ഭയവും പ്രതീക്ഷയും

പത്രാധിപർ

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

സ്രഷ്ടാവിനെ മനസ്സിലാക്കേണ്ട പ്രകാരം മനസ്സിലാക്കുക. അവനെ ഭയപ്പെട്ടു ജീവിക്കുക. അവനെ മാത്രം ആരാധിക്കുക. ഇത് മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമയാണ്. അല്ലാഹു പറയുന്നു: ''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. മുസ്‌ലിംകളായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിച്ചു പോകരുത്''(ക്വുര്‍ആന്‍ 3:102).

ഈമാന്‍ അഥവാ വിശ്വാസം ഉണ്ട്; അതില്‍ കുറവുവന്നേക്കാം. നേര്‍മാര്‍ഗത്തിലാണ്; പക്ഷേ, വഴി തെറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് അല്ലാഹു വിശ്വാസികളെ വിളിച്ച് ഇപ്രകാരം ആഹ്വാനം ചെയ്യുന്നത്. വിശ്വാസത്തില്‍ കുറവുവരാതിരിക്കാനും മാര്‍ഗഭ്രംശം സംഭവിക്കാതിരിക്കാനും അല്ലാഹു തന്നെ കൈവെടിയില്ലെന്നും തന്റെ വിശ്വാസത്തിനും സല്‍കര്‍മങ്ങള്‍ക്കും സമ്മാനമായി സ്വര്‍ഗം നല്‍കുമെന്നുള്ള പ്രതീക്ഷയും നരക ശിക്ഷയെ സംബന്ധിച്ച ഭയവും അനിവാര്യമാണ്. എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന രക്ഷിതാവിനെക്കുറിച്ചുള്ള ഭയം മനസ്സില്‍ നിന്ന് എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ മുതല്‍ മനുഷ്യന്‍ വഴിതെറ്റി സഞ്ചരിക്കാന്‍ തുടങ്ങും.

അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്, പൊറുക്കുന്നവനും കാരുണ്യവാനുമാണ്. ഇത് ഒരു വിശ്വാസി എപ്പോഴും ഓര്‍ത്തിരിക്കേണ്ടതാണ്. ചിലരുണ്ട്; കുടുംബത്തില്‍, അല്ലെങ്കില്‍ അയല്‍പക്കത്ത് ഒരു മരണം നടന്നാല്‍ അവരില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഭയം നാമ്പെടുക്കുന്നു. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും അവരോര്‍ക്കും. പക്ഷേ, നീര്‍ക്കുമിളയുടെ ആയുസ്സേ അതിനുണ്ടായിരിക്കുകയുള്ളൂ. പെട്ടെന്നു തന്നെ അവര്‍ പഴയ അവസ്ഥയിലേക്ക് മടങ്ങുന്നു. ഐഹിക സുഖഭോഗങ്ങളില്‍ മുഴുകി സ്രഷ്ടാവിനെ മറക്കുന്നു!

സ്വര്‍ഗവും നരകവും കാണിക്കപ്പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു:''എനിക്കറിയാവുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു.''

നബി(സ്വ)യുടെ വായില്‍ നിന്നു വീഴുന്ന വചനങ്ങള്‍ കേള്‍ക്കാനും പ്രവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍ ഒട്ടും അമാന്തിക്കാതെ പ്രാവര്‍ത്തികമാക്കാനും ആര്‍ത്തികാണിക്കുന്നവരായിരുന്നു സ്വഹാബിവര്യന്‍മാര്‍. അവര്‍ തങ്ങളുടെ നാഥനെക്കുറിച്ചോര്‍ത്ത് കരഞ്ഞു. നരകം കണ്‍മുമ്പില്‍ കാണുന്നതു പോലെ അവരതിനെ ഭയപ്പെട്ടു. സ്വജീവിതം സ്രഷ്ടാവിനു സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. പ്രവാചകന്റെ ആ അരുമ ശിഷ്യന്‍മാര്‍ മുമ്പ് ബഹുദൈവാരാധകരായിരുന്നു. പലരും പോക്കിരികളും നീച പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജിവിക്കുന്നവരുമായിരുന്നു. അവരുടെ മനസ്സുകളുടെ ഇരുട്ടറകളില്‍ ഏകദൈവ വിശ്വാസത്തിന്റെ കെടാവിളക്കു കത്തിച്ചുവെച്ചു. അവിടം പ്രകാശമാനമായി. അവര്‍ ഉത്തമ സ്വഭാവവും സംസ്‌കാരവുമുള്ളവരായി മാറി. അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ പാപങ്ങള്‍ പൊറുത്തുതരാന്‍ അവര്‍ സര്‍വ ശക്തനോട് കേണു കരഞ്ഞു. അവന്റെ വചനങ്ങള്‍ അവര്‍ക്ക് ഭയവും പ്രതീക്ഷയും നല്‍കി.

അല്ലാഹുവെക്കുറിച്ചുള്ള സ്മരണയില്‍ നിന്ന് വിശ്വാസികളെ അകറ്റാന്‍ പിശാച് ജാഗരുകനാണ്. അവനെക്കുറിച്ചുള്ള ഭയം മനസ്സില്‍നിന്നകറ്റാനും അവനിലുള്ള പ്രതീക്ഷ നശിപ്പിക്കാനും പിശാച് ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ അല്ലാഹു സത്യനിഷേധികള്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന നരകാഗ്‌നിയെ ഭയപ്പെടുകയും സത്യവിശ്വാസികള്‍ക്ക് ഒരുക്കിവെച്ചിരിക്കുന്ന സ്വര്‍ഗീയാരാമങ്ങളില്‍ ആശയര്‍പ്പിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കരായ വിശ്വസികളെ ദൈവസ്മരണയില്‍ നിന്നകറ്റാന്‍ പിശാചിനു സാധ്യമല്ല.

അല്ലാഹു പറയുന്നു: ''...പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം. അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തീയിന്റെ തട്ടുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍ (39:15-16).''