പ്രശംസയും അംഗീകാരവും

അബൂഅമീന്‍

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30
''തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ക്വുര്‍ആന്‍ 3:188)

പേരും പ്രശസ്തിയും അംഗീകാരവുമൊക്കെ പൊതുവില്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ്. ചിലര്‍ പേരിനും പ്രശസ്തിക്കും അംഗീകാരത്തിനുമായിട്ടാണ് കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൃഷ്ടികളുടെ അംഗീകാരവും അവര്‍ക്കിടയിലെ പേരും പ്രശസ്തിയുമല്ല വലുത്. സ്രഷ്ടാവിന്റെ അടുക്കലുള്ള അംഗീകാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ സൃഷ്ടികളുടെ അംഗീകാരത്തിനും കയ്യടികള്‍ക്കും വേണ്ടി സ്രഷ്ടാവിന്റെ അംഗീകാരം നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവര്‍ത്തനത്തിലും അവര്‍ ഏര്‍പ്പെടുകയില്ല. നിഷ്‌കളങ്കതയും ആത്മാര്‍ഥതയുമായിരിക്കും സത്യവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് നിറപ്പകിട്ടേകുന്നത്. 

അതിന്റെയടിസ്ഥാനത്തിലുള്ള ഉദ്ദേശ്യശുദ്ധിക്കനുസരിച്ചാണ് കര്‍മങ്ങള്‍ അല്ലാഹു പരിഗണിക്കുക എന്ന് നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. അതിന് നിരക്കാത്ത യാതൊന്നും തങ്ങളുടെ കര്‍മങ്ങളില്‍ വന്നുചേരാതിരിക്കുവാന്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. സത്യവിശ്വാസികളുടെ പ്രഖ്യാപനം അല്ലാഹു ഉണര്‍ത്തുന്നത് കാണുക:

''അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു'' (76:711). 

പ്രശംസയുടെയും അംഗീകാരങ്ങളുടെയും രംഗങ്ങളില്‍ അര്‍ഹമായതുപോലും നബി ﷺ  പലപ്പോഴും അവഗണിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇക്കാലത്ത് ആ മാതൃക പാടെ വിസ്മരിക്കപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. അര്‍ഹമല്ലാത്തതുകൂടി തന്റെ പ്രശസ്തിയുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കാന്‍ വെമ്പല്‍കൊള്ളുന്നവരും കുറവല്ല. 

3:188ല്‍ ക്വുര്‍ആന്‍ പറഞ്ഞതും നബി ﷺ  നല്‍കിയ മുന്നറിയിപ്പും നാം ഓര്‍ക്കുക. സര്‍വ മനുഷ്യരും സമ്മേളിക്കുന്ന പരലോകത്തെ വിചാരണനാളില്‍ സര്‍വസ്വവും സൂക്ഷ്മമായി അറിയുന്ന സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്ന അവസരത്തില്‍ ഇത്തരക്കാരെ പരിഹാസ്യരാക്കിക്കൊണ്ട് അല്ലാഹു ഇപ്രകാരം പറയുമത്രെ: ''ഭൗതികലോകത്ത് നിങ്ങള്‍ ആരെയെല്ലാം കാണിക്കാന്‍ വേണ്ടിയാണോ പ്രവര്‍ത്തിച്ചത് അവരുടെയടുക്കല്‍ പോയി വല്ല പ്രതിഫലവുമുണ്ടോ എന്ന് അന്വേഷിക്കുക'' (അഹ്മദ്).

കാര്യസാധ്യത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മേലെക്കിടയിലുള്ളവരെ സുഖിപ്പിക്കുന്ന സംസാരങ്ങളുമായി നടക്കുന്നവരെ കാപട്യത്തിന്റെ വക്താക്കളായിട്ടേ വിവേകമതികള്‍ വിലയിരുത്തുകയുള്ളൂ. അത്തരക്കാരുടെ മുഖത്ത് മണ്ണ് വാരിയിടുവാനാണ് നബി ﷺ  നിര്‍ദേശിച്ചത്. (മുസ്‌ലിം, അബൂദാവൂദ്).

ആളുകള്‍ ധാര്‍മികമായും ആദര്‍ശപരമായും അധഃപതിച്ചാലും വേണ്ടില്ല, തന്നെപ്പറ്റി പുകഴ്ത്തിപ്പറയുന്നവരും തനിക്ക് പാദസേവ ചെയ്യുന്നവരുമായിരിക്കണം അവര്‍ എന്ന മനോഗതി എത്രതന്നെ ഉന്നതസ്ഥാനത്തിരിക്കുന്നവനായാലും ആദര്‍ശശാലിയായ ഒരു വിശ്വാസിക്ക് ഉണ്ടാകുവാന്‍ പാടുള്ളതല്ല. നബി ﷺ  അത്തരം പ്രവണതകളെ ഗൗരവത്തോടെ വീക്ഷിക്കുകയും മുളയിലേതന്നെ നുള്ളിക്കളയുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഹദീഫ് ഗ്രന്ഥങ്ങളില്‍ കാണാം.

ഒരിക്കല്‍ ഒരു ഗ്രഹണമുണ്ടായി. നബി ﷺ യുടെ പ്രിയപുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട ദിവസമായിരുന്നു അത്. ആളുകള്‍ ഇവ പരസ്പരം കൂട്ടിക്കെട്ടി പൊടിപ്പും തൊങ്ങലും വെച്ച് പലതും പറയാന്‍ തുടങ്ങി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യനും ദുഃഖം രേഖപ്പെടുത്തുകയാണ് എന്നുവരെ വര്‍ത്തമാനങ്ങളായി. ഇത് ശ്രദ്ധയില്‍പ്പെട്ട നബി ﷺ  അവരെ തിരുത്തി: ''സൂര്യനും ചന്ദ്രനുമൊക്കെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും മരണം കൊണ്ടോ ജനനംകൊണ്ടോ അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല.'' (ബുഖാരി)

നബി ﷺ  ഉണര്‍ത്തി: ''ക്രിസ്ത്യാനികള്‍ ഇൗസബ്‌നു മര്‍യമിനെ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങളെന്നെ പുകഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമാകുന്നു'' (ബുഖാരി).