പഠന സംവിധാനത്തിലെ വിയോജിപ്പ്

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

ഞാന്‍ ഒരു ആറ് വയസ്സുകാരന്റെ പിതാവാണ്. അവന്റെ മദ്‌റസയില്‍ പരീക്ഷ അടുത്തുവന്നിട്ടുണ്ട്. പക്ഷേ, അവന്‍ ക്വുര്‍ആന്‍ മാത്രമെ അല്‍പമെങ്കിലും പഠിച്ചിട്ടുള്ളു. ഞാന്‍ ജോലി കഴിഞ്ഞ് വന്നതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈലില്‍ കേള്‍പിച്ചിട്ടാണ് അവന്‍ പഠിക്കുന്നത്. ബാക്കിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. 

എന്റെ ഭാര്യ അറബിക്കോളേജില്‍ പഠിച്ചവളാണ്. അവളുടെ സഹായം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍ പുതുതായി തുടങ്ങിയ വീക്കെന്റ് മദ്‌റസയില്‍ ചേര്‍ത്തത്. പക്ഷേ, അവളില്‍ നിന്ന് ഒരു നിലയ്ക്കുമുള്ള സഹായവും കിട്ടുന്നില്ല. എന്നു മാത്രമല്ല അവളില്‍ നിന്ന് ഒരു പാട് വെറുപ്പിക്കുന്ന സംസാരങ്ങള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യുന്നു. എന്റെ ക്ഷമ ചില സന്ദര്‍ഭങ്ങളില്‍ നഷ്ടപ്പെടുകയും ശകാരിക്കുകയും ചെയ്യേണ്ടി വരുന്നു. ഞങ്ങളുടെ ബന്ധത്തില്‍ ഇത് വലിയ വിള്ളല്‍ സൃഷ്ടിക്കുന്നുണ്ട്. ഈ രൂപത്തില്‍ കുട്ടിയുടെ പഠനം മുന്നോട്ടു കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടുണ്ട്. സാധാരണ മദ്‌റസയില്‍ ചേര്‍ത്താല്‍ പഠിപ്പിക്കാം എന്ന് അവള്‍ പറയുന്നു. എന്റെ ഉപ്പയും ഉമ്മയും അവളുടെ ഉപ്പയും ഉമ്മയും എല്ലാം അവള്‍ക്ക് സപ്പോര്‍ട്ടാണ്. ഞാന്‍ വല്ലാത്ത മാനസിക പ്രയാസത്തിലാണുള്ളത്. എന്നെ സംബന്ധിച്ചടത്തോളം നേരത്തെ വരാന്‍ കഴിയാത്ത ഒരു  അവസ്ഥയാണ്. ദീനിബോധം നോക്കി കല്യാണം കഴിച്ചതാണ്. അല്‍പം സാമ്പത്തികമുള്ളത് ഒരു പ്രയാസമായി പോയി എന്ന് ഇപ്പോള്‍ തോന്നുന്നു. എന്ത് തീരുമാനെടുക്കണം എന്ന് അറിയില്ല. രാവിലെ കുട്ടിയെ എഴുന്നേല്‍പിക്കലും പ്രഭാതകൃത്യങ്ങള്‍ ചെയ്യിക്കലുമെല്ലാം ഞാന്‍ തന്നെ ചെയ്യണം. ചായ പോലും ഞാന്‍ ഉണ്ടാക്കണം. ഭക്ഷണം ഹോട്ടലില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു. ഭാര്യയുടെ സ്വഭാവം ഇന്നല്ലെങ്കില്‍ നാളെ മാറും എന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് അവളില്‍ നിന്ന് അനുദിനം എനിക്ക് കിട്ടുന്നത്. എന്താണ് ഞാന്‍ ചെയ്യേണ്ടത്? 

ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഭവിക്കാറുള്ള ഭിന്നതകളുടെ പൊതുവായ കാരണവും നിര്‍ദേശിക്കാവുന്ന ഒരു പരിഹാരവുമാണ് ഈ ചോദ്യം വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. ഒരു കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ടാവുക എന്നത് സ്വാഭാവികമാണ്. കാരണം, രണ്ട് വ്യത്യസ്ത വ്യക്തികളുടെ കാഴ്ചപ്പാടുകള്‍ ഭിന്നമാവുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അത് ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലാകുമ്പോള്‍ ജീവിതം തന്നെ പ്രയാസകരമാവും. അത് കുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ അവര്‍ മാനസികമായി തകരും. ഒരു വിഷയത്തെ മാതാവും പിതാവും രണ്ട് രൂപത്തില്‍ സമീപിച്ചാല്‍ മക്കള്‍ ആശയക്കുഴപ്പത്തിലാകും. വിട്ടുവീഴ്ച ചെയ്യാവുന്ന കാര്യങ്ങളാണെങ്കില്‍ ഒരാള്‍ വിട്ടുവീഴ്ച ചെയ്തിട്ടെങ്കിലും അഭിപ്രായ ഐക്യം ഉണ്ടാക്കണം. വിഷയങ്ങളില്‍ യോജിപ്പുണ്ടാക്കി സ്വസ്ഥതയും സമാധാനവും ഉണ്ടാക്കാവുന്ന ചില നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു:


1. കൂടിയാലോചന: കുടുംബവുമായി ബന്ധപ്പെട്ട പുതിയൊരു കാര്യം ദമ്പതികളില്‍ ഒരാള്‍ ചിന്തിച്ചുതുടങ്ങുമ്പോഴേക്കും ആ ആശയത്തില്‍ ഇണയുമായി കൂടിയാലോചന തുടങ്ങണം. ഇവിടെ ഉന്നയിച്ച കാര്യം തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. മദ്‌റസയില്‍ കുട്ടിയെ പഠിപ്പിക്കണമെന്ന കാര്യത്തില്‍ ഇവിടെ അഭിപ്രായ വ്യത്യാസമില്ല. അത് പ്രത്യേക സിലബസ്സോടും ലക്ഷ്യത്തോടും കൂടി നടത്തുന്ന വീക്കെന്റ് മദ്‌റസയിലാകണമോ അതോ സാധാരണയായി നടന്നുകൊണ്ടിരിക്കുന്ന മദ്‌റസയിലാകണമോ എന്ന വിഷയത്തിലാണ് ഇവിടെ തര്‍ക്കം. വീക്കെന്റ് മദ്‌റസ എന്ന ആശയത്തില്‍ തുടക്കത്തിലേ പരസ്പരം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ ഭിന്നത ഒഴിവാക്കാമായിരുന്നു. അപ്പോള്‍ അവളുടെ വിയോജിപ്പുകള്‍ അവള്‍ തുറന്നുപറയും; അത് പരിഹരിച്ച് മുന്നോട്ട് പോകുവാനും കഴിയും. 

ഞായറാഴ്ച മാത്രമെ കുട്ടിയെ കൂടെക്കിട്ടൂ എന്നോ ആ ദിവസങ്ങളില്‍ പുറത്ത് പോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നോ ഒക്കെ ഒരു പക്ഷേ, അവളുടെ മനസ്സിലുണ്ടാകാം. അത് തീരുമാനമെടുക്കും മുമ്പ് മാത്രമെ അവള്‍ തുറന്ന് പറയൂ. അതിന് പ്രായോഗികമായ പരിഹാരമുണ്ടാക്കുകയോ അല്ലെങ്കില്‍ വീക്കെന്റ് മദ്‌റസയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയോ ചെയ്യാമായിരുന്നു. ഇനി അതിന് അവസരമില്ല. ചിലര്‍ തങ്ങളോട് ആലോചിക്കാതെ തീരുമാനിച്ചത് കൊണ്ട് മാത്രം വിയോജിക്കുന്നവരാണ്. അത്തരക്കാര്‍ ഒരു ചോദ്യം കൊണ്ട് മാത്രം കൂടെ നില്‍ക്കും. ഇതും കൂടിയാലോചനയുടെ ഗുണമാണ്. കൂടിയാലോചനകള്‍ ഇല്ലാതാകുന്നത് ഞാന്‍ ചെയ്യുന്നത് പൂര്‍ണമായും ശരിയാണ്, അതില്‍ ഇനി ഒരാളുടെയും അഭിപ്രായം ആവശ്യമില്ല എന്ന തെറ്റായ വിശ്വാസത്തില്‍ നിന്നുമാണ്. അത് താന്‍ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളില്‍ ഭാഗികമായി ശരിയായിരിക്കാം. മറ്റൊരാളുടെ സഹകരണം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അയാളുമായി കൂടിയാലോചിച്ചേ പറ്റൂ. അത് കൊണ്ടാണല്ലോ വീഴ്ച വരുത്തിയവരോട് പോലും കൂടിയാലോചന നടത്താന്‍ നബി ﷺ യോട് അല്ലാഹു നിര്‍ദേശിച്ചത്.

''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ്‌കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (3:159).


2. ഒന്നിച്ചുള്ള പഠനം: ഇണകളില്‍ ഒരാള്‍ക്കുണ്ടാകുന്ന മതപരമായ അറിവ് കൂടെയുള്ളവര്‍ക്ക് ലഭിക്കാതെ പോകുന്നു എന്നതാണ് മറ്റൊരു കാരണം. ഒന്നിച്ച് തന്നെ ജുമുഅകളിലും ക്വുര്‍ആന്‍ പഠനക്ലാസ്സുകളിലും മതപ്രഭാഷണങ്ങളിലും പങ്കെടുക്കുക എന്നതാണ് മറ്റൊരു പരിഹാരം. ഒരു പക്ഷേ, വീക്കെന്റ് മദ്‌റസയയുടെ ആശയം ചോദ്യകര്‍ത്താവിന് ലഭിച്ച അതേ വേദിയില്‍ നിന്ന് ഭാര്യക്കും ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു പ്രശ്‌നം തന്നെ ഉല്‍ഭവിക്കുമായിരുന്നില്ല. 


3. ഭര്‍ത്താവിനെ അനുസരിക്കുക: മതവിരുദ്ധമല്ലാത്ത ഏതൊരു കാര്യത്തിലും ഭര്‍ത്താവിനെ അനുസരിക്കുവാന്‍ ഭാര്യക്ക് ബാധ്യതയുണ്ട്. ഏതൊരു സ്ഥാപനത്തിലും അനുസരിക്കപ്പെടുന്ന ഒരു നേതൃത്വം ഉണ്ടായേ പറ്റൂ. മക്കള്‍ മാതാവിനെ അനുസരിക്കാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ? അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഭാര്യ ഭര്‍ത്താവിനെ അനുസരിക്കാതിരുന്നാലും.

ഒരു അനുബന്ധം കൂടി ചേര്‍ക്കട്ടെ; ചെറിയ അസ്വസ്ഥതകള്‍ കുടുംബത്തില്‍ സംഭവിക്കുമ്പോഴേക്കും ക്ഷമ കൈവിട്ട് വിവാഹാലോചനയുടെ പിഴവുകളിലേക്കും ബന്ധുവീട്ടിലെ നയവൈകല്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും.