ധിക്കാരികളുടെ പതനം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

(സ്വാലിഹ് നബി(അ): 2)

സ്വാലിഹ്(അ)നോട് അവര്‍ ആവശ്യപ്പെട്ട ഒട്ടകം അവര്‍ക്ക് ലഭിച്ചു. ആ ഒട്ടകം അവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു. അതിനാല്‍ ആ ഒട്ടകത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് കൂടി സ്വാലിഹ്(അ) അവരെ അറിയിച്ചു. ആ ഒട്ടകത്തെ കുറിച്ച് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

''അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍.നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത് (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും'' (ക്വുര്‍ആന്‍ 26:155,156).

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും'' (ക്വുര്‍ആന്‍ 7:73).

'അല്ലാഹുവിന്റെ ഒട്ടകം' എന്ന് അല്ലാഹുവിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് ഇവിടെ ഈ ഒട്ടകത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. എല്ലാം അല്ലാഹുവിന്റെത് തന്നെയാണ്. പക്ഷേ, ഈ ഒട്ടകത്തെ മാത്രം എന്തുകൊണ്ട് അല്ലാഹു അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞു? ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് ഇത് അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമാണ് വ്യക്തമാക്കുന്നത് എന്നാണ്. ആ ഒട്ടകം പ്രസവിക്കപ്പെട്ടതല്ല. അത് ഇന്ന ആളുടേതാണെന്ന് അവകാശപ്പെടാനും കഴിയില്ല. കാരണം അത് അല്ലാഹു അവര്‍ ആവശ്യപ്പെട്ട ആ പാറക്കെട്ടുകളില്‍ നിന്നും പുറത്ത് കൊണ്ടുവന്നതാണ്. അത് അല്ലാഹു അവര്‍ക്ക് നല്‍കിയ ഒരു ദൃഷ്ടാന്തമായിരുന്നു. 

അതിനെ ഉപദ്രവിക്കരുത്. അതിനെ ഭൂമിയില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിടണം, യാതൊരു പ്രയാസവും അതിന് വരുത്തരുത്, അപ്രകാരം ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് കഠിനമായ ശിക്ഷ ലഭിക്കുന്നതാണ് എന്നെല്ലാം അവര്‍ അറിയിക്കപ്പെട്ടു. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ക്ക് ലഭിച്ച ആ ദൃഷ്ടാന്തം അവര്‍ക്ക് വലിയ ഒരു പരീക്ഷണം കൂടിയായിരുന്നു.

എന്നാല്‍ അവരുടെ ധിക്കാരം അവര്‍ക്ക് വിനയായി. അവസാനം എന്താണ് അവര്‍ ചെയ്തതെന്ന് ക്വുര്‍ആന്‍ വിവരിക്കുന്നു:

''അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ'' (ക്വുര്‍ആന്‍ 7:77).

അവരുടെ ധിക്കാരത്തിന്റെ കാഠിന്യമാണിത് വ്യക്തമാക്കുന്നത്. സ്വാലിഹ്(അ)നോട് നീയൊരു പ്രവാചകനാണെങ്കില്‍ ഈ പാറക്കെട്ടില്‍ നിന്നൊരു ഒട്ടകത്തെ കൊണ്ടുവാ എന്ന് ആവശ്യപ്പെട്ടു. അത് ലഭിച്ചപ്പോള്‍ വേറെ പലതും പറഞ്ഞ് അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ കളവാക്കി. അല്ലാഹുവിന്റെ ഒട്ടകത്തെ അവര്‍ കൊന്നു കളഞ്ഞു. ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത് നീ അല്ലാഹുവിന്റെ ദൂതനാണെങ്കില്‍ നീ ഞങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന ആ ശിക്ഷ കൊണ്ടുവാ എന്നും! 

അവര്‍ ആ ഒട്ടകത്തെ എന്താണ് ചെയ്തതെന്ന് ക്വുര്‍ആന്‍ മറ്റൊരിടത്തും ഇങ്ങനെ വിവരിച്ചിട്ടുണ്ട്: 

''ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി. അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ അവരോട് പറഞ്ഞു: അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു. അതിന്റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല'' (ക്വുര്‍ആന്‍ 91:11-15).

ഥമൂദ് സമുദായം സ്വാലിഹ്(അ)ന്റെ ഉപദേശങ്ങളെയും താക്കീതുകളെയും അവഗണിച്ച് ആ കൊടുംകൈ ചെയ്തുകളഞ്ഞു. അവര്‍ ആ കൃത്യം ചെയ്യാനായി അവരുടെ കൂട്ടത്തിലെ ഒരാളെ തെരഞ്ഞെടുക്കുകയാണുണ്ടായത്. അതിനാലാണ് കൃത്യം ചെയ്തത് ഒരാളാണെങ്കിലും അവര്‍ അതിനെ കൊന്നു കളഞ്ഞുവെന്ന് പറഞ്ഞത്. അവര്‍ എല്ലാവരും ആ കൊടും കൃത്യത്തില്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. ക്വതാദ(റ) പറയുന്നു:

''ഒട്ടകത്തെ അറുത്തു കൊന്നയാള്‍ പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും തൃപ്തിയുണ്ടാകുന്നത് വരെ ഞാന്‍ അതിനെ കൊല്ലില്ല. അങ്ങനെ അവര്‍ ജനങ്ങളുടെ അടുത്തേക്ക് പോകുകയും ചോദിക്കുകയും ചെയ്തു. വീട്ടിന്റെ ഉള്ളറകളില്‍ കഴിയുന്ന സ്ത്രീകളുടെ അടുത്ത് വരെ അവര്‍ പ്രവേശിച്ചു. എന്നിട്ട് അവര്‍ ചോദിച്ചു: നിങ്ങള്‍ (എല്ലാവരും) ഒട്ടകത്തെ അറുത്ത് കൊന്നു കളയുന്നതില്‍ തൃപ്തരാണോ? അവര്‍ എല്ലാവരും പറഞ്ഞു: അതെ (ഞങ്ങള്‍ തൃപ്തരാണ്). കുട്ടികളും സമ്മതം നല്‍കി. ഥമൂദുകാര്‍ എല്ലാവരും (ആ ഒട്ടകത്തെ കൊല്ലുന്നതില്‍) തൃപ്തി കാണിച്ചു. അങ്ങനെ അയാള്‍ അതിനെ അറുത്തു കൊന്നു (ത്വബ്‌രി). 

ഒട്ടകത്തെ അവര്‍ നശിപ്പിച്ചുവല്ലോ. ഇനി അവരുടെ അടുത്ത ലക്ഷ്യം സ്വാലിഹ്(അ)നെ നശിപ്പിക്കലാണ്. ആ നാട്ടില്‍ ഒരു ഒമ്പത് പേരുണ്ടായിരുന്നു. യാതൊരു നന്മയും ജീവിതത്തിലില്ലാത്ത, വല്ലതും ചെയ്യുന്നുവെങ്കില്‍ കുഴപ്പം മാത്രം ചെയ്യുന്നവര്‍. ആര്‍ക്കും ഒരു നന്മയും ചെയ്യാത്തവര്‍. അവര്‍ അല്ലാഹുവിന്റെ  പേരില്‍ ആണയിട്ടുകൊണ്ട് സ്വാലിഹ്(അ)നെയും സ്വാലിഹ്(അ)ന്റെ കുടുംബത്തെയും വകവരുത്തുവാന്‍ തീരുമാനിച്ചു. ഇനി കുടുംബത്തിലെ ആരെങ്കിലും ഈ കൊലപാതകത്തെ കുറിച്ച് ചോദിച്ചാല്‍ നമുക്കത് അറിയില്ലെന്നും പറയാം എന്നൊക്കെ പറഞ്ഞുറപ്പിച്ച് അവര്‍ അതിന് ഒരുങ്ങി. അതു സംബന്ധമായി ക്വൂര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: 

''ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും ഒരു നന്മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേര്‍ ആ പട്ടണത്തിലുണ്ടായിരുന്നു. അവനെ(സ്വാലിഹിനെ)യും അവന്റെ ആളുകളെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണമെന്നും പിന്നീട് അവന്റെ അവകാശിയോട്, തന്റെ ആളുകളുടെ നാശത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യണം എന്ന് അവര്‍ തമ്മില്‍ പറഞ്ഞുറച്ചു. അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു'' (ക്വുര്‍ആന്‍ 27:48-51).

അല്ലാഹുവിനെ സഹായിക്കുന്നവരെ അവനും സഹായിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണല്ലോ. അവര്‍ സ്വാലിഹ്(അ)നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള കുതന്ത്രം മെനഞ്ഞപ്പോള്‍ അവരുടെ കുതന്ത്രത്തെ അല്ലാഹു വിജയിപ്പിച്ചില്ലെന്ന് മാത്രമല്ല. അവരെ മുഴുവനും അല്ലാഹു നശിപ്പിച്ചു കളഞ്ഞു. 

അവരെ നശിപ്പിക്കുന്നതിന് മുമ്പേ അല്ലാഹു അവരെ ക്ഷാമം, വരള്‍ച്ച മുതലായവകൊണ്ടെല്ലാം കടുത്ത പരീക്ഷണത്തിന് വിധേയമാക്കി. എന്നാല്‍ അതും സ്വാലിഹ്(അ)ന്റെ പേരില്‍ അവര്‍ ചാര്‍ത്തി. നീ കാരണമാണ് ഈ നാട്ടില്‍ വറുതിയും ക്ഷാമവും എല്ലാം ഉണ്ടായിട്ടുള്ളത്. ഇതുവരെ ഈ നാട്ടുകാര്‍ക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ. ഈ നാടിന് നീ ശകുനമാണ് എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. അവര്‍ ആക്ഷേപിച്ചതും അതിന് മഹാനായ സ്വാലിഹ്(അ) നല്‍കിയ മറുപടിയും ഇപ്രകാരമായിരുന്നു.

''അവര്‍ പറഞ്ഞു: നീ മൂലവും, നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു'' (ക്വുര്‍ആന്‍ 27:47).

സത്യപ്രബോധകരെ സത്യവീഥിയില്‍ നിന്നും മാറ്റി നിര്‍ത്തുവാനും ദൗത്യനിര്‍വഹണത്തില്‍നിന്ന് പിന്തിരിപ്പിക്കുവാനുമായി ശത്രുക്കള്‍ അവര്‍ക്കെതിരില്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാത്ത അപരാധങ്ങള്‍ അവരുടെ മേല്‍ കെട്ടിവെക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏത് കാലത്തും നടത്തിയിട്ടുണ്ട്. സ്വാലിഹ്(അ)നെതിരിലും അവര്‍ ഇതെല്ലാം പ്രയോഗിച്ചുവെങ്കിലും അദ്ദേഹം തന്റെ ദൗത്യവുമായി മുന്നോട്ട് പോയി.

സ്വാലിഹ്(അ)നോട് അവര്‍ ഒട്ടകത്തെ ചോദിച്ചുവല്ലോ. അത് അവര്‍ക്ക് അല്ലാഹു നല്‍കി. അവര്‍ അതിനെ വക വരുത്തുകയും ചെയ്തു. ശേഷം അവര്‍ അദ്ദേഹത്തോട് ശിക്ഷക്ക് മുറവിളി കൂട്ടിയത് നാം വിവരിച്ചു. അങ്ങനെ അവരെ നശിപ്പിക്കുവാനായി ശിക്ഷയിറക്കുവാനും സ്വാലിഹ്(അ)നെയും കൂടെയുള്ളവരെയും രക്ഷപ്പെടുത്തുവാനും അല്ലാഹു തീരുമാനിച്ചു. സ്വാലിഹ്(അ) നിങ്ങള്‍ക്ക് ശിക്ഷ ഇറങ്ങാറായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിലധികം ഇനി നിങ്ങള്‍ക്ക് ആയുസ്സില്ലെന്നും ഇത് ഉറച്ച ഒരു വാഗ്ദാനമാണെന്നും അവരോട് മുന്നറിയിപ്പ് നല്‍കി. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു). തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും'' (ക്വുര്‍ആന്‍ 11:66).

''എന്നിട്ട് അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന് ദിവസം നിങ്ങളുടെ വീടുകളില്‍ സൗഖ്യമനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും). തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്'' (ക്വുര്‍ആന്‍ 11:65).

സ്വാലിഹ്(അ) അവരോടിത് പറഞ്ഞത് ഒരു വ്യാഴാഴ്ചയായിരുന്നു. വ്യാഴം കഴിയുന്നതിന് മുമ്പേ അവരുടെ മുഖം ഒരുതരം മഞ്ഞ നിറമായി. വെള്ളിയാഴ്ചയായപ്പോള്‍ മുഖം ചുവപ്പുനിറമായി. ശനിയാഴ്ച ആയപ്പോള്‍ മുഖം നന്നായി കറുത്തിരുണ്ടതായി. ഞായറാഴ്ച പ്രഭാതം പൊട്ടിവിടരുന്നതിന് മുമ്പേ അവര്‍ ആവശ്യപ്പെട്ട ശിക്ഷ അവരില്‍ ഇറങ്ങി. ഇബ്‌നു കഥീര്‍(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

''സ്വാലിഹ്(അ) അവരുടെ മുകള്‍ ഭാഗത്ത് ആകാശത്തുനിന്നും ഇടിത്തീയും  താഴെ നിന്ന് ശക്തമായ (ഭൂമി)കുലുക്കവും ഉണ്ടാകുമെന്ന് അവര്‍ക്ക് വാഗ്ദാനം നല്‍കി. അങ്ങനെ ആത്മാക്കള്‍ (ശരീരത്തില്‍ നിന്ന്) മാറി, ശരീരം തകര്‍ന്നടിഞ്ഞു. സത്യം വെളിപ്പെട്ടു (അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണ് കിടക്കുന്നവരായിരുന്നു). അവരില്‍ ആത്മാവില്ലാതെയായി, നിശ്ചലരായി.''

അവരെ പിടികൂടിയ ശിക്ഷയെ കുറിച്ച് ക്വുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

''അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു'' (7:78).

''അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു'' (11:67).

''എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു'' (27:51).

''എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്. അങ്ങനെ അവര്‍ ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമായി അപമാനകരമായ ഒരു ഭയങ്കര ശിക്ഷ അവരെ പിടികൂടി'' (41:17).

''നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു'' (54:31).

''എന്നിട്ട് അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു. അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്'' (27:51,52).

ശിക്ഷക്ക് ശേഷം ആ ജനതയുടെ അവസ്ഥ ക്വുര്‍ആന്‍ പറയുന്നത് ശ്രദ്ധിച്ചുവല്ലോ. അവര്‍ അന്നാട്ടില്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്തത് പോലെയായി എന്നാണ് മുഫസ്സിറുകള്‍ പറയുന്നത്.

ഐഹിക സുഖങ്ങളില്‍ അഭിരമിച്ച് ദേഹേച്ഛക്ക് മുന്‍തൂക്കം നല്‍കി അല്ലാഹുവിന്റെ കല്‍പനകളെ അവഗണിക്കുന്നവര്‍ അറിയുക; ജീവിതത്തില്‍ അനുഭവിക്കുന്ന ഏതേത് സൗകര്യങ്ങളാണെങ്കലും കടല്‍ത്തീരത്ത് വരക്കുന്ന ചിത്രങ്ങളെ പോലെയാണ്. ഒരു തിര വന്നാല്‍ അത് ഇല്ലാതാകും. തിരയടിക്കുന്നത് വരെ മാത്രമെ ആഹ്ലാദിക്കാന്‍ അവസരമുള്ളൂ. നാം അനുഭവിക്കുന്ന ഏത് സുഖവും ഇന്നത്തെ സമ്പന്നനെ നാളത്തെ ദരിദ്രനും ഇന്നത്തെ ദരിദ്രനെ നാളത്തെ സമ്പന്നനുമാക്കി മാറ്റാന്‍ കഴിവുള്ള; സര്‍വശക്തനായ അല്ലാഹുവാണ് നല്‍കിയതെന്ന ഓര്‍മ നിലനിര്‍ത്തി അവന് വഴിപ്പെട്ട് ജീവിക്കണം. അല്ലാത്തവരെല്ലാം അല്ലാഹുവിന്റെ ശിക്ഷക്ക് അര്‍ഹരാകും. കയ്യില്‍ കിട്ടിയ അനുഗ്രഹങ്ങളുടെ പേരില്‍ അഹങ്കരിക്കരുത്. സ്വാലിഹ്(അ)ന്റെ സമുദായത്തിന് വന്ന അവസ്ഥ നമുക്ക് വന്നു കൂടാ. അല്ലാഹു നമ്മെ അവന് വഴിപ്പെട്ട് ജീവിക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ, ആമീന്‍.

ആരായിരുന്നു ഥമൂദുകാര്‍? പാറ തുരന്ന് വീടുണ്ടാക്കിയ മല്ലന്മാരായിരുന്നില്ലേ അവര്‍?! പക്ഷേ, അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയപ്പോള്‍ അവരുടെ ആരോഗ്യം അവരെ തുണച്ചില്ല. ഉറപ്പേറിയ താമസ സഥലവും തുണയേകിയില്ല. 

നശിപ്പിക്കപ്പെട്ട നാട്ടുകാരെ കണ്ട് സ്വാലിഹ്(അ) പറയുന്ന വാക്കുകള്‍ കാണുക:

''അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല'' (7:79).

ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട എഴുപതോളം ശത്രുക്കള്‍ കിടക്കുന്ന സ്ഥലത്തേക്ക് നോക്കി നബി ﷺ   പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. നബി ﷺ പറഞ്ഞു:

''നിങ്ങളോട് നിങ്ങളുടെ റബ്ബ് വാഗ്ദാനം ചെയ്തത് നിങ്ങള്‍ കണ്ടുവോ? ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ കണ്ടു.'' അപ്പോള്‍ ഉമര്‍(റ) നബി ﷺ യിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, അവര്‍ മരിച്ചവരല്ലേ?'' നബി ﷺ പറഞ്ഞു: ''അല്ലാഹുവാണെ സത്യം! ഉമറേ, നിങ്ങളെക്കാളും കൂടുതല്‍ അവര്‍ എന്നില്‍ നിന്ന് കേള്‍ക്കുന്നണ്ട്.'' ക്വതാദ(റ) പറയുന്നു: ''നബി ﷺ അവരെ ചെറുതാക്കുവാനും നിന്ദിക്കുവാനുമായി പറഞ്ഞത് കേള്‍പിക്കുവാനായി അപ്പോള്‍ അല്ലാഹു അവരെ ജീവിപ്പിച്ചു. (ആ സംസാരം) അവര്‍ക്കുള്ള ഒരു ശിക്ഷയും ഖേദവുമായിരുന്നു''(ബുഖാരി, മുസ്‌ലിം).

ഒരാള്‍ ഒരു കാര്യം പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം പിന്നീട് അനുഭവിക്കുമ്പോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയവര്‍ ചോദിക്കുമല്ലോ; ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്. അത് കേള്‍ക്കുമ്പോള്‍ ഒന്നുകൂടെ വിഷമം കൂടും. അത് അവരെ നിന്ദ്യരുമാക്കും. ഇതൊക്കെയാണ് ഈ സംസാരത്തിന്റെ താല്‍പര്യം.

ഥമൂദുകാരുടെ വാസസ്ഥലം ഇന്ന് സുഊദി അറേബ്യയില്‍ മദാഇനു സ്വാലിഹ് എന്ന പേരില്‍ കാണാം എന്ന് നാം നേരത്തെ മനസ്സിലാക്കിയതാണല്ലോ.

അല്ലാഹു നശിപ്പിച്ചു കളഞ്ഞ പല ജനതയുടെയും അവശിഷ്ടങ്ങള്‍ (താമസസ്ഥലം, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ മുതലായവ) ശേഷക്കാര്‍ക്ക് കണ്ട് മനസ്സിലാക്കുവാനായി ദൃഷ്ടാന്തമെന്നോണം ഇന്നും നമുക്ക് കാണാം. ഇത്തരം സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര നടത്തി അവിടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് നിന്ന് കൊടുത്തും ചിരിച്ചും കളിച്ചും രസിച്ച് നടക്കുന്ന ചിലരുണ്ട്. അതൊരിക്കലും പാടില്ലാത്തതാണ്. അത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് പണ്ഡിതന്മാര്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. കേവലം ഉല്ലാസ യാത്രയാണെങ്കില്‍ അത് നിഷിദ്ധമാണെന്നും, അവിടെ കാണുന്ന അവശിഷ്ടങ്ങളില്‍ നിന്ന് അവിടെ നശിപ്പിക്കപ്പെട്ട ജനത എന്ത് കാരണത്താലാണ് നശിപ്പിക്കപ്പെട്ടതെന്നു പഠിച്ച് മനസ്സിലാക്കി ദൈവ ഭക്തരായി ജീവിക്കുവാനുള്ള  ഗുണപാഠം സ്വീകരിക്കുവാനാണെങ്കില്‍ സന്ദര്‍ശിക്കുന്നത് അനുവദനീയമാണെന്നും പണ്ഡിതന്മാര്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. നബി ﷺ സ്വഹാബിമാര്‍ക്ക് നല്‍കിയ ഉപദേശം അതായിരുന്നു.