ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

(ഇബ്‌റാഹീം നബി(അ): 8)

ഇബ്‌റാഹീം നബി(അ) ജീവിതത്തില്‍ നടത്തിയ പ്രാര്‍ഥനകള്‍ പലതും ക്വുര്‍ആനിലും ഹദീഥുകളിലും നമുക്ക് കാണാന്‍ കഴിയും. അവയിലൂടെ ഒന്ന് കണ്ണോടിക്കാം:

''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)...'' (ക്വുര്‍ആന്‍ 2:126).

''ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'' (2:127-129).

ഏതൊരു നാടിന്റെയും ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നത് അവിടെയുള്ള സമാധാന പൂര്‍ണമായ ജീവിതത്തിലാണ്. വിശപ്പടക്കുവാനും ദാഹം മാറ്റുവാനും ഭക്ഷണവും വെള്ളവും യഥേഷ്ടം ഉണ്ടായിരുന്നാലും, യാത്രക്കുള്ള വാഹനങ്ങള്‍ സുലഭമായിരുന്നാലും, പഠനത്തിനും ചികിത്സക്കുമുള്ള  കേന്ദ്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നാലും സാമാധാനവും നിര്‍ഭയത്വവും അവിടെ ഇല്ലെങ്കില്‍ ജീവിതത്തില്‍ എന്ത് സന്തോഷമാണ് ഉണ്ടാവുക?  എന്നാല്‍ ഒരു നാട്ടില്‍ നടേ സൂചിപ്പിച്ച സൗകര്യങ്ങള്‍ക്കെല്ലാം കമ്മിയുണ്ടെന്ന് സങ്കല്‍പിക്കുക. എന്നാല്‍ ആ നാട്ടുകാര്‍ക്ക് മറ്റെല്ലാം കൊണ്ടും സമാധാനവും നിര്‍ഭയത്വവും ഉണ്ട് എങ്കിലോ? ആ നാട്ടുകാരെ പോലെ സന്തോഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും പുണ്യ ഭൂമി നിര്‍ഭയത്വത്തിന്റെ കേന്ദമാണ്. അദ്ദേഹത്തിന്റെ കാലം മുതലെ അത് തുടര്‍ന്ന് പോന്നിട്ടുമുണ്ട്. 

ആധുനിക ലോകം ഏറ്റവും കൂടുതല്‍ ഭീതിയോടെ കാണുന്നത്, നാട്ടിലെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന ഭീകരവാദത്തെയും തീവ്രവാദത്തെയുമാണ്. ഭീകരവാദികളും തീവ്രവാദികളും നാട്ടിലെ നിര്‍ഭയത്വം ഇല്ലായ്മ ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഒരു യഥാര്‍ഥ മുസ്‌ലിമിന് ഭീകരവാദിയോ തീവ്രവാദിയോ ആകുവാന്‍ സാധ്യമല്ല. സ്വന്തം നാടിന്റെ നിര്‍ഭയത്വത്തിന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കുന്ന ഒരു മുസ്‌ലിമിന് ഒരിക്കലും നാട്ടിലെ സമാധാനത്തിനും നിര്‍ഭയത്വത്തിനും വിലങ്ങുതടിയാകാനാവുകയില്ല. 

ഇബ്‌റാഹീം നബി(അ) ആ നാട്ടുകാര്‍ക്ക് ആഹാരം നല്‍കണമെന്ന് പ്രാര്‍ഥിച്ചതും നാം കണ്ടു. പ്രാര്‍ഥനയില്‍ വിശ്വാസികളുടെ കാര്യം മാത്രമാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. അല്ലാഹു പരമകാരുണികനാണ്. അഥവാ ഇഹലോകത്ത് വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഭൗതിക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവനാണ്. ഇബ്‌റാഹീം(അ) വിശ്വാസികള്‍ക്ക് മാത്രമായി പ്രാര്‍ഥന ചുരുക്കിയപ്പോള്‍ അല്ലാഹു പറഞ്ഞു: 'അവിശ്വസിച്ചവര്‍ക്കും നാം ഈ ലോകത്ത് സുഖ സൗകര്യങ്ങള്‍ നല്‍കും...' 

പരലോക വിജയത്തിനായി നാം ധാരാളം ആരാധനകള്‍ നിര്‍വഹിക്കാറുണ്ട്; സല്‍കര്‍മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ ഇല്ലയോ എന്നത് നമുക്ക് ഉറപ്പില്ല. പലരും താന്‍ ചെയ്തതിലും ചെയ്തു കൊണ്ടിരിക്കുന്നതിലും അമിതമായ ആത്മവിശ്വാസത്തിലാണ്. ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന രൂപത്തിലാണ് പലരുടെയും ജീവിതം. സ്വര്‍ഗം ഉറപ്പിച്ച മനസ്സോടെയാണ് പലരും നടക്കുന്നത്. അങ്ങനെയാവരുത്. മഹാന്മാരായ മുന്‍ഗാമികള്‍ സല്‍കര്‍മങ്ങള്‍ കഴിയുന്നത്ര അധികരിപ്പിക്കുന്നവരും അത് സ്വീകരിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവരുമായിരുന്നു.

ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ ന    ബി(അ)യും കഅ്ബ പടുത്തുയര്‍ത്തുന്ന വേളയില്‍ നടത്തിയ പ്രാര്‍ഥന മുമ്പ് നാം വിവരിച്ചിട്ടുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് ഇവിടെ വിവിരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

അല്ലാഹുവിന് കീഴ്‌പെടുന്നതില്‍ വ്യക്തമായ മാതൃകയാണല്ലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും. അല്ലാഹു എന്ത് കല്‍പിച്ചാലും യാതൊരു വിഷമവും ഇല്ലാതെ, കല്‍പിച്ചത് പ്രകാരം ചെയ്യുവാന്‍ തയ്യാറായ രണ്ട് മഹാന്മാര്‍. വാര്‍ധക്യവേളയില്‍ അല്ലാഹു നല്‍കിയ സന്താനത്തെ ബലിനല്‍കുവാന്‍ പറഞ്ഞപ്പോള്‍ അതിനു പോലും വൈമനസ്യം കൂടാതെ തയ്യാറായ, അല്ലാഹു എന്ത് കല്‍പിച്ചാലും അല്ലാഹുവിന് കീഴ്‌പെടുന്നവനായി (മുസ്‌ലിം) ജീവിച്ച മഹാനാണ് ഇബ്‌റാഹീം(അ). അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയുടെ അടുത്ത ഭാഗം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും (ചെയ്യേണമേ).'

അല്ലാഹുവിന്റെ കല്‍പനയെ തന്റെ ഇഷ്ടവും അനിഷ്ടവും പരിഗണിച്ച്, തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള കല്‍പനയാണെങ്കല്‍ സ്വീകരിക്കുകയും അല്ലെങ്കില്‍ അവഗണിക്കുകയും ചെയ്യുന്നവരാണ് ഇന്ന് മുസ്‌ലിംകളായി അറിയപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും എന്ന വസ്തുത നാം ഓര്‍ക്കുക. എന്നാല്‍ ഈ രണ്ട് മഹാന്മാരോ? ചിന്തിക്കുക നാം!

നാം അല്ലാഹുവിനോട് തേടുന്ന അവസരങ്ങളില്‍ നമ്മുടെ കാര്യം മാത്രമെ ഉള്‍പെടുത്താറുള്ളൂ; മിക്കപ്പോഴൂം. എന്നാല്‍ മറ്റുള്ളവരുടെ നന്മക്ക് വേണ്ടിയും നാം പ്രാര്‍ഥിക്കണം. അതിനും ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന നമുക്ക് മാതൃകയാണ്. അദ്ദേഹം തനിക്കും തന്റെ നാടിന് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചത് നാം കണ്ടു. മകന് വേണ്ടിയും ഇനി ഉണ്ടാകുവാന്‍ പോകുന്ന സന്തതികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.

'ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും (ചെയ്യേണമേ)' എന്ന പ്രാര്‍ഥനയും ശ്രദ്ധിക്കുക. നാം നിര്‍വഹിക്കുന്ന ആരാധനകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അവന്‍ പഠിപ്പിക്കുന്ന മുറപ്രാകാരം തന്നെ നിര്‍വഹിക്കണമല്ലോ. നമ്മുടെ ഇഷ്ടപ്രകാരം ചെയ്താല്‍ അല്ലാഹു സ്വീകരിക്കില്ല. അതിനാല്‍ അറിവ് നേടുകയേ നിര്‍വാഹമുള്ളൂ. നബി ﷺ പഠിപ്പിച്ച രൂപത്തില്‍ അവ നിര്‍വഹിക്കണം. അതിന് കഴിയുവാന്‍ അല്ലാഹുവിനോട് തേടുകയും വേണം. പലരും ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന ഭാവത്തില്‍ കഴിയുന്നവരാണ്. ചിലര്‍ ഞാന്‍ എങ്ങനെ ഇതെല്ലാം ചോദിച്ചറിയും, മോശമല്ലേ എന്നെല്ലാം ചിന്തിക്കുന്നവരാണ്. ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യേണമേ എന്ന് തേടിയത് മഹാന്മാരായ നബിമാരാണ്. അഹങ്കാരവും മടിയും നമ്മെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് തടയുവാന്‍ പാടില്ല. 

റബ്ബിന്റെ കല്‍പനകളെല്ലാം പൂര്‍ണമായും അനുസരിച്ച് മാത്രം ശീലമുള്ള, അറിഞ്ഞ് കൊണ്ട് ഒരു ചെറിയ തെറ്റുപോലും ചെയ്തിട്ടില്ലാത്ത രണ്ട് മഹാന്മാര്‍; എന്നിട്ടും അവര്‍ അവരുടെ ജീവിതത്തില്‍ വല്ല വീഴ്ചയും വന്നുപോയിട്ടുണ്ടോ എന്ന് ഭയപ്പെട്ട് അല്ലാഹുവിനോട് ഇപ്രകാരം തേടി: 'ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും (ചെയ്യേണമേ). തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'

അടുത്ത പ്രാര്‍ഥന കാണുക: ''രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.''

എല്ലാ പ്രാര്‍ഥനക്കും അല്ലാഹു ഉടനെ ഉത്തരം നല്‍കില്ലല്ലോ. പ്രാര്‍ഥന കേള്‍ക്കുന്ന അല്ലാഹു എല്ലാം നന്നായി അറിയുന്നവനാണ്. പ്രാര്‍ഥനക്ക് ഉത്തരം നല്‍കേണ്ടത് എപ്പോള്‍ എന്നതും നന്നായി അറിയുന്നവനാണ് അല്ലാഹു. ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ ഈ പ്രാര്‍ഥനക്ക് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്തരം നല്‍കപ്പെട്ടത്. പ്രാര്‍ഥിക്കുന്നവന്‍ നിരാശനാവാതിരിക്കാന്‍ ഈ പ്രാര്‍ഥനകളെല്ലാം നമുക്ക് പ്രചോദനം ആകേണ്ടതുണ്ട്.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് വിവരിക്കുന്നത് കാണുക:

''ഇബ്‌റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. എന്റെ രക്ഷിതാവേ! തീര്‍ച്ചയായും അവ (വിഗ്രഹങ്ങള്‍) മനുഷ്യരില്‍ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. അതിനാല്‍ എന്നെ ആര്‍ പിന്തുടര്‍ന്നുവോ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും ഞങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ'' (ക്വുര്‍ആന്‍ 14:35-41). 

ബഹുദൈവാരാധനക്കെതിരില്‍ പോരാടിയ, അക്കാരണത്താല്‍ അഗ്‌നിയില്‍ എറിയപ്പെടുകയും  വീട്ടില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിക്കുന്നത് 'അല്ലാഹുവേ, എന്നെയും എന്റെ മക്കളെയും ബഹുദൈവാരാധനയില്‍ നിന്നും അകറ്റേണമേ' എന്നാണ്. ഇബ്‌ലീസിന് ഏറ്റവും വലിയ വെറുപ്പ് ഏകദൈവ വിശ്വാസത്തോടും ഏകദൈവ വിശ്വാസികളോടുമാണല്ലോ. അവരെ എങ്ങനെയെങ്കിലും ബഹുദൈവാരാധകനാക്കി മാറ്റുന്നതിന് അവനാല്‍ കഴിയുന്നത് അവന്‍ ചെയ്യും. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ആരും വഴിമാറി പോകുവാന്‍ സാധ്യതയുണ്ടെന്ന് ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ എന്നും എപ്പോഴും, അല്ലാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതല്‍ നിലനില്‍ക്കുന്ന ഏകദൈവ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി സ്വന്തത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാം നിരന്തരം തേടേണ്ടതുണ്ട്.

മക്കള്‍ പിഴച്ച് പോകാതിരിക്കുവാന്‍ മക്കള്‍ക്കായി ദുആ ചെയ്യുന്നതോടൊപ്പം അവര്‍ക്ക് അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം ഗുണപാഠങ്ങളാണ് ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളിലുള്ളത്! 

ആകാശഭൂമികളില്‍ ഒന്നും തന്നെ അല്ലാഹുവിന് രഹസ്യമല്ലല്ലോ. അവന്‍ എല്ലാം അറിയുന്നവനാണ്. നാം എത്ര പരസ്യമാക്കിയാലും എത്ര ഗോപ്യമാക്കിയാലും അവന്‍ അതെല്ലാം നന്നായി അറിയുന്നവനാണ്. നമ്മുടെ രഹസ്യ പരസ്യങ്ങളെല്ലാം ഒരുപോലെ അറിയുന്നവനായ അല്ലാഹുവിലേക്ക് നാം ഖേദിച്ച് മടങ്ങേണ്ടതുണ്ട്. 

അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതില്‍ ഒരിക്കലും നിരാശ പാടില്ല. അവന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണ്. ഇബ്‌റാഹീം നബി(അ)ക്ക് വാര്‍ധക്യം വരെയും സന്താനങ്ങളുണ്ടായില്ല. എന്നിട്ടും പ്രാര്‍ഥിക്കുന്നതില്‍ അദ്ദേഹത്തിന് നാരാശയുണ്ടായിരുന്നില്ല.

നാം നമുക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം നമ്മെ കഷ്ടപ്പെട്ട് പോറ്റി വളര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്കും വിശ്വാസികളായ എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കണം. ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന തേട്ടത്തിന്റെ വിശദീകരണം മുമ്പ് കഴിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇനിയും അത് ഇവിടെ വിവരിക്കുന്നില്ല. 

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന വിവരിക്കുന്ന മറ്റൊരു ഭാഗം കാണുക:

''എന്റെ രക്ഷിതാവേ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ. എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു. അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ'' (ക്വുര്‍ആന്‍ 26:83-89).

അല്ലാഹു ഏറെ അനുഗ്രഹിച്ച, അറിവ് നല്‍കിയ ഇബ്‌റാഹീം നബി(അ) അതിന്റെ പേരില്‍ അഹങ്കരിച്ചില്ല. ഏറെ വിനയാന്വിതനായിരുന്ന അദ്ദേഹം നിരന്തരം തേടി; അറിവ് ലഭിക്കുവാനായി. നാട്ടിലുള്ള മോശപ്പെട്ടവരോടൊപ്പം ആയിരുന്നില്ല അദ്ദേഹം കൂട്ടുകൂടിയിരുന്നത്. ഇഹലോകത്തും പരലോകത്തും നല്ലവരോടൊപ്പമായ അദ്ദേഹം അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

തന്റെ കാല ശേഷം വരുന്നവര്‍ക്ക് തന്നില്‍ നിന്ന് യാതൊരു മോശത്തരവും ഇല്ലാതിരിക്കുവാനും തന്നെ സ്മരിക്കുന്നവര്‍ക്ക് തന്നെക്കുറിച്ച് നല്ലത് മാത്രം പറയാനുമുള്ള സല്‍കീര്‍ത്തിക്കായും അദ്ദേഹം അല്ലാഹുവിനോട് തേടി. ഇന്നും ലോകത്ത് അദ്ദേഹത്തിന്റെ പേര് കോടികണക്കിനാളുകള്‍ ദിനേന പലതവണ സ്മരിച്ചുകൊണ്ടിരിക്കുന്നു, ഉച്ചരിക്കുന്നു. സ്വര്‍ഗത്തിന് വേണ്ടിയും അദ്ദേഹം തേടി. തൗഹീദില്‍ നിന്ന് പിഴച്ച് പോയ പിതാവിന് വേണ്ടിയും അദ്ദേഹം പാപമോചനം നടത്തി; ഇത് മുശ്‌രിക്കുകള്‍ക്കു വേണ്ടി പാപമോചനം തേടരുത് എന്ന് വിലക്കുന്നതിന് മുമ്പായിരുന്നു. സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത, കുറ്റമറ്റ ഹൃദയവുമായി ക്വിയാമത്ത് നാളില്‍ വരുന്നവര്‍ മാത്രം രക്ഷപ്പെടുന്ന ദിവസത്തില്‍ അപമാനിക്കപ്പെടാതിരിക്കുവാനും അദ്ദേഹം അല്ലാഹുവിനോട് തേടി.

''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ'' (37:100) എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് രണ്ട് മഹാന്മാരായ മക്കളെ നല്‍കി അല്ലാഹു ഉത്തരം നല്‍കി.

''ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്ങലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും'' (ക്വുര്‍ആന്‍ 61:4,5).

ഈ പ്രാര്‍ഥനയുടെ സാരം പണ്ഡിതന്മാര്‍ വിവരിക്കുന്നത് കാണുക.

മുജാഹിദ്(റ) പറയുന്നു: 'അതിന്റെ അര്‍ഥം; അവരുടെ കൈകളാല്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ, നിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയാലും (ഞങ്ങളെ നീ ശിക്ഷിക്കരുതേ). (അപ്രകാരം സംഭവിച്ചാല്‍) അവര്‍ പറയും: ഇവര്‍ സത്യത്തിലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇപ്രകാരം ബാധിക്കില്ലായിരുന്നു (എന്ന്).' അഥവാ ശത്രുക്കള്‍ക്ക് സന്തോഷിക്കാവുന്ന യാതൊന്നും ഞങ്ങളില്‍ ഉണ്ടാവരുതേ എന്നതാണ് ആ പ്രാര്‍ഥനയുടെ സാരം. മറ്റൊരു വിശദീകരണം കാണുക:

ക്വതാദ(റ) പറയുന്നു: 'അവര്‍ക്ക് ഞങ്ങളുടെ മേല്‍ വിജയം നല്‍കരുതേ. അങ്ങനെ (സംഭവിച്ചാല്‍) അതു മുഖേന അവര്‍ ഞങ്ങളെ കുഴപ്പത്തിലാക്കും...'

ശത്രുക്കള്‍ക്ക് വിശ്വാസികളാല്‍ സന്തോഷമുണ്ടാകുന്ന ഒരു കാരണവും ഉണ്ടായിക്കൂടാ. നബി ﷺ പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ഥന ഇപ്രകാരമായിരുന്നു.

അല്ലാഹുവേ കഠിനമായ പരീക്ഷണങ്ങളില്‍ നിന്നും, ദൗര്‍ഭാഗ്യങ്ങളില്‍ എത്തി പെടുന്നതില്‍ നിന്നും, നിന്റെ വിധിയില്‍ നല്ലതല്ലാത്തത് എന്നില്‍ ഉണ്ടാകുന്നതില്‍ നിന്നും, ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു.

ഇബ്‌റാഹീം(അ) നടത്തിയ പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ വന്നതാണ് ഇത്രയും നാം വിവരിച്ചത്. ഹദീസുകളില്‍ വന്നതില്‍ നിന്ന് ഒന്ന് ഇവിടെ കുറിക്കാം. ഇബ്‌റാഹീം(അ) മക്കളായ ഇസ്മാഈലിനും ഇസ്ഹാക്വിനും എപ്പോഴും നടത്തിയിരുന്ന പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടി ഇബ്‌റാഹീം നബി(അ)യെ മാതൃകയാക്കി അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു:

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''നബി ﷺ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി അല്ലാഹുവിനോട് അഭയം തേടി ഇപ്രകാരം പറയാറുണ്ടായിരുന്നു: 'തീര്‍ച്ചയായും നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം) ഇസ്മാഈലിനും ഇസ്ഹാക്വിനും ഇത് കൊണ്ട് (ഈ പ്രാര്‍ഥന കൊണ്ട്) അല്ലാഹുവിനോട് അഭയം തേടിയിരുന്നു: എല്ലാ പിശാചുക്കളില്‍ നിന്നും, വിഷജന്തുക്കളില്‍ നിന്നും, ആക്ഷേപകാരിയായ എല്ലാ കണ്ണില്‍ നിന്നും അല്ലാഹുവിന്റെ മുഴുവന്‍ വചനങ്ങള്‍ കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു'' (ബുഖാരി).