ശാസ്ത്രം കുതിക്കുമ്പോള്‍ മനുഷ്യത്വം കിതയ്ക്കുന്നുവോ?

പത്രാധിപർ 

2017 നവംബര്‍ 18 1439 സഫര്‍ 29

കാലം മുന്നോട്ട് പോകുന്തോറും മനുഷ്യന്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കുതിപ്പിനിടയില്‍ മാനവികതയുടെ കാര്യത്തില്‍ മനുഷ്യര്‍ കിതയ്ക്കുകയാണെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. പല രാഷ്ട്രങ്ങള്‍ തമ്മിലും നിരന്തരം അതിര്‍ത്തി തര്‍ക്കങ്ങളിലാണ്. പലതും പരസ്പരം ആണവായുധം കാട്ടി ഭീഷണിപ്പെടുത്തുന്നു. അധിനിവേശത്തിന് പഴുതുകള്‍ തേടിക്കൊണ്ടിരിക്കുന്നു. ഉപരോധങ്ങള്‍ ഏര്‍പെടുത്തുന്നു...

ഇന്ത്യയിലേക്ക് വരിക. ഇന്ത്യക്ക് മതസഹിഷ്ണുതയുടെ ഉജ്വലമായ പാരമ്പര്യം പറയുവാനുണ്ട്. എന്നാല്‍ ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ സ്വന്തം മതത്തില്‍ അടിയുറച്ച് നിന്നിരുന്ന വ്യത്യസ്ത മതവിശ്വാസികള്‍ കഴിഞ്ഞിരുന്നത് പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ ഭീമമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മാറ്റം ഉണ്ടാക്കുവാന്‍ ചില ശക്തികള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് കാണാതിരിക്കുവാനാവില്ല.

1893 സെപ്റ്റംബര്‍ 13ന് ചിക്കാഗോയില്‍ വെച്ചു നടന്ന ലോകമത മഹാസമ്മേളനത്തില്‍ വെച്ച് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തില്‍ അക്കാലത്ത് ലോകത്ത് നിലനില്‍ക്കുന്ന മതസ്പര്‍ധയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: 

''വിഭാഗീയ സ്പര്‍ധയും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും ഏറെക്കാലമായി ഈ മനോഹരമായ ഭൂമിയെ ദുര്‍ഭൂതമായി ആവേശിച്ചിരിക്കുന്നു. അത് അക്രമം അഴിച്ചുവിടുകയും മനുഷ്യരക്തം കൊണ്ട് ഈ മണ്ണിനെ മലിനമാക്കുകയും സംസ്‌കാരകേദാരങ്ങളെ നശിപ്പിക്കുകയും ഏല്ലാ രാഷ്ട്രങ്ങളെയും നൈരാശ്യത്തിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ, അതിന്റെ അന്ത്യം അടുത്തിരിക്കുന്നു. വിവിധ മതപ്രതിനിധികളുടെ ബഹുമാനാര്‍ഥം ഇവിടെ ഈ പാര്‍ലമെന്റില്‍ ഇന്ന് പ്രഭാതത്തില്‍ മുഴക്കിയ മണിനാദം മതഭ്രാന്തിന്റെ മരണമണിയുടെ മുഴക്കമാണ് (കരഘോഷം). എതിരഭിപ്രായങ്ങളുടെ നേരെ വാളോങ്ങുന്ന സമ്പ്രദായത്തിന്റെ മരണമണിയാണത്'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2000 ഡിസംബര്‍ 10).

അദ്ദേഹം പ്രതീക്ഷിച്ചതുപോലെ മതഭ്രാന്തിന്റെ മരണമണിയായി മാറിയില്ല അത്. മതങ്ങള്‍ വാസ്തവത്തില്‍ മതഭ്രാന്തരാകുവാന്‍ പ്രേരിപ്പിക്കുന്നില്ല. എന്നാല്‍ മതങ്ങളെ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കാണുന്നവരാണ് മതത്തെ വിദ്വേഷം പടര്‍ത്തുവാനുള്ള ആയുധമാക്കുന്നതും വിവേകശൂന്യരെ സൃഷ്ടിച്ച് തെരുവിലിറക്കി ചോരക്കളി കളിക്കുന്നതും. 

ഇതര മതസ്ഥരെ സംശയത്തോടെയും ഭയപ്പാടോടെയും കാണുന്ന സ്ഥിതിവിശേഷം ഒരു ബഹുമത സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടത്തിന്റെ ആഴം ചെറുതല്ല. ഭയപ്പാട് വളര്‍ത്തി സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന പ്രവണതയാണ് നാമിന്ന് കാണ്ടുകൊണ്ടിരിക്കുന്നത്. ഈ ഇരുട്ടിന്റെ ശക്തികളെ ചങ്ങലയ്ക്കിടുവാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ നാട് അതിവേഗം നാശത്തിലേക്ക് കൂപ്പ്കുത്തുമെന്നതില്‍ സംശയമില്ല. 

ഓരോ മതത്തിനും അത് പഠിപ്പിക്കുന്ന ജീവിത രീതികളും നിയമങ്ങളുമുണ്ട്. അതാത് മതത്തിന്റെയാളുകള്‍ ആ നിയമങ്ങളുനുസരിച്ച് ജീവിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ പരസ്പരം വിദ്വേഷം വെച്ചുപുലര്‍ത്തുവാനാകില്ല. അങ്ങനെ ജീവിക്കുന്ന വ്യക്തികളില്‍ വിട്ടുവീഴ്ചാ മനോഭാവം കാണുമെന്നതില്‍ സംശമില്ല. വിട്ടുവീഴ്ചാ മനോഭാവമുള്ള ചുറ്റുപാടിലേ സമാധാനം നിലനില്‍ക്കുകയുള്ളൂ. 

നന്മയും തിന്മയും ഒരിക്കലും സമമാവുകയില്ല. നന്മ നിറഞ്ഞ മനസ്സിനേ എല്ലാവരെയും സ്‌നേഹിക്കുവാനും ആരെയും സഹായിക്കുവാനും കഴിയുകയുള്ളൂ. 

ക്വുര്‍ആന്‍ പറയുന്നു: ''ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്മയെ തടുത്തു കൊള്ളുക...''(23:96). ''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (41:34).

നാം നന്മയുടെ ഫലം കായ്ക്കുന്ന മരങ്ങളാവുക. തിന്മകള്‍ ലോകത്തിനെന്നല്ല സ്വന്തത്തിന് പോലും നഷ്ടമേ വരുത്തിവെക്കൂ എന്ന് തിരിച്ചറിയുക.