യുക്തിഭദ്രമായ ഇടപെടൽ

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 നവംബര്‍ 04 1439 സഫര്‍ 15

പിതാവ് ആസര്‍ ഇബ്‌റാഹീം നബി(അ)യെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന രംഗമാണ് നാം വിവരിച്ച് വരുന്നത്. പിതാവിനോട് അദ്ദേഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം അബദ്ധജടിലമാണെന്നും നിരര്‍ഥകമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഇബ്‌റാഹീം(അ) ആകുന്നത്ര ശ്രമിച്ചു. അല്ലാഹു പറയുന്നു:

''ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു''(6:74). 

''ഇബ്‌റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക. അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം). അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ'' (ക്വുര്‍ആന്‍ 26:69-77).

ഇബ്‌റാഹീം(അ) ചോദിച്ച ഈ ചോദ്യങ്ങള്‍ തന്നെയാണ് ഇന്നും ഏത് ബഹുദൈവാരാധകരോടും ചോദിക്കുവാനുള്ളത്. ബിംബങ്ങള്‍ പ്രാര്‍ഥന കേള്‍ക്കുമോ? അവ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?  ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പാരമ്പര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ തെളിവ് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അല്ലാഹുവിനെ പോലെ പരിധിയും പരിമിതിയും ഇല്ലാതെ കാണാനോ കേള്‍ക്കാനോ അറിയാനോ സാധിക്കുന്നവരും സൃഷ്ടികൡലുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവേതര സൃഷ്ടികളിലേക്ക് കൈകള്‍ ഉയരാന്‍ കാരണമാകുന്നത്. അല്ലാഹു എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അല്ലാഹുവല്ലാത്ത യാതൊന്നിനും അതിന് കഴിയില്ല എന്നും ഉറച്ച് വിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് ശരിയാകുന്നുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് തെളിവ് സഹിതം ഇബ്‌റാഹീം(അ) പല സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കാന്‍ ശ്രമിച്ചു. മറ്റൊരു രംഗം കാണുക:

''നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്'' (ക്വുര്‍ആന്‍ 29:17).

നിങ്ങള്‍ ആരാധിക്കുന്ന ഈ വസ്തുക്കളെല്ലാം നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയതല്ലേ? അല്ലാഹുവാണല്ലോ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത്! നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഇവരൊന്നും അത് ചെയ്യുന്നില്ലല്ലോ. എന്നിട്ടും നിങ്ങള്‍ അവനെ വിട്ട് അവരെ ആരാധിക്കുന്നുവോ? ഇത്തരം ചോദ്യങ്ങളിലൂടെ ഇബ്‌റാഹീം നബി(അ) അവരുടെ ബുദ്ധിയെ തൊട്ടുണര്‍ത്തി തൗഹീദിലേക്ക് ക്ഷണിച്ച് നോക്കി. പിതാവ് ശിര്‍ക്കില്‍ തന്നെ ഉറച്ചുനിന്ന് വീട്ടില്‍ നിന്ന് മകനെ പുറത്താക്കുവാന്‍ തുനിയുകതന്നെയാണ്. ഇബ്‌റാഹീം നബി(അ) എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് ആദര്‍ശം കൈമുതലാക്കി വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ആരാരും സ്വീകരിക്കുവാനില്ല, അഭയം നല്‍കുവാന്‍ ആരുമില്ല, സൗകര്യങ്ങള്‍ ഒന്നുമില്ല... എന്നിട്ടും ധീരനായി, പിതാവിന് മുന്നില്‍ ആദര്‍ശം അടിയറ വെക്കാതെ പ്രതികൂല സാഹചര്യത്തെ എതിരിടുവാന്‍ തീരുമാനിച്ചു. 

വീട് വിട്ടിറങ്ങേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് ഒരു പതര്‍ച്ചയും വന്നില്ല. പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. നാട്ടുകാരോട് തൗഹീദ് പറഞ്ഞ് അവരുടെ കൂടി വെറുപ്പ് സമ്പാദിക്കേണ്ട. അവര്‍ തോന്നിയത് പോലെ ജീവിച്ചുകൊള്ളട്ടെ എന്നൊന്നും ഇബ്‌റാഹീം(അ) ചിന്തിച്ചില്ല. നാട്ടുകാരോടും ഉപദേശിച്ചു; ബഹുദൈവാരാധനയില്‍ നിന്ന് പിന്മാറാന്‍. ബഹുദൈവാരാധനയുടെ നിരര്‍ഥകത അദ്ദേഹം മനസ്സിലാകുന്ന ശൈലിയില്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. 

''...അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട് കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല'' (ക്വുര്‍ആന്‍6:75-79).

സൂര്യചന്ദ്രനക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ആ ജനത. അതിലെ ബുദ്ധിശൂന്യത അതിവിദഗ്ധമായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അസ്തമിക്കുന്നവയും ഉദിക്കുന്നവയുമാണ്. അവയ്ക്ക് കേള്‍ക്കുവാനോ കാണുവാനോ കഴിയില്ല.  കഴിയുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ എപ്പോള്‍ ഏത് നാട്ടില്‍ ഉദിക്കുന്നുവോ അപ്പോഴേ അവ അവിടെയുള്ളവരെ കാണൂ. അസ്തമിച്ചാലോ കാണുകയുമില്ല. ചില സമയത്ത് കാണാന്‍ കഴിയുകയും ചില സമയത്ത് കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവയെ ആരാധിച്ചിട്ടെന്ത് കാര്യം? എപ്പോഴും കാണുന്ന, എപ്പോഴും കേള്‍ക്കുന്ന, എപ്പോഴും അറിയുന്നവനെ മാത്രമായിരിക്കണം ആരാധിക്കേണ്ടത്. അങ്ങനെയുള്ളവന്‍ ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനായ അല്ലാഹുവാണ്. ഈ യാഥാര്‍ഥ്യം അവരെ ഇബ്‌റാഹീം(അ) പഠിപ്പിച്ചു. അദ്ദേഹം നക്ഷത്രത്തെയും ചന്ദ്രനെയും സൂര്യനെയും ഒരു നിമിഷത്തേക്കെങ്കിലും തന്റെ റബ്ബായി വിശ്വസിച്ചുവെന്ന് കരുതിക്കൂടാ. കാരണം വീട് വിട്ട് ഇറങ്ങുന്ന വേളയില്‍ പിതാവിനോട് 'നിങ്ങളെയും നിങ്ങള്‍ ആരാധിക്കുന്നവയെയും ഞാനിതാ ഒഴിവാക്കുന്നു'വെന്നാണല്ലോ പറഞ്ഞത്. അപ്പോള്‍ 'ഇതാ എന്റെ റബ്ബ്' എന്ന് നക്ഷത്രത്തെ കണ്ടപ്പോള്‍ പറഞ്ഞതും 'ഇതാ എന്റെ റബ്ബ്' എന്ന് ചന്ദ്രനെ കണ്ട സന്ദര്‍ഭത്തില്‍ പറഞ്ഞതും സൂര്യനെ കണ്ട സന്ദര്‍ഭത്തില്‍ 'ഇതാ എന്റെ റബ്ബ് എന്ന്' പറഞ്ഞതും അവ റബ്ബാണെന്ന് വിശ്വസിച്ചു കൊണ്ടല്ല. പിന്നെയോ, അവരുടെ വിശ്വാസ വൈകല്യം അവരെ ബോധ്യപ്പെടുത്തുവാന്‍ പറഞ്ഞതാണ്. ഈ രൂപത്തില്‍ ചിന്തോദ്ദീപകമായി സംവദിക്കുവാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു.

''ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ'' (ക്വുര്‍ആന്‍ 6:83).

സ്വന്തം കൈകളാല്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഭജനമിരിക്കുകയും അവയെ പൂജിക്കുകയും അവയ്ക്ക് വഴിപാടുകള്‍ അര്‍പ്പിച്ച് ആരാധിക്കുകയും ചെയ്യുന്ന ആ ജനതയോടുള്ള ഇബ്‌റാഹീം നബി(അ)യുടെ ചോദ്യവും അവര്‍ നല്‍കുന്ന മറുപടിയും കാണുക: 

''മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ അതല്ല, നീ കളി പറയുന്നവരുടെ കൂട്ടത്തിലാണോ?''(ക്വുര്‍ആന്‍ 21:51-55).

'ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. ഞങ്ങള്‍ അവരെ പിന്തുടരുകയാണ് ചെയ്യുന്നത്' എന്ന മറുപടിയല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയുവാനില്ല. നിങ്ങളുടെയും നിങ്ങളുടെ പൂര്‍വികരുടെയും നടപടി തെറ്റാണെന്നും നിങ്ങള്‍ വഴികേടിലാണെന്നും ഇബ്‌റാഹീം(അ) തുറന്നു പറയുന്നു. 'ഇബ്‌റാഹീം, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കൊന്നും അറിയാത്ത ഒരു സത്യമായിട്ടാണോ നീ വന്നിരിക്കുന്നത്, അതല്ല നീ ഞങ്ങളെ കളിയാക്കുകയാണോ?' എന്നുള്ള അവരുടെ മറുചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അത് കാണുക:

''അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്...'' (ക്വുര്‍ആന്‍ 21:56,57).

വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിക്കുമെന്ന് പറഞ്ഞത് ചിലപ്പോള്‍ മനസ്സില്‍ പറഞ്ഞതാകാം. യൂസുഫ്(അ)  മോഷണം നടത്തിയെന്ന് സഹോദരങ്ങള്‍  പറഞ്ഞപ്പോള്‍ യൂസുഫ്(അ) പറഞ്ഞത് ക്വുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്

''അവര്‍ (സഹോദരന്‍മാര്‍) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ (അതില്‍ അത്ഭുതമില്ല.) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് (പ്രതികരണം) പ്രകടിപ്പിച്ചില്ല. അദ്ദേഹം (മനസ്സില്‍) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്'' (ക്വുര്‍ആന്‍ 12:77).

ഇവിടെ യൂസുഫ്(അ) പറഞ്ഞത് മനസ്സിലാണ്. ഇത് പോലെയാകാം ചിലപ്പോള്‍ ഇബ്‌റാഹീം(അ) പറഞ്ഞത്. അതല്ല, ചിലരെല്ലാം കേള്‍ക്കുന്ന തരത്തിലുമാകാം ആ സംസാരം. കാരണം, താഴെയുള്ള വചനം കാണുക:

''ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്'' (ക്വുര്‍ആന്‍ 21:60).

ഇബ്‌റാഹീം(അ) പ്രയോഗിച്ച തന്ത്രം ഇതാണ്:  

''അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ'' (ക്വുര്‍ആന്‍ 21:58).

വിഗ്രഹങ്ങളില്‍ തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പായി അദ്ദേഹം പിതാവിനോടും തന്റെ ജനതയോടും പറയുന്നത് കാണുക.

''തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്?  അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?  അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി?  നിങ്ങള്‍ മിണ്ടുന്നില്ലല്ലോ! തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു''(ക്വുര്‍ആന്‍ 37:85-93).

ലോക പരിപാലകനായ അല്ലാഹുവിനെ വെടിഞ്ഞ് സാങ്കല്‍പിക ദൈവങ്ങളെ സ്വീകരിച്ച് ആരാധിക്കുന്നതിലെ യുക്തിഹീനത മനസ്സിലാക്കിക്കൊടുത്തിട്ടും അവരത് ചെവിക്കൊണ്ടില്ല. അവര്‍ അവരുടെ പാരമ്പര്യ അന്ധവിശ്വാസത്തില്‍ നിലയുറപ്പിച്ചു. അവര്‍ ഒരു ഉത്സവത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെയും അവര്‍ അതിന് ക്ഷണിച്ചു. അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അവരെല്ലാവരും ഉത്സവത്തിന് പോയി. ഈ അവസരത്തിലാണ് അദ്ദേഹം അത് ചെയ്തത്.

അവരുടെ ആരാധ്യ വസ്തുക്കളുടെ നിസ്സഹായത അദ്ദേഹം സ്വയം ഒന്ന് മനസ്സിലാക്കി. മുമ്പിലുള്ള ഭക്ഷണം കഴിക്കുന്നില്ല. അനക്കമില്ല. സംസാരിച്ചു നോക്കി. പ്രതികരണമില്ല. അങ്ങനെ അവരെ ചിന്തിപ്പിക്കുവാനായി ആ തന്ത്രം പുറത്തെടുത്തു.

''അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ'' (ക്വുര്‍ആന്‍ 21:58).

ഇവിടെ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അദ്ദേഹത്തെ അവര്‍ ഉത്സവത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം നക്ഷത്രങ്ങളിലേക്ക് നോക്കിയെന്ന് പറഞ്ഞതിന്റെ അര്‍ഥമെന്ത്? അദ്ദേഹം നക്ഷത്രത്തെ നോക്കി നാള് തീരുമാനിക്കന്ന ആളായിരുന്നില്ല. പിന്നെ എന്തിനാണ് അവയെ നോക്കിയത്? അവയെ നോക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശം ആകാശത്തിലേക്ക് നോക്കി എന്നാണ്; ഈ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചുകൊണ്ടുള്ള നോട്ടം. (തുടരും)