ദഅ്‌വത്ത്: ചില സുപ്രധാന ഫത്‌വകള്‍

അബ്ദുല്‍ മലിക് അല്‍ക്വാസിം 

2017 ജൂലായ് 15 1438 ശവ്വാല്‍ 21

മുന്‍ഗണനാക്രമം

ഇസ്‌ലാമിലേക്കുള്ള ദഅ്‌വത്ത് അതിശ്രേഷ്ഠമായ സന്ദേശമെത്തിക്കലാണല്ലോ. വര്‍ത്തമാന കാലത്ത് ഒരു പ്രബോധകന്‍ അനിവാര്യമായും കൈകാര്യംചെയ്യേണ്ട വിഷയങ്ങള്‍ ഏതെല്ലാമാണ്?

അല്ലാഹുവിലേക്കും ഇസ്‌ലാമിലേക്കുമുള്ള ദഅ്‌വത്ത് മുഴുവന്‍ മുര്‍സലുകളുടെയും ദഅ്‌വത്താണെന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു മുഴുവന്‍ മുര്‍സലുകളെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും അവനിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടിയാണ്. വേദഗ്രന്ഥങ്ങളില്‍ അതിമഹത്തരവും അതിശ്രേഷ്ഠവും അവസാനത്തേതുമായ വിശുദ്ധ ക്വുര്‍ആന്‍ മുഴുവനും അല്ലാഹുവിലേക്കുള്ള ക്ഷണവും  ഇസ്‌ലാമിനെക്കുറിച്ച് സന്തോഷമറിയിക്കലും അതിനെതിരിലിലുള്ളതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കലും ഉത്കൃഷ്ട ഗുണങ്ങളിലേക്കും ഉത്തമ പ്രവൃത്തികളിലേക്കുമുള്ള ക്ഷണവും ദുര്‍ഗുണങ്ങളെ കുറിച്ചും ദുര്‍വൃത്തികളെ കുറിച്ചും അപായ അറിയിപ്പ് നല്‍കലുമാണ്. 

വര്‍ത്തമാനകാലത്തായാലും എത് കാലഘട്ടങ്ങളിലായാലും പരമപ്രധാനമായത് അല്ലാഹുവിന്റെ തൗഹീദിലേക്കും ഇബാദത്ത് അവനുമാത്രം നിഷ്‌കളങ്കമാക്കുന്നതിലേക്കുമുള്ള ദഅ്‌വത്ത് ആകുന്നു. അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ വ്യക്തമാക്കുകയും അവയില്‍ വിശ്വസിക്കുന്നതോടൊപ്പം  അല്ലാഹുവിന്റെ മഹത്ത്വത്തിന് അനുയോജ്യമാംവിധം തഹ്‌രീഫും'(മാറ്റിത്തിരുത്തല്‍) തംഥീലും'(കോലപ്പെടുത്തല്‍) തഅ്ത്വിലും'(നിരാകരിക്കല്‍) തക്‌യീഫും (എങ്ങനെയെന്നു പറയല്‍) ഇല്ലാതെ അവ സ്ഥിരീകരിക്കുന്നതിലേക്കും ദഅ്‌വത്ത് നടത്തുകയാണ് വേണ്ടത്. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ ഈ വിധം സ്വീകരിക്കുന്നത് വിശുദ്ധ ക്വുര്‍ആന്‍ വചനങ്ങളെ പ്രയോഗവല്‍കരിച്ചാണ്. അല്ലാഹു പറഞ്ഞു:്യുû 

''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.  അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (വി.ക്വു.അല്‍ഇഖ്‌ലാസ്വ്)

''ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (അന്നഹ്ല്‍: 74). 

''ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു). അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ ക്കുന്നവനുമാകുന്നു'' (അശ്ശൂറാ:11).

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകരെ സംബന്ധിച്ചിടത്തോളം തൗഹീദുര്‍റുബൂബിയ്യഃ (സൃഷ്ടിച്ച് പരിപാലിക്കുന്നതിലുള്ള അല്ലാഹുവിന്റെ ഏകത്വം) മുഖവിലക്കെടുക്കുക എന്നത് അവരുടെമേല്‍ നിര്‍ബന്ധമാണ്. ഈ ഏകത്വം മുശ്‌രിക്കുകള്‍ അംഗീകരിച്ചിരുന്നു. അഥവാ, അല്ലാഹുവാകുന്നു മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവെന്നും സ്രഷ്ടാവെന്നും അന്നദാതാവെന്നും എന്നെന്നും ജീവിച്ചിരിപ്പുള്ളവനും എല്ലാം നിയന്ത്രിക്കുന്നവനുമെന്നും ഉപകാര ഉപദ്രവങ്ങള്‍ ഉടമപ്പെടുത്തു ന്നവനെന്നുമുള്ള വിശ്വാസമാണ് തൗഹീദുര്‍റുബൂബിയ്യഃ. ഈ വിശ്വാസം മുസ്‌ലിംകളുടെ അടുക്കലും അമുസ്‌ലിംകളുടെ അടുക്കലും അറിയപ്പെട്ടതായിരുന്നു. അബൂജഹലടക്കമുള്ള ക്വുറൈശീ കുഫ്ഫാറുകള്‍ ഇത് അറിഞ്ഞിരുന്നു. അവര്‍ തൗഹീദുര്‍റുബൂബിയ്യഃ അംഗീകരിച്ചതിനാല്‍, തൗഹീദുല്‍ ഉലൂഹിയ്യഃ (ആരാധ്യതയിലുള്ള അല്ലാഹുവിന്റെ ഏകത്വം) നിഷേധിച്ചതിനെതിരില്‍ അല്ലാഹു അവര്‍ക്കെതിരില്‍ തെളിവ് പിടിച്ചു. 

തൗഹീദിന്റെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കല്‍ പ്രബോധകരുടെമേല്‍ അവര്‍ എവിടെയായിരുന്നാലും നിര്‍ബന്ധമാണ്. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതിന്റെ പ്രധാനലക്ഷ്യം അതായിരുന്നല്ലോ. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെതിരില്‍- ക്വബ്‌റാളികളെ ആരാധിക്കുക, മരണപ്പെട്ടവരോട് സഹായാര്‍ഥന നടത്തുക, അവര്‍ക്ക് നേര്‍ച്ചയാക്കുക, അവര്‍ക്കുവേണ്ടി അറുക്കുക, അവരുടെ ക്വബ്‌റുകളെ ത്വവാഫ് ചെയ്യുക തുടങ്ങി ഇന്ന് മുശ്‌രിക്കുകള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കെതിരില്‍- ജനങ്ങള്‍ക്ക് മുന്നറിയിപ്പ്  നല്‍കല്‍  പ്രബോധകരുടെമേല്‍ നിര്‍ബന്ധമാണ്. ഇപ്രകാരം തന്നെയാണ് വിഗ്രഹങ്ങളെയും മരങ്ങളെയും കല്ലുകളെയും ജിന്നുകളെയും മലക്കുകളെയും അമ്പിയാക്കളെയും വിളിച്ചാരാധിക്കല്‍. എല്ലാം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ പെട്ടതാകുന്നു. ഒരു മനുഷ്യനും, മരണപ്പെട്ടവരോടോ മരത്തോടോ കല്ലിനോടോ വിഗ്രഹത്തോടോ നക്ഷത്രത്തോടോ അദൃശ്യരായ മലക്കുകളോടോ ജിന്നുകളോടോ മറ്റു വല്ലതിനോടോ പ്രാര്‍ഥിക്കാന്‍ പാടുള്ളതല്ല. എന്നുമാത്രമല്ല, ഇതുതന്നെയാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറഞ്ഞതായ വലിയശിര്‍ക്ക്. വലിയ ശിര്‍ക്കിനെ കുറിച്ച് അല്ലാഹു പറഞ്ഞു: ''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്'' (അന്നിസാഅ്: 48).

''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല'' (അല്‍ മാഇദഃ: 72). 

എന്നാല്‍, ജീവിച്ചിരിപ്പുള്ള വ്യക്തിയോട് അയാളുടെ കഴിവില്‍പെട്ടത് തേടുന്നതില്‍ കുഴപ്പമില്ല. കാരണം, മൂസാ(അ)യും കോപ്റ്റിക് വംശജനും തമ്മിലുള്ള സംഭവത്തില്‍ അല്ലാഹു പറയുന്നു.

''അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി'' (അല്‍ക്വസ്വസ്വ്: 15). 

റസൂലി(സ്വ)ല്‍ വിശ്വസിക്കുകയും അദ്ദേഹം മുഴുവന്‍ മനുഷ്യരിലേക്കും ജിന്നുകളിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹത്തെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കല്‍ പ്രബോധകന്റെ ബാധ്യതയാണ്. എല്ലാ ന ബിമാരിലും, അല്ലാഹുവും അല്ലാഹുവിന്റെ ദൂതന്മാരും അറിയിച്ച കാര്യങ്ങളിലും അന്ത്യനാളിലും സ്വര്‍ഗ നരകങ്ങളിലും ക്വദ്‌റിലും അതിന്റെ നന്മ-തിന്മയിലും വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്നും വ്യക്തമാക്കിക്കൊടുക്കല്‍ പ്രബോധകന് നിര്‍ബന്ധമാണ്. 

ഈ അതിപ്രധാനങ്ങളായ അടിസ്ഥാനങ്ങള്‍, അഥവാ അല്ലാഹുവിന്റെ ഏകത്വം, അവനിലുള്ള വിശ്വാസം, മുര്‍സലുകളിലുള്ള വിശ്വാസം, മുര്‍സലുകളില്‍ അന്തിമനും നേതാവുമായ മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസം, അന്ത്യനാളിലും സ്വര്‍ഗ നരകങ്ങളിലുമുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, അമ്പിയാക്കള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം,  ക്വദ്‌റിലും അതിന്റെ നന്മതിന്മയിലുമുള്ള വിശ്വാസം എന്നിവ ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കല്‍ പ്രബോധകന് നിര്‍ബ ന്ധമാണ്. അതില്‍പിന്നെ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മാതാപിതാക്കള്‍ക്ക് പുണ്യംചെയ്യല്‍, കുടുംബബന്ധം പുലര്‍ത്തല്‍, നന്മ കല്‍പിക്കല്‍ എന്നിവയിലേക്കെല്ലാം ക്ഷണിക്കലും, വ്യഭിചാരം, മോഷണം, സമ്പത്തിലും ശരീരത്തിലും അഭി മാനത്തിലും ജനങ്ങളോടുള്ള അക്രമം, ഏഷണി, പരദൂഷണം, പലിശഭുജിക്കല്‍, നിഷിദ്ധം സമ്പാദിക്കല്‍ തുടങ്ങിയ തിന്മകള്‍ വിരോധിക്കലും അല്ലാഹുവിലേക്ക് ദഅ്‌വത്ത് നടത്തുന്ന ഒരു പ്രബോധകന്റെ ബാധ്യതയാണ്. 

ദഅ്‌വത്തും സ്ത്രീകളും

സ്ത്രീക്ക് തന്റെ വീടിന് പുറത്ത് ഇസ്‌ലാമിക പ്രബോധനത്തിന് മേഖലകളുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

സ്ത്രീക്ക് തന്റെ വീട്ടില്‍ ഭര്‍ത്താവ്, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവര്‍ തുടങ്ങി തന്റെ കുടുംബത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീള്‍ക്കും ദഅ്‌വത്ത് നടത്താവുന്നതാണ്. തന്റെ വീടിന് പുറത്തും സ്ത്രീകള്‍ക്ക് ഇസ്‌ലാമിക പ്രബോധനത്തിന് അവസരമുണ്ട്. പക്ഷേ, ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവരോ കൂടെയില്ലാതെ യാത്ര പാടുള്ളതല്ല. ഫിത്‌നഃ ഉണ്ടാകുമെന്ന്  ഭയക്കാതിരിക്കുകയും വേണം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതവും സ്ത്രീയുടെ ആവശ്യകത ഉണ്ടാവുകയും വേണം; ദഅ്‌വത്തിനെക്കാള്‍ ബാധ്യതയായതും കുടുംബത്തിന് തന്നില്‍നിന്ന് ലഭിക്കേണ്ടതുമായ അവകാശം നഷ്ടപ്പെടുത്തിക്കൊണ്ടുമാകരുത്. 

അന്യമതസ്ഥരും ക്വുര്‍ആനും

അല്ലാഹു സന്മാര്‍ഗം കാണിക്കട്ടെ എന്ന ആഗ്രഹത്താല്‍ ഒരു ക്രിസ്ത്യാനിക്ക് വായിക്കുവാന്‍ ക്വുര്‍ആന്‍ പരിഭാഷ നല്‍കാമോ? 

ദഅ്‌വത്ത് പ്രവാചകന്മാരുടെ മാര്‍ഗമാകുന്നു. അല്ലാഹു പറയുന്നു:

'''(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ലതന്നെ'' (യൂസുഫ്: 108).

വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന്റെ കോപ്പി അയാള്‍ക്ക് നല്‍കുകയെന്നത് ദഅ്‌വത്തിന്റെ ഇനങ്ങളില്‍ ഒന്നാണ്. അതിനാല്‍ അതില്‍ കുഴപ്പമില്ല.