കഴുത്തറുക്കുന്ന കലോത്സവങ്ങള്‍

ഡോ. സി.എം സാബിര്‍ നവാസ് 

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

കേരളത്തിന്റെ ബാല്യവും കൗമാരവും കലാവാസനകള്‍ മാറ്റുരക്കുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പുതുതലമുറയുടെ ഭാസുരമായ ഭാവി ലക്ഷ്യം വെച്ച് കൊണ്ട് ആവിഷ്‌ക്കരിച്ച ഇത്തരം മത്സരങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് ഗൗരവമായ പരിശോധന നടക്കേണ്ടതുണ്ട്. താഴെ തട്ട് മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന കലാമേളകളില്‍ എത്രത്തോളം ഫലപ്രാപ്തിയുണ്ടെന്നതാണ് ഏറെ പ്രസക്തമായ ചോദ്യം.

കുട്ടികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുക എന്ന ഉദാത്തമായ ലക്ഷ്യം മുന്നില്‍ വെച്ച് കൊണ്ടാണ് സര്‍ക്കാര്‍ തലത്തില്‍ സാഹിത്യ-കലാ മത്സങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാഠ്യപദ്ധതിയിലും സിലബസ്സിലും പലകുറി ഭേദഗതി വരുത്തിയിട്ടും മത്സരങ്ങളോടുള്ള കാഴ്ചപ്പാടും നടപ്പിലാക്കുന്ന രീതിയും കാര്യമായ മാറ്റമില്ലാതെ തുടരുന്നു എന്നുള്ളത് ഏറെ വൈരുധ്യാത്മകമാണ്. 

വര്‍ധിച്ച മത്സരവീര്യത്തോടെ വീറും വാശിയും അലങ്കാരമാക്കി നടക്കുന്ന മാമാങ്കങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് തന്നെയാണ് അനുഭവങ്ങള്‍ വിളിച്ചു പറയുന്നത്. വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ നിലവില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി കാര്യമായ അഴിച്ചു പണി ഇന്ത്യയിലും, വിശിഷ്യാ കേരളത്തിലും നടപ്പില്‍ വരുകയുണ്ടായി.

കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ടെന്‍ഷന്‍, മാനസിക പിരിമുറുക്കം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയില്‍ ഏറെ ആശ്വാസകരമായിരുന്നു കാലാ കാലങ്ങളായി നടപ്പിലാക്കിയ ഇത്തരം പരിഷ്‌കാരങ്ങള്‍. കേവല യന്ത്ര മനുഷ്യരായി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന് പകരം അവരുടെ ബുദ്ധിശേഷിയും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതില്‍ ഇത്തരം മാറ്റങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

വിദ്യാഭ്യാസ രംഗത്തും അധ്യാപന രീതിയിലും നടപ്പില്‍ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങള്‍ മുഴുവന്‍ നിഷ്ഫലമാക്കുന്ന രൂപത്തില്‍ ഒരുപാട് അനാരോഗ്യകരമായ പ്രവണതകള്‍ കലാ മത്സരങ്ങളുടെ രംഗത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

തല തിരിഞ്ഞ കരിയര്‍ സ്വപ്‌നങ്ങള്‍ മക്കളുടെ മണ്ടയില്‍ അടിച്ച് കേറ്റുന്ന രക്ഷിതാക്കള്‍ സിനിമാ നടിയാകുക എന്നതിനപ്പുറത്ത് ജീവിതത്തില്‍ ഒരു നേട്ടവും വരിക്കാനില്ലാ എന്ന രീതിയിലാണ് മക്കളെ പറഞ്ഞ് പറ്റിക്കുന്നത്.

നൃത്ത-നൃത്യങ്ങളിലും അഭിനയ മത്സരങ്ങളിലും നല്ല നിലവാരം പുലര്‍ത്തിയാല്‍ പിന്നെ, വെച്ചടി വെച്ചടി കയറ്റമാണെന്ന് ധരിച്ചുവശായ രക്ഷിതാക്കളും സമൂഹവും വിദ്യാര്‍ഥികളെ കൊണ്ട് ചെന്നെത്തിക്കുന്നത് ആത്മഹത്യാ മുനമ്പുകളുടെ മുമ്പിലാണെന്ന കാര്യം ഏറെ അപകടകരമാണ്.

നടക്കാന്‍ തുടങ്ങുന്നതിന്റെ മുമ്പു തന്നെ പിഞ്ചു കുഞ്ഞുങ്ങളുടെ കാലില്‍ ചിലങ്ക കെട്ടിക്കൊടുത്ത് അവരെ തങ്ങളുടെ താളത്തിനൊത്ത് അരങ്ങിലും അണിയറിയിലും തുള്ളിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ അറിയാതെ പോകുന്നത് താളം തെറ്റുന്ന മനസ്സിനകത്ത് ശ്വാസം മുട്ടുന്ന ഭാവി സ്വപ്‌നങ്ങളാണ്. 

ലക്ഷക്കണക്കിന് രൂപ അനാവശ്യമായി ചെലവിട്ട് പരിശീലനം തേടുകയും, ഏതാനും നിമിഷങ്ങള്‍ മാത്രം നടക്കുന്ന മത്സരങ്ങള്‍ക്കായി മണിക്കൂറുകള്‍ കോടതി വരാന്തയില്‍ കാത്ത് നില്‍ക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ വരി നീണ്ടു നീണ്ടു വരികയാണ്. ഇത്തരം കൊട്ടിഘോഷങ്ങളുടെ മറവില്‍ പുഴുത്ത് നാറുന്ന അഴിമതിയുടേയും സാമ്പത്തിക ക്രമക്കേടിന്റെയും കഥകള്‍ കണക്കില്ലാതെ പെറ്റുപെരുകുകയാണ്. അപകടകരമായ ഒരുപാട് നാടകങ്ങള്‍ അരങ്ങിന് പുറത്ത് നടക്കുന്നുണ്ടെന്നതറിഞ്ഞിട്ടും കണ്ണു തുറക്കാതെ ഉറക്കം നടിക്കുന്ന അധികാരികള്‍, മനോരോഗത്തിലും ആത്മഹത്യയിലും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥികളുള്ള സംസ്ഥാനമായി നമ്മുടെ നാടിനെ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.