മക്വാമു ഇബ്‌റാഹീം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

(ഇബ്‌റാഹീം നബി(അ): 8)

'മക്വാം' എന്ന പദത്തിന്റെ അര്‍ഥം 'നിന്ന സ്ഥലം' എന്നാണ്. കഅ്ബയുടെ നിര്‍മാണം നടക്കുമ്പോള്‍ ഇബ്‌റാഹീം നബി(അ) ഒരു കല്ലില്‍ കയറി നിന്ന് പടവ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. അങ്ങനെ പടവ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആ കല്ല് ഇബ്‌റാഹീം(അ) കഅ്ബയുടെ വാതിലിനടുത്ത് ഉപേക്ഷിക്കുകയും ചെയ്തു. ആ  കല്ലില്‍ അദ്ദേഹത്തിന്റെ കാല്‍പാദത്തിന്റെ അടയാളം പതിഞ്ഞിരുന്നു. കാലക്രമേണ ആ പാടുകള്‍ ഇല്ലാതെയാവുകയാണ് ചെയ്തത്.

കഅ്ബയുടെ വാതിലിനടുത്തുണ്ടായിരുന്ന ആ കല്ല് ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് അവിടെ നിന്നും അല്‍പം നീക്കി. ത്വവാഫ് ചെയ്യുന്നവരുടെ പ്രയാസം കാരണം അവിടെ നിന്ന് പിന്നീട് ഇന്ന് നാം കാണുന്ന ആ സ്ഥലത്തേക്ക് മാറ്റി ഒരു ക്വുബ്ബക്കകത്താക്കുകയാണ് ചെയ്തത്. പിന്നീട് ഫൈസ്വല്‍ രാജാവ് അത് ഒരു പളുങ്ക് കൂടാരത്തിലാക്കി, ഗ്രില്‍സിലാക്കി അത് പൂട്ടിവെക്കുകയും ചെയ്തു. അതില്‍ തൊടലോ മുത്തലോ ഒന്നും പുണ്യമുള്ളതാക്കിയിട്ടില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അതിനെ ഇടയിലാക്കി  കഅ്ബഃയുടെ നേരെ തിരിഞ്ഞ് രണ്ട് റക്അത്ത് നമസ്‌കരിക്കലാണ് ഇസ്‌ലാം പുണ്യ കര്‍മമാക്കിയിട്ടുള്ളത്.

''ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാര്‍ഥന) വേദിയായി സ്വീകരിക്കുക'' (ക്വുര്‍ആന്‍ 2:125).

ഈ സ്ഥാനത്ത് നമസ്‌കാരം പുണ്യകര്‍മമായി നിശ്ചയിച്ചതില്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ)വിന് ഒരു പങ്കുണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം സ്മരിച്ച് പറയാറുണ്ടായിരുന്നു: 'എന്റെ ആഗ്രഹത്തിനനുസരിച്ച് രണ്ട് മൂന്ന് വഹ്‌യ് ഇറങ്ങിയിട്ടുണ്ട്. അതില്‍ ഒന്ന് ഇതായിരുന്നു.' അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് അദ്ദേഹം ഇടയ്ക്കിടെ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം നബി ﷺ യോട് ഈ ആഗ്രഹം പറഞ്ഞയുടനെ അദ്ദേഹത്തോട് അങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയോ? ഇല്ല. കാരണം, ദീനില്‍ സ്വന്തം ഇഷ്ടപ്രകാരം ഒന്നും കൂട്ടിച്ചേര്‍ക്കുവാനോ എന്തെങ്കിലും ഒഴിവാക്കുവാനോ അവിടുത്തേക്ക് അധികാരമില്ല. അല്ലാഹുവിന്റെ അടുക്കല്‍ നിന്നും ലഭിക്കുന്ന സന്ദേശത്തിനനുസരിച്ചേ അദ്ദേഹത്തിന് എന്തും നടപ്പില്‍ വരുത്തുവാന്‍ അവകാശമുള്ളൂ. അവസാനം നാം തൊട്ടു മുകളില്‍ പറഞ്ഞ ആയത്ത് അവതരിച്ചു. അങ്ങനെ അതിന്റെ പിന്നില്‍ നിന്ന് നമസ്‌കരിക്കല്‍ പുണ്യകര്‍മമാക്കി. അതിന്റെ തൊട്ടു പുറകില്‍ തന്നെ നമസ്‌കരിക്കണമെന്നില്ല. അതിന്റെ പിന്നില്‍, കഅ്ബഃയുടെയും നമ്മുടെയും ഇടയില്‍ അത് ഉണ്ടാകത്തക്ക വിധത്തില്‍ കുറച്ച് പുറകിലും നമസ്‌കരിക്കാവുന്നതാണ്.

 

ഇബ്‌റാഹീം നബി(അ)യുടെ അതിഥികള്‍

''ഇബ്‌റാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്റെ അടുത്തു കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നുകൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മുന്നോട്ട് വന്നു. എന്നിട്ട് തന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ? (പ്രസവിക്കാന്‍ പോകുന്നത്). അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍'' (ക്വുര്‍ആന്‍ 51:24-30).

മനുഷ്യരെ അല്ലാഹു മണ്ണില്‍ നിന്നും, ജിന്നുകളെ തീ ജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിക്കും അതിന്റെ പ്രകൃതം അല്ലാഹു നല്‍കിയിട്ടുണ്ട്. അഥവാ പ്രകൃതിപരമായ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. ആ പ്രകൃതം ഓരോ സൃഷ്ടിയിലും വ്യത്യസ്തമാണ്. ആ വ്യത്യസ്തത എല്ലാവര്‍ക്കും ഒരു പോലെ ഉള്‍കൊള്ളുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും മൊത്തത്തില്‍ ആ പ്രകൃതത്തെ നമുക്ക് അംഗീകരിച്ചു കൊടുക്കാതെ നിര്‍വാഹവുമില്ല. പറവകള്‍ അന്തരീക്ഷത്തില്‍ പറക്കുന്നു, നാം സംസാരിക്കുന്നത് പോലെ അവ സംസാരിക്കില്ല. എന്നാല്‍ നാം കൗതുകത്തോടെ കാണുന്ന പക്ഷിയാണല്ലോ തത്ത. വീട്ടില്‍ വളര്‍ത്തുന്ന ചില തത്തകള്‍ ചില വാക്കുകളെങ്കിലും നാം ഉച്ചരിക്കുന്നത് പോലെ ഉച്ചരിക്കാറുണ്ട്. അത് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് കൊണ്ട് അക്കാര്യം അംഗീകരിക്കുവാന്‍ നമുക്ക് പ്രയാസവുമില്ല. മനുഷ്യരും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം തന്നെ വ്യത്യസ്ത പ്രകൃതിയുമുള്ള സൃഷ്ടിയാണ്. ജിന്നുകളും മലക്കുകളും അങ്ങനെത്തന്നെ.

അവയുടെ പ്രകൃതം എങ്ങനെയെന്നത് അല്ലാഹു നമുക്ക് അറിയിച്ച് തന്നതില്‍ നിന്നേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവര്‍ക്ക് മനുഷ്യരെ പോലെയുള്ള രൂപം സ്വീകരിക്കുവാനുള്ള കഴിവ് അല്ലാഹു നല്‍കിയിട്ടുണ്ട്. മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നതിന് ക്വുര്‍ആനിലും സുന്നത്തിലും ധാരാളം തെളിവുകള്‍ നമുക്ക് കാണുവാന്‍ കഴിയും. അതെല്ലാം അതാത് സന്ദര്‍ഭത്തില്‍ വിവരിക്കുന്നതാണ്. ഇവിടെ അത് വിവരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

ഇബ്‌റാഹീം നബി(അ)യുടെ അടുത്തേക്ക് മാന്യരായ കുറച്ച് അതിഥികള്‍ വന്നതായാണ് ഉപരിസൂചിത വചനത്തില്‍ പറയുന്നത്. അവര്‍ വീട്ടുകാരോട് അനുവാദം ചോദിച്ചതായി പറയുന്നില്ല. പണ്ഡിതന്മാര്‍ പറയുന്നത് അവരുടെ വീടിന് അതിഥികള്‍ക്ക് പ്രവേശിക്കുവാനായി ഒരു വാതിലുണ്ടായിരുന്നുവെന്നും അതിലൂടെ വിരുന്നുകാര്‍ക്ക് എപ്പോഴും കയറി വരാന്‍ പറ്റുന്ന തരത്തില്‍ അത് എപ്പോഴും തുറന്ന് വെക്കലായിരുന്നു പതിവ് എന്നുമാണ്. അതിലൂടെയാണ് ഈ അതിഥികള്‍ വരുന്നത്. അവര്‍ വന്ന് സലാം പറയുന്നു. അദ്ദേഹം അവരോടും സലാം മടക്കി. സലാം ചൊല്ലുക എന്നത് ആദം(അ) മുതലേ ഉണ്ട് എന്നത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. ആരാരും തന്നില്‍ വിശ്വസിക്കാതെ ഒറ്റയാനായി തന്റെ ആദര്‍ശം കൈമുതലാക്കി ജീവിക്കുന്ന വേളയിലാണ് സലാം പറഞ്ഞ് ചിലര്‍ വരുന്നത്. അതിരില്ലാത്ത സന്തോഷം സ്വാഭാവികം. അദ്ദേഹം അവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അപരിചിതരാണല്ലോ വന്നിട്ടുള്ളത്. ആ അപരിചിതത്വം അദ്ദേഹം മനസ്സില്‍ പറയുകയും ചെയ്തു. എന്നിട്ട്  നല്ല മാംസമുള്ള ഒരു കാളക്കുട്ടനെ അവര്‍ക്കായി വേവിച്ച് കൊണ്ടു വന്നു. മറ്റൊരു സ്ഥലത്ത് ക്വുര്‍ആന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്.

''നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം. വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്'' (ക്വുര്‍ആന്‍ 11:69,70).

ഭക്ഷണമുള്ളേടത്തേക്ക് ക്ഷണിക്കാതെ അതിഥികളുടെ അടുത്തേക്ക് കൊണ്ടു അങ്ങോട്ട് കൊണ്ടുപോയിക്കൊടുത്തു. അതാണ് ആതിഥ്യ മര്യാദയുടെ ഏറ്റവും ഉചിതമായ രൂപം. ആളുകളെ വിളിച്ചു വരുത്തി വരി നിര്‍ത്തി വിളമ്പിക്കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇബ്‌റാഹീം(അ) അവരിലേക്ക് ഭക്ഷണവുമായി ചെല്ലുന്നു, കഴിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ കഴിക്കുന്നില്ല. അദ്ദേഹത്തിന് ഒരു ആശങ്കയുണ്ടായി. എന്താണ് ഇവര്‍ ഭക്ഷണം കഴിക്കാത്തത്? പേടിയായി അവരുടെ കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)ക്ക്. അദ്ദേഹത്തിന്റെ ഭയം മനസ്സിലാക്കിയ അവര്‍ പറഞ്ഞു: പേടിക്കേണ്ടതില്ല, ഞങ്ങള്‍ ലൂത്വ്(അ)ന്റെ ജനതയിലേക്ക് അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതന്മാരാണ്. അപ്പോഴാണ് ഇബ്‌റാഹീം നബി(അ)ക്ക് കാര്യം മനസ്സിലായത്. തന്റെ വീട്ടില്‍ വന്ന അതിഥികള്‍ മനുഷ്യരല്ലെന്നും മലക്കുകളാണെന്നും അതിനാലാണ് മനുഷ്യര്‍ കഴിക്കുന്നത് പോലെ അവര്‍ ഭക്ഷണം കഴിക്കാത്തത് എന്നും അപ്പോള്‍ മാത്രമാണ് അദ്ദേഹം അറിയുന്നത്.

ഇബ്‌റാഹീം നബി(അ)ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ മറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയാന്‍ കഴിയില്ല എന്ന കാര്യം ഇതില്‍നിന്നും നമുക്ക്മനസ്സിലാക്കാന്‍ സാധിക്കുന്നു. തന്റെ മുന്നില്‍ വന്നവര്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് മനസ്സിലായില്ലല്ലോ. അവര്‍ അവരെ പരിചയപ്പെടുത്തിയപ്പോള്‍ മാത്രമാണ് അവരെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലായത്. ചിലര്‍ പറയാറുണ്ട് ഇബ്‌റാഹീം നബിക്ക് അറിയാമായിരുന്നു അവര്‍ മലക്കുകളാണെന്ന്; മനുഷ്യ രൂപത്തില്‍ വന്നതിനാലാണ് അദ്ദേഹം അവര്‍ക്ക് ഭക്ഷണം വിളമ്പിയത് എന്ന്. ഇത് തനിച്ച വിഡ്ഢിത്തമാണ്. അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തിന് അവര്‍ ഭക്ഷണം കഴിക്കാത്തതില്‍ പേടിതോന്നുമായിരുന്നോ? മാത്രവുമല്ല, മലക്കുകളുടെ മറുപടിയില്‍ നിന്ന് തന്നെ ഇബ്‌റാഹീം(അ)ന് അവരെ മനസ്സിലായിട്ടില്ല എന്നത് വളരെ വ്യക്തമാണ്.

 

ഇബ്‌റാഹീംനബി(അ)യും മരിച്ചവരെ ജീവിപ്പിക്കലും

''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ?  ഇബ്‌റാഹീം പറഞ്ഞു: അതെ, പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:260).

മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവനാണ് അല്ലാഹുവെന്നതില്‍ ഇബ്‌റാഹീം നബി(അ)ക്ക്‌വിശ്വാസക്കുറവൊന്നുമില്ലായിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ട് രൂപത്തിലുണ്ട്. ഒന്ന്, സംശയിക്കുന്നവന്റെ ചോദ്യം. രണ്ട്, ഉറപ്പുള്ളത് തന്നെയാണ്. എങ്കിലും ഒന്ന് കണ്ട് മനസ്സിന് ഒരു ഉറപ്പ് ലഭിക്കുന്നതിനും. ഇവിടെ ഇബ്‌റാഹീം(അ) ചോദിച്ചത് ഉറപ്പായ അറിവ് ഒന്നു കാണുന്നതിന് വേണ്ടി മാത്രമാണ്. അല്ലാഹു അദ്ദേഹത്തോട് നാല് പക്ഷികളെ പിടിക്കുവാന്‍ കല്‍പിച്ചു. ആ പക്ഷികള്‍ എങ്ങനെയുള്ളവയായിരുന്നുവെന്ന് ഒന്നും നാം പഠിപ്പിക്കപ്പെട്ടിട്ടില്ല. അവ ഏതായിരുന്നുവെന്നെല്ലാം പലരും ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അവ ഏത് തരം പക്ഷിയാണെന്ന് നാം അറിയുന്നതില്‍ വല്ല ഉപകാരവും നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹുവും റസൂലും നമ്മെ അത് അറിയിക്കുമായിരുന്നു. ആയതിനാല്‍ അത്തരം ചര്‍ച്ചകളുടെ പിന്നില്‍ നാം പോകുന്നില്ല.

ഇബ്‌റാഹീം(അ)നോട് അല്ലാഹു ആ നാല് പക്ഷികളെയും തന്നിലേക്ക് കൂട്ടിപ്പിടിക്കുവാന്‍ കല്‍പിച്ചു. അവയെ ഇണക്കി, അദ്ദേഹത്തിന് അവയില്‍ നല്ല പരിചയം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം, ആ പക്ഷികളെ തുണ്ടം തുണ്ടമാക്കി മാറ്റാന്‍ പോവുകയാണ്. രണ്ടാമത് ജീവന്‍ നല്‍കിയ ശേഷം തന്നിലേക്ക് അവ തിരികെ വരുമ്പോള്‍ ഇവ ആ പക്ഷികള്‍ തന്നെയാണെന്ന് അദ്ദേഹത്തിന് യാതൊരു ശങ്കയുമില്ലാതെ അറിയുകയും വേണമല്ലോ. ഇബ്‌റാഹീം(അ) കല്‍പന പ്രകാരം അവയെ ഇണക്കി. അവയോട് നല്ല പരിചയം നേടി. എന്നിട്ട് അവയെ അറുത്ത് കഷ്ണങ്ങളാക്കിയതിന് ശേഷം പരിസരത്തുള്ള ഓരോ മലയിലും അവയുടെ ഓരോ ഭാഗവും കൊണ്ട് പോയി വെക്കാന്‍ കല്‍പനയുണ്ടായി, അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് അവയെ അല്ലാഹുവിന്റെ കല്‍പന പ്രകാരം വിളിച്ചപ്പോള്‍ അവ അദ്ദേഹത്തിനടുത്തേക്ക് വേഗത്തില്‍ വരുന്നതായി അദ്ദേഹം കണ്ടു.

അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാവാചകന്‍ ഇബ്‌റാഹീം(അ)ന് പോലും മരണപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ മുഹമ്മദ് നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് വന്ന ശൈഖ് ജീലാനി(റ)യെ കുറിച്ച് ആളുകള്‍ വിശ്വസിക്കുന്നത് 'ചത്ത ചകത്തിന് ജീവന്‍ ഇടീച്ചോവര്‍, ചാകും കിലേശത്തെ നന്നാക്കി വിട്ടോവര്‍' എന്നാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങളിലുള്ള അജ്ഞതയാണ് ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നതിന് കാരണം. അല്ലാഹു അല്ലാത്ത, ഒരു സൃഷ്ടിക്ക് ജീവന്‍ നല്‍കുവാനും മരിപ്പിക്കുവാനും കഴിയും എന്ന് വിശ്വസിക്കുന്നത് കുഫ്‌റാണ്. അപ്പോള്‍ ചിലര്‍ക്ക് സംശയം ഉണ്ടാകും; ഈസാ(അ) ജീവിപ്പിച്ചില്ലേ എന്ന്. ഇല്ല എന്നതാണ് അതിനുള്ള മറുപടി. കാരണം അതൊരു മുഅ്ജിസത്താണ്. മുഅ്ജിസത്ത് പ്രവാചകന്മാര്‍ ചെയ്യുന്നതല്ല. അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്നതാണെന്നാണ് നാം തുടക്കത്തില്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, നമുക്ക് ഈസാനബിയ(അ)ന്റെ ചരിത്രം വിവരിക്കുമ്പോള്‍ അവിടെ ഈ കാര്യങ്ങള്‍ വിവരിക്കാം.

ഇബ്രാഹീം(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് കാണിച്ച് കൊടുത്തു. മരണപ്പെട്ടവരെ രണ്ടാമത് ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് അല്ലാഹുവിന് നിഷ്പ്രയാസം സാധിക്കുമെന്ന് ഇബ്രാഹീം(അ)ന് അല്ലാഹു ഇതിലൂടെ കാണിച്ചുകൊടുത്തു.

 

ഇബ്‌റാഹീം നബി(അ)യും കിതാബും

അല്ലാഹു നാല് പ്രവാചകന്മാര്‍ക്ക് നല്‍കിയ കിതാബുകളെ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. മൂസാനബി(അ)ക്ക് നല്‍കിയ തൗറാത്ത്, ദാവൂദ് നബി(അ)ക്ക് നല്‍കിയ സബൂര്‍, ഇാസാനബി(അ)ക്ക് നല്‍കിയ ഇഞ്ചീല്‍, മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ ക്വുര്‍ആന്‍; ഇവയാണ് ക്വുര്‍ആന്‍ പേരെടുത്ത് പരിചയപ്പെടുത്തിയ നാല് വേദഗ്രന്ഥങ്ങള്‍. ഈ പറയപ്പെട്ടവരല്ലാത്ത പ്രവാചകന്മാര്‍ക്കും അല്ലാഹു ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെക്കുറിച്ച് അല്ലാഹു 'സ്വുഹുഫ്' (ഏടുകള്‍) എന്നാണ് പറഞ്ഞിരിക്കുന്നത്.ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കിയ സ്വുഹ്ഫിനെ സംബന്ധിച്ച് ക്വുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:

''അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (പത്രികകളില്‍). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം'' (ക്വുര്‍ആന്‍ 53:3640).

''തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍). പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍'' (ക്വുര്‍ആന്‍ 87:14-19).

ഇവിടെ മൂസാ നബി(അ)ക്കും ഇബ്‌റാഹീം നബി(അ)ക്കും സ്വുഹ്ഫ് നല്‍കപ്പെട്ടിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാത്തിലും അല്ലാഹു നല്‍കിയിട്ടുള്ള അടിസ്ഥാന നിര്‍ദേശങ്ങള്‍ ഒന്ന് തന്നെയായിരുന്നുവെന്ന് ഈ വചനങ്ങളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്. ആ സ്വുഹ്ഫിന്റെ മറ്റു പ്രത്യേകതകളൊന്നും നമുക്ക് വിവരിക്കപ്പെട്ടിട്ടില്ല.

 

ഇബ്‌റാഹീം നബി(അ)യും ചേലാകര്‍മവും

ഒരു പുരുഷന് ലിംഗ ശുദ്ധിക്കും ലൈംഗിക ശുദ്ധിക്കും ചേലാ കര്‍മം മഹത്തരമാണെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അത് നജസില്‍ നിന്ന് പൂര്‍ണമായും പുരുഷന് മോചനം നല്‍കുന്നതാണ്. മനുഷ്യ പ്രകൃതത്തെ നന്നായി അറിയുന്ന അല്ലാഹുവിന്റെ മതം ഇത് ഒരു പുണ്യ കര്‍മമായിട്ടാണ് പഠിപ്പിക്കുന്നത്. 80 വയസ്സുള്ളപ്പോള്‍ അദ്ദേഹം ചേലാകര്‍മം ചെയ്യുവാനായി കല്‍പിക്കപ്പെട്ടു. യാതൊരു മടിയും വിഷമവും കൂടാതെ അദ്ദേഹം അത് പാലിക്കുകയും ചെയ്തു.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇബ്‌റാഹീം നബി(അ) തന്റെ എണ്‍പതാമത്തെ വയസ്സില്‍ ചേലാകര്‍മം ചെയ്തു'' (മുസ്‌ലിം).

 

ഇബ്‌റാഹീം നബി(അ)യുടെ രൂപം

നബി ﷺ പറയുന്നു: ''രണ്ടാളുകള്‍ ഒരു രാത്രിയില്‍ ഒരാളെയുമായി എന്റെയടുത്ത് വന്നു. അദ്ദേഹം നല്ല ഉയരമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ ഉയരം കാരണം എനിക്ക് അദ്ദേഹത്തിന്റെ തല കാണുവാന്‍ എനിക്ക് കഴിയുന്നില്ല. നിശ്ചയമായും അത് ഇബ്‌റാഹീം(അ) ആയിരുന്നു''(ബുഖാരി).

നബി ﷺ ഇബ്‌റാഹീം(അ)നെ ഈ അവസരത്തിലും മിഅ്‌റാജിന്റെ അവസരത്തില്‍ ബൈതുല്‍ മഅ്മൂറിനടുത്ത് വെച്ചും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകൃതി ആരുടെ പോലെയാണെന്നും അവിടുന്ന് നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്:

''...ഞാന്‍ ഇബ്‌റാഹീം(അ)നെ കണ്ടു. അപ്പോള്‍ അദ്ദേഹം നിങ്ങളുടെ കൂട്ടുകാരനോട് (അവിടുന്ന് തന്നെത്തന്നെയാണ് ഉദ്ദേശിച്ചത്)  ഏറ്റവും അടുത്ത് സാദൃശ്യമുള്ളവനായിരുന്നു'' (മുസ്‌ലിം).

ഇബ്‌റാഹീം(അ) നല്ല ഉയരമുള്ളയാളും നബി ﷺ യുടെ രുപത്തോട് സാദൃശ്യമുള്ള ആളുമായിരുന്നു എന്ന് വ്യക്തം.

(തുടരും)