ആദര്‍ശ പിതാവിന്റെ യഥാര്‍ഥ പിന്‍മുറക്കാരാവുക

പത്രാധിപർ

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

ഇബ്‌റാഹീം നബി(സ്വ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ സ്മരണകളുയര്‍ത്തിക്കൊണ്ട് ഒരു ഹജ്ജും ബലിപെരുന്നാളും കൂടി ആഗതമായിരിക്കുകയാണ്. ലോകമുസ്‌ലിംകള്‍  ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത് വല്ലാത്തൊരു ആത്മസംഘര്‍ഷത്തോടെയാണ്. കാരണം ഇസ്‌ലാമും മുസ്‌ലിംകളും അത്രമാത്രം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിംകള്‍ കാടന്മാരായ അക്രമികളും ഇസ്‌ലാം അതിന്റെ പ്രേരകവുമാണ് എന്ന് ലോകമൊട്ടാകെയുള്ള മാധ്യമങ്ങളില്‍ നല്ലൊരു ശതമാനവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഐ.എസ് എന്ന മനുഷ്യപ്പിശാചുക്കളുടെ കൂട്ടായ്മയുമുണ്ട്. 

കൊച്ചുകേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഒറ്റപ്പെട്ടതും കൃത്യമായി തെളിയിക്കപ്പെടാത്തതുമായ സംഭവങ്ങള്‍ തെൡവാക്കി പുകമറകള്‍ സൃഷ്ടിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിന്ദിക്കുവാനുള്ള കുത്സിതശ്രമങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും ഇതര മാധ്യമങ്ങള്‍ മുഖേനയും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥ സലഫികളെ തീവ്രവാദികളാക്കി മുദ്രകുത്തി തേജോവധം ചെയ്ത് ഇല്ലാതാക്കുവാനും തങ്ങളുടെ നിലനില്‍പ് ഭദ്രമാക്കാനുമുള്ള ചില മുസ്‌ലിം സംഘടനകളുടെ പരിശ്രമങ്ങളാണ് ഏറെ ഖേദകരം. തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ആരില്‍നിന്നുണ്ടായായാലും അത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരെങ്കിലും ആ മാര്‍ഗം തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അവരെ പിന്തുണക്കുവാനോ ന്യായീകരിക്കുവാനോ നമ്മള്‍ ഒരുക്കവുമല്ല.    

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം ഇബ്‌റാഹീം നബി(അ) മനുഷ്യരാശിക്കാകമാനം മാതൃകയാണ്. പ്രമാണബദ്ധമായി ഇസ്‌ലാമിനെ ജീവിതത്തില്‍ കൊണ്ടുനടക്കുന്നവരെ തീവ്രസലഫികള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ ഇബ്‌റാഹീം നബി(സ്വ)യുടെ ആദര്‍ശാധിഷ്ഠത ജീവിതം നന്നായി മനസ്സിലാക്കിയാല്‍ അദ്ദേഹത്തിലും തീവ്രത ആരോപിക്കാനുള്ള സാധ്യത തളളിക്കളയാനാവില്ല.

അല്ലാഹു പറയുന്നു: ''സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും'' (ക്വുര്‍ആന്‍ 2:130). 

''നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോക രക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു...'' (ക്വുര്‍ആന്‍ 2:132).

തന്റെ നാഥനെ നിരുപാധികം അനുസരിക്കുന്നതില്‍ ഇബ്‌റാഹീം(അ) ചരിത്രത്തിനുതന്നെയും മാതൃകയായി വര്‍ത്തിച്ചു. ഏകദൈവ വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള സമര്‍പ്പണത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിന് മാതൃകയായിത്തീര്‍ന്നത്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: ''ആകയാല്‍ ശുദ്ധ മനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല'' (3:95).

രക്തബന്ധത്തെക്കാള്‍ ആദര്‍ശബന്ധത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടാണ് ഇബ്‌റാഹീം നബി(അ) ജീവിച്ചത്. അദ്ദേഹത്തെ പിന്‍പറ്റുന്നവരും അനുകരിക്കേണ്ടിയിരിക്കുന്നത് അതേ ആദര്‍ശ ജീവിതം തന്നെയാണ്. ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശദാര്‍ഢ്യം ഭുവനപ്രസിദ്ധമാണ്. ഏകദൈവ വിശ്വാസത്തിലും ധാര്‍മികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദര്‍ശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വന്തം കുടുംബത്തിലും പിതൃ-പുത്ര ബന്ധത്തിലും അദ്ദേഹം പിന്തുടര്‍ന്നത് തൗഹീദിന് മുന്‍തൂക്കം നല്‍കുന്ന വീക്ഷണമായിരുന്നു; ഇന്നത്തെ ചില മതയുക്തിവാദികള്‍ക്ക് ഈ ആദര്‍ശദാര്‍ഢ്യത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.