ഇബ്‌റാഹീം നബിയുടെ സന്തതികള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

(ഇബ്‌റാഹീം നബി(അ): 8)

ഇബ്‌റാഹീം നബി(അ)ക്ക് ഏഴ് മക്കളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ക്വുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീഥുകളില്‍ നിന്നും വ്യക്തമായും ഗ്രഹിക്കാന്‍ കഴിയുന്നത് രണ്ട് മക്കളെക്കുറിച്ചാണ്. ഹാജറില്‍ ജനിച്ച ഇസ്മാഈലും(അ) സാറയില്‍ ജനിച്ച ഇസ്ഹാക്വും(അ). രണ്ടു പേരും പ്രവാചകന്മാരുമായിരുന്നു.

ഇസ്മാഈല്‍(അ)

ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ച പോലെ മക്കളുടെ ചരിത്രം ക്വുര്‍ആന്‍ വിവരിച്ചിട്ടില്ല. ക്വുര്‍ആനില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ നാം ഇവിടെ വിവരിക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക.

''വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്റെ ആളുകളോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു'' (ക്വുര്‍ആന്‍ 19:54,55).

അല്ലാഹുവിങ്കല്‍ നിന്നുള്ള ഏത് കടുത്ത പരീക്ഷണത്തെയും ശക്തിയായ വിശ്വാസത്തോടെ നേരിട്ട മാതാപിതാക്കളുടെ മകനാണല്ലോ ഇസ്മാഈല്‍(അ). തന്നെ ബലിനല്‍കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നുവെന്ന് പിതാവ് അറിയിച്ചപ്പോള്‍ 'അല്ലാഹു എന്താണോ അങ്ങയോട് കല്‍പിച്ചത്, അത് നിറവേറ്റുക' എന്നതായിരുന്നുവല്ലോ ബാലനായ ഇസ്മാഈല്‍(അ) നല്‍കിയ മറുപടി. ഇപ്രകാരം അല്ലാഹുവിന്റെ ഏത് കല്‍പനയും പൂര്‍ണമായി പൂര്‍ത്തിയാക്കിയ റസൂല്‍ ആയിരുന്നു ഇസ്മാഈല്‍(അ).

നമസ്‌കാരം, സകാത്ത് മുതലായ അനുഷ്ഠാന കര്‍മങ്ങള്‍ ഇസ്മാഈല്‍(അ) കൃത്യമായി നിര്‍വഹിച്ചിരുന്നു എന്നല്ല ക്വുര്‍ആനില്‍ എടുത്തു പറഞ്ഞിട്ടുള്ളത്; കുടുംബത്തോട് അവ നിര്‍വഹിക്കാന്‍ കല്‍പിച്ചിരുന്നു എന്നതാണ്. പ്രവാചകന്മാര്‍ ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ അവര്‍ അപ്രകാരം ജീവിക്കുന്നവരായിരുന്നുവെന്നത് വ്യക്തമാണല്ലോ. മാതാപിതാക്കള്‍ മക്കളെ എപ്രകാരം വളര്‍ത്തുന്നുവോ, അല്ലാഹു ഉദ്ദേശിച്ചാല്‍ ആ മക്കളും അപ്രകാരം ശേഷക്കാരെ വളര്‍ത്തും. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം; ഇസ്മാഈല്‍(അ)ന് മാതാപിതാക്കള്‍ മാതൃകയായത് പോലെ. 

നമസ്‌കാരം കൊണ്ട് വ്യക്തിശുദ്ധി ലഭിക്കുമ്പോള്‍ സകാത്ത് കൊണ്ട് സാമ്പത്തിക ശുദ്ധിയാണല്ലോ ഉണ്ടാകുന്നത്. സാമ്പത്തിക ശുദ്ധിയും ഇസ്‌ലാമില്‍ അതിപ്രധാനമാണ്. അതിലും അദ്ദേഹം നമസ്‌കാരത്തിന്റെ കാര്യത്തിലെന്ന പോലെ ശ്രദ്ധ നല്‍കിയിരുന്നു. ഇങ്ങനെ പൂര്‍ണമായി ശുദ്ധിയാര്‍ജിച്ച ഇസ്മാഈല്‍(അ) അല്ലാഹുവിന്റെ തൃപ്തി നേടുകയും ചെയ്തു.

അറബികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിട്ടാണ് ഇസ്മാഈല്‍(അ) അറിയപ്പെടുന്നത്. പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ തൗഹീദില്‍ അടിയുറച്ച് വളരുകയും പ്രവാചകനായപ്പോള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്മാഈല്‍ നബി(അ)യുടെ പാരമ്പര്യത്തില്‍ ആയിക്കൊണ്ട് പിന്നീട് അറബികള്‍ ജീവിച്ചുപോന്നു. 

പ്രവാചകന്മാരുടെ ചരിത്രത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. പ്രവാചകന്മാരെ ഏതൊരു ജനതയിലേക്കാണോ അല്ലാഹു നിയോഗിക്കുന്നത്, ആ ജനതയില്‍പെട്ടവര്‍

അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്റെ കാലശേഷം അവരുടെ മുന്‍ അവസ്ഥയിലേക്ക് തന്നെ തിരിച്ച് പോയിട്ടുണ്ട്. ഇസ്മാഈല്‍(അ)ന്റെ ജനതയായ അറബികളും അദ്ദേഹത്തിന്റെ കാലശേഷം ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിച്ചു. ഇസ്മാഈല്‍(അ) പഠിപ്പിച്ച തൗഹീദില്‍ നിന്ന് അറബികള്‍ എങ്ങനെയാണ് വ്യതിചലിച്ചത്? ആ ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം: 

അറബികളുടെ വംശ പരമ്പര പല ഗോത്രങ്ങളായി പിരിഞ്ഞ് കുറെ കാലം കഴിഞ്ഞപ്പോള്‍ മക്ക ഉള്‍കൊള്ളുന്ന ഹിജാസിന്റെ ആധിപത്യം ഖുസാഅഃ ഗോത്രക്കാരിലായി. ക്വുറൈശികള്‍ക്ക് ആധിപത്യം ലഭിക്കുന്നതിന് മുമ്പുള്ള ചരിത്രമാണിത്.  ഈ ഗോത്രത്തിന്റെ തലവനായിരുന്നു അംറുബ്‌നു ലുഹയ്യ് അല്‍ ഖുസാഈ. അദ്ദേഹം വലിയ മഹാനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദാന ധര്‍മങ്ങള്‍ ധാരാളം ചെയ്യുന്ന, മതകാര്യങ്ങളോട് അങ്ങേയറ്റം തല്‍പരനായ ആളായിരുന്നു ഈ ഗോത്രത്തലവന്‍. ഇയാളുടെ ധര്‍മനിഷ്ഠ കാരണം ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ടു. ചരിത്രത്തില്‍ ഇപ്രകാരം കാണാം:

''അദ്ദേഹം നല്ല കാര്യങ്ങൡലും ദാനധര്‍മത്തിലും മതനിഷ്ഠയിലും വളര്‍ന്നു. ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ടു. അവരുടെ അധികാരം അവര്‍ അദ്ദേഹത്തെ ഏല്‍പിച്ചു. അങ്ങനെ മക്കയുടെ ആധിപത്യവും കഅ്ബയുടെ അധികാരവും അയാളുടെ കരങ്ങളിലായി. വലിയ പണ്ഡിതനായും ഔലിയാക്കളിലെ ശ്രേഷ്ഠനായും ആളുകള്‍ അയാളെ വിലയിരുത്തി. പിന്നീട് അദ്ദേഹം ശാമിലേക്ക് യാത്രപോയി. ശാമുകാരെ വിഗ്രഹത്തെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടു. അത് അദ്ദേഹത്തിന് നല്ലതായും അതാണ് ശരിയെന്ന് തോന്നുകയും ചെയ്തു. കാരണം ശാം ദൈവദൂതന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും മേഖലയാണല്ലോ. അതിനാല്‍ തന്നെ ശാമുകാര്‍ക്ക് ഹിജാസുകാരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠതയുമുണ്ട്. അങ്ങനെ അയാള്‍ ഹുബ്‌ലിനെയും (ഒരു വിഗ്രഹമാണ്) കൊണ്ട് മക്കയിലേക്ക് മടങ്ങി. എന്നിട്ട്  ആ വിഗ്രഹം കഅ്ബഃയുടെ മധ്യത്തില്‍ നാട്ടി. എന്നിട്ട് മക്കക്കാരെ ഈ ശിര്‍ക്കിലേക്ക് അയാള്‍ ക്ഷണിച്ചു. അവര്‍ അയാള്‍ക്ക് അതിന് ഉത്തരം നല്‍കുകയും ചെയ്തു. മക്കക്കാരെയാണ് ഹിജാസുകാര്‍ മത കാര്യങ്ങളില്‍ പിന്തുടര്‍ന്നിരുന്നത്. കാരണം, ഹറമിന്റെ ആളുകളും കഅ്ബയുടെ മേല്‍നോട്ടക്കാരും അവരാണ്. അങ്ങനെ ഹിജാസുകാര്‍ അതാണ് (മക്കക്കാര്‍ ഈ ചെയ്യുന്നതാണ്) ശരിയെന്ന് വിചാരിച്ച് അവരെ പിന്തുടര്‍ന്നു. അങ്ങനെ ഇബ്‌റാഹീം നബി(അ)യുടെ ദീനുമായും അംറുബ്‌നു ലുഹയ്യ് പുതിയതായി ഉണ്ടാക്കിയതിനെ പൊളിച്ചുകൊണ്ടും മുഹമ്മദ് നബി ﷺ യെ അല്ലാഹു അയക്കുന്നത് വരെ അവര്‍ അതില്‍ തന്നെയായിരുന്നു.' (ഇതാണ് മക്കയില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി പടുത്തുയര്‍ത്തിയ കഅ്ബഃയില്‍ വിഗ്രഹാരാധന ഉടലെടുത്ത ചരിത്രം).

മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന് മുമ്പ് (ജവഹിലിയ്യത്തില്‍) ഈ അവസ്ഥയാണ് നിലനിന്നിരുന്നത്. ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കൊണ്ടുവന്ന ദീനിനെ മഹാഭൂരിപക്ഷവും പൊളിച്ചെഴുതിയപ്പോഴും വിരലിലെണ്ണാവുന്ന ചിലര്‍ അത് സ്വീകരിക്കാതെ പഴയ ദീനില്‍ തന്നെ ഉറച്ച് നിന്നവരും ഉണ്ടായിരുന്നു. അതില്‍ പെട്ട ഒരാളായിരുന്നു സൈദ്ബ്‌നു അംറ്. 

അറബികള്‍ക്കിടയില്‍ ശിര്‍ക്ക് കൊണ്ടുവന്ന അംറിന്റെ അവസ്ഥയെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ  പറയുന്നത് കാണുക:

ഉര്‍വ(റ)യില്‍ നിന്ന് നിവേദനം. ആഇശ(റ) പറഞ്ഞു: ''റസൂല്‍ ﷺ  പറഞ്ഞു: 'ഞാന്‍ നരകത്തെ കാണുകയുണ്ടായി. അപ്പോള്‍ അതില്‍ ചിലര്‍ ചിലരെ പൊതിയുന്നത് ഞാന്‍ കണ്ടു. (അപ്പോള്‍) ഞാന്‍ അംറിനെയും കാണുകയുണ്ടായി. അവന്‍ അവന്റെ കുടല്‍മാലകള്‍ പുറത്തേക്ക് ഇട്ട് അതുമായി വട്ടം കറങ്ങുകയാണ്. ആദ്യമായി മൃഗങ്ങളെ അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയായി അഴിച്ചുവിട്ടതും അവനാണ്'' (ബുഖാരി).

അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയായി കാര്‍ഷിക വിളകെളയും കന്നുകാലികളെയും മാറ്റി വെക്കുന്ന ശിര്‍ക്കിന്റെ ആരംഭം അറബികള്‍ക്കിടയില്‍ കൊണ്ടു വന്നവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് മുകളിലെ ഹദീഥില്‍ നാം കാണുകയുണ്ടായി. ഇന്നും ഈ ശിര്‍ക്ക് കൊണ്ടുനടക്കുന്നവരുണ്ട്. നാണയമായും കാലികളായും കോഴികളായും കോഴിമുട്ടകളായും മക്വാമുകളിലേക്കും ജാറങ്ങളിലേക്കും ഉഴിഞ്ഞ് വെക്കുന്നവരില്ലേ? അത്തരക്കാരുടെ പര്യവസാനം അതിഭീകരമായിരിക്കും. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അല്ലാഹുവിന് വേണ്ടിയാണ് നേര്‍ച്ച നേരേണ്ടത്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ച നേരുന്നത് ശിര്‍ക്കാണ്. അംറുബ്‌നു ലുഹയ്യ് കൊണ്ടുവന്ന ശിര്‍ക്കന്‍ ആചാരങ്ങള്‍ക്ക് ശേഷം പിന്നീട് അവര്‍ മൃഗങ്ങളെ അല്ലാഹുവല്ലാത്തവര്‍ക്കായി നേര്‍ച്ച നേര്‍ന്നിരുന്നു. ബഹീറത്, സാഇബത്, വസ്വീലത്, ഹാമ് തുടങ്ങിയവ അവയുടെ പേരുകളായിരുന്നു. അതിനെ കറന്നെടുത്ത പാല്‍ പുരുഷന് അനുവദനീയവും സ്ത്രീക്ക് നിഷിദ്ധവുമായി അവര്‍ കണക്കാക്കിയിരുന്നു. ഇപ്രകാരം ഉഴിഞ്ഞിടപ്പെട്ട മൃഗങ്ങളുടെ പുറത്ത് യാത്ര ചെയ്യാന്‍ പാടില്ല. അതിന്റെ മാംസവും അനുവദനീയമല്ല. 

അംറ്ബ്‌നു ലുഹയ്യിനെ കുറിച്ച് നബി ﷺ  പറഞ്ഞത് മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

'ആദ്യമായി സാഇബത് എന്ന പേരിലുള്ള ബലിമൃഗത്തെ അഴിച്ചുവിട്ടതും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് അബൂഖുസാഅ അംറ്ബ്‌നു ലുഹയ്യാണ്. നരകത്തില്‍ അവന്‍ അവന്റെ കുടല്‍മാലകളുമായി ചുറ്റിക്കറങ്ങുന്നത് ഞാന്‍ കാണുകയുണ്ടായി' (അഹ്മദ്). 

അവനാണ് ഇസ്മാഈല്‍(അ) പ്രബോധനം ചെയ്ത തെളിമയാര്‍ന്ന തൗഹീദിനെ മാറ്റി എഴുതിയത്. ഇത്തരം ബഹുദൈവാരാധകരെല്ലാം അവിടെ ഉണ്ടായിരുന്നുവെങ്കിലും നാം നേരത്തെ പറഞ്ഞത് പോലെ ഇതില്‍ നിന്നെല്ലാം ഒഴിവായി ഇസ്മാഈല്‍ നബി(അ)യുടെ മതത്തില്‍ നിലയുറപ്പിച്ച ചില വെള്ളി നക്ഷത്രങ്ങളുണ്ടായിരുന്നു. 

ഈ കൂരിരുട്ടിലാണ് ലോകത്തിന് പ്രഭ ചൊരിഞ്ഞ മുഹമ്മദ് നബി ﷺ  ഭൂജാതനായത്. അവര്‍ക്കിടയില്‍ തന്നെയാണ് വളര്‍ന്ന് വലുതായതെങ്കിലും ശിര്‍ക്കിന്റെ ഒരു അംശവും അദ്ദേഹത്തെ ബാധിച്ചില്ല. പലരും അവരുടെ ആരാധ്യ വസ്തുക്കളെ ഒന്ന് ആദരിക്കുന്ന രൂപത്തില്‍ കൈകൊണ്ട് ആംഗ്യം കാണിക്കുവാനെങ്കിലും ആവശ്യപ്പെട്ടെങ്കിലും തൗഹീദിന്റെ മാര്‍ഗത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ വളര്‍ന്നുവന്നു. മതപരമായ എല്ലാ വിഷയങ്ങളും അവിടുത്തേക്ക് അറിയില്ലായിരുന്നുവെങ്കിലും അടിത്തറ ഇളക്കം പറ്റാതെ നിലനിന്നിരുന്നു. അതിനെ സംബന്ധിച്ചാണ് അല്ലാഹു പറഞ്ഞത്:

''നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 93:7).

360ല്‍ അധികം വിഗ്രഹങ്ങള്‍ കഅ്ബയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ബഹുദൈവാരാധനയുടെ ആഴവും പരപ്പും ആ നാട്ടില്‍ എത്രത്തോളം ഉണ്ടാവാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വ്യഭിചാരവും ചൂതാട്ടവും മദ്യവും മയക്കു മരുന്നും കൊള്ളയും കൊലയും... തുടങ്ങി എല്ലാ നീച വൃത്തികളുമുള്ള നാട്ടില്‍ വളര്‍ന്ന നബി ﷺ യെ ചെറു പ്രായത്തിലോ, കൗമാരത്തിലോ, യൗവനത്തിലോ ഇതൊന്നും സ്പര്‍ശിച്ചതേയില്ല. അപ്രകാരം സ്ഫുടം ചെയ്ത് അല്ലാഹു അദ്ദേഹത്തെ വളര്‍ത്തി കൊണ്ടുവന്നു. ആ വ്യക്തിശുദ്ധി മക്കക്കാര്‍ക്കിടയില്‍ പ്രശസ്തവുമായിരുന്നു.

മുഹമ്മദ് നബി ﷺ യുടെ ആഗമനത്തെ കുറിച്ച് നന്നായി അറിയുന്നവരായിരുന്നു യഹൂദികളും നസ്വാറാക്കളും. പക്ഷേ, അവര്‍ നബി ﷺ യില്‍ വിശ്വസിച്ചില്ല. കാരണം, അവര്‍ ഇസ്ഹാക്വ് നബി(അ)യുടെ പരമ്പരയിലായിട്ടാണ് ഉള്ളത്. അത് വരെ കഴിഞ്ഞുപോയ നബിമാര്‍ അവരുടെ പരമ്പരയിലാണ് വന്നതും. ഇനി വരാനിരിക്കുന്ന അന്തിമ ദൂതനും തങ്ങളില്‍നിന്ന് തന്നെയാണ് വരിക എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇസ്മാഈല്‍ നബിയുടെ പരമ്പരയായ അറബികളില്‍ നിന്നാണ് അന്തിമദൂതന്‍ നിയുക്തനായത്. അത് അവര്‍ക്ക് ദഹിച്ചില്ല. അവര്‍ അസൂയപ്പെട്ടു, മുഹമ്മദ് നബി ﷺ യെ അവര്‍ കളവാക്കി. വാസ്തവത്തില്‍ അദ്ദേഹത്തെ ആദ്യം സ്വീകരിക്കേണ്ടത് അവരായിരുന്നു. കാരണം, അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള വേദഗ്രന്ഥത്തില്‍ നിന്ന് അവരത് മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ആദ്യം നബിയില്‍ അവിശ്വസിക്കുന്ന വിഭാഗങ്ങളായി അവര്‍ മാറുകയാണുണ്ടായത്.