കാലിടറുന്ന കര്‍സേവ

ഡോ. സി.എം സാബിര്‍ നവാസ് 

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

കേരളത്തെ കാവി പുതപ്പിച്ചേ അടങ്ങൂ എന്ന കട്ടായവുമായി കച്ച മുറുക്കിയിറങ്ങിയ കര്‍സേവ വേണ്ടത്ര ക്ലിക്കാവാതെ പോയതിലുള്ള അമര്‍ഷം അമിത് ഷാ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നേതാക്കള്‍ക്കുമുണ്ട്. കേന്ദ്ര ഭരണം കയ്യിലുള്ളതിന്റെ എല്ലാ ഇണ്ടാസുകളും കാണിക്കാന്‍ പറ്റിയതിന്റെ മാക്‌സിമം പുതിയ കര്‍സേവ യാത്രയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ മുതല്‍ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വരെ വാര്‍ഡ് തോറും അണി നിരത്തി കൊണ്ടാണ് അഭിനവ രഥയാത്ര കേരളം പിടിക്കാനിറങ്ങിയത്. പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. നടന്ന് തുടങ്ങും മുമ്പേ ക്ഷീണിച്ച് തളര്‍ന്നവര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് ദില്ലിക്ക് വണ്ടി കയറി. അവസാനം യാത്രയില്‍ കേരള പാണ്ഡവര്‍ മാത്രം ബാക്കിയായി.

യാത്ര പൊളിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെപ്രാളപ്പെടുന്ന സമയത്ത് തന്നെയാണ് വേങ്ങര ഉപ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ഘടാഘടിയന്‍ നുണ പ്രചരണങ്ങളെയും വര്‍ഗീയ വിഷം വമിക്കുന്ന സകല നാഗങ്ങളെയും ഒരുമിച്ചു ഇളക്കി വിട്ടിട്ടും മലപ്പുറത്തെ ഹിന്ദു മനസ്സ് ഇളകിയില്ലായെന്നത് അപ്രതീക്ഷിതമായ തിരിച്ചടിയായി. പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളില്‍ പോലും ഗണ്യമായി കുറവ് സംഭവിച്ചത് കുമ്മനം ജിയുടെ കസേര ഇളകുവാന്‍ കാരണമാകുമോ എന്നു കണ്ടെറിയണം.

ജനരക്ഷായാത്ര ജലേരഖയായതിന്റെ പ്രതിഫലനമെന്നോണം വേങ്ങരയില്‍ നിന്ന് ഇരുട്ടടി കിട്ടിയതിന്റെ സങ്കടം ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍? തുടര്‍ച്ചയായി നാല് തവണ കയ്യില്‍ വെച്ചിരുന്ന പഞ്ചാബിലെ ഗുരുദാസ് പൂര്‍ ലോക്‌സഭാ സീറ്റ് രണ്ട് ലക്ഷത്തോളം വോട്ടിന് കോണ്‍ഗ്രസ്സിനോട് തോറ്റതിന്റെ ജാള്യത തീര്‍ക്കാന്‍ പാടുപെടുകയാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം.

കോര്‍പറേറ്റുകളുടെ കാരുണ്യത്തില്‍ കിട്ടിയ കേന്ദ്ര ഭരണത്തിന്റെ കയ്യൂക്കില്‍ ചില കസര്‍ത്തുകള്‍ കാണിക്കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ സംഘടനാപരമായി വേണ്ടത്ര കെട്ടുറപ്പില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി എന്നവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആണ്ടിലൊരിക്കലുള്ള ഉത്സവത്തിന് മാത്രമല്ല, ദിവസവും കാലത്തും വൈകീട്ടും വിളക്കു വെക്കുവാനും ദില്ലിയിലെ കാരണവര്‍ തന്നെ എഴുന്നള്ളണമെന്നതാണ് കേരളത്തിന്റെ ഗതിയെങ്കില്‍ പിന്നെയെന്തിനാണ് ഇവിടെ ഒരു സംസ്ഥാനവും അതിനൊരു കമ്മിറ്റിയും? 

കഴിഞ്ഞ പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് കാണേണ്ടവരെയൊക്കെ കണ്ട് നോട്ടുറപ്പിക്കാനും വോട്ടുറപ്പിക്കാനും ദേശീയ അധ്യക്ഷന്‍ ശുഷ്‌കാന്തി കാണിച്ചത് കള്ളപ്പണം തടയുക എന്ന സുഗ്രീവാജ്ഞ നടപ്പിലാക്കാനായിരിക്കും. ഒരു പാര്‍ട്ടിയും ഇത്രയധികം അധഃപതിക്കരുത് എന്നാണ് നമുക്ക് പറയാനുള്ളത്. നാട്ടുകാരെ മൊത്തം വിശ്വസിക്കുന്ന സ്വഭാവം നേരത്തെ തന്നെയില്ല. സ്വന്തം അണികളെ വിശ്വസിച്ചില്ലെങ്കിലും നേതാക്കളെയെങ്കിലും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും പ്രവര്‍ത്തനപഥത്തില്‍ മുന്നേറാനാവില്ല.

കേരളത്തെ കാവിയില്‍ മുക്കാന്‍ കവാത്ത് നടത്തുന്ന കാരണവന്‍മാര്‍ കളസം കീറുന്നതിന്ന് മുമ്പ് എത്രയും പെട്ടെന്ന് സ്ഥലം വിട്ട് പോവേണ്ടതാണ്. തേരാപാര തെക്ക് വടക്ക് നടന്നാലും മുഖം കറുത്ത് കിട്ടുമെന്നതൊഴിച്ച് നിര്‍ത്തിയാല്‍ പ്രത്യേകിച്ചൊരു ഗുണവും ലഭിക്കുമെന്ന് തോന്നുന്നില്ല. ഈ മണ്ണ് മതേതരത്വത്തിന്റെതാണ്, ഇവിടുത്തെ മനസ്സ് സൗഹൃദത്തിന്റെതാണ്. മലയാളിയുടെ മനസ്സിലും മസ്തിഷ്‌ക്കത്തിലും വര്‍ഗീയതയുടെ വിഷം നിറക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ നിരാശരാകേണ്ടി വരുമെന്നതിന് കാലം സാക്ഷിയാണ്.