പ്രളയത്തിനു ശേഷം...

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

അല്ലാഹു നൂഹ്(അ)നോട് കുടുംബത്തെയും വിശ്വാസികളെയും കപ്പലില്‍ കയറ്റാന്‍ നിര്‍ദേശിച്ചിരുന്നുവല്ലോ. അഥവാ അവരെ രക്ഷപ്പെടുത്തുമെന്ന് അല്ലാഹു അറിയിച്ചതാണ്. സ്വന്തം രക്തത്തില്‍ പിറന്ന മകന്‍ മലപോലെ വന്ന തിരമാലകളില്‍ അകപ്പെട്ട് മുങ്ങിമരിച്ചപ്പോള്‍ അദ്ദേഹം അല്ലാഹുവിനെ വിളിച്ചുകൊണ്ട് പറഞ്ഞു:

''...എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്'' (ക്വുര്‍ആന്‍ 11:45).

അതിന് അല്ലാഹുവിന്റെ മറുപടി ഇപ്രകാരമായിരുന്നു: ''അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്'' (11:46).

നൂഹ്(അ)ന്റെ മകന്‍ അദ്ദേഹത്തിന്റെ മകനല്ലെന്ന് അല്ലാഹു പറയുന്നു. യഥാര്‍ഥത്തില്‍ നൂഹ്(അ)ന് പിറന്നവന്‍ തന്നെയായിരുന്നല്ലോ ആ മകന്‍. എന്നിട്ടും എന്തേ അല്ലാഹു അവനെക്കുറിച്ച് അവന്റെ പിതാവിനോട് അവന്‍ നിന്റെ മകനല്ലെന്ന് പറഞ്ഞത്? ബന്ധങ്ങള്‍ ആദര്‍ശാധിഷ്ഠിതമാകുമ്പോഴാണ് അത് സമ്പൂര്‍ണമായ കുടുംബബന്ധമായി മാറുന്നത്. മാതാപിതാക്കള്‍ അവിശ്വാസികളും മക്കള്‍ വിശ്വാസികളുമാണെങ്കില്‍ മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്ക് അനന്തര സ്വത്തില്ലെന്നതും, മക്കള്‍ അവിശ്വാസികളും മാതാപിതാക്കള്‍ വിശ്വാസികളുമാണെങ്കില്‍ മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അനന്തര സ്വത്തില്ലെന്നതും ഇസ്‌ലാമിക നിയമമാണ്. ബന്ധം ഇസ്‌ലാമികമാകണം എന്നര്‍ഥം. അതിനാലാണ് നൂഹ്(അ)നോട് അല്ലാഹു അപ്രകാരം പറഞ്ഞത്. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തോട് 'നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്' എന്നും പറഞ്ഞു.

ഈ വചനത്തെ വിശദീകരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ രണ്ട് കാര്യങ്ങള്‍ ഉണര്‍ത്തിയതായി കാണാം. എന്താണ് അദ്ദേഹം ചെയ്ത വിവരമില്ലാത്ത പ്രവര്‍ത്തനം? മകന്‍ അവിശ്വാസിയായിരിക്കെ അവന് വേണ്ടി അല്ലാഹുവിനോട് ചോദിച്ചതായിരിക്കാം. അല്ലാഹു നൂഹ്(അ)നോട് വിശ്വാസികളെ കപ്പലില്‍ കയറ്റാനായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്നാല്‍ നൂഹ്(അ) കാഫിറായ മകനോട് കപ്പലില്‍ കയറാന്‍ പറഞ്ഞു. ഒന്നുകില്‍ ഇതായിരിക്കാം.

അല്ലാഹു നൂഹ്(അ)നോട് മകന്റെ കാര്യത്തില്‍ എന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് ഉടനെത്തന്നെ പൊറുത്തു തരാന്‍ അപേക്ഷിച്ചു.

''അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും'' (11:47,48).

നൂഹ്‌നബി(അ)യില്‍ വിശ്വസിക്കാത്ത മകന്‍ മാത്രമല്ല ശിക്ഷിക്കപ്പെട്ടത്, അവിശ്വാസിയായ ഭാര്യയും ശിക്ഷിക്കപ്പെട്ടു. അവള്‍ നരകാവകാശിയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:

''സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു'' (66:10).

ആദര്‍ശമില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ കുടുംബ ബന്ധം കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് പ്രവാചകന്മാരുടെ ചരിത്രം നമുക്ക് നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഗുണപാഠമാണ്. അന്ത്യനാളില്‍ എന്റെ ഭര്‍ത്താവ് നബിയായിരുന്നെന്ന് പറഞ്ഞ് നരക ശിക്ഷയില്‍ രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് മാത്രമല്ല, അവരോടും നരകക്കാരുടെ കൂടെ പ്രവേശിക്കുവാന്‍ അല്ലാഹു കല്‍പിക്കും. ഭാര്യ സത്യവിശ്വാസിനിയായതിനാല്‍ ഭര്‍ത്താവായ ഫിര്‍ഔനിനോ, മകന്‍ സത്യവിശ്വാസിയായതിനാല്‍ പിതാവായ ആസറിനോ പരലോകത്ത് രക്ഷപ്പെടാന്‍ കഴിയില്ല. ഓരോരുത്തരും അവനവനു വേണ്ടി അധ്വാനിക്കണം.

''ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍ വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 60:3).

അക്രമികളെല്ലാം നശിപ്പിക്കപ്പെട്ടു. പിന്നീട് എന്താണ് സംഭവിച്ചത്? അല്ലാഹു തന്നെ വിശദീകരിക്കുന്നു: ''ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിന് മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു'' (11:44).

മഴ നില്‍ക്കുകയും വെള്ളം വറ്റുകയും അല്ലാഹു ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും രക്ഷപ്പെടുത്തേണ്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തില്‍ നങ്കൂരമിടുകയും ചെയ്തു. അര്‍മീനിയായിലെ അറാറത്ത് മലനിരകളിലെ ഒരു മലയാണ് ജൂദി എന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ആ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പലതും കണ്ടെത്തിയതായി പറയപ്പെടുന്നു. അത് ഇന്നും നിലനില്‍ക്കുന്നുണ്ടാവാം എന്നതിലേക്കുള്ള ഒരു സൂചനയാണോ താഴെയുള്ള സൂക്തം എന്നും നമുക്ക് സംശയിക്കാം.

''എന്നിട്ട് നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു'' (29:15).

അല്ലാഹു അവരെ രക്ഷപ്പെടുത്തിയതിന് ശേഷം നൂഹ്(അ)നോട് ഇപ്രകാരം കല്‍പിച്ചു: ''(അദ്ദേഹത്തോട്) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം സൗഖ്യം നല്‍കുന്നതാണ്. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്'' (11:48).

സമാധാനത്തോടും അനുഗ്രഹത്തോടും കൂടി കപ്പലില്‍ നിന്ന് ഇറങ്ങാനും നിനക്കും നിന്റെ കൂടെ വിശ്വസിച്ചവര്‍ക്കും സമാധാനവും അനുഗ്രഹവും ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിക്കുന്നതോടൊപ്പം, ഇനി ശേഷക്കാരില്‍ നിന്നെ അവിശ്വസിക്കുന്നവര്‍ക്ക് താല്‍ക്കാലിക സുഖം നല്‍കുകയും പിന്നീട് നരക ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരികയും ചെയ്യേണ്ടി വരുമെന്നും, പിന്‍തലമുറകളില്‍ നിന്ന് വിശ്വാസികളായി ആരെല്ലാം ഉണ്ടാകുമോ അവര്‍ക്കെല്ലാം സമാധാനവും അനുഗ്രഹവും നല്‍കപ്പെടുന്നതാണെന്നും അല്ലാഹു അദ്ദേഹത്തെ അറിയിച്ചതായി ഉപരിസൂചിത വചനം വ്യക്തമാക്കുന്നു.

ഈ സംഭവം മുഹമ്മദ് നബി(സ്വ)ക്ക് വഹ്‌യ് ലഭിക്കുന്നതിന് മുമ്പ് അറിയില്ലായിരുന്നു: ''(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും'' (11:49).

അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച ദിവ്യസന്ദേശത്തിലൂടെയാണ് നബിയേ, നിങ്ങള്‍ ഇത് അറിഞ്ഞതെന്നും ശത്രുക്കളുടെ മുന്നില്‍ ഏകദൈവാരാധന വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് വിവിധ രൂപത്തിലുള്ള എതിര്‍പ്പുകള്‍ ഏല്‍ക്കേണ്ടി വരുമെന്നും അത്തരം ഘട്ടങ്ങളില്‍ ക്ഷമയോടെ മുന്നേറണമെന്നും ഏറ്റവും നല്ല പര്യവസാനം ഉണ്ടാകുക സൂക്ഷ്മശാലികള്‍ക്കായിരിക്കുമാണ് എന്നും നബി(സ്വ)യെ അറിയിച്ചുകൊണ്ടുമാണ് നൂഹ്(അ)ന്റെ ചരിത്ര വിവരണം സൂറത്തു ഹൂദില്‍ അല്ലാഹു അവസാനിപ്പിക്കുന്നത്.

നൂഹ്(അ)ന്റെ ചരിത്രം നബി(സ്വ)ക്ക് വഹ്‌യ് ലഭിക്കുന്നതിന് മുമ്പ് അറിയില്ലായിരുന്നുവെന്ന് ഈ സൂക്തം നമുക്ക് വ്യക്തമാക്കിത്തരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. നബി(സ്വ) എല്ലാ കാലത്തും ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന ചിലരുടെ വാദം മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ സൂക്തത്തിന് വിരുദ്ധമല്ലേ? വായനക്കാര്‍ ചിന്തിക്കുക. നബി(സ്വ) എല്ലാ കാലത്തും ജീവിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ 'ഈ വാര്‍ത്ത നിനക്ക് ഇതിനു മുമ്പ് അറിവില്ലായിരുന്നു'വെന്ന് അല്ലാഹു നബിയോട് പറയുമായിരുന്നോ?

നൂഹ്(അ) കപ്പലില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ശൈഖ് ജീലാനി ഉണ്ടായിരുന്നുവെന്നും വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കപ്പല്‍ അദ്ദേഹത്തിന്റെ കയ്യിലായിരുന്നുവെന്നുമൊക്കെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇതെല്ലാം കെട്ടുകഥകള്‍ മാത്രമാണ്.

നൂഹ്(അ)ന്റെ ചരിത്രം ഉള്‍ക്കൊണ്ട് ഗുണകാംക്ഷയോടെയും സ്‌നേഹത്തോടെയും ജനങ്ങള്‍ക്ക് തൗഹീദിന്റെ മാര്‍ഗം കാണിച്ചുകൊടുക്കുവാന്‍ വിശ്വാസികള്‍ തയ്യാറാവണം.