മൊബൈൽ വലയിൽ കുരുങ്ങിയ ഭർത്താവ്‌

പ്രൊഫ: ഹാരിസ്ബിൻ സലീം

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22
വ്യക്തിപരവും കുടുംബപരമായ പ്രശ്നങ്ങളിൽ അകപ്പെട്ട്‌ നീറുന്ന മനസ്സുമായി ജീവിതം തള്ളിനീക്കുന്നവർക്ക്‌ ആശ്വാസം പകരുന്നതും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതുമായ പംക്തിയാണ്‌ `ശാന്തി ഗേഹം.` വായനക്കാർക്ക്‌ ഈ പംക്തിയിലേക്ക്‌ താഴെ കൊടുക്കുന്ന വാട്സാപ്പ്‌ നമ്പറിൽ ചോദ്യങ്ങൾ അയക്കാവുന്നതാണ്‌: 9656292244

 


എന്റെ ഭർത്താവ്‌ അന്യസ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെയും ഫോൺ വഴിയും ബന്ധം പുലർത്തുന്നതായി കാണുന്നു. അദ്ദേഹത്തിൽ മാറ്റം ഉണ്ടാക്കാൻ ഞാൻ എന്ത്‌ ചെയ്യണം?

നിങ്ങളുടെ ഈ ധാരണ പൂർണമായും ശരിയാണോ എന്ന്‌ ഉറപ്പു വരുത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്‌ വെറുമൊരു സംശയം മാത്രമാണെങ്കിൽ പ്രത്യഘാതങ്ങൾ വലുതായിരിക്കും. കാരണം ഊഹം കുറ്റകരമാണ്‌. വിശുദ്ധ ക്വുർആൻ പറയുന്നു:

“സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു...”(49:31). അനാവശ്യമായ സംശയത്താൽ ഒരു കുടുബം തകർന്നുകൂടല്ലോ.

എന്നാൽ പുതിയ സാഹചര്യങ്ങൾ ഇത്തരം അവിഹിത ബന്ധങ്ങൾക്ക്‌ കൂടുതൽ സാധ്യതയുള്ളതിനാൽ ചെയ്യാവുന്ന ചില കാര്യങ്ങൾ നിർദേശിക്കട്ടെ:

1. അവിഹിത ബന്ധങ്ങളുടെ അപകടങ്ങളെക്കുറിച്ച്‌ ഭർത്താവിനെ ഏതെങ്കിലും രൂപത്തിൽ ബോധവാനാക്കുക. അല്ലാഹുവിന്റെ നിയമങ്ങളെ ധിക്കരിക്കലും തന്റെ ഭാര്യയോടുള്ള കടുത്ത വഞ്ചനയുമാണിത്‌. ആസ്വാദ്യകരമായ ഒരു ദാമ്പത്യ ജീവിതം അല്ലാഹു തന്നിട്ടും അവിഹിതങ്ങൾ തേടുന്നത്‌ കടുത്ത നന്ദികേടാണ്‌. നന്ദികേടിന്റ ഫലം ഭയാനകമാണ്‌ അല്ലാഹു പറയുന്നു:

“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ (അനുഗ്രഹം) വർധിപ്പിച്ചു തരുന്നതാണ്‌. എന്നാൽ, നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ)”(14:7).

2. ഭർത്താവുമായുള്ള ബന്ധവും സ്നേഹപൂർവമായ പെരുമാറ്റവും വളരെ നല്ല നിലയിൽ തുടരുക തന്നെ ചെയ്യണം. അതിന്റെ അഭാവം അയാളെ കൂടുതൽ തെറ്റുകളിലേക്ക്‌ നയിക്കാനിടയുണ്ട്‌.

3. ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവരം മറ്റുള്ളവരിലേക്കെത്തുന്നത്‌ അപകടമാണ്‌. അത്‌ തെറ്റിൽ തുടരാനും തിരിച്ച്‌ വരാതിരിക്കാനും കാരണമാകും.

4. വെറുതെയിരിക്കാൻ അവസരം കിട്ടാത്ത വിധം എന്തെങ്കിലും ജോലിയിൽ നിരതനാക്കുന്നത്‌ നല്ലതാണ്‌.

5. അദ്ദേഹത്തിന്റെ മനസ്സ്‌ നന്നാവുന്നതിന്ന്‌ വേണ്ടിയുള്ള പ്രാർഥനക്കും ഫലങ്ങളുണ്ടാകും.

6. അവിഹിത ബന്ധങ്ങൾ നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധം അപകടകരമാവുമ്പോൾ വിട്ട്‌ പിരിയുന്നതാണ്‌ നല്ലത്‌.

7. ചില ആളുകൾക്ക്‌ മറ്റൊരു വിവാഹത്തിലൂടെ മാത്രമെ പൂർണ സൂക്ഷ്മത സാധ്യമായെന്ന്‌ വരൂ.

8. തെറ്റിൽനിന്ന്‌ അയാൾ പൂർണമായി മാറി നിന്നിട്ടും അയാളുടെ സ്വകാര്യതയെ പിന്തുടരുന്നത്‌ ശരിയല്ല.

മുആവിയത്‌ ബ്നു അബൂസുഫിയാൻ​‍്യ പറയുന്നു: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: “ജനങ്ങളുടെ സ്വകാര്യതകളെ പിന്തുടരുന്നത്‌ അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്ക്‌ നയിക്കുകയോ ചെയ്യലാണ്‌” (അബൂദാവൂദ്‌ 4244).

സന്താനങ്ങളുടെ നല്ല ഭാവിക്കും സ്വന്തം സുരക്ഷക്കും നല്ലത്‌ ഇണയെ നന്നാക്കിയെടുത്ത്‌ പരമാവധി ഒന്നിച്ചു ജീവിക്കലാണ്‌. അല്ലാഹു അനുഗ്രഹിക്കട്ടെ.