തട്ടമഴിക്കാന്‍ തക്കം നോക്കുന്നവരോട്

ഡോ. സി.എം സാബിര്‍ നവാസ്

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഗുജറാത്തിലെ സ്വഛ ശക്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് പോയ വനിത പഞ്ചായത്ത് പ്രസിഡന്റുമാരെ അപമാനിച്ച നടപടി നാള്‍ക്കുനാള്‍ അപഖ്യാതിയിലേക്ക് കുതിക്കുന്ന മോദി സര്‍ക്കാറിന്റെ കണക്ക് പുസ്തകത്തില്‍ പുതിയ കളങ്കം ചേര്‍ത്തിയിരിക്കുകയാണ്. പൗരാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും പരിഗണന നല്‍കാതെയുള്ള ഈ പോക്ക് ഒരു ഭരണകൂടത്തിനും ഗുണം ചെയ്യുകയില്ല.

ഗുജറാത്തില്‍ നടന്ന സമ്മേളനത്തില്‍ ഇസ്‌ലാമിക രീതിയല്‍ ശിരോവസ്ത്രം ധരിച്ചെത്തിയ തദ്ദേശ ഭരണ സാരഥികളോട് അത് അഴിച്ചുവെക്കാനാവിശ്യപ്പെട്ടതും അതിഥി മര്യാദ മറന്ന് അപമര്യാദയായി പെരുമാറിയതും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ആരാധനാലയങ്ങള്‍ തകര്‍ത്തും ബലിപെരുന്നാള്‍ ദിനത്തില്‍ ബീഫ് കഴിച്ചവരെ ബലികഴിച്ചും പരമത വിദ്വേഷത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ പുതിയ പുതിയ എപ്പിസോഡുകളുമായി വെറുപ്പു വിതരണത്തിന്റെയും വര്‍ഗീയതയുടെയും വിതരണത്തില്‍ വ്യാപൃതരായിരിക്കുകയാണ്.

മോദി ഭക്തരുടെ മര്‍ക്കട മുഷ്ടിയെ വകവെക്കാതെ മതവിശ്വാസം ഉറക്കെ പ്രഖ്യാപിച്ച വനിതാ പ്രതിനിധികള്‍ വര്‍ത്തമാന ലോകത്തോട് ചില വര്‍ത്തമാനങ്ങള്‍ പറയുന്നുണ്ട്. ഇസ്‌ലാം മതത്തില്‍ പിറന്നത് ഇഷ്ടപ്പെടാതെ ഉടുതുണിയുരിഞ്ഞ് നടുറോട്ടിലിറങ്ങാന്‍ മോഡേണ്‍ മങ്കമാര്‍ മടി കാണിക്കാത്ത കാലത്താണ് തട്ടമഴിക്കാതെ തന്റേടം കാണിച്ച സഹോദരിമാര്‍ മാതൃകയാവുന്നത്.

മുസ്‌ലിമായി ജനിച്ചത് അപമാനമായി ഗണിച്ച് അപകര്‍ഷം അലങ്കാരമായി സ്വീകരിച്ചിട്ടുള്ള ചില പെണ്‍കുട്ടികളുടെ പുറപ്പാട് ആരെ പ്രീതിപ്പെടുത്താനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തെറിച്ച തരുണികള്‍ തലമറക്കാനറച്ച് ചെയ്ത് കൂട്ടുന്ന നാണം കെട്ട കോപ്രായങ്ങളെക്കാള്‍ മോശമാണ് തട്ടമിട്ടു കൊടുക്കാന്‍ പിന്നാലെ സൈക്കിളെടുത്തു നടക്കുന്ന ചില 'ആമ്പിറന്നോന്മാരുടെ' നിലവാരമില്ലാത്ത ഭാവാഭിനയങ്ങള്‍.

മതം വൈയക്തികമാണെന്നും വേഷവും വിശ്വാസവും വ്യക്തി സ്വാതന്ത്ര്യമാണെന്നും അത് അന്യരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആരെയും അല്ലാഹു നിയോഗിച്ചിട്ടില്ലെന്നും ഇത്തരം അഭിനവ ആങ്ങളമാര്‍ ഓര്‍ത്തിരുന്നെങ്കില്‍ ഇസ്‌ലാമിന്റെ മണ്ടക്ക് ലഭിക്കുന്ന പ്രഹരം അല്‍പം കുറഞ്ഞ് കിട്ടിയേനെ എന്ന് ആശിച്ച് പോവുകയാണ്.

'ഹലാക്കിന്റെ അവിലും കഞ്ഞി'യുമാണ് ഹിജാബെന്ന് കരുതി ഹാലിളകുന്നവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഇസ്‌ലാം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും വേഷ വിധാനം നിശ്ചയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അഭിവാജ്യ ഘടകമായ വനിതകള്‍ക്ക് ഇസ്‌ലാം നല്‍കിയ സ്വാതന്ത്ര്യത്തിന്റെ സവിശേഷ രൂപമാണ് ഹിജാബ് എന്നത് പലരും മനസ്സിലാക്കുന്നില്ല. അത് മാന്യതയുടെ മേല്‍വിലാസമാണെന്നും പീഡനമേല്‍ക്കാതിരിക്കാനുള്ള പോംവഴിയാണെന്നും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്:

''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (സൂറ അല്‍അഹ്‌സാബ്:59).

മാന്യമായി വസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീകള്‍ മതനിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നത് ഉള്‍ക്കൊള്ളാനാവാതെ പുരപ്പുറത്ത് കയറി ഇസ്‌ലാം വിരോധം വിളിച്ച് കൂവുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളൊക്കെ ബലം പ്രയോഗിച്ചും സ്വാതന്ത്ര്യം ഗീര്‍വാണിച്ചും തട്ടം പിടിച്ച് വലിക്കാന്‍ ശ്രമിച്ചാല്‍ ഊരിപ്പോരുന്നതല്ല മുസ്‌ലിം സ്ത്രീയുടെ മനസ്സില്‍ ശക്തമായി വേരുപിടിച്ചിട്ടുള്ള മതവിശ്വാസവും ധീരമായ ജീവിത നിലപാടുകളും.