മദ്യപാനിയോടുള്ള സമീപനം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 നവംബര്‍ 18 1439 സഫര്‍ 29
ചോദ്യം: മദ്യപാനിയായ ഒരാളെ നിര്‍ബന്ധിപ്പിച്ച് ഡി അഡിക്ഷന്‍ സെന്ററിലെത്തിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ?

ഉത്തരം: മദ്യപാനം ഇസ്‌ലാം ശക്തമായി വിരോധിച്ച കാര്യമാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 5:90).

നബി ﷺ പറഞ്ഞതും 'നിരന്തരം മദ്യം കഴിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല' എന്നാണ്. ബന്ധുക്കളും മാതാപിതാക്കളും സുഹൃത്തുക്കളും ശ്രമിച്ചാല്‍ ഒരു പരിധി വരെ മദ്യപാനത്തില്‍ അകപ്പെട്ടവരെ മോചിപ്പിക്കുവാനാകും. കാരണം ഏതൊരു മദ്യപാനിയും തന്റെ ദുഃശ്ശീലത്തില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, പലരും നിസ്സഹായരാണ്. ചെറിയൊരവസരം പോലും അവരെ മാറ്റിയേക്കാം. എത്ര ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവനും മദ്യപാനിയെങ്കില്‍ അവന്റെ സ്ഥാനം 'കള്ളുകുടിയന്‍' എന്നതു തന്നെ. സാമ്പത്തിക നഷ്ടം കണക്കാക്കുക പ്രയാസമാണ്. ആരോഗ്യപ്രശ്‌നങ്ങളും അയാളെ പ്രയാസപ്പെടുത്തുന്നു.

നിര്‍ബന്ധിപ്പിക്കല്‍ ആദ്യഘട്ടത്തില്‍ എതിര്‍ത്താലും പിന്നീട് അയാള്‍ ബോധ്യപ്പെടുമ്പോള്‍ അംഗീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. മദ്യപിക്കാന്‍ പോകാന്‍ വിളിച്ച ഓട്ടോക്കാരന്‍ മദ്യം കൂടുതല്‍ വാങ്ങിക്കൊടുത്ത് അവശനാക്കി ഡി അഡിക്ക്ഷന്‍ സെന്ററിലെത്തിച്ച് മാറ്റിയ സംഭവം ഇതിനു തെളിവാണ്. മദ്യപിച്ച് കലാപമുണ്ടാക്കിയ വ്യക്തിയെ കൈകാല്‍ കെട്ടി ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് മാറ്റം വന്നതും ആ വ്യക്തി തന്നെ പറഞ്ഞതാണ്.

മദ്യപാനിയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

1. ഒരു രോഗിയെപ്പോലെ കണ്ട് രോഗത്തെ വെറുക്കുകയും രോഗിയോട് സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുക.

2. മദ്യപാനത്തിന് സഹായിക്കുന്ന സുഹൃത്തുക്കളില്‍ നിന്ന് അകറ്റുക.

3. ഒരു നല്ല ഡോക്ടറുടെ പരിചരണം നല്ലതാണ്.

4. മാനസിക സംഘര്‍ഷങ്ങള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിച്ച് സമാധാന ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക.

5. അകന്നുപോയ ഭാര്യയടക്കമുള്ള ബന്ധുക്കളെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുക.

6. ചിട്ടയുള്ള ഒരു ജീവിതത്തിനുള്ള മാര്‍ഗരേഖ ഉണ്ടാക്കി നല്‍കുക.

7. പഴയ സാഹചര്യങ്ങളെ മാറ്റി പുതിയ സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുക.

8 ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.