ആദ് സമുദായത്തിന്റെ കഥ

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

നൂഹ്(അ)ന്റെ ജനതയിലെ അവിശ്വാസികളെ ശക്തമായ പ്രളയത്തിലൂടെ അല്ലാഹു നശിപ്പിക്കുകയും വിശ്വാസികളെ രക്ഷപ്പെടുത്തുകയും ചെയ്തതിനു ശേഷം ഭൂമിയില്‍ അവശേഷിച്ചത് നൂഹ് നബി(അ)യില്‍ വിശ്വസിച്ചവര്‍ മാത്രമായിരുന്നു. 

കാലം കുറെ കഴിഞ്ഞു. നൂഹ്(അ)ന്റെ വഫാതിനു ശേഷം, അദ്ദേഹത്തില്‍ വിശ്വസിച്ച ഏകദൈവ വിശ്വാസികളായ പിന്‍തലമുറ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പരന്നു. ഒരു പ്രവാചകനില്ലാതെ കുറെ കാലം ജീവിക്കേണ്ടി വന്നപ്പോള്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ പതുക്കെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് ഇല്ലാതെയായി. പതുക്കെ പതുക്കെ അവരും ഏകദൈവാരാധനയില്‍ നിന്ന് വഴി മാറി ബഹുദൈവാരാധകരായി. നൂഹ്(അ)ക്ക് ശേഷം വീണ്ടും ഭൂമിയില്‍ ശിര്‍ക്ക് സംഭവിച്ചു തുടങ്ങി. 

ഏതൊരു സമൂഹത്തില്‍ ബഹുദൈവാരാധന വ്യാപകമാകുമ്പോഴും അല്ലാഹു അവരെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാതിരുന്നിട്ടില്ല. എന്നാല്‍ അല്ലാഹു ഇപ്രകാരം ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവന്റെ കാരുണ്യമെന്നോണം അവര്‍ക്ക് താക്കീത് നല്‍കാനായി അവരില്‍ നിന്ന് തന്നെ അവരിലേക്ക് ദൂതന്മാരെ അയച്ചിരുന്നു. അഥവാ ഏതൊരു സമൂഹത്തെ അല്ലാഹു ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുദ്ദേശിക്കുന്നുവോ അവരിലേക്ക് അവന്‍ ദൂതന്മാരെ അയക്കുമായിരുന്നു.

നൂഹ് നബി(അ)ന്റെ ജനതയുടെ നാശത്തിന് ശേഷം ഭൂമിയില്‍ ബഹുദൈവാരാധന ഒരു മതമായി സ്വീകരിച്ചത് ആദ് സമുദായമായിരുന്നു. ഇന്നത്തെ ഒമാനിലെ സലാലയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെ അഹ്ക്വാഫ് എന്ന പ്രദേശത്തായിരുന്നു ആദ് സമുദായം ജീവിച്ചിരുന്നത്. ഇന്ന് ആ പ്രദേശത്തിന്റെ പേര് ഉബാര്‍ എന്നാണ്. 

ആദ് സമുദായത്തെപ്പറ്റി അറബികള്‍ക്ക് നന്നായി അറിയാമായിരുന്നു. ഈ സമുദായത്തിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അല്ലാഹു അയച്ചു. ആ പ്രവാചകനാണ് മഹാനായ ഹൂദ്(അ). വിശുദ്ധ ക്വുര്‍ആനില്‍ ഹൂദ് എന്ന നാമം എഴ് സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ ജനതയായ ആദിനെ സംബന്ധിച്ച് 27 സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഹൂദ്(അ)ന്റെ ജനതയായ ആദ് സമുദായം ശാരീരികമായി ഭയങ്കര ശക്തന്മാരും വലിയ ആകാരമുള്ളവരുമായിരുന്നു. ഈ വലിയ മനുഷ്യരിലേക്കാണ് അല്ലാഹു ഹൂദ്(അ)നെ അയച്ചത്. ആ ജനതയുടെ പ്രത്യേകതകള്‍ അല്ലാഹു വിവരിക്കുന്നത് ഇപ്രകാരമാണ്:

''നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക'' (ക്വുര്‍ആന്‍ 7:69). 

''ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്. തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം'' (89:68).

''എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്'' (41:15).

ശാരീരികമായ ശക്തിയും വെടിപ്പും ഉള്ളവരായി അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത്. അതിന് അവനോട് അവര്‍ നന്ദി കാണിക്കേണ്ടതിന് പകരം ശക്തിയും കഴിവും എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും അവനെ മാത്രം ആരാധിക്കേണ്ടതിന് പകരം അവര്‍ തന്നെ സ്വയം നിര്‍മിച്ച രൂപങ്ങളെ ആരാധിച്ച് അല്ലാഹുവിനോട് അഹങ്കാരം കാണിക്കുകയും ചെയ്തു.

ഏതൊരു സമുദായത്തിലും ശിര്‍ക്ക് വ്യാപകമാകുമ്പോഴാണല്ലോ അല്ലാഹു റസൂലിനെ (ദൂതനെ) അയക്കുകയെന്ന് നാം പറഞ്ഞല്ലോ. ആദ് സമുദായം ശിര്‍ക്കിന്റെ വക്താക്കളായി മാറിയപ്പോള്‍ അവരെ ഏകദൈവാരാധനയിലേക്ക് തിരിച്ചു കൊണ്ടു വരാനായി അവരിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനായി ഹൂദ്(അ)നെ അല്ലാഹു അയച്ചു.

''ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?'' (ക്വുര്‍ആന്‍ 7:65).

അല്ലാഹുവിന്റെ ദൂതന്മാര്‍ എല്ലാവരും അവരവരുടെ ജനതയോട് ആദ്യം ഉപദേശിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുവാനുമായിരുന്നു. തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ അപകടവും മനസ്സിലാക്കിക്കൊടുക്കലാണ് ഏറ്റവും പ്രധാനം എന്നര്‍ഥം. 

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല; അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല''(ക്വുര്‍ആന്‍ 21:25).

''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (ക്വുര്‍ആന്‍ 39:65).

നബി(സ്വ) മറുനാടുകളിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി സ്വഹാബിമാരെ അയക്കുമ്പോഴും ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുആദ്(റ)വിനെ അയക്കുന്ന വേളയില്‍ കൊടുത്ത ഉപദേശം കാണുക:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. മുആദ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍(സ്വ) എന്നെ അയച്ചു. അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും നീ പോകുന്നത് വേദക്കാരായ ജനതയുടെ അടുത്തേക്കാണ്. (അവിടെ എത്തിക്കഴിഞ്ഞാല്‍) അവരെ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതിലേക്കും ഞാന്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന സാക്ഷ്യ വചനത്തിലേക്കും ക്ഷണിക്കുക. അത് അവര്‍ അനുസരിച്ച് കഴിഞ്ഞാല്‍ എല്ലാ രാവും പകലിലുമായി അഞ്ചു നേരത്തെ നമസ്‌കാരം അവരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചു കഴിഞ്ഞാല്‍ അല്ലാഹു അവര്‍ക്ക് സ്വദക്വ (സകാത്ത്) നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും, അത് അവരിലെ ധനികരില്‍ നിന്നും സ്വീകരിച്ച് അവരിലെ ദരിദ്രരിലേക്ക് തിരിച്ച് നല്‍കാനും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അവരെ അറിയിക്കുക. (അവരുടെ ധനം സ്വീകരിക്കുമ്പോള്‍) അവരുടെ ധനത്തിലെ വിലപിടിപ്പുള്ളത് നീ ശ്രദ്ധിക്കണം. അക്രമിക്കപ്പെടുന്നവന്റെ പ്രാര്‍ഥനയെ നീ സൂക്ഷിക്കുക. തീര്‍ച്ചയായും ആ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല'' (മുസ്‌ലിം).

ഹൂദ്(അ) അവരില്‍ പല ദുഃസ്വഭാവങ്ങള്‍ കണ്ടെങ്കിലും അവരിലെ ഏറ്റവും പ്രധാനപ്പെട്ട തിന്മയായ ശിര്‍ക്കിനെതിരെയാണ് ആദ്യം ശബ്ദിച്ചത്. 

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് അവരെ അദ്ദേഹം അറിയിച്ചപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 

''അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍ പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു'' (ക്വുര്‍ആന്‍ 7:66). 

സ്വന്തം കൈകളാല്‍ നിര്‍മിക്കപ്പെട്ട വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഒഴിവാക്കി സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞതിനെ വിഡ്ഢിത്തമായും ബുദ്ധിയില്ലായ്മയായും കളവ് പറയലായും പ്രമാണികള്‍ ചിത്രീകരിച്ചു. മാത്രവുമല്ല, ഇതെല്ലാം ഹൂദ് അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ കുറിച്ച് അവര്‍ പറഞ്ഞു.

ഇങ്ങനെയൊക്കെ ഹൂദ്(അ) പറയാനുള്ള കാരണം തങ്ങളുടെ ആരാധ്യരെ ഒഴിവാക്കണമെന്ന് പറഞ്ഞതിനാല്‍ ഇദ്ദേഹത്തിന് ദോഷബാധയേറ്റിരിക്കുകയാണെന്ന് അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു.

''ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്''(ക്വുര്‍ആന്‍ 11:54). 

ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ പ്രവാചകന്മാരുടെയും എതിരാളികള്‍ പ്രാവാചകന്മാരെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ ഒരേ ആരോപണങ്ങളാണ് പറഞ്ഞിരുന്നത്! കളവ് പറയുന്നവന്‍, ഭ്രാന്തന്‍, സമൂഹത്തില്‍ ഒരു സ്വാധീനവും ഇല്ലാത്തവരെ കൂടെക്കൂടികളായി ലഭിച്ചവന്‍... തുടങ്ങിയ മാന്യതയില്ലവാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും. 

നീ എന്ത് തന്നെ പറയുകയാണെങ്കിലും ശരി; ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട, ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികര്‍ ചെയ്തതെല്ലാം ചെയ്യും. അവര്‍ പിഴച്ചവരാണെങ്കില്‍ ഞങ്ങളും പിഴച്ചോട്ടെ... എന്നിങ്ങനെയെല്ലാം പറഞ്ഞ് തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. 

വിശുദ്ധ ക്വുര്‍ആന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത് കാണുക:

''അപ്രകാരം തന്നെ ഇവരുടെ പൂര്‍വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അനേ്യാന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു'' (51:52,53). 

ഓരോ തലമുറ കഴിയുമ്പോഴും ശേഷക്കാരിലേക്ക് വസ്വിയ്യത്ത് കൈമാറിയത് പോലെയുണ്ട് ഇവരുടെ എതിര്‍പ്പിന്റെ രൂപം. 

ഇവരുടെ എതിര്‍പ്പുകള്‍ക്ക് ഹൂദ്(അ) നല്‍കുന്ന മറുപടി കാണുക:

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7:6769).

''നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൗകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക കന്നുകാലികളും സന്താനങ്ങളും മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു; തോട്ടങ്ങളും അരുവികളും മുഖേനയും'' (ക്വുര്‍ആന്‍ 26:132-134).

ഞാന്‍ നിങ്ങളോട് പറയുന്നതില്‍ അവിവേകമായിട്ടൊന്നുമില്ലെന്നും കാലികള്‍, സന്താനങ്ങള്‍, തോട്ടങ്ങള്‍, അരുവികള്‍ മുതലായവ കൊണ്ട് നിങ്ങളെ സഹായിച്ചവനായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണമെന്നും ലോകരക്ഷിതാവായ, എല്ലാ കാര്യത്തെ കുറിച്ചും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹു എന്നോട് പറയുന്നത് നിങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നും നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെന്ന ഗുണകാംക്ഷ മാത്രമാണ് എനിക്കുള്ളതെന്നും ഭൗതികമായ യാതൊന്നും ഇതിലൂടെ ഞാന്‍ ആശിക്കുന്നില്ലെന്നും അദ്ദേഹം അവരെ അറിയിച്ചു.

''എന്റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 11:51). (തുടരും)