അധോലോകം വാഴുന്ന കലാലയം

ഡോ. സി.എം സാബിർ നവാസ്‌

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

പാമ്പാടി നെഹ്‌റു കോളേജ്‌ വിദ്യാർഥ​‍ി വിഷ്‌ണു പ്രണായിയുടെ ദുരൂഹ മരണത്തോടുകൂടി കേരളത്തിലെ സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങളിലെ മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ജനാധിപത്യ മ​‍ൂല്യങ്ങൾക്കും വ്യക്തി സ്വാതന്ത്രത്തിനും പരിഗണന നല്കാതെ വിദ്യാർഥികളോട്‌ അടിമകളോടെന്ന പോലെ പെരുമാറുന്ന സ്ഥാപന മുതലാളിമാരുടെ പേക്കൂത്തുകൾ ഓരോന്നോരോന്നായി പുറംലോകമറിയുകയാണ്‌.

ആദ്യമൊക്കെ ഈ വിഷയത്തിലെ വാർത്തകൾ പലതും അവിശ്വസനീയമെന്നോ അതിഭാവുകത്വമെന്നോ പലരെയും പോലെ കരുതിവെച്ച ഒരാളാണ്‌ ഞാനും. സംഗതിയുടെ ഗൗരവം ശരിക്കും മനസ്സിലാക്കാൻ സാധിച്ചത​‍്‌ പ്രസ്‌തുത സ്ഥാപനത്തിൽ പഠിച്ച ചില വ്യക്തികളുമായി സ്വകാര്യ സംഭാഷണം നടത്തിയപ്പോഴായിരിന്നു. ഉന്നതമെന്ന്‌ കരുതിയിരുന്ന ഈ സ്‌ഥാപനമിന്ന്‌ ഗുണ്ട​‍ാ സംഘത്തിന്റെ പിടിയിലാണെന്ന്‌ ഇനിയും എത്ര പേർക്കറിയാം?

വിഷ്‌ണുവിനെപ്പോലെ ജീവിതത്തിൽ നിന്ന്‌ ഒളിച്ചോടിയവരും വാടിയ മനസ്സും മരവിച്ച മസ്‌തിഷ്‌കവുമായി മരിച്ചു ജീവിക്കുന്ന നൂറു കണക്കിനു വിദ്യാർത്ഥികൾ..!

ലക്ഷക്കണക്കിന്‌ രൂപ മാധ്യമങ്ങൾക്ക്‌ പരസ്യവകയിലും നിയമപാലകരടക്കമുള്ള ഉദ്യോഗസ്ഥന്മാർക്ക്‌ ദക്ഷിണ ഇനത്തിലും വാരിക്കൊരി കൊടുത്താൽ അധോലോക നായകർക്ക​‍ും കരിഞ്ചന്തക്കാർക്കും വിദ്യാഭ്യാസത്തിന്റെ മൊത്തക്കച്ചവടക്കാരായി വിലസാൻ കഴിയും വിധം ഒരു നാട്‌ അധഃപതിച്ച​‍ാൽ വരാനിരിക്കുന്നത്‌ ഷണ്ഡത്വം ബാധിച്ച തലമുറകളായിരിക്കും എന്ന തിരിച്ചറിവ്‌ വൈകിയാണെങ്കിലും നല്ലതാണ്‌.

നല്ല മാർക്കോടെ പ്ളസ്‌ടു പാസ്സായ വിദ്യാർഥ​‍ികൾ ഉപരിപഠന മേഖലയിൽ കൂട്ടത്തോടെ പരാജയമേറ്റു വാങ്ങുന്നതിന്റെ കാരണമന്വേഷിക്കാൻ കൂടുതൽ കമ്മീഷനുകളും പ്രൊഫഷണൽ ഏജൻസികളും വേണമെന്നില്ല എന്നാണ്‌ വിഷ്‌ണു പ്രണായ്‌ എന്ന ആയിരങ്ങളുടെ പ്രതിനിധി മലയാളി മനസ്സാക്ഷിയോട്‌ പറയാതെ പറയുന്നത്‌.

പട്ടാളച്ചിട്ടയും അതിനുതകുന്ന അച്ചടക്ക ശാഠ്യവും മനോ ​‍ീര്യം കെടുത്തുന്ന ശിക്ഷാ നടപടികളും പല്ലിളിക്കുന്നത്‌ മലയാളി തന്റേത്‌ മാത്രമെന്ന്‌ അഹങ്കരിക്കുന്ന പ്രബുദ്ധതയുടെയും പക്വതയുടെയും മുഖത്തു നോക്കിയാണ്‌. മുഖത്തു വരുത്തുന്നത്ര രോമങ്ങൾക്ക്‌ വരെ വിലയിടുന്ന വഷളൻ നടപടിയിലേക്ക്‌ സ്യൂട്ടും കോട്ടുമിട്ട കൊള്ളസംഘം തരം താഴുകയാണ്‌. ഇന്റേണൽ മാർക്ക്‌ എന്ന ഉമ്മാക്കി കാണിച്ച്‌ സിമ്പിളായി കുട്ടികളെ വിറപ്പിച്ച്‌ നിർത്താൻ കഴിയും എന്നതാണ്‌ ഇവരുടെ തുറ​‍ുപ്പി ചീട്ട്‌. പഠനം കഴിഞ്ഞ്‌ വർഷങ്ങൾ കഴിഞ്ഞ​‍ാലും ഒഴിയാബാധയായി താൻ പഠിച്ച കലാലയവും താമസിച്ച ഹോസ്‌റ്റലും മാറുക എന്നത്‌ മഹാദുരന്തം തന്നെയല്ലേ?

മാനേജ്‌മെന്റിന്റെ കൊടും ക്രൂരതകൾക്ക്‌ വിവിധ സന്ദർഭങ്ങളിൽ വിധേയരായ വിദ്യാർഥ​‍ികളും അവരുടെ രക്ഷിതാക്കളുമാണ്‌ നെഹ്‌റു കോളേജ്‌ സംഭവം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്‌. യൂണിവേഴ്‌സിറ്റി മാനദണ്ഡമനുസരിച്ച്‌ 75 ശതമാനം മാത്രം അറ്റന്റൻസ്‌ ലഭിച്ചാൽ മതി എന്നിരിക്കെ 90 ശതമാനം ഹാജറുണ്ടെങ്കിൽ മാത്രമെ വിദ്യാർഥ​‍ികളെ പരീക്ഷക്കിരുത്താറുള്ളൂ എന്ന്‌ നടപടിക്ക്‌ വിധേയന​‍ായ ഒരു പൂർവ വിദ്യാർഥ​‍ി ഈ ലേഖകനോട്‌ തുറന്നു പറയുകയുണ്ട​‍ായി. ഇല്ലാത്ത കാരണം പറഞ്ഞ്‌,2 മാസത്തെ വെഡ്‌ഡിങ്ങ്‌ ഫങ്ങ്‌ഷൻ കഴിഞ്ഞ്‌ തിരിച്ചു വന്നപ്പോൾ നിശ്ചിത ശതമാനം തികക്കാൻ 1000 രൂപ ഫൈൻ എന്ന നിരക്കിൽ 25000 രൂപ എണ്ണിക്കെ​‍ാടുത്തിട്ടാണത്രെ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ അനുവദിച്ചത്‌.

ഇടിമുറികൾ ഇരുട്ട്‌ പരത്തുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകളായി കലാലയങ്ങൾ പരിണമിച്ചു എന്ന നഗ്നസത്യം അധികാരികളുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. ക്വട്ടേഷൻ സംഘങ്ങളും ഗുണ്ടകളും വിളയാടുന്ന വിദ്യാർത്ഥികളുടെ മാനസികമായും ശാരീരികമായും ഭേദ്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഏതു വലിയ മാടമ്പിമാർ നടത്തുന്നതായാലും അടച്ചു പൂട്ടുക തന്നെ വേണം.