സമാധാനം തകര്‍ക്കുന്ന ലോകനേതാക്കള്‍

ഡോ. സി.എം സാബിര്‍ നവാസ്

2017 മെയ് 06 1438 ശഅബാന്‍ 9

ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നിലാണ് നാം ജീവിക്കുന്നത്. ലോകം ഞെട്ടിവിറക്കുന്ന മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എന്തിന്റെ സൂചനയാണ്? ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ രൂക്ഷമായിട്ടുള്ള പോര്‍വിളികളും പടവിളികളും ലോകസമാധാനത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ആണവ മിസൈല്‍ പരീക്ഷണങ്ങളില്‍ തങ്ങളുടെ തിട്ടൂരം ഉത്തരകൊറിയ വകവെച്ചില്ല എന്നുപറഞ്ഞുകൊണ്ടാണ് അമേരിക്കയുടെ അഭിനവ അവകാശി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വന്നിട്ടുള്ളത്. യാങ്കികളുടെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി  രംഗത്ത് വന്നതോടെയാണ് പ്രശ്‌നം അതിരൂക്ഷമായത്. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ ചേരികളിലേക്ക് കൂട്ടാളികളെ ക്ഷണിച്ചുകൊണ്ടുള്ള പടപ്പുറപ്പാട് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ ഭീതി വിതക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

വിവരവും സാങ്കേതികവിദ്യയും ഇത്രമേല്‍ പുരോഗതി കൈവരിച്ചിട്ടും ജീവിത സൗകര്യങ്ങളുടെ ഉത്തുംഗതയില്‍ കയറിപ്പറ്റിയ മനുഷ്യന്‍ എന്തുകൊണ്ട് സമാധാനപരമായ ജീവിതത്തിന് കളമൊരുക്കാന്‍ കരുതലോടെ ശ്രമിക്കുന്നില്ല എന്നത് മൗലികമായ ഒരു ചോദ്യമാണ്. രാജ്യത്തെ ജനതയുടെ ക്ഷേമവും സൗഖ്യവും ഉറപ്പ് വരുത്താന്‍ നിയുക്തരായ ഭരണാധികാരികള്‍ സൈ്വര്യജീവിതം തകര്‍ക്കുന്ന ആരാച്ചാര്‍മാരായി പരിണമിക്കുന്ന അവസ്ഥ സങ്കടകരമാണ്.

യുദ്ധക്കെടുതികളും ആക്രമണ പ്രത്യാക്രമണ പരിക്കുകളും ഏറ്റവുമധികം ഏല്‍ക്കേണ്ടി വരുന്നത് അതാത് രാജ്യത്തെ പൗരന്മാര്‍ തന്നെയായ സൈനികര്‍ക്കാണ്. പട്ടാളക്കാരും പച്ചമനുഷ്യരാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭരണാധികാരികളാണ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തം.  അതാതുകാലത്തെ അധികാരമോഹികളുടെ ത്വരകള്‍ക്കും ദുരഭിമാനത്തിനും വിലകൊടുക്കേണ്ടിവരുന്നത് രാഷ്ട്ര സേവനത്തിന് സന്നദ്ധമായി കടന്നുവരുന്ന സൈനികര്‍ തന്നെയാണ്. 

പട്ടാളക്കാര്‍ പാവകളോ തങ്ങളുടെ കൈകളിലെ കളിപ്പാട്ടങ്ങളോ അല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്. പരസ്പര ഭീതിയുടെയും പഴിചാരലിന്റെയും പര്‍വതങ്ങള്‍ക്കു മുകളിലാണ് രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത് എന്നത് മറ്റൊരു വേദനാജനകമായ വിശേഷം! അന്താരാഷ്ട്ര തലങ്ങളില്‍ പക്വതയുടെയും പരസ്പര വിശ്വാസത്തിന്റെയും ഭൂമിക ഇനിയും വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നാം നേടി എന്നഭിമാനിക്കുന്ന നേട്ടങ്ങളുടെ പട്ടികക്കുമുന്നില്‍ ചോദ്യമായി നിലനില്‍ക്കുകയാണ്. പട്ടിണിയുടെയും കലാപങ്ങളുടെയും കെടുതിയില്‍ ഉഴലുന്ന വിശ്വപൗരന്മാര്‍ക്ക് അഭയം നല്‍കാനും ആശ്വാസം എത്തിക്കാനും ആവശ്യമായ നടപടികളാണ് ലോകം രാഷ്ട്ര നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

വിലക്ക് വാങ്ങി ശേഖരിച്ച് വെക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനുമാണ് മിക്ക രാജ്യങ്ങളുടെയും വരുമാനത്തിന്റെ ഗണ്യമായ തോതും ഉപയോഗിക്കുന്നത് എന്നത് പച്ചപ്പരമാര്‍ഥമാണ്. അണിയറയില്‍ ഒരുങ്ങുന്ന ആയുധവ്യാപാരത്തിന്റെ പുതിയ കരുനീക്കങ്ങളാണ് ഓരോ യുദ്ധപ്രഖ്യാപനങ്ങളും. രാജ്യങ്ങള്‍ക്കിടയില്‍ ഭീതി വിതരണം ചെയ്താല്‍ ആയുധ വിപണി വിപുലീകരിക്കാന്‍ കഴിയുമെന്ന് അമേരിക്കയടക്കമുള്ള വന്‍കിട ആയുധ നിര്‍മാണ രാജ്യങ്ങള്‍ കുറേക്കാലങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയുംഅടുത്ത് സ്വീകാര്യത നേടിയാണ് ഇക്കൂട്ടര്‍ കാലങ്ങളായി കാര്യം സാധിച്ചു പോരുന്നത്. 

ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളിലും കലാപങ്ങളിലും ഈ ആയുധ വ്യാപാരിയുടെ കറുത്ത കരങ്ങള്‍ വെളുത്തു തന്നെ കാണാവുന്നതാണ്. പശ്ചിമേഷ്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അസമാധാനത്തിന്റെ പിന്നിലും മൂന്നാം ലോകരാജ്യങ്ങളിലെ അക്രമ പരമ്പരകള്‍ക്ക് പിന്നിലും ആയുധ വ്യാപാരത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഉണ്ടായിരുന്നു എന്നത് തന്നെയാണ് വാസ്തവം.

അമേരിക്കയും സഖ്യകക്ഷികളും ഉത്തരകൊറിയയുമായി നടത്തുന്ന വാഗ്വാദങ്ങളുടെയും ദ്രുതഗതിയിലുള്ള സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ ഗൗരവതരമായ ചിലവിഷയങ്ങള്‍  നാം ചര്‍ച്ചചെയ്യേണ്ടതുണ്ട്. രണ്ട് ഭീകരമായ ലോകമഹായുദ്ധങ്ങളുടെയും നൂറുകണക്കിന് മറ്റുയുദ്ധങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ആഘാതത്തില്‍ നിന്ന് ഇനിയും മുക്തമാവാന്‍ കഴിയാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രങ്ങള്‍ക്കിടയില്‍  സമാധാനവും ശാന്തിയും ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന എന്തെടുക്കുകയാണ്? അമേരിക്കക്ക് അടിമപ്പണി ചെയ്യാന്‍ വേണ്ടി ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെ ഒരു സംഘടന ആവശ്യമുണ്ടോ? ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇനിയൊരു ദുരന്തം ആവര്‍ത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയത്തോടെ 1920 ജനുവരി 10ന് രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നാഷന്‍സ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മറയുകയാണ് ചെയ്തത്. 

ഈ ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ടാണ് 1945 ഒക്‌ടോബര്‍ 24ന് ഐക്യരാഷ്ട്രസഭ രൂപീകരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനും ഇനിയൊരു യുദ്ധത്തിന്റെ കെടുതിയിലേക്ക് ലോകം ചെന്നുചാടാതിരിക്കാനും വേണ്ടിയാണ് സംഘടനയുടെ രൂപീകരണമുണ്ടായത്. ലോകം വീണ്ടും ഒരു യുദ്ധമുഖത്തേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെട്ട വര്‍ത്തമാനകാലത്ത് സമാധാനവും സംയമനവും ആഗ്രഹിക്കുന്ന ഭരണാധികാരികളുടെ ഏക മനസ്സോടെയുള്ള നീക്കങ്ങള്‍ അനിവാര്യമാണ്. പുരോഗതിയുടെയും സംസ്‌കാരത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കാനും യുദ്ധത്തിന്റെയും ഭീകരതയുടെയും നീക്കങ്ങള്‍ മുളയിലേ നുള്ളിക്കളയാനും പര്യാപ്തമായ പക്വതയുള്ള നേതൃത്വത്തെയാണ് ലോകം കാത്തിരിക്കുന്നത്.