ഉമ്മയുമായുള്ള ബന്ധം

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 19
ചോദ്യം: ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് കഴിയുന്നപോലെ പഠിച്ച് അതനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാല്‍ എന്റെ മാതാവ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തിപ്പോരുന്ന ഒരു വ്യക്തിയാണ്. ഇത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രയാസപ്പെടുത്തുന്നു. ഉമ്മ അവരുടെ വിശ്വാസത്തിലേക്ക് എന്നെ നിര്‍ബന്ധിക്കുമ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വരുന്നു. ഞാനെന്തു ചെയ്യും?

 

ഉത്തരം: ഉമ്മ തന്റെ വിശ്വാസം പൂര്‍ണമായും ശരിയാണെന്നും അതിനെതിരായുള്ളത് വഴികേടാണെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അപ്പോള്‍ തന്റെ മകന്‍ വഴിപിഴച്ച് പോയതിലുള്ള വിഷമം കൊണ്ടായിരിക്കാം അവര്‍ നിരന്തരം താങ്കളെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മയുടെ നിര്‍ബന്ധിക്കല്‍  താങ്കള്‍ക്കൊരിക്കലും അംഗീകരിക്കാനാവില്ല. കാരണം അത് അല്ലാഹുവിന്നും അവന്റെ പ്രവാചകന്നും എതിരായിരിക്കും, ചിലപ്പോള്‍ ശിര്‍ക്കായ കാര്യങ്ങളുമാവാം. അതനുസരിക്കാന്‍ നമുക്ക് ബാധ്യതയും ഇല്ലല്ലോ.

''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 31:15).

താങ്കള്‍ക്ക് പ്രതികരിക്കുകയുമാവാം. പക്ഷേ, പ്രതികരണങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നത് വളരെ പ്രധാനമാണ്. താങ്കള്‍ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നത് താങ്കള്‍ക്ക് അറിയുന്ന കാര്യമാണ.് അത് മാതാവിന് മനസ്സിലാകുമ്പോള്‍ മാത്രമെ അവര്‍ക്ക് താങ്കളെ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.

അതിനുള്ള യുക്തിപരമായ വഴികള്‍ കണ്ടു പിടിക്കണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1. ഉമ്മയോട് വൈകാരികമായി പ്രതികരിക്കുമ്പോള്‍ താങ്കളുടെ ദീനിലുള്ള ആത്മാര്‍ഥത തന്നെ സംശയിക്കപ്പെടും. ഒരു പക്ഷേ, ഉമ്മ തന്നെ ചോദിക്കും 'നീ വലിയ ദീനിന്റെ ആളാണെങ്കില്‍ നിന്റെ ഉമ്മയായ എന്നോട് ഇങ്ങനെ ദേഷ്യപ്പെടാന്‍ പാടുണ്ടോ?' എന്ന്.

2. കാര്യങ്ങള്‍ ശരിയായി ബോധ്യപ്പെട്ടപ്പോഴാണല്ലോ താങ്കള്‍ ആശയപരമായി മാറിയത്. ഉമ്മയും ബോധ്യപ്പെടുമ്പോള്‍ മാറും. അത് വരെ അവധാനതയോടെ കാത്തിരിക്കുക.

3. ആര്‍ക്കും ഹിദായത്ത് നല്‍കല്‍ നമ്മുടെ കഴിവില്‍ പെട്ടതല്ല. നമുക്ക് ഒരു കാരണമാവാനേ കഴിയൂ. പിതൃവ്യനായ അബൂത്വാലിബിന്റെ കാര്യത്തില്‍ നബി ﷺ യെ അല്ലാഹു ഈ കാര്യം ഉണര്‍ത്തിയിട്ടുണ്ട്.' ''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 28:56).

4. ഉമ്മ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നത് തന്നെ ഉമ്മയിലേക്കെത്താനുള്ള വഴിയാണ്.

5. ഉമ്മ പറയുന്നതില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ താല്‍പര്യത്തോടെയും ആത്മാര്‍ഥതയോടെയും ചെയ്യുക.

6. നിര്‍ബന്ധിക്കാത്ത വിധത്തില്‍ മതപരമായ കാര്യങ്ങള്‍ കേള്‍ക്കാനും പഠിക്കാനും അവസരങ്ങള്‍ ഉണ്ടാക്കുക.

7. നേര്‍മാര്‍ഗത്തിന്നു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.