മതപ്രബോധനം മനുഷ്യാവകാശമാണ്

ഡോ. സി.എം സാബിര്‍ നവാസ്

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

മതപ്രബോധനവും ഏകദൈവവിശ്വാസ പ്രചാരണവും വര്‍ഗീയത പടര്‍ത്തുന്നുവെന്ന പ്രചാരണങ്ങളുടെ പ്രഹരത്തില്‍ നിന്ന് മലയാളിയുടെ മതേതര മനസ്സ് മുക്തമാവാന്‍ അല്‍പം അധികം സമയമെടുക്കും. മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ മറയിടുന്നത് അതിശ്രീഘമാണെന്ന ആശങ്കയാണ് അത്തരം ആശയങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്നത്. മതം മന്ദഗതിയില്‍ വീടുകള്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും തെറ്റുധാരണയുടെ തുരുത്തുകള്‍ മതവൈരികളുടെയും നിയമപാലകരുടെയും മനസ്സുകളിലും മസ്തിഷ്‌കങ്ങളിലും പടര്‍ന്നുപിടിക്കുന്നുണ്ടെന്ന തിരിച്ചറിവ് മതവിശ്വാസികളുടെ ഭാരിച്ച ബാധ്യതകളെ കുറിച്ചാണ് ഓര്‍മപ്പെടുത്തുന്നത്.

ലോക ചരിത്രത്തിലെവിടെയും മതം മനുഷ്യന്റെ മസ്തിഷ്‌കത്തിന് എതിരായി നീങ്ങിയിട്ടില്ല. മാനവസമൂഹം നേടിയെടുത്ത സകല പുരോഗതിയുടെയും പുറകില്‍ മതത്തിന്റെയും വേദഗ്രന്ഥങ്ങളുടെയും സ്വാധീനം ഏറെ സ്പഷ്ടമാണ്. മതം ഒരു മേല്‍വിലാസത്തിനപ്പുറം അതിജീവനത്തിന്റെ ആയുധമായിരുന്നു എന്നാണ് ചരിത്രം ശരിയായി  അടയാളപ്പെടുത്തിയിട്ടുള്ളത്. യുക്തിരാഹിത്യത്തിന്റെ ആധിക്യം മതനിരാസത്തിലേക്ക് തള്ളിവിട്ട മതവിരോധികള്‍ ഏതുകാലത്തും തരംകിട്ടുമ്പോഴൊക്കെ മതത്തിന്റെ മസ്തകത്തില്‍ ആഞ്ഞാഞ്ഞ് പ്രഹരിക്കാന്‍ ശ്രമിക്കാറുണ്ട്. 

കേരളത്തിലെ  പുതിയ സാഹചര്യത്തില്‍ എന്തിനെയും ഏതിനെയും അല്‍പം ചില വക്രീകരണങ്ങള്‍ കൊണ്ട് വര്‍ഗീയതയും ദേശവിരുദ്ധതയുമാക്കി മാറ്റാമെന്ന ധാരണയാണ് ചിലരെ കൈവിട്ട കളികള്‍ക്ക് പ്രേരിപ്പിച്ചത്.

മതം എന്ന സംസ്‌കൃത പദത്തിന്റെ പരിഭാഷ അഭിപ്രായം എന്നതാണ്. അത് തുറന്ന് പറയാനുള്ളതാണ്. മതം മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുമ്പോഴാണ് മനുഷ്യര്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നത്. മതത്തെ കുറിച്ച് തുറന്ന് പറയാതിരിക്കുകയും വ്യത്യസ്ത മതവിശ്വാസികള്‍ കണ്ടാല്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുക എന്ന ധാരണ പ്രസ്താവിച്ചവര്‍ ഒന്ന് തിരുത്തി പറയുന്നത് നല്ലതാണ്.

ഇസ്‌ലാമിനെക്കാള്‍ വേഗതയില്‍ ഇസ്‌ലാമോഫോബിയ പടരുന്ന കാലത്ത് ശരിയായ മതതത്ത്വങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവാരാധനയും കലര്‍പ്പില്ലാതെ തുറന്ന് പറയുകയാണ് നമ്മുടെ കാലത്ത് കട്ടപിടിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കും വിദ്വേഷത്തിനും ഉള്ള മറുമരുന്ന് എന്ന തിരിച്ചറിവാണ് ഇസ്‌ലാമിനെ കുറിച്ച് ഉറക്കെ പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. മറ്റു മതസ്ഥരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയും സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിച്ചും യുക്തിഭദ്രമായും കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി വിസ്ഡം പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന നിയമപരവും ജനകീയവുമായ അംഗീകാരമായി സമകാലിക സംഭവങ്ങളെ വിലയിരുത്താനാണ് നാം ആഗ്രഹിക്കുന്നത്.