അറിവിനെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ഇബ്‌നു അബ്ബാസ്(റ)

അര്‍ഷദ് താനൂര്‍

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു സ്വഹാബിവര്യനായ ഇബ്നു അബ്ബാസ്‌ (റ). നബി(സ്വ)യുടെ പിതൃവ്യപുത്രൻ കൂടിയായ അദ്ദേഹം വിജ്ഞാനത്തിന്‌ നൽകിയ പ്രാധാന്യം നമ്മെ അതിശയിപ്പിക്കും. അദ്ദേഹത്തിന്റെ ചരിത്രത്തിലേക്ക്‌ ഒരു എത്തിനേട്ടം

''ജനങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയാണദ്ദേഹം എന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കി. ഏറ്റവും നല്ല സംസാരത്തിനുടമയാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ സംസാരം എന്നെ ബോധ്യപ്പെടുത്തി. ഏറ്റവും വിജ്ഞാനമുള്ള വ്യക്തിയണ് അദ്ദേഹമെന്ന് എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു''- മുതിര്‍ന്ന താബിഈ പണ്ഡിതനായ മസ്‌റൂഖ് ബ്‌നു അജ്ദള് (റഹി) ഇബ്‌നു അബ്ബാസ് (റ) വിനെ പറ്റി പറഞ്ഞ വരികളാണിത്.

ഇബ്‌നു അബ്ബാസ്(റ)വിന്റെ ജനനം ഹിജ്‌റയുടെ 3 വര്‍ഷം മുമ്പാണ്. പ്രവാചകന്‍(സ്വ) വഫാതാകുമ്പോള്‍ കേവലം 13 വയസ്സ് മാത്രം പ്രായമുള്ള ബാലന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് മുസ്‌ലിം ലോകത്തിന്റെ പ്രകാശ ഗോപുരമായി മാറി അദ്ദേഹം.

അല്ലാഹു പറയുന്നു: ''താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്'' (2/269).

എല്ലാ വിജ്ഞാനവും ഒത്തുചേര്‍ന്ന അത്ഭുതമായിരുന്നു ഇബ്‌നുഅബ്ബാസ്(റ). പ്രഭാതത്തില്‍ തന്നെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ജനങ്ങള്‍ തിങ്ങിക്കൂടും. വുദൂഅ് ചെയ്ത് അദ്ദേഹം അവരിലേക്കെത്തും. ആദ്യം ക്വുര്‍ആന്‍ പഠിക്കാന്‍ വന്നവരുടെ ഊഴമാണ്. അവരെ അദ്ദേഹം വിളിക്കും. പഠിതാക്കളെ കൊണ്ട് അദ്ദേഹത്തിന്റെ വീട് നിറയും. പിന്നീട് ക്വുര്‍ആനിന്റെ വ്യാഖ്യാനത്തിലുള്ള പഠനം. അത് കഴിഞ്ഞാല്‍ കര്‍മ ശാസ്ത്രം. പിന്നീട് അനന്തരാവകാശം. പിന്നീട് അറബിഭാഷാ പഠനം. ഭാഷയിലെ അപരിചിതമായ പ്രയോഗങ്ങളെ കുറിച്ചും കവിതകളെ കുറിച്ചുമെല്ലാം അതില്‍ ചര്‍ച്ച ചെയ്യും. സന്ധ്യവരെ അദ്ദേഹത്തിന്റെ അധ്യാപനം നീണ്ടു നില്‍ക്കും. പഠിതാക്കള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും അറിവ് പകര്‍ന്നു നല്‍കുന്നത് പ്രവാചകന്‍(സ്വ) 'മതത്തില്‍ അവഗാഹം നല്‍കണേ' എന്ന് തലയില്‍ കൈവെച്ചു കൊണ്ട് പ്രാര്‍ഥിച്ച ഇബ്‌നു അബ്ബാസ്(റ) തന്നെയായിരിക്കും.

വിനയം അലങ്കാരമാണ്

അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് വിനയമുള്ളവരായിത്തീരാന്‍ വിശ്വാസിക്ക് സാധിക്കണം. അറിവ് നേടുന്നത് അറിവില്ലാത്തവരോട് തര്‍ക്കിക്കാനും പണ്ഡിതന്മാരോട് മത്സരിക്കാനുമാകരുത്.

എന്നും വിനയാന്വിതനായ വിദ്യാര്‍ഥിയായിരുന്നു ഇബ്‌നുഅബ്ബാസ്(റ). പ്രവാചകന്റെ കീഴില്‍ വളര്‍ന്ന അദ്ദേഹത്തില്‍ ഒരു വിദ്യാര്‍ഥിക്ക് വേണ്ട എല്ലാ ഗുണങ്ങളും സമ്മേളിച്ചിരുന്നു. ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) ഒരു ഹദീഥ് കേട്ടു. ഒട്ടും താമസിച്ചില്ല അദ്ദേഹം ഹദീഥ് ഉദ്ധരിച്ച സൈദ് ഇബ്‌നു സാബിത്ത്(റ)വിന്റെവീട്ടിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ അദ്ദേഹം ഉച്ചയുറക്കത്തിലാണ്. ഇബ്‌നു അബ്ബാസ്(റ) അദ്ദേഹത്തെ വിളിച്ചുണര്‍ത്താതെ പുറത്തേക്കിറങ്ങി.

സൂര്യന്‍ ആകാശത്ത് ജ്വലിച്ച് നില്‍ക്കുകയാണ്. വീടിനു പുറത്ത് ശക്തമായ ചൂടുകാറ്റ് അടിച്ചു വീശുന്നു. സൈദ്(റ)വിനെ വിളിച്ചാല്‍ സന്തോഷത്തോടുകൂടി പ്രവാചകന്റെ പിതൃവ്യപുത്രനെ വീട്ടിലേക്ക് വിളിച്ചിരുത്തുമായിരുന്നു. പക്ഷേ, വിനയാന്വിതനായ അദ്ദേഹത്തിന്റെ തീരുമാനം ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ തന്റെ വസ്ത്രം വിരിച്ച് കൈ തലയിണയാക്കി അദ്ദേഹം എഴുന്നേല്‍ക്കുന്നത് വരെ വിശ്രമിക്കാനായിരുന്നു. ഉറക്കില്‍നിന്നുണര്‍ന്ന സൈദ്(റ) വീടിന്റെ വാതില്‍ തുറന്നപ്പോള്‍ അത്ഭുതപ്പെട്ടു! പൊടിപുരണ്ട വസ്ത്രങ്ങളുമായി കിടന്നുറങ്ങുന്ന പ്രവാചകന്റെ പിതൃവ്യ പുത്രന്‍! അദ്ദേഹം ഇബ്‌നു അബ്ബാസ്(റ)വിനോട് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലിന്റെ പിതൃവ്യ പുത്രാ! എന്തിന് വേണ്ടിയാണ് താങ്കള്‍ ഇവിടേക്ക് വന്നത്? ഒരാളെ പറഞ്ഞയച്ചാല്‍ ഞാന്‍ താങ്കളുടെ അരികിലേക്ക് വരുമായിരുന്നില്ലേ...!''

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ആവശ്യക്കാരന്‍ ഞാനാണ.് വിജ്ഞാനം നമ്മെ തേടി വരികയില്ല. നാം വിജ്ഞാനം തേടി പോകണം.'' പിന്നീട് അദ്ദേഹം ഹദീഥിനെ പറ്റി അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി.

പണ്ഡിതന്മാര്‍ ആദരിക്കപ്പെടേണ്ടവര്‍

വിജ്ഞാനം പ്രവാചകന്മാരുടെ അനന്തര സ്വത്താണ്. അത് കരസ്ഥമാക്കിയവന് ഉന്നതമായ ഓഹരിയാണ് ലഭിച്ചിരിക്കുന്നത്. സ്വഹാബികളിലെ താഴെ തട്ടിലുള്ളവരും പ്രവാചകനും തമ്മില്‍ എത്ര വ്യത്യാസമുണ്ടോ അതുപോലെയാണ് അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലെ അന്തരം. അതുകൊണ്ട് തന്നെ അറിവുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.

പ്രവാചകന്‍(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനാണ് സൈദ് ഇബ്‌നു സാബിത്ത്(റ). മദീനക്കാരുടെ നേതാവു കൂടിയായ അദ്ദേഹം കര്‍മശാസ്ത്രത്തിലും ക്വുര്‍ആനിന്റെ പാരായണ നിയമങ്ങളിലും അനന്തരാവകാശ നിയമങ്ങളിലും അവഗാഹം നേടിയ പണ്ഡിതനായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ഒട്ടകപ്പുറത്ത് കയറി യാത്രക്കൊരുങ്ങിയപ്പോള്‍ തന്റെ ഒട്ടകത്തിന്റെ കയറും പിടിച്ച് ഒരു അടിമയെ പോലെ നടക്കുന്ന ഇബ്‌നു അബ്ബാസ്(റ) വിനെ കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ഇബ്‌നു അബ്ബാസ്(റ)വിനോടായി പറഞ്ഞു: ''അല്ലയോ പ്രവാചകന്റെ പിതൃവ്യ പുത്രാ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? താങ്കള്‍ ആ കയര്‍ ഉപേക്ഷിക്കൂ.'' ഇബ്‌നു അബ്ബാസ്(റ) മന്ദഹാസത്തോടെ മറുപടി പറഞ്ഞു: ''പണ്ഡിതന്മാരോട് ഇങ്ങനെ പെരുമാറാനാണ് ഞങ്ങളോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്.''

വിജ്ഞാനം വാക്കുകളില്‍ ഒതുങ്ങുകയില്ല

വിജ്ഞാനം ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു ഇബ്‌നു അബ്ബാസ്(റ). നന്മ കല്‍പിക്കുന്നതിലുള്ള അതേ ആവേശം അത് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹത്തിനുണ്ടായിരുന്നു. തിന്മകള്‍ തന്റെ ജീവിതത്തില്‍ സംഭവിക്കാതിരിക്കാന്‍ അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തി.

പകലിനെ വ്രതാനുഷ്ഠാനം കൊണ്ട് അദ്ദേഹം ധന്യമാക്കി. നിശയുടെ നിശ്ശബ്ദതയില്‍ പ്രപഞ്ചനാഥനു മുമ്പില്‍ സാഷ്ടാംഗം നമിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. അബ്ദുല്ലാഹിബ്‌നു മുലൈക(റ) പറഞ്ഞു: ''ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ)വിന്റെ കൂടെ ഞാന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചു. യാത്രാ മധെ്യ രാത്രി ഒരിടത്ത് ഞങ്ങള്‍ തമ്പടിച്ചു. യാത്രാക്ഷീണം കാരണം പെട്ടെന്ന് ഉറക്കത്തിലായി. രാത്രി പകുതി പിന്നിട്ടപ്പോള്‍ ഞാന്‍ ഉണര്‍ന്നു. അപ്പോഴതാ ഇബ്‌നു അബ്ബാസ്(റ) സൂറത്തുല്‍ ക്വാഫ് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു.''

''മരണ വെപ്രാളം യാഥാര്‍ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്'' എന്ന വചനമെത്തിയപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. പ്രഭാതം വരെ ആ വചനം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

തന്റെ 71-ാം വയസ്സില്‍ അദ്ദേഹം ലോകത്തുനിന്ന് വിട പറഞ്ഞു. അലി(റ)വിന്റെ മകന്‍ മുഹമ്മദുല്‍ ഹനഫിയ്യ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.