പാതയോരത്തെ പാനശാലകള്‍

ഡോ. സി.എം സാബിര്‍ നവാസ്

2017 ഏപ്രില്‍ 22 1438 റജബ് 25

2017 ഏപ്രില്‍ 1 മുതല്‍ ദേശീയ- സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പന നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് ചില പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മദ്യവര്‍ജനം രാഷ്ട്രത്തിന്റെ പൊതുനയമായി ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള ഒരു രാജ്യത്ത് മദ്യവുമായി ബന്ധപ്പെട്ട വിലക്കുകളും നടപടികളും എത്രത്തോളം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു എന്നത് അതിശയകരമാണ്. സമ്പൂര്‍ണ മദ്യനിരോധനം അജണ്ടയാക്കി രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയകളില്‍ നിരതരാവേണ്ടവര്‍ നീതി നടപ്പിലാക്കാതിരിക്കാനുള്ള കുറുക്കുവഴികള്‍ തേടുമ്പോള്‍ ലജ്ജിച്ച് തലതാഴ്ന്ന് പോവുകയാണ്. 

മദ്യമാഫിയയുടെ മധ്യസ്ഥന്മാരും ഇടയാളന്മാരുമാകാന്‍ മാത്രം യോഗ്യതയുള്ളവരാണ് രാഷ്ട്രസിംഹാസനങ്ങളില്‍ ആസനമുറപ്പിച്ചിരിക്കുന്നത് ലോകത്തിന് മുമ്പില്‍ ഇന്ത്യക്ക് അപമാനമാണ്. വിധിയില്‍ മാര്‍ദവം കൂട്ടിക്കിട്ടാന്‍ അപ്പീല്‍ പോകുന്നതും രാജി സമര്‍പ്പിക്കുന്നതും പഴങ്കഥയായി മാറിയിരിക്കുന്നു. മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തലതിരിഞ്ഞ തന്ത്രങ്ങളുമായാണ് സുപ്രീംകോടതി വിധിയെ തകിടം മറിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. നിലവിലുള്ള സംസ്ഥാന ഹൈവേകള്‍ക്ക് പുനര്‍വിജ്ഞാപനത്തിലൂടെ സാധാരണ റോഡുകള്‍ എന്ന പദവി നല്‍കി കോടതി വിധിയെ കാറ്റില്‍ പറത്താന്‍ തുനിഞ്ഞിറങ്ങിയിരുക്കുകയാണ്. മഹാരാഷ്ട്രയില്‍ 2000 കിലോമീറ്റര്‍ ദൂരം റോഡുകള്‍ക്ക് ഹൈവെ പദവി നഷ്ടപ്പെടുമെന്നാണ് കേള്‍ക്കുന്നത്. 

ഏത് തദ്ദേശ ഭരണ സ്ഥാപനവും പുനര്‍വിജ്ഞാപനത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനുകൂല മറുപടി കൊടുക്കുമെന്ന് പ്രസ്താവിച്ച മറാത്തി മന്ത്രി ചന്ദ്രകാന്ദ് പാട്ടീലിനെ പുകഴ്ത്താന്‍ പദങ്ങള്‍ കിട്ടുന്നില്ല. മദ്യപാനം മൂലം കെടുതി അനുഭവിക്കുന്ന ലക്ഷണക്കണക്കിന് കുടുംബങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ നിയുക്തരായവര്‍ ബാര്‍മുതലാളിമാരുടെ ബ്രോക്കര്‍മാരായി അധഃപതിക്കുന്നത് രാജ്യം പുലര്‍ത്തിപ്പോരുന്ന സകല സദാചാര സങ്കല്‍പങ്ങളുടെയും സീമകള്‍ തകര്‍ക്കുന്നതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലം സംഭവിക്കുന്ന അപകട മരണങ്ങള്‍ക്ക് ഒരുപരിധിവരെ തടയിടാന്‍ ഉപകരിക്കുന്ന വിധി പുറപ്പെടുവിച്ചുകിട്ടാന്‍ നീണ്ട വര്‍ഷങ്ങളായി നിയമ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഹര്‍മന്‍ സിദ്ധു എന്ന 47 കാരനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. 

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് വീല്‍ച്ചെയറിലായിപ്പോയ ജീവിതവും പേറിയാണ് ഈ വലിയ മനുഷ്യന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് വേണ്ടി കോടതിവരാന്തകള്‍ കയറിയിറങ്ങിയത്. പ്രസ്തുത വിഷയത്തില്‍ ചില ഹൈക്കോടതികള്‍ നല്‍കിയ വിധി പ്രസ്താവങ്ങളില്‍ തൃപ്തിയടയാത്ത സിദ്ധു നടത്തിയ ഒറ്റയാള്‍ പോരാട്ടം ഇപ്പോള്‍ വിജയപീഠം അലങ്കരിച്ചിരിക്കുകയാണ്. ശക്തമായ മനസ്സും ഉറച്ച ഇഛാശക്തിയുമുണ്ടെങ്കില്‍ ഏതു കൊമ്പന്മാരെയും തറപറ്റിക്കാന്‍ കഴിയുമെന്നും ശാശ്വതവിജയം സത്യത്തിനായിരിക്കുമെന്നുമാണ് ഈ വിധി നമ്മെ പഠിപ്പിക്കുന്നത്. 

മദ്യപാനവും മദ്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചകളിലും ചരിത്രത്തിലെ ചില വിജയകരമായ സന്ദര്‍ഭങ്ങള്‍ കടന്നുവരേണ്ടതുണ്ട്. മദ്യമടക്കമുള്ള മൂല്യച്യുതികളില്‍ മൂക്കുകുത്തിയ ഒരു സമൂഹത്തെ ചുരുങ്ങിയ കാലം കൊണ്ട് മദ്യവിരോധികളാക്കി മാറ്റിയ അറേബ്യന്‍ ഉപദ്വീപിലെ നിശ്ശബ്ദ വിപ്ലവം നാം കാണാതെ പോകരുത്. വ്യവസ്ഥിതി മാറ്റമല്ല മനഃസ്ഥിതിയില്‍ ഉണ്ടാക്കിയെടുക്കേണ്ട പരിവര്‍ത്തനമാണ് പുരോഗതിയുടെ നിദാനമെന്ന് നാം തിരിച്ചറിയുകയാണ് ഇവിടെ. വിശ്വാസ രംഗത്തെ വിമലീകരണം പ്രഥമ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ ഒരു സമൂഹത്തിനുള്ളില്‍ ഏതു തിന്മയെയും തുടച്ചുനീക്കാമെന്നുള്ള വലിയ പാഠമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യ സമൂഹത്തെ പഠിപ്പിച്ചത്. ആശയപരമായ അധ്വാനങ്ങളും ശക്തമായ ബോധവല്‍ക്കരണ ശ്രമങ്ങളും നടപ്പിലാനുള്ള ബാധ്യത മതരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും ഉണ്ടെന്ന കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തുകയാണ്.