ഉത്തരം കിട്ടാതെ ഉത്തരകേരളം

ഡോ. സി.എം സാബിര്‍ നവാസ് 

2017 ഏപ്രില്‍ 01 1438 റജബ് 04

വെറുപ്പും വര്‍ഗീയതയും ലയിച്ച് പെയ്യുന്ന വിഷമഴ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നാല്‍ ഒരു നാടിന് എന്ത് സംഭവിക്കുമെന്നതിന്റെ ദുരന്തസാക്ഷിയാണ് കുടക് സ്വദേശി റിയാസ് മൗലവി. നിരപരാധിയായ യുവാവിന്റെ അറുകൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകാണം. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. കുറ്റവാളികള്‍ കയ്യുംവീശി നടുറോഡിലൂടെ തേരാപാരാ നടക്കാന്‍ പാകത്തില്‍ ഊരിപ്പോരാന്‍ കഴിയാത്ത കുറ്റപത്രം തയ്യാറാക്കാന്‍ സാധിക്കേണ്ടതുണ്ട്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ന്യൂനപക്ഷ സമുദായത്തിനുള്ളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രതികള്‍ മദ്യപിച്ച് ലക്കുകെട്ട് വാളുവെച്ചത് റിയാസ് മൗലവിയുടെ കഴുത്തിലായിപ്പോയി എന്നൊന്നും പറയാതിരുന്നാല്‍ ഭാഗ്യം!

ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യ സഹായി അമിത് ഷായും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം നരനായാട്ടിനുശേഷം ഫാസിസത്തിന്റെ അടുത്ത പരീക്ഷണശാലയായി കാണുന്ന സംസ്ഥാനമാണ് കര്‍ണാടക. രണ്ടാം ഗുജറാത്ത് എന്ന ഓമനപ്പേരിലാണ് പരിവാര്‍ അണികള്‍ക്കിടയില്‍ ഈ സംസ്ഥാനം അറിയപ്പെടുന്നത്. ഗുജറാത്തില്‍ നിന്ന് കര്‍ണാടകയില്‍ അടിച്ചുവീശാന്‍ തുടങ്ങിയ ഫാഷിസ ചക്രവാതം മഞ്ചേശ്വരവും കാസര്‍ഗോഡും കടന്ന് കേരളത്തിന്റെ കരഭാഗങ്ങളില്‍ ആഞ്ഞുവീശാന്‍ ഇടയുണ്ട് എന്ന മുന്നറിയിപ്പാണ് നാടിനെ നടുക്കിയ ഈ കൊലപാതകത്തില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടത്.

പ്രവീണ്‍ തൊഗാഡിയയും അശോക് സിംഗാളും മുതല്‍ ശശികല ടീച്ചറും ശോഭാസുരേന്ദ്രനും വരെ ഇടക്കിടെ വടക്കോട്ട് വെച്ചുപിടിക്കുന്നതിന്റെ സംഗതി വശം തിരിച്ചറിഞ്ഞാല്‍ അഗ്നികാത്തിരിക്കുന്ന വന്‍ ഗന്ധകപ്പുരയുടെ അപകടാവസ്ഥ പെട്ടെന്ന് പിടികിട്ടും. വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗരംഗത്തും ഏറെയൊന്നും ഉയരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തീവ്രഹിന്ദുത്വ വര്‍ഗീയതയോട് കട്ടക്കു നില്‍ക്കാന്‍ പറ്റിയ തടിമിടുക്കു കാണിക്കാന്‍, കാസര്‍ഗോട്ടെ മുസ്‌ലിം സമുദായത്തിലെ ചെറിയ വിഭാഗം എന്നും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്ന കാര്യം കൂടി പരിഗണിക്കുമ്പോഴാണ് സമഗ്രവും സന്തുലിതവുമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. ആശയാദര്‍ശങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യതിരിക്തത പുലര്‍ത്തുമ്പോള്‍ തന്നെ പരസ്പര സഹകരണത്തിലും സാമൂഹികമായ ആദാനപ്രദാനങ്ങളിലും മുന്നോട്ട് വരേണ്ടതിനുപകരം വെറുപ്പും വിദ്വേഷവും പരസ്പരം നിലനിര്‍ത്താനാണ് പല പ്രദേശങ്ങളിലുമുള്ള ഇരു സമുദായങ്ങളിലും പെട്ട ചിലരെങ്കിലും മത്സരിച്ച് കാണാറുള്ളത്.

കുറെ കാലങ്ങളായി കാസര്‍ഗോഡ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെയും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളുടെയും പശ്ചാത്തലം പരിശോധിച്ചാല്‍ നിജസ്ഥിതി ആര്‍ക്കും മനസ്സിലാകും. ക്ഷേത്രോത്സവങ്ങള്‍ നടക്കുമ്പോള്‍ പള്ളികള്‍ക്ക് മുന്നിലും മഖാമുകളില്‍ ഉറൂസ് നടക്കുന്ന സമയത്ത് അമ്പലങ്ങള്‍ക്കു മുന്നിലും ശക്തമായ ബന്തവസ്സ് ഏര്‍പെടുത്തി പോലീസ് കാവല്‍നില്‍ക്കേണ്ടിവരുന്നത് കൂടി ചേര്‍ത്തുവായിച്ചാല്‍ ചിത്രം പൂര്‍ണമായി. പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ട മതപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഇവിടെ കയറി നില്‍ക്കുന്നത് പ്രതിക്കൂട്ടിലാണ്. ആണ്ട് തികയുമ്പോള്‍ ആളെക്കൂട്ടി നടത്തുന്ന ധനാഗമനയാത്രകള്‍ ആരംഭിക്കാന്‍ മാത്രമുള്ളതല്ല കാസര്‍ഗോഡ്. സമാധാനത്തിന്റെ വിളനിലമായ കേരളം മറ്റൊരു ഗുജറാത്തായി മാറാതിരിക്കാന്‍, വര്‍ഗീയതയുടെ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ കൂടിയുള്ളതാണ് ഉത്തരദേശമെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നല്ലത്.