നൗഷാദ് എന്ന നൊമ്പരം

ഡോ. സി.എം സാബിര്‍ നവാസ്

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

കൊല്ലം ജിലയിലെ കരുനാഗപ്പള്ളി വേങ്ങ സ്വദേശി നൗഷാദിന്റെ ദാരുണ മരണം മനസ്സില്‍ നിലയ്ക്കാത്ത നൊമ്പരം നിറയ്ക്കുന്നു. തമിഴ്‌നാട്ടിലെ തക്കല ഗ്രാമത്തില്‍ സുഹൃത്ത് കുമാറിന്റെ വീട്ടില്‍ അതിഥിയായി താമസിക്കുന്ന ഇദ്ദേഹം അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. 

മയക്കുമരുന്നിനടിമപ്പെട്ട് ജീവിതം താളം തെറ്റിയ കുമാറിന്റെ മകന്‍ സന്തോഷാണ് വധത്തിനു പുറകില്‍. ചിദംബരം മെഡികല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ സന്തോഷിന്റെ ട്യൂഷന്‍ ഫീ അടക്കാന്‍ ആറുലക്ഷം രൂപയുമായി എത്തിയതായിരുന്നു നൗഷാദ് തലേദിവസം.

സജീവ വിസ്ഡം പ്രവര്‍ത്തകനായ നൗഷാദിന്റെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ മനസ്സിന്റെ അറകളില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് നടന്ന മറ്റൊരു നൗഷാദിന്റെ മരണവും തികട്ടിവന്നു. കോഴിക്കോട് നഗരത്തില്‍ അഴൂക്കുചാല്‍ വൃത്തിയാക്കുന്നതിനിടയില്‍ മരണത്തോട് മല്ലടിക്കുകയായിരുന്ന ഭാസ്‌കര്‍ റാവു, നരസിംഹന്‍ എന്നീ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോധരഹിതനായി അഴുക്കുചാലില്‍ വീണ് ജീവന്‍ വെടിഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ നാം മലയാൡകള്‍ മറന്നിട്ടില്ല.

ഏകദേശം ഇതേ സമയത്തുതന്നെയാണ് കടലുണ്ടി റെയില്‍ പാളത്തിലൂടെ തീവണ്ടി വരുന്നതറിയാതെ നടന്നുപോകുകയായിരുന്ന ബധിരനായ രാമന്‍ എന്ന നാട്ടുകാരനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അബ്ദുറഹ്മാന്‍ എന്നയാള്‍ വണ്ടിതട്ടി മരണപ്പെട്ടത്.  

ജാതി-മത ഭേദങ്ങള്‍ക്കതീതമായി, നമ്മുടെ നാട്ടില്‍ ഇത്തരം ധീരകഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ വിഷയത്ത സമീപിക്കുന്നത്. മനസ്സിലും മസ്തിഷ്‌കത്തിലും ഇസ്‌ലാമോഫോബിയ ഇരിപ്പുറപ്പിച്ചതിനുശേഷം മലയാൡകളുടെ പൊതുബോധത്തില്‍ സംഭവിച്ചുെകാണ്ടിരിക്കുന്ന സാരമായ ചില രാസപരിണാമങ്ങളുെട പശ്ചാത്തലത്തിലാണ് ഇൗ വിഷയം വിലയിരുത്തുന്നത്. 

മുസ്‌ലിംകളൊക്കെ മനസ്സില്‍ മാരകവിഷം പേറി നടക്കുകയാണെന്നും അറിഞ്ഞും അന്വേഷിച്ചും പലരും പല മതങ്ങളിലും ദര്‍ശനങ്ങളിലും എത്തിെപ്പടുന്നതു പോലെ ആരെങ്കിലും ഇസ്‌ലാം മതം സ്വീകിച്ചാല്‍ ഉടനടി ഐസിസില്‍ ചേര്‍ന്ന് ചാവേറായി കളയുമെന്നുമാെക്ക ഉലക്കമുക്കി എഴുതുന്നവര്‍ ജീവിക്കുന്ന കാലത്ത് നാം രണ്ട് കണ്ണും തുറന്ന് കാണേണ്ട കാര്യങ്ങളാണ് ചുറ്റുപാടും നടക്കുന്നത്.

ഒരു മുസ്‌ലിം മനുഷ്യനെ വെറുക്കേണ്ടവനല്ലെന്നും മതിലുകളില്ലാതെ മനസ്സുകള്‍ തമ്മിലടുക്കാന്‍ ഹേതുവായി വര്‍ത്തിക്കേണ്ടവനാണെന്നുമുള്ള തത്ത്വം പ്രവാചകന്‍ ﷺ നെമ്മ പഠിപ്പിച്ചിട്ടുണ്ട്. തന്റെ ആദര്‍ശത്തിലും വിശ്വാസത്തിലും അടിയുറച്ചു നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരോട് സാമൂഹികവും സാമ്പത്തികവും സൃഷ്ടിസഹജവുമായ ഇടപെടലുകളും ഇടപാടുകളും ആകാമെന്ന ഇസ്‌ലാമികാധ്യാപനം പ്രയോഗവത്കരിച്ചവരുടെ കൂട്ടത്തിലാണ് ഈ മൂന്നു പേരെയും എണ്ണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.  

വര്‍ഗീയതയുടെ വിഷക്കറ പുരളാത്ത പച്ചമനുഷ്യരാണ് പണ്ടുമുതല്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നത് എന്ന് യശശ്ശരീരനായ മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിറംകെട്ടുപോയ പഴയ നാലുകെട്ടിന്റെ ഇരുട്ടറകളില്‍ ദാരിദ്ര്യം െകാണ്ട് വിശപ്പടക്കിയിരുന്ന ബാല്യകാലത്ത് തനിക്ക് പലഹാരം നല്‍കിയിരുന്ന മുസ്‌ലിം ബാലന്റെ കഥ വേദനയോടെ അയവിറക്കുന്നതിനിടയില്‍ അദ്ദേഹം മനോഹാരമായി അക്കാര്യം കോറിയിടുന്നുണ്ട്. 

പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുന്നില്‍നിന്ന് ഓടിനടക്കുമ്പോള്‍ തെന്ന അന്യമതസ്ഥനായ സുഹൃത്തിന്റെ നീറുന്ന നോവിന് പരിഹാരം കണ്ടെത്തുന്ന വഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട നൗഷാദ് ഒരു നൊമ്പരമായല്ല മനസ്സില്‍ നനവൂറുന്ന ഒരുപിടി ഓര്‍മപ്പെടുത്തലായാണ് നമ്മില്‍ അവശേഷിക്കുക.

ജില്ലാവരണാധികാരിക്ക് മുമ്പില്‍ സമര്‍പ്പിക്കേണ്ട, നാട്ടിലെ പള്ളിയുമായി ബന്ധപ്പെട്ട രേഖകെളല്ലാം വീട്ടില്‍ ശരിയാക്കി വെച്ചതിനുശേഷമാണ് നൗഷാദ് തക്കലയിലുളള സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത് എന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുനു. മതകാര്യങ്ങളില്‍ മുന്നേറാന്‍ മടികാണിക്കാത്തവര്‍ക്കു മാത്രമെ മതത്തിന്റെ ഔന്നിത്യം മറ്റുമതസ്ഥര്‍ക്ക് ജീവിതം സന്ദേശമാക്കി പകര്‍ന്നുനല്‍കാനാവൂ എന്നാണ് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നല്‍കുന്ന പാഠം.

പ്രതിയോഗികളുടെപ്രകോപനങ്ങളില്‍ പേയിളകി പേരുദോഷം വരുത്തുന്നതിന് പകരം സംയമനവും സമചിത്തതയുംകൈവരിച്ച് മത വീഥിയില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ഇത്തരം സംഭവങ്ങള്‍ നമുക്ക് പ്രചോദനമാവട്ടെ.