മരണം മണക്കുന്ന മന്ത്രവാദികള്‍

പത്രാധിപർ

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ആത്മീയതയെക്കുറിച്ച് വിഭിന്നങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് മതങ്ങള്‍ക്കുള്ളത്. ഒരു മതത്തിന്റെ വീക്ഷണമല്ല മറ്റൊരു മതത്തിനുള്ളത്. സെമിറ്റിക്ക് മതങ്ങള്‍ക്ക് അവയുടേതായ വീക്ഷണങ്ങളുണ്ട്. നിരവധി മഹര്‍ഷിമാരും സന്യാസിമാരും ആചാര്യന്മാരും വന്നുപോയിട്ടുള്ള ഇന്ത്യയില്‍ ആത്മീയതയുടെ നിര്‍വചനങ്ങളില്‍ ബഹുസ്വരത പ്രകടമാണ്. വ്യക്തികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അവര്‍ക്ക് തോന്നിയവിധത്തില്‍ അവരുടെ ആത്മീയതയെ നിര്‍വചിക്കുവാനും നിര്‍ണയിക്കുവാനും അവസരം നല്‍കുന്നതുകൊണ്ടാണ് ഓഷോ രജനീഷിനെ പോലുള്ളവര്‍ 'ഇന്ത്യ എന്‍ പ്രിയങ്കരി' എന്നു പറയാന്‍ തയാറായത്. ഇന്ത്യയുടെ സംസ്‌കാരത്തിലും പൈതൃകസമ്പത്തിലും അഭിമാനംകൊള്ളുന്ന ചിന്തകരും പണ്ഡിതന്മാരും മറ്റും ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് ഇന്ത്യയുടെ ആത്മീയസമ്പത്തിനെക്കുറിച്ചുള്ള അഭിമാനബോധമാണ്.

വ്യക്തികളുടെ ചിന്തകള്‍, ആശയങ്ങള്‍, തോന്നലുകള്‍, വികാരങ്ങള്‍, ഭാവനകള്‍ തുടങ്ങിയവയെയെല്ലാം ആത്മീയതയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത ഇന്ത്യയില്‍ വ്യാപിക്കുവാന്‍ കാരണം ആത്മീയതയെക്കുറിച്ച് കൃത്യമായ വീക്ഷണമില്ലാതെ പോയതാണ്. ഈ വ്യവസ്ഥാരാഹിത്യത്തെയാണ് ബുദ്ധിജീവികളും ആത്മീയാന്വേഷകരും മറ്റും 'ആത്മീയ സ്വാതന്ത്ര്യം', 'ആത്മീയവിശാലത' എന്നെല്ലാം കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നത്.

മദ്യവും മദിരാക്ഷിയും ലൈംഗിക ആഭാസങ്ങളും പ്രകൃതിവിരുദ്ധ നടപടികളും കാമപൂജകളും മദ്യനിവേദ്യങ്ങളും ലഹരി കലര്‍ന്ന പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ഭക്തിയുടെയും ആധ്യാത്മികതയുടെയും കേളീരംഗമായി ഇന്ത്യയെ മാറ്റിയത് ഈ 'ആത്മീയ സ്വാതന്ത്ര്യ'മാണെന്നതില്‍ സംശയമില്ല. ആത്മീയതയുടെ കച്ചവടരംഗത്ത് ഇന്ത്യ എന്നും മുന്നില്‍ തന്നെയാണ്. വര്‍ത്തമാനകാലത്ത് ഇന്ത്യ ആത്മീയ മാര്‍ക്കറ്റിംഗ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന പ്രവണതകളില്‍ പലതും പുതിയ കാലത്തിന്റെ മാത്രം സംഭാവനകളല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

ആത്മീയ കേന്ദ്രങ്ങളില്‍നിന്ന് ഇടക്കിടെ ഉയരുന്ന വിസ്മയിപ്പിക്കുന്നതും വൃത്തികെട്ടതുമായ വാര്‍ത്തകള്‍ യഥാര്‍ഥത്തിലുള്ളതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നതാണ് വസ്തുത. ബാക്കിയെല്ലാം തമസ്‌കരിക്കപ്പെടുകയാണ്. ആത്മീയ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകള്‍ക്ക് ജാതി-മത ഭേദമില്ലെന്നാണ് സമകാലിക സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ന് എല്ലാ മനുഷ്യരും രോഗികളാണ്. അതുകൊണ്ട് തന്നെ ചികിത്സ ഒരു വന്‍ വ്യവസായമായിത്തീര്‍ന്നിരിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും ചികിത്സക്കായി ചെലവഴിക്കേണ്ട അവസ്ഥ! ഈ സാഹചര്യം മുതലാക്കുവാനും അതുവഴി മുതലുണ്ടാക്കുവാനും 'ആത്മീയ ചികിത്സകര്‍' കഴുകന്മാരെ പോലെ വട്ടമിട്ടു പറക്കുന്നുണ്ട്. കൊല്ലം ജില്ലയില്‍ ഒരു നരാധമന്‍ ഒു സ്ത്രീയെ 'ചികിത്സിച്ചു' കൊന്നിട്ട് അധിക കാലമായിട്ടില്ല. ഇപ്പോഴിതാ നാദാപുരം പുറമേനിയില്‍ നിന്ന് ഒരു യുവതിയുടെ ദാരുണമരണത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. 'ജിന്ന് ചികിത്സ'ക്കിടയില്‍ പൊള്ളലേറ്റ് ഷമീന എന്ന യുവതിയാണ് മരണപ്പെട്ടത്. കുറ്റ്യാടിയിലെ നജ്മ എന്ന യുവതിയായ മന്ത്രവാദിനിയാണ് പ്രതി.

മുസ്‌ലിം നാമധാരികളായ ഇത്തരം മന്ത്രവാദികളും മന്ത്രവാദിനികളും ആത്മീയതയുടെ മറവില്‍ ജനങ്ങളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നത് ഇസ്‌ലാമിനെ പൊതുസമൂഹം തെറ്റിദ്ധരിക്കുവാന്‍ കൂടി കാരണമാകുന്നുവെന്നതില്‍ സംശയമില്ല. പുനര്‍ വിവാഹം വേഗത്തില്‍ നടക്കുവാനാണത്രെ ഇവര്‍ മന്ത്രവാദിനിയുടെ അടുക്കലെത്തിയത്. മന്ത്രവാദ കര്‍മങ്ങള്‍ക്കിടയില്‍ പൊള്ളലേറ്റാണ് ഈ സ്ത്രീയുടെ ജീവന്‍ പൊലിഞ്ഞത്. വാസ്തവത്തില്‍ ഇങ്ങനെയുള്ള ഒരു ചികിത്സാരീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. പ്രപഞ്ച സ്രഷ്ടാവില്‍ അടിയുറച്ചു വിശ്വസിക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്ന ഒരാളും ഇത്തരത്തിലുള്ള ആത്മീയവാണിഭക്കാരുടെ വലയില്‍ വീഴുകയില്ല. ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയിലാണ് ഈ തട്ടിപ്പുകാരുടെ നിലനില്‍പ്. വിശ്വാസരംഗം കുറ്റമറ്റതാക്കുക എന്നതാണ് പ്രധാനപ്പെട്ട പരിഹാര മാര്‍ഗം എന്നര്‍ഥം. സകലവിധ ആത്മീയ ചൂഷണങ്ങള്‍ക്കും ചൂഷകര്‍ക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപംകൊള്ളേണ്ട സമയം അതിക്രമിച്ചിരുക്കുന്നു. ഇല്ലെങ്കില്‍ മരണം മണക്കുന്ന മന്ത്രവാദികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കും.