അവര്‍ ഐഹിക ജീവിതത്തിന് പ്രാമുഖ്യം നല്‍കുന്നു

സി.മുഹമ്മദ് റാഫി ചെമ്പ്ര

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12
അല്ലാഹു പറയുന്നു: ''അവര്‍ ഐഹിക ജീവിതത്തിന് പ്രാമുഖ്യം നല്‍കുന്നു. എന്നാല്‍ പാരത്രിക ലോകമത്രെ കൂടുതല്‍ നല്ലതും എന്നെന്നും അവശേഷിക്കുന്നതും.'' (ക്വുര്‍ആന്‍ 87:16,17)

സവിശേഷമായ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്റെ ഏറ്റവും വലിയ പരിമിതി പലപ്പോഴും അവന്റെ ചുറ്റുപാടുകളിലും സാഹചര്യത്തിലും നിന്ന് ചിന്തിക്കുകയും കാര്യങ്ങള്‍ അപഗ്രഥിക്കുകയും ചെയ്യുന്നു എന്നതാണ്.

ഒരു ശാസ്ത്രജ്ഞന്‍ പലപ്പോഴും കാര്യങ്ങളെ നോക്കിക്കാണാറുള്ളത് അയാളുടെ ശാസ്ത്രീയ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍, ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കുറച്ചുകൂടി പ്രായോഗികമായി പലകാര്യത്തെയും അപഗ്രഥിക്കുന്നത് കാണാനാകും. കച്ചവടക്കാരനും അധ്യാപകനും വിദ്യാര്‍ത്ഥിക്കും ബുദ്ധിജീവിക്കും സാധാരണക്കാരനുമെല്ലാം ഈ ന്യൂനത സൂക്ഷ്മതലത്തില്‍ കാണാവുന്നതാണ്. കൃത്യമായ ധാരണയും തന്റേതുമാത്രമല്ല ലോകമെന്ന തിരിച്ചറിവും ഉള്ള ഏതൊരാള്‍ക്കും ഈ പരിമിതിയെ മറികടക്കാവുന്നതും കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ മനുഷ്യരില്‍ ഭൂരിഭാഗവും ഈ പരിമിതിയെ മറികടക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കാറില്ലെന്നതാണ് സത്യം.

ഇഹലോകത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ക്കും നിറംപിടിച്ച ചിത്രങ്ങള്‍ക്കും ആഗ്രഹങ്ങളുടെ തേരോട്ടങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന മനുഷ്യന്‍ ഇതിനപ്പുറത്തുള്ള ശാശ്വതവും മതനിയമങ്ങളുടെ കൃത്യതയിലൂടെ തിരിച്ചറിയാവുന്നതുമായ പാരത്രിക ജീവിതത്തെ തന്റെ ചുറ്റുപാടിന്റെ പരിമിതികളെ മറികടന്നുകൊണ്ട് മനസ്സിലാക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകുന്നില്ല എന്ന് ക്വുര്‍ആന്‍ പാരത്രിക ലോകത്തെ കുറിച്ച് പറയുമ്പോഴെല്ലാം ആവര്‍ത്തിക്കുന്നത് കാണാനാകും.

അപ്പോള്‍ നമ്മുടെ ചിന്താപരമായ പരിമിതികളെ മറികടന്നുകൊണ്ട് വസ്തുതകളെ സൂക്ഷ്മമായി അപഗ്രഥിക്കാന്‍ ഏതൊരു വ്യക്തിക്കും അല്ലാഹു നല്‍കിയിട്ടുള്ള കഴിവിനെ ഉപയോഗപ്പെടുത്തിയാല്‍ തീര്‍ച്ചയായും പാരത്രിക ജീവിതത്തിന്റെ യാഥാര്‍ഥ്യവും അനശ്വരതയും നമുക്ക് ബോധ്യപ്പെടും എന്നതില്‍ തര്‍ക്കമില്ല.

ക്വുര്‍ആന്‍ പറയുന്നു: ''അവരതിനെ (പരലോകം) വിദൂരമായി കാണുന്നു. എന്നാല്‍, നാമതിനെ വളരെ അടുത്തായാണ് കാണുന്നത്.'' (വി.ഖു. സൂറത്തുല്‍ ഖാഫ്: )

ആഇശ(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഇഹലോകം യഥാര്‍ഥ വീടില്ലാത്തവന്റെ വീടാകുന്നു, യഥാര്‍ഥ ധനം നേടാത്തവന്റെ ധനമാകുന്നു, ബുദ്ധിയില്ലാത്തവന്റെ സംഭരണ കേന്ദ്രമാകുന്നു'' (അഹ്മദ്).

ഉര്‍ഫജത്ത് അഥ്ഥക്വഫി പറയുന്നു: ''ഞാന്‍ ഇബ്‌നുമസ്ഊദ്(റ)വിന് സൂറത്തുല്‍ അഅ്‌ലാ ഓതിക്കൊടുത്തു. അങ്ങനെ 'അവര്‍ ഐഹിക ലോകത്തിന് പ്രാമുഖ്യം കൊടുക്കുന്നു' എന്ന വാചനമെത്തിയപ്പോള്‍ പാരായണം നിര്‍ത്തി. അദ്ദേഹം മറ്റുള്ളവരുടെ അടുത്തേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'നാം പരലോകത്തെക്കാള്‍ ഐഹിക ജീവിത്തിന് പ്രാമുഖ്യം നല്‍കിയവരാകുന്നു.' എല്ലാവരും നിശ്ശബ്ദരായി. അദ്ദേഹം തുടര്‍ന്നു: 'നാം ദുന്‍യാവിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. നാം കാണാന്‍ ശ്രമിക്കുന്നത് ദുന്‍യാവിന്റെ അലങ്കാരങ്ങളും അതിലെ സ്ത്രീകളെയും ഭക്ഷണത്തെയും പാനീയങ്ങളെയുമാണ്. ഇവയെല്ലാം പരലോകത്തെ നമ്മില്‍ നിന്നും മാറ്റിനിറുത്തിയിരിക്കുന്നു. ഈ നശ്വരതയെ നാം തിരഞ്ഞെടുക്കുകയും അനശ്വര ലോകത്തെ ഉപേക്ഷിച്ചുകളയുകയും ചെയ്തിരിക്കുന്നു.''

അബൂമൂസല്‍ അശ്അരി(റ) നിവേദനം: നബി(സ) പറഞ്ഞു: ''ആര്‍ ഐഹികലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നുവോ അതവന്റെ പരലോകത്തെ ബുദ്ധിമുട്ടുള്ളതാക്കും. ആര്‍ പരലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നുവോ അതവന്റെ ഇഹലോകത്തെയും ബുദ്ധിമുട്ടുള്ളതാക്കും. അതിനാല്‍ നിങ്ങള്‍ നശിച്ചുപോകുന്നതിനെക്കാള്‍ എന്നെന്നും ബാക്കിയാവുന്നതിന് പ്രാധാന്യം നല്‍കുക''(അഹ്മദ്).