ചരിത്രബോധത്തിന്റെ നെടുംതൂണ്

പത്രാധിപർ

2017 നവംബര്‍ 11 1439 സഫര്‍ 22

അനേകം ദൈവദൂതന്മാര്‍ ഈ ഭൂമുഖത്ത് വന്നുപോയത് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ സന്ദേശങ്ങള്‍ പഠിപ്പിക്കുവാനാണ്. മനുഷ്യമനസ്സില്‍ തോന്നുന്ന ആശയങ്ങളും സങ്കല്‍പങ്ങളും ദൈവത്തിന്റെ പേരില്‍ ആരോപിക്കുന്ന പ്രവണതക്കെതിരായ ശക്തമായ താക്കീതോടുകൂടിയാണ് ഇസ്‌ലാം സ്രഷ്ടാവിന്റെ യഥാര്‍ഥ സന്ദേശങ്ങളെ പരിചയപ്പെടുത്തുന്നത്. 

മനുഷ്യരാശിയുടെ ആവിര്‍ഭാവത്തെയും അതിനു പിന്നിലുള്ള ലക്ഷ്യങ്ങളെയും കൃത്യമായി പഠിപ്പിച്ചുകൊണ്ട് ഇസ്‌ലാം ചരിത്രത്തെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍, ഭൗതികദര്‍ശനങ്ങള്‍ ഊന്നിപ്പറയുന്ന മനുഷ്യന്റെ സര്‍വതന്ത്ര സ്വതന്ത്രത എന്ന ചിന്താഗതിയെ അതിന്റെ സകല ദൂഷ്യവശങ്ങളോടും കൂടി തള്ളിക്കളയുകയാണ് ചെയ്യുന്നത്. ക്വുര്‍ആന്‍ സമര്‍പിക്കുന്ന ജീവിതമാര്‍ഗദര്‍ശനം മനുഷ്യരാശിയുടെ അര്‍ഥവത്തായ ജീവിത വിനിയോഗത്തിനുള്ള ഏകവും ഭദ്രവുമായ മാര്‍ഗദര്‍ശനമാണ്. 

ഇസ്‌ലാം ചരിത്രബോധത്തിന് അതിന്റെതായ പ്രാധാന്യം നല്‍കുന്നുണ്ട്. മാനവരാശിയെ അതിന്റെ ആദ്യം മുതല്‍ അവസാനം വരെ പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്ന സ്രഷ്ടാവിലുള്ള വിശ്വാസത്തെ തന്നെയാണ് ഇസ്‌ലാം ചരിത്രബോധത്തിന്റെ നെടുംതൂണാക്കി മാറ്റുന്നത്. സ്രഷ്ടാവിലുള്ള മനുഷ്യന്റെ എക്കാലത്തെയും വിശ്വാസത്തിന് കേവലം ഒരു സങ്കല്‍പം, ഭാവന എന്നതിലപ്പുറം ചില തലങ്ങളുണ്ട് എന്ന് പഠിപ്പിക്കുവാനാണ് ചരിത്രത്തെ ഇസ്‌ലാം ഉപയോഗിക്കുന്നത്. 

ആദിമമനുഷ്യന്‍ മുതല്‍ ആരംഭിക്കുന്ന മനുഷ്യപരമ്പരയുടെ ഇന്നലെകളിലെവിടെയും സ്രഷ്ടാവ് മനുഷ്യനെ സ്വതന്ത്രമാക്കുകയോ അവനില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന സത്യം പൂര്‍വകാലത്തെക്കുറിച്ചുള്ള വിവരണങ്ങളിലൂടെ വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ചരിത്രത്തെ സ്രഷ്ടാവിന്റെ ഇടപെടലുകളുടെ അടയാളമായി പരിചയപ്പെടുത്തുന്ന പാഠാത്മകത ക്വുര്‍ആനിക പരാമര്‍ശങ്ങളുള്ളതായി കാണാം. 

വിധിവിലക്കുകളെക്കുറിച്ചുള്ള ജാഗ്രത മതത്തിന്റെ ആകെത്തുകയാണ്. ഭക്തി അഥവാ 'തക്വ്‌വ' നിര്‍വചിക്കപ്പെടുന്നതു തന്നെയും 'സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിക്കുകയും വിലക്കുകള്‍ പാലിക്കുകയും ചെയ്യുക' എന്ന അര്‍ഥത്തിലാണ്. സ്രഷ്ടാവിന്റെ കല്‍പനകളില്‍ നിന്ന് വിധികളും സ്രഷ്ടാവിന് അഹിതമായവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്‍ നിന്ന് വിലക്കുകളും ആവിര്‍ഭവിക്കുന്നു. ഇത്തരം വിധിവിലക്കുകളും കല്‍പനകളും നിഷേധങ്ങളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും സംസ്‌കരിക്കുകയും പരിപാലിക്കുകയും അര്‍ഥവത്തായ ജീവിത വിനിയോഗത്തിന് പ്രാപ്തമാക്കുകയും പാഴായിപ്പോകുന്നതില്‍ നിന്ന് ജീവിതത്തെയും അതിലെ ഓരോ നിമിഷങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നുവെന്നതാണ് അവയുടെ ഫലപ്രാപ്തി. 

ഭൗതിക ജീവിതവീക്ഷണങ്ങളുടെ ഹൃസ്വമായ ജീവിതസങ്കല്‍പങ്ങളെ നിരാകരിക്കുന്ന ഒന്നാണ് ഇസ്‌ലാമിന്റെ പരലോക വിശ്വാസം. ശരാശരി അറുപതോ എഴുപതോ വര്‍ഷങ്ങള്‍ നീളുന്ന ആധുനിക മനുഷ്യന്റെ ഭൗതികജീവിതത്തെ അതിന്റെ ഹൃസ്വതയില്‍ തന്നെ ആസ്വാദ്യമാക്കിത്തീര്‍ക്കുവാനാണ് ഭൗതികവാദികളുടെ മോഹം. അതേസമയം പരലോകവിശ്വാസം ഒരനിവാര്യഘടകമായി പഠിപ്പിക്കുന്ന ഇസ്‌ലാം മനുഷ്യജീവിതം അതിന്റെ ഭൗതികമായ ഹൃസ്വതയ്ക്കപ്പുറം പാരത്രിക ലോകത്ത് അനന്തമായി നീണ്ടുകിടക്കുന്നു എന്ന് വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:

''അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ'' (ക്വുര്‍ആന്‍ 45:21).