല''(മിശ്കാത്ത്).

ഇസ്‌ലാമിന്റെ കണ്ണില്‍ മനുഷ്യരെല്ലാം സമന്മാരാണെന്നും ഭയഭക്തിയുള്ളവന് മാത്രമെ ദൈവത്തിങ്കല്‍ പ്രത്യേകം സ്ഥാനമുള്ളൂവെന്നും ഉപരിസൂചിത വചനങ്ങള്‍നമ്മെ തെര്യപ്പെടുത്തുന്നു. സര്‍വവിധ അസമത്വങ്ങളുടെയും കടയ്ക്കല്‍ ഇസ്‌ലാം കത്തിവെക്കുന്നു. എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് ഇസ്‌ലാം പ്രത്യാശിക്കുന്നു. 'കറുത്തവന്റെ പുത്രാ' എന്ന് ഒരാള്‍ മറ്റൊരാളെ വിളിക്കുന്നത് കേട്ടപ്പോള്‍ മുഹമ്മദ് നബി ﷺ അയാളെ താക്കീത് ചെയ്തുകൊണ്ട് പറഞ്ഞു: ''അജ്ഞാതകാലത്തെ കിരാതത്വമുണ്ട് നിങ്ങളില്‍.'' 

മനുഷ്യരില്‍ ചിലരെ ജന്മനാ തന്നെ അധമരും തൊട്ടുകൂടാത്തവരുമായി കണക്കാക്കുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. തൊലി കറുപ്പാണെന്നതിനാല്‍ മാറ്റിനിര്‍ത്തപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുമോ എന്ന ഭീതിയില്‍ മുസ്‌ലിം സമൂഹത്തില്‍ ആര്‍ക്കും കഴിയേണ്ടിവരികയില്ല. ആരാധനാലയങ്ങളില്‍ സ്വന്തം മതത്തില്‍ പെട്ടവര്‍ക്കു പോലും അധമരെന്ന് മുദ്രകുത്തി വിലക്കേര്‍പെടുത്തുന്ന അനീതിയും ഇസ്‌ലാമിലില്ല. ബാലിശമായ ആരോപണങ്ങള്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്നവര്‍ ഇതൊന്നും അറിയാത്തവരാകാന്‍ വഴിയില്ല; അന്ധത നടിക്കുകയാണവര്‍. 

ഒരിക്കല്‍ രണ്ടാം ഖലീഫ ഉമറും(റ) ഭൃത്യനും ഊഴംവെച്ച് ഒട്ടകപ്പുറത്ത് സവാരി ചെയ്ത കഥ പ്രസിദ്ധമാണ്. ഖലീഫയുടെ ആഗമനത്തെ സ്വാഗതം ചെയ്യുവാന്‍ ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ വേലക്കാരന്‍ ഒട്ടകപ്പുറത്ത് സവാരി ചെയ്തും ഖലീഫ ഒട്ടകത്തിന്റെ കയറില്‍ പിടിച്ചും കടന്നുവരുന്നതാണ് അവര്‍ കണ്ടത്!

റോമിലേക്ക് നയതന്ത്രപ്രതിനിധിയായിപോയ മുആദുബ്‌നു ജബല്‍(റ)വിനോട് ചക്രവര്‍ത്തിയായ ഖൈസറിന്റെ പ്രതാപവും മഹത്ത്വവും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിവരിച്ചുകൊടുത്തപ്പോള്‍ തന്റെ രാജ്യത്തെ ഭരണാധികാരിയെപ്പറ്റി മുആദ് ഇപ്രകാരം വിവരിച്ചുകൊടുത്തു: 'ഞങ്ങളുടെ ഭരണാധികാരി ഞങ്ങളില്‍പെട്ട ഒരാളാണ്. ഞങ്ങളുടെ വേദഗ്രന്ഥത്തെയും പ്രവാചകചര്യയെയും അദ്ദേഹം അനുസരിക്കുന്ന പക്ഷം ഞങ്ങള്‍ അദ്ദേഹത്തെ ഖലീഫയായി നിശ്ചയിക്കും. അത് അംഗീകരിക്കുന്നില്ലെങ്കില്‍ അധികാരസ്ഥാനത്തു നിന്ന് ഞങ്ങള്‍ അദ്ദേഹത്തെ നീക്കം ചെയ്യും. അദ്ദേഹം മോഷണം നടത്തുകയാണെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ മുറിക്കും. വ്യഭിചരിക്കുകയാണെങ്കില്‍ എറിഞ്ഞ് കൊല്ലും. ആര്‍ക്കെങ്കിലും മുറിവേല്‍പിച്ചാല്‍ അതിന് പ്രതികാരം ചെയ്യും. ഞങ്ങള്‍ക്ക് പ്രവേശനം തടഞ്ഞുകൊണ്ട് അദ്ദേഹത്തിന് അധികാരത്തിലിരിക്കുക സാധ്യമല്ല. ഞങ്ങളുടെയിടയില്‍ അഹംഭാവം നടിക്കുകയോ അഹങ്കാരത്തോടു കൂടി ഞങ്ങളുടെമേല്‍ വാഴ്ച നടത്തുകയോ ചെയ്യുകയില്ല. യുദ്ധത്തില്‍ കൈവന്ന സ്വത്തില്‍ ഞങ്ങളെക്കാള്‍ കൂടുതലായി യാതൊരു അവകാശവുംഅദ്ദേഹത്തിനില്ല. ഞങ്ങളെപോലൊരു മനുഷ്യന്‍ മാത്രമാണ് അദ്ദേഹവും' (ഫുത്തൂഹുശ്ശാം).