പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍

ഹാരിസ്ബിന്‍ സലീം

2017 മെയ് 06 1438 ശഅബാന്‍ 9
ഞാനും ഭര്‍ത്താവും ഇടയ്ക്കിടെ ചെറിയ തോതില്‍ വഴക്കിടാറുണ്ട്. സൗന്ദര്യപ്പിണക്കം എന്നുപറയാവുന്ന പിണക്കവും ഉണ്ടാകും. മണിക്കൂറുകളേ ആ പിണക്കത്തിന് ആയുസ്സുണ്ടാകൂ. എപ്പോഴും പിണക്കം തീര്‍ക്കാനുള്ള ശ്രമം ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകാറുള്ളത് എന്നതാണ് എന്റെ പ്രശ്‌നം. ആദ്യം മുന്‍കയ്യെടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ എനിക്ക് കഴിയാറില്ല. തോറ്റുകൊടുക്കാന്‍ കഴിയാത്ത മനസ്സാണ് എനിക്കുള്ളത്. ഇതിന് ഒരു പരിഹാരം നിര്‍ദേശിക്കാമോ?

എല്ലാ പിണക്കങ്ങളിലും അവസാനം താന്‍ ജയിച്ചിട്ടും വലിയ കുറ്റബോധത്തോടെയാണ് സഹോദരി ഇവിടെ അതിനെ കുറിച്ച് പറയുന്നത്. ഇതുതന്നെയാണ് ആദ്യത്തെ പരിഹാരം. താന്‍ തന്റെ ഭര്‍ത്താവിനോട് അരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ മതപരമായ അറിവില്‍ നിന്നും നല്ല മനസ്സില്‍ നിന്നും ഉണ്ടാവുന്നതാണ്. ഒരു സ്ത്രീ ഏറ്റവും ആദരിക്കേണ്ട വ്യക്തിയാണ് ഭര്‍ത്താവ്; ഒരുവേള മാതാപിതാക്കളെക്കാള്‍. 

നബി(സ്വ) പറഞ്ഞു: ''ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അയാളുടെ അനുവാദമില്ലാതെ (സുന്നത്ത്) നോമ്പെടുക്കാന്‍ ഒരു സ്ത്രീക്ക് അനുവാദമില്ല. അവന്റെ അനുവാദമില്ലാതെ അവന്റെ വീട്ടില്‍ ഒരാള്‍ക്ക് അനുവാദം കൊടുക്കാനും(അവള്‍ക്ക് പാടില്ല)'' (ബുഖാരി/4899).

ഇമാം അല്‍ബാനി(റഹി) ഈ ഹദീഥിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: 'ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ വൈകാരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കല്‍ നിര്‍ബന്ധമാണെന്നാകുമ്പോള്‍ അതിനെക്കാളും നിര്‍ബന്ധമാണല്ലോ മറ്റു പ്രധാനകാര്യങ്ങളില്‍; അതായത് മക്കളെ സംരക്ഷിക്കല്‍, കുടുംബത്തിന്റെ നന്മക്കു വേണ്ടിയുള്ള കാര്യങ്ങള്‍ എന്നിവയില്‍ അനുസരിക്കല്‍' (ആദാബുസ്സിഫാഫ്. പേജ് 282).

അഞ്ച് കാര്യങ്ങള്‍ ഒരു സ്ത്രീക്ക് സ്വര്‍ഗത്തിന്റെ ഏത് കവാടത്തിലൂടെയും പ്രവേശിക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ അതിലൊന്ന് 'ഭര്‍ത്താവിനെ അനുസരിക്കലാണ്' എന്ന് കാണാം. 

''അല്ലാഹു അല്ലാത്ത ഒരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഒരു സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു'' (ഇബ്‌നുമാജ) എന്ന നബിവചനം ഭര്‍ത്താവിനാടുള്ള കടമകളുടെ ഗൗരവം സൂചിപ്പിക്കുന്നു.

ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീഥില്‍ ഹുസൈനുബ്‌നു മുഹ്‌സിന്‍(റ) പറയുന്നു: തന്റെ പിതൃസഹോദരി ഒരിക്കല്‍ ഒരു ആവശ്യത്തിനുവേണ്ടി നബി(സ്വ)യുടെ അടുക്കല്‍ വന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ നബി(സ്വ) അവരോട് ചോദിച്ചു: 'നിനക്ക് ഭര്‍ത്താവുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ.' നബി(സ്വ) അവരോട് ചോദിച്ചു: 'നീ അവനോട് എങ്ങനെയാണ് പെരുമാറാറുള്ളത്?' 'എനിക്ക് കഴിയാവുന്ന ഒരു കാര്യത്തിലും വീഴ്ച വരുത്താറില്ല.' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അയാളോടുള്ള നിന്റെ നിലപാട് ശ്രദ്ധിക്കണം. അവന്‍ നിന്റെ നരകവും സ്വര്‍ഗവുമാണ്' (അഹ്മദ്/19025). 

ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടുള്ള ബാധ്യത മതത്തില്‍ എത്രമാത്രമുണ്ട് എന്ന് മനസ്സിലാക്കാന്‍ ഈ വചനങ്ങള്‍ തന്നെ ധാരാളമാണ്. എപ്പോഴാണ് ഒരു ഭാര്യ ഭര്‍ത്താവുമായി പിണങ്ങുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ഇഷ്ടമില്ലാത്തതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ ഭര്‍ത്താവ് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഭാര്യ പ്രതികരിച്ച് തുടങ്ങും. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെടേണ്ട ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോള്‍ കേട്ടിരിക്കാനുള്ള ക്ഷമ വളരെ പ്രധാനപ്പെട്ടതാണ്. മറിച്ചാകുമ്പോള്‍ അനുസരണക്കേടും ധിക്കാരവും അനാദരവുമായിട്ടേ അതിനെ കാണാന്‍ കഴിയൂ. നമ്മുടെ ഭാര്യമാര്‍ക്ക് ഇതിന് കഴിയേണ്ടതുണ്ട്. 

ചെറിയ ചെറിയ പിണക്കങ്ങള്‍ അത്ര ഗൗരവമാക്കേണ്ടതില്ല. അതില്‍ ചിലത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തമ്മില്‍ വഴക്കടിച്ച് കൊണ്ടിരിക്കുന്നത് ശത്രുത കൊണ്ടാണെന്ന് പറയാവതല്ലല്ലോ! പക്ഷേ, അത് എപ്പോഴുമാകുമ്പോള്‍ പ്രയാസമാണ്.

ഒരാള്‍ക്ക് കീഴ്‌പ്പെടുന്നതില്‍ ഒരു സുഖമുണ്ട്; അധ്യാപകനു മുമ്പില്‍, മാതാപിതാക്കള്‍ക്ക് മുമ്പില്‍, ഭര്‍ത്താവിനു മുമ്പില്‍... അതിന് മനസ്സിനെ തയ്യാറാക്കുകയാണ് മറ്റൊരു പരിഹാരം. മനസ്സിന്റെ പ്രശ്‌നങ്ങള്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണമാകാം. ക്വുര്‍ആന്‍ പഠനത്തിലൂടെ മനസ്സിനെ സമാധാനപൂര്‍ണമാക്കുക.