കച്ചവടരംഗത്തെ കാപട്യം

പത്രാധിപർ

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

ഇന്ന് വഞ്ചന ഏറ്റവും കൂടുതല്‍ പ്രകടമായ ഒരു മേഖലയാണ് കച്ചവടം. കച്ചവട രംഗത്ത് എന്തുമാകാം എന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. അമിതമായ ലാഭം കൊയ്യല്‍ മാത്രമല്ല; അതിനുവേണ്ടി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കലും സാര്‍വത്രികമായിക്കൊണ്ടിരിക്കുന്നു.

ഇസ്‌ലാം പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദനീയമാക്കുകയും ചെയ്ത മതമാണ്. പാവപ്പെട്ടവന്‍ ചൂഷണം ചെയ്യപ്പെടുകയും ഉള്ളവന്‍ വീണ്ടും വീണ്ടും തടിച്ചുവീര്‍ക്കുകയും ചെയുന്നതാണ് പലിശ വ്യവസ്ഥ. അതുകൊണ്ടാണ് അത് നിഷിദ്ധമാക്കപ്പെട്ടത്. ന്യായമായ ലാഭമെടുത്ത് കച്ചവടം ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കിയപ്പോള്‍ അതില്‍ പാലിക്കേണ്ട മര്യാദകള്‍ വിശദീകരിച്ചിട്ടുമുണ്ട്.

അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കലും കൃത്രിമക്ഷാമം സൃഷ്ടിക്കലുമെല്ലാംതന്നെ ഒഴിവാക്കണമെന്ന് ഇസ്‌ലാം കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, കച്ചവടത്തില്‍ ഇത്തരം നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നവര്‍ വിരളമാണ്. കച്ചവടത്തില്‍ ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല എന്നാണ് പലരും പറയാറുള്ളത്.

അളന്നും തൂക്കിയും കൊടുക്കുമ്പോള്‍ കൃത്യത പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വാങ്ങുന്നവര്‍ക്ക് ഒട്ടും കുറവുവരുത്താതിരിക്കാന്‍ സൂക്ഷ്മതയെന്നോണം അല്‍പം മുന്‍തൂക്കം നല്‍കുവാന്‍ നബി ﷺ വിശ്വാസികളോട് കല്‍പിച്ചിട്ടുള്ളത് ഏറെ ശ്രദ്ധേയമാണ്.

സുവൈദുബ്‌നു ഖൈസ്(റ) പറയുന്നു: ''സാധനങ്ങള്‍ തൂക്കാന്‍ കൂലിക്ക് നിറുത്തിയ ആളോട് നബി ﷺ പറഞ്ഞു: അല്‍പം മുന്‍തൂക്കം വരുത്തിക്കൊള്ളുക'' (അബൂദാവൂദ്, തുര്‍മുദി).

മറ്റൊരിക്കല്‍ നബി ﷺ പറഞ്ഞു: ''വല്ലതും വില്‍ക്കുകയാണെങ്കില്‍ ശരിക്കും അളന്നുകൊടുക്കുക; വാങ്ങുമ്പോള്‍ ശരിക്കും അളന്നു വാങ്ങുകയും ചെയ്യുക'' (ബുഖാരി).

'അളവില്‍ കമ്മി വരുത്തുന്നവര്‍' എന്ന പേരില്‍ ഒരു അധ്യായംതന്നെ വിശുദ്ധ ക്വുര്‍ആനിലുണ്ട്. അതിന്റെ തുടക്കം ഇങ്ങനെയാണ്:

''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?'' (83:1-5).

വിപണിയിലിന്ന് മായം ചേര്‍ക്കാത്ത വസ്തുക്കള്‍ ദുര്‍ലഭം. ഏതെങ്കിലും കുഗ്രാമങ്ങളിലുണ്ടാക്കിയ വസ്തുക്കള്‍ വിദേശ നിര്‍മിതമെന്ന് പറഞ്ഞ് അമിത വിലയ്ക്ക് വില്‍ക്കുന്നു. നല്ല സാധനങ്ങള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രൂപത്തില്‍ പ്രദര്‍ശനത്തിനു വെച്ച്, അതുകണ്ട് വാങ്ങാന്‍ വരുന്നവര്‍ക്ക് ഗുണമേന്മ കുറഞ്ഞവ കൊടുക്കുന്ന സമ്പ്രദായം സാര്‍വത്രികം.

ഉള്ളില്‍ നനഞ്ഞ ധാന്യവും പുറമെ ഉണങ്ങിയതുമിട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത് നബി ﷺ യുടെ ദൃഷ്ടിയില്‍പെട്ടപ്പോള്‍ 'ഉള്ളിലുള്ളത് നീ എന്തുകൊണ്ട് പുറത്തു കാണിച്ചില്ല?' എന്ന് വളരെ ഗൗരവസ്വരത്തില്‍ ചോദിച്ചുകൊണ്ട് നബി ﷺ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: 'നമ്മെ ചതിച്ചവന്‍ നമ്മില്‍പെട്ടവനല്ല' (മുസ്‌ലിം).

സത്യവിശ്വാസികള്‍ ഏത് രംഗത്തും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കേണ്ടവരാണ്. ഇഹത്തിലും പരത്തിലും വിജയം പ്രാപിക്കുവാന്‍ അത് അനിവാര്യമാണ്. നമ്മെ ആരെങ്കിലും ചതിക്കുന്നത് നാം ഇഷ്ടപ്പെടില്ല. അതുപോലെ മറ്റുള്ളവരെ നാം കബളിപ്പിക്കുന്നത് അവരും ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്.