അഗ്‌നിപരീക്ഷണത്തില്‍ അടിപതറാതെ...

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 നവംബര്‍ 18 1439 സഫര്‍ 29

ഇബ്‌റാഹീം നബി(അ): 5

ഇബ്‌റാഹീം നബി(അ)യോടുള്ള അവരുടെ അമര്‍ഷം കടുത്തതായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ കരിച്ച് കളയുന്നതിലെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യലാണ് സ്വന്തം പിതാവ് അടങ്ങുന്ന ആ സമൂഹത്തിന്റെ ലക്ഷ്യം! അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പലരും ആ തീയിലേക്ക് വിറക് നേര്‍ച്ച നേര്‍ന്നു. ദിവസങ്ങളോളം കത്തുന്നതിന് വേണ്ടി അതിനു വേണ്ട തയ്യാറെടുപ്പുകള്‍ അവര്‍ നടത്തി. പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക:

''നിശ്ചയമായും (അവരില്‍) ഒരു സ്ത്രീ രോഗിയായാല്‍ (ഇപ്രകാരം പറയും:) 'ഞാന്‍ സുഖം പ്രാപിച്ചാല്‍ ഇബ്‌റാഹീമിനെ കരിക്കുന്നതിന് തീര്‍ച്ചയായും ഞാന്‍ വിറക് ശേഖരിക്കുക തന്നെ ചെയ്യും എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു.''

ഇബ്‌റാഹീം(അ)നെ തീയിലേക്കെറിയുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് അല്ലാഹുവിലുണ്ടായിരുന്ന അര്‍പ്പണ ബോധത്തിന്റ ആഴം മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ഹദീഥ് കാണുക: 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ''ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലവനായ അല്ലാഹു മതി എനിക്ക് എന്ന വചനം ഇബ്‌റാഹീം(അ) തീയിലെറിയപ്പെട്ടപ്പോള്‍ പറഞ്ഞതാണ്. മുഹമ്മദ് ﷺ യും ഈ വാക്ക് പറഞ്ഞിട്ടുണ്ട്. 'ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ'' (ബുഖാരി).

അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിച്ചതിനാല്‍ കടുത്ത ഒരു പരീക്ഷണം ഇബ്‌റാഹീം(അ) നേരിടേണ്ടി വരികയാണ്. എന്നാല്‍ രക്ഷപ്പെടാനായി പോലും തന്റെ വിശ്വാസം അടിയറ വെക്കുവാന്‍ അദ്ദേഹംതയ്യാറായില്ല. ഇബ്‌റാഹീം(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച്, അവനില്‍ ഉറച്ചു വിശ്വസിച്ച് പരീക്ഷണത്തെ നേരിടുകയാണ് ചെയ്തത്. മഹാനായ പ്രവാചകന്‍ മുഹുമ്മദ് ﷺ യും ഇതേ വാക്ക് പറഞ്ഞിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ എഴുപതോളം സ്വഹാബികള്‍ രക്ത സാക്ഷികളാവുകയും മൊത്തത്തില്‍ മുസ്‌ലിംകള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തുവല്ലോ. ഈ സന്ദര്‍ഭത്തില്‍ ഇനിയും ഒരു സംഘം നിങ്ങളെ നേരിടാന്‍ വരുന്നുവെന്ന വിളിയാളം കേട്ടപ്പോള്‍ പേടിച്ച് പിന്മാറുകയല്ല ചെയ്തത്. അവര്‍ക്ക് വിശ്വാസം വര്‍ധിക്കുകയും അല്ലാഹുവില്‍ എല്ലാം അര്‍പിച്ച് പരീക്ഷണത്തെ നേരിടുകയുമാണവര്‍ ചെയ്തത്. സൈനിക ബലമോ ആയുധ ബലമോ വേണ്ടത് പോലെ ഇല്ലാതിരുന്നിട്ടും നബി ﷺ യും അനുയായികളും നിശ്ചയ ദാര്‍ഢ്യത്തോടെ 'ഞങ്ങള്‍ക്ക് അല്ലാഹു മതി' എന്ന് പറഞ്ഞു; അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ ഒരാള്‍ക്കും ഒരു സമയത്തും പരിഭ്രാന്തരാവേണ്ടതില്ല.

ഇബ്‌റാഹീം നബി(അ)യെ അവര്‍ തീയിലേക്ക് എറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഒരു രോമകൂപത്തിന് പോലും പോറലേല്‍ക്കാതെ അല്ലാഹു രക്ഷപ്പെടുത്തി. ഈ അത്ഭുത സംഭവം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. തീയിലിട്ട ശേഷം പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയോ എന്നതാണ് അവരുടെ സംശയം. അതിനാല്‍ തന്നെ അവര്‍ ഈ സംഭവത്തെ ബുദ്ധിക്ക് നിരക്കാത്ത സംഭവമായി കാണുകയും നിഷേധിച്ചു കളയുകയും ചെയ്യുന്നു. അല്ലാഹുവാണല്ലോ തീയിന് ചൂട് നല്‍കിയത്. ചൂട് നല്‍കിയ അല്ലാഹുവിന് അതില്‍ മാറ്റം വരുത്തുവാന്‍ കഴില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ആ അല്ലാഹു തന്നെയാണ് തീയിനെ തണുപ്പുള്ളതാക്കിയത്. ഇത് ക്വുര്‍ആനില്‍ സ്പഷ്ടമായി വന്നതുമാണ്. 

അല്ലാഹു ഇബ്‌റാഹീം നബി(അ)യെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരുന്നുവെന്ന് കാണുക:

''നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്'' (ക്വുര്‍ആന്‍ 21:69,70).

എങ്ങനെയാണ് തീയിന് തണുപ്പുണ്ടാകുക എന്ന്‌ചോദിക്കുന്ന മതയുക്തിവാദികള്‍ ഈ ക്വുര്‍ആന്‍ വചനത്തെയും വെറുതെ വിടുന്നില്ല; ഇത് ആലങ്കാരിക പ്രയോഗമാണ് എന്നാണ് അവരുടെ വ്യാഖ്യാനം. ഈ വചനത്തില്‍ വന്നിട്ടുള്ള 'തീ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'കോപം കത്തിനില്‍ക്കുന്ന ജനങ്ങളാണ്' എന്നാണ് ഇവരുടെ വാദം. അപ്പോള്‍ ഇത് പ്രകാരം ഈ സൂക്തത്തിന്റെ അര്‍ഥം ഇപ്രകാരമാകും: 'നാം പറഞ്ഞു: കോപാകുലരായ മനുഷ്യരേ, ഇബ്‌റാഹീമിന് നിങ്ങള്‍ തണുപ്പും സമാധാനവും ആയിത്തീരുക!' എങ്ങനെയുണ്ട് വ്യാഖ്യാനം?! 'കോപം കത്തി നില്‍ക്കുന്ന മനുഷ്യരേ, ഒന്ന് ഇബ്‌റാഹീമിനോട് തണുക്കൂ. ഇബ്‌റാഹീമിന്റെ കാര്യത്തില്‍ ഒന്ന് സമാധാനിക്കൂ' എന്നാണ് പോലും ഈ വചനത്തിന്റെ അര്‍ഥം. അല്ലാഹു  ആ അക്രമികളോട് നേരിട്ട് സംസാരിച്ചുവോ എന്നൊന്നും ചോദിക്കുവാന്‍ പാടില്ല. മതയുക്തിവാദികളുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍!

ഇബ്‌റാഹീം(അ)നെ തീയിലിട്ട സമയത്തുണ്ടായത് എന്നു പറഞ്ഞ് ചില വ്യാജ കഥകളെല്ലാം പ്രചരിക്കപ്പെട്ടിട്ടുണ്ട് സമൂഹത്തില്‍. അതില്‍ പെട്ട ഒന്ന് കാണുക: 

ഇബ്‌റാഹീം(അ)നെ തീയിലേക്ക് എറിയുന്ന വേളയില്‍ ജിബ്‌രീല്‍ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിനോട് താങ്കള്‍ക്ക് തേടാനുള്ള വല്ല ആവശ്യവുമുണ്ടോ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: താങ്കളോട് പറയാനായി എനിക്ക് ഒന്നുമില്ല. അപ്പോള്‍ ജിബ്‌രീല്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിനോട് ചോദിച്ചുകൂടേ? അപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞു: എന്റെ അവസ്ഥയെ പറ്റിയുള്ള അറിവ് അവന്റെ അടുത്തുണ്ട്. അവനോട് ഞാന്‍ ചോദിക്കുന്നതിനെ തൊട്ട് ഞാന്‍ ഐശ്വര്യവാനാണ്.  

ഈ കഥക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ സംഭവം എടുത്ത് കാണിച്ച് ചിലരെല്ലാം 'നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് അവനില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നതിന് എതിരാണെന്നും നമ്മുടെ ആവശ്യം അല്ലാഹുവിന് നന്നായി അറിയാമല്ലോ, അതിനാല്‍ പ്രാര്‍ഥിക്കേണ്ടതില്ല' എന്നും പറയാറുണ്ട്. ഈ സംഭവം പരമ്പരയില്ലാത്തതും കെട്ടിയുണ്ടാക്കിയതുമാണ്. മാത്രവുമല്ല, ഇബ്‌റാഹീം(അ) എത്രയോ ആവശ്യങ്ങള്‍ക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് ക്വുര്‍ആനിലും ഹദീഥുകളിലും ധാരാളം തെളിവുകളുമുണ്ട്.  

ശത്രുക്കള്‍ അദ്ദേഹത്തെ അഗ്‌നിക്കിരയാക്കാന്‍ ശ്രമിച്ചതും അതില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചതും ക്വുര്‍ആനിന്റെ വെളിച്ചത്തില്‍ നാം ഗ്രഹിച്ചുവല്ലോ. എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് ആ സമയത്ത് മുഹമ്മദ് നബി ﷺ യുടെ ഒളി (പ്രകാശം) ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം തീയില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ്. ശര്‍റഫല്‍ അനാം മൗലിദ് എന്ന മൗലിദ് കിതാബിലും മങ്കൂസ് മൗലിദിലും ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്.

''ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ എന്നെ (അവന്‍) ആക്കി'' (ശര്‍റഫല്‍ അനാം മൗലിദ്).

''ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുതുകില്‍ ഞാന്‍ ഉണ്ടായിരുന്നു. അങ്ങനെ ആ തീ കെട്ടടങ്ങിപ്പോയി'' (മങ്കൂസ് മൗലിദ്).

നബി ﷺ യുടെ ഒളി ഇബ്‌റാഹീം നബി(അ)യില്‍ ഉണ്ടായതിനാലാണ് അദ്ദേഹം ആ തീയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഈ മൗലിദ് വരികള്‍ പറയുമ്പോള്‍ മുഹ്‌യുദ്ദീന്‍ മാലയില്‍ മറ്റൊരു കാരണമാണ് പറയുന്നത്. മുഹ്‌യുദ്ദീന്‍ ശൈഖ്(റഹി) പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വരികളില്‍ പറയുന്നത് കാണുക:

''ഇബ്‌റാഹീം തീയെ അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീയില്‍ ഞാനും കൂടെയുണ്ടായിരുന്നു. എന്റെ പ്രാര്‍ഥന കൊണ്ടല്ലാതെ ആ തീ തണുത്തിട്ടില്ല.''

നോക്കൂ..! ഹിജ്‌റ 400ന് ശേഷം ജനിച്ച മുഹ്‌യുദ്ദീന്‍ ശൈഖ് ഇബ്‌റാഹീം നബിയുടെ കാലത്ത് ഉണ്ടെന്നാണ് ഈ പറയുന്നത്! ശുദ്ധ വിഡ്ഢിത്തമല്ലേ ഇത്? ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതും വിഡ്ഢിത്തമല്ലേ? പുരോഹിതന്മാര്‍ കെട്ടിയുണ്ടാക്കിയ അടിസ്ഥാനരഹിതമായ ഇത്തരം വികലമായ ആശയങ്ങളെ പവിത്രമായി കരുതുന്നവര്‍ ക്വുര്‍ആനും സുന്നത്തും ആ സംഭവം വ്യക്തമായി വിവരിച്ചു തരുന്നുതിലേക്ക് തിരിയേണ്ടതുണ്ട്. 

ഇബ്‌റാഹീം(അ) സ്വന്തം ജനതക്ക് നിരന്തരം നേര്‍മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും അവരത് സ്വീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍ അതിന്റെ സ്വാധീനഫലമായി അവരുടെ ബഹുദൈവാരാധന അബദ്ധമാണെന്ന് ചില ഘട്ടങ്ങളിലെങ്കിലും അവര്‍ സമ്മതിച്ചതുമായിരുന്നു. അഹങ്കാരം കാരണം നിമിഷങ്ങളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ എന്ന് മാത്രം. വ്യക്തമായും പ്രമാണബദ്ധമായും യുക്തിപൂര്‍ണമായും പിതാവിനും സമൂഹത്തിനും നേര്‍വഴി കാണിച്ചുകൊടുത്തിട്ടും അദ്ദേഹത്തെ തീയിലെറിയുവാനാണ് അവര്‍ തീരുമാനിച്ചത്. അല്ലാഹുവിന്റെ വലിയ സഹായം അന്നേരം അദ്ദേഹത്തിന് ലഭിച്ചു. ചിലരെല്ലാം വിശ്വസിച്ചിരുന്നെങ്കിലും ഇബ്‌റാഹീം നബി(അ)യുടെ കൂടെ നിന്ന് സത്യത്തിന് വേണ്ടി പൊരുതുവാന്‍ തയ്യാറായതുമില്ല. ജനതയില്‍ മാറ്റം കാണാത്തതിനാല്‍, പിന്നീട് ഇബ്‌റാഹീം(അ) നാട്ടില്‍നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുകയാണ്:

''നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം'' (ക്വുര്‍ആന്‍ 19:48). 

''അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും'' (ക്വുര്‍ആന്‍ 29:26).

''ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും (ഇബ്‌റാഹീമിനെയും) ലൂത്വിനെയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു'' (ക്വുര്‍ആന്‍ 21:71).

അദ്ദേഹം നാട് വിടുന്ന സന്ദര്‍ഭത്തില്‍ ഇണയായ സാറയും സമകാലികനായി മറ്റൊരു നാട്ടിലേക്ക് നിയോഗിക്കപ്പെട്ട ലൂത്വ്(അ)യും ആണ് കൂടെയുണ്ടായിരുന്നത്. ലൂത്വ്(അ) അദ്ദേഹത്തില്‍ വിശ്വസിച്ചവരില്‍ ഒരാളായിരുന്നു. 

ഇബ്‌റാഹീം നബി(അ)യുടെ ഹിജ്‌റക്ക് ശേഷമുള്ള ജീവിതത്തിന്റെ തുടക്കം ശാമിലായിരുന്നു. പിന്നീടായിരുന്നു അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഇബ്‌റാഹീം(അ) ഇണ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും കൂട്ടി മക്കയിലേക്ക് പോകുന്നത്.

അല്ലാഹുവിങ്കല്‍ ഏറെ സ്ഥാനമാനങ്ങളുള്ള, അല്ലാഹു 'ഖലീലുല്ലാഹി' (അല്ലാഹുവിന്റെ ഉറ്റ മിത്രം) എന്ന് വിശേഷിപ്പിച്ച ഇബ്രാഹീം(അ) പോലും അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചിട്ട് കൂടെ വിശ്വാസികളായി ലഭിച്ചത് വളരെ തുച്ഛം പേരെയാണ്. വിശ്വസിച്ചവര്‍ തന്നെ കൂടെ നില്‍ക്കാന്‍ ധൈര്യം ഇല്ലാത്തവരും. 

അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് ആരും അത് ചെവിക്കൊള്ളുന്നില്ലല്ലോ എന്ന ചിന്ത. 'എത്ര കാലമായി ക്ഷണിക്കുന്നു, എത്ര പ്രാവശ്യംസംസാരിച്ചതാണ്, ആരും പരിഗണിക്കുന്നില്ല, ഒരു മാറ്റവും ഇല്ല, പിന്നെ എന്തിന് ഇതുമായി നടക്കണം' ഇതാണ് പലരും ചോദിക്കുന്നത്. ഇബ്‌റാഹീം(അ) എന്ന മഹാനായ പ്രവാചകന്‍ ഇത്രയെല്ലാം ജനങ്ങളെ ക്ഷണിച്ചിട്ടും കൂടെ എത്ര പേരാണ് ഉണ്ടായത് എന്ന് നാം മനസ്സിലാക്കി. ആളുകള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം എത്ര ക്ഷണിക്കുന്നുവോ നമുക്ക് അതിന്റെ ഗുണം അല്ലാഹുവിങ്കല്‍ അതിരറ്റതാണ്. ഇബ്‌റാഹീം നബി(അ)യെ മിഅ്‌റാജിന്റെ അവസരത്തില്‍ നബി ﷺ കണ്ടത് നാം മുമ്പ് വിവരിച്ചതാണ്.  കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന, എണ്ണം എത്രയെന്ന്  ക്ലിപ്തപ്പെടുത്തുവാന്‍ സാധിക്കാത്ത അത്രയും മലക്കുകള്‍ വന്ന് ഇബാദത്തെടുക്കുന്ന പരിശുദ്ധ ഗേഹത്തില്‍ ചാരിയിരിക്കുന്നത് നബി ﷺ കണ്ടത് അവിടുന്ന് നമ്മെ പഠിപ്പിച്ചതാണ്. തന്നില്‍ വിശ്വസിച്ചവരുടെ എണ്ണം കുറഞ്ഞുവെന്ന കാരണം ഇബ്‌റാഹീം(അ)ന്റെ മഹത്ത്വത്തിന് യാതൊരു പോരായ്മയും ഉണ്ടാക്കിയിട്ടില്ല. ആളുകള്‍ വിശ്വസിക്കാത്തത് പ്രബോധനം നിര്‍ത്തിവെക്കുവാന്‍ കാരണമാക്കരുതെന്ന് അര്‍ഥം. കാരണം ആരെയും നേര്‍വഴിയിലാക്കുന്നത് അല്ലാഹുവാണ്. നാം എത്ര കൊതിച്ചിട്ടും കാര്യമില്ല. അല്ലാഹുവാണ് ഹിദായത്ത് നല്‍കുന്നവന്‍.

''അവരെ നേര്‍വഴിയിലാക്കുവാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു'' (ക്വുര്‍ആന്‍ 2:272). 

''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 28:56). 

നാം ബാധ്യത നിര്‍വഹിക്കുക. അതാണ് നമ്മില്‍ അര്‍പിക്കപ്പെട്ടിട്ടുള്ളത്. 

ബനൂ ഇസ്‌റാഈല്യരോട് അല്ലാഹു ശനിയാഴ്ച ദിവസം മീന്‍ പിടിക്കുന്നതിനെ വിലക്കിയിരുന്നു. ശനിയാഴ്ചയാണെങ്കിലോ മത്സ്യം വെള്ളത്തില്‍ അധികവും. പിടിക്കാനാണെങ്കില്‍ പാടില്ല താനും. അവര്‍ക്കത് വലിയ ഒരു പരീക്ഷണമായിരുന്നു. എന്നാല്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ശനിയാഴ്ച വന്ന മത്സ്യങ്ങളൊന്നും പോകാതിരിക്കാന്‍ ഒരു കെട്ട് കെട്ടി; അടുത്ത ദിവസം പിടിക്കാന്‍. അപ്പോള്‍ ശനിയാഴ്ച പിടിച്ചത് പോലെ തന്നെയായല്ലോ. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ ധിക്കരിച്ചു എന്നര്‍ഥം. ഇത് കണ്ട അവരിലെ നല്ലവരായ വിശ്വാസികള്‍ ഉപദേശിച്ചു. അപ്പോള്‍ അവിടെ ഒരു മൂന്നാം കക്ഷി വന്നിട്ട് ഉപദേശകരോട് 'എന്തിനാ നിങ്ങളിങ്ങനെ ഉപദേശിച്ച് നടക്കുന്നത്, നിങ്ങള്‍ പറഞ്ഞാല്‍ അവര്‍ നന്നാവുമോ, അല്ലാഹു അവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്‌തോട്ടെ, നിങ്ങള്‍ ഉപദേശിക്കേണ്ട' എന്നെല്ലാം പറഞ്ഞു. അപ്പോള്‍ ആ ഉപദേശകര്‍ അവര്‍ക്ക് നല്‍കിയ മറുപടിയാണ് പ്രബോധകര്‍ക്ക് പ്രചോദനം നല്‍കേണ്ടത്.

''അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത് എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു''(ക്വുര്‍ആന്‍ 6:164,165). 

നാം അറിഞ്ഞതും മനസ്സിലാക്കിയതുമായ അറിവ് അത് എത്തിയിട്ടില്ലാത്തവരിലേക്ക് എത്തിച്ചുവോ എന്ന് പരലോകത്ത് ചോദിക്കുന്ന സന്ദര്‍ഭത്തില്‍ എത്തിച്ചിട്ടുണ്ടെന്ന് നമുക്ക് പറയുവാന്‍ നമുക്ക് കഴിയണം. നമ്മുടെ പ്രബോധനത്തിന്റെ കാരണത്താല്‍ നരകശിക്ഷയില്‍ നിന്ന് വല്ലവരും രക്ഷപ്പെടുകയാണെങ്കില്‍ അത് നമുക്കും അവര്‍ക്കും വലിയ നേട്ടവുമാണല്ലോ. അവര്‍ രക്ഷപ്പെടണം എന്ന ആഗ്രഹവും അവരോടുള്ള ഗുണകാംക്ഷയും നമ്മില്‍ വേണം.

സന്മാര്‍ഗം എന്നത് അല്ലാഹു നല്‍കുന്ന ഒരു പ്രകാശമാണല്ലോ. ആ പ്രകാശം അവനുദ്ദേശിക്കുന്നവര്‍ക്കേ അവന്‍ നല്‍കൂ. നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. നമുക്ക് ലഭിച്ച പ്രകാശം അത് എന്നും നിലനില്‍ക്കണമെന്നില്ല. ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ അതിനുണ്ട്. പലരും അല്ലാഹുവിന്റെ ദീനില്‍ വരികയും പിന്നീട് എന്തെല്ലാമോ കാരണത്താല്‍ വെളിച്ചം ഹൃദയത്തില്‍ നിന്ന് അണഞ്ഞു പോകുകയും പഴയ ഇരുട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ വിശ്വാസികളായ നാം ഏത് സമയത്തും ആ പ്രകാശം നമ്മില്‍ നിലനില്‍ക്കുവാന്‍ അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കണം. നമസ്‌കാരവേളയില്‍ നാം അത് നിര്‍വഹിക്കാറുണ്ട്. പള്ളിയിലേക്ക് പോകുന്ന വേളയിലും ആ പ്രകാശത്തെ നാം അല്ലാഹുവിനോട് ചോദിക്കാറുണ്ടല്ലോ. അതെല്ലാം നാം മനസ്സറിഞ്ഞ് നിര്‍വഹിക്കണം.

ഇബ്‌റാഹീം(അ) ജനിച്ചുവളര്‍ന്ന നാടും വീടും ഒഴിവാക്കി ഹിജ്‌റ പോകുകയാണ്. ഹിജ്‌റ എന്നത് ഏത് കാലത്തും ഉള്ളത് തന്നെയാണ്. ഹിജ്‌റ ഏത് സമയം വരെ ഉണ്ടെന്നത് കാണുക:

''പശ്ചാത്താപം മുറിയുന്നത് വരെ ഹിജ്‌റയും മുറിയുന്നതല്ല. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ തൗബയും മുറിയുന്നതല്ല'' (അബൂദാവൂദ്). 

താന്‍ ജീവിക്കുന്ന നാട്ടില്‍ തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കുവാന്‍ യാതൊരു വഴിയുമില്ലെങ്കില്‍ തന്റെ വിശ്വാസം ബലി നല്‍കി ആ നാട്ടില്‍ തന്നെ കഴിയുകയാണെങ്കില്‍ അത്തരക്കാരുടെ മരണം സമാധന പൂര്‍ണമാകില്ലെന്നാണ് ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

''(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 4:97-99).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റ പോകുന്നതിനാല്‍ ഒരാള്‍ക്കും ഒരു നഷ്ടവും വരാനില്ല. അല്ലാഹു അവര്‍ക്ക് വാഗ്ദാനം നല്‍കുന്നത് കാണുക:

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന്  സ്വദേശം വെടിഞ്ഞ് കൊണ്ട്  അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും അനന്തരം (വഴിമധേ്യ) മരണം അവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(ക്വുര്‍ആന്‍ 4:100).

ഇസ്‌ലാമികമല്ലാത്ത സന്ദേശം പടച്ചുണ്ടാക്കി അതിനനുസരിച്ച് ജീവിക്കുവാന്‍ തന്റെ നാട് പ്രാപ്തമല്ലെന്ന് പറഞ്ഞ് ഹിജ്‌റക്ക് ക്ഷണിക്കുകയും ഹിജ്‌റ ചെയ്യുകയും ചെയ്യുന്ന അപൂര്‍വം ചിലരെങ്കിലുമുണ്ട്. അവരുടെ ഹിജ്‌റ യഥാര്‍ഥ ഹിജ്‌റയല്ല. അതെല്ലാം ചില ഗൂഢ ലക്ഷ്യത്തിനുള്ളതാണെന്ന് നാം തിരിച്ചറിയുകയും വേണം.

ഇബ്‌റാഹീം നബി(അ)യുടെ നാട്ടുകാരും വീട്ടുകാരും ഭരണാധികാരികളും തന്റെ വിശ്വാസം സംരക്ഷിച്ച് ജീവിക്കുന്നതിന് എതിരായി മാറിയ സാഹചര്യത്തിലാണ് അദ്ദേഹം നാട് വിടാന്‍ തീരുമാനിക്കുന്നത്. പിതാവിനോടും നാട്ടുകാരോടും അദ്ദേഹം നടത്തിയ ഉപദേശങ്ങള്‍ നാം ഗ്രഹിച്ചുവല്ലോ. രാജാവിനോടുള്ള അദ്ദേഹത്തിന്റെ സംവദിക്കലാണ് ഇനി നാം മനസ്സിലാക്കേണ്ടത്.