മഹാത്യാഗത്തിന്റെ ചരിത്രം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

(ഇബ്‌റാഹീം നബി(അ): 7)

''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു.  അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്  കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 37:102-108).

ഇസ്മാഈല്‍ വളര്‍ന്ന് ഓടിച്ചാടി നടക്കുന്ന പ്രായത്തിലെത്തി. മാതാപിതാക്കള്‍ക്ക് കണ്‍കുളിര്‍മ നല്‍കി ആ മകന്‍ വളരുമ്പോഴാണ് അവനെ ബലിയറുക്കുവാന്‍ അല്ലാഹുവിന്റെ കല്‍പന വരുന്നത്. പരീക്ഷണങ്ങള്‍ പലതും നേരിട്ട ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹുവില്‍നിന്നുള്ള പുതിയ പരീക്ഷണത്തില്‍ തെല്ലും വിഷമം തോന്നിയില്ല. മകനെ വിളിച്ച് കാര്യം ബോധിപ്പിക്കുന്നു. ദൈവ ബോധത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു വളര്‍ന്ന മകന്‍ അല്ലാഹുവിന്റെ കല്‍പന എന്താണോ അത് നിറവേറ്റണമെന്ന് മറുപടി നല്‍കുന്നു! 

കല്‍പന നിര്‍വഹിക്കുവാനായി പിതാവ് മകനെ മിനയിലേക്ക് കൊണ്ടുപോയി. മണ്ണില്‍ കിടത്തി. ബലികര്‍മത്തിനു മുമ്പ് മകന്റെ നിര്‍ദേശം; ഉപ്പാ... ഉപ്പാക്ക് മുഖത്ത് നോക്കി കൃത്യം ചെയ്യാന്‍ ആവില്ലെങ്കില്‍ എന്നെ കമഴ്ത്തിക്കിടത്തുക! ആ ദൃഢവിശ്വാസിയായ മകന്റെ പതറാത്ത ശബ്ദം.   

കഴുത്തില്‍ കത്തിവെക്കാനൊരുങ്ങുന്ന വേളയില്‍ അതാ ഒരു വിളിയാളം വരുന്നു; ഇബ്‌റാഹീം...! താങ്കള്‍ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. 

മകനെ അറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ നല്‍കി, അതിനെ അറുക്കുക എന്നും കല്‍പനയുണ്ടായി. അങ്ങനെ ആ പരീക്ഷണത്തിലും ഇബ്‌റാഹീം(അ) വിജയിച്ചു. ഈ സംഭത്തെ അനുസ്മരിച്ച് നിര്‍വഹിക്കല്‍ സുന്നത്താക്കപ്പെട്ടതാണ് ബലിപെരുന്നാള്‍ ദിവസത്തിലെ ബലിയറുക്കല്‍.

പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാണ്. അത് സത്യമായി പലരേണ്ടവയാണ്. എന്നാല്‍ മറ്റുള്ളവരുടെ സ്വപ്‌നം അങ്ങനെയല്ല. പ്രവാചകന്മാരിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് മുമ്പ് നാം അത് വിവരിച്ചത് ഓര്‍ക്കുമല്ലോ.

ഇബ്‌റാഹീം നബി(അ)യും മകനും ഏറ്റവും വലിയ ഒരു ത്യാഗത്തിനാണ് ഒരുങ്ങിപ്പുറപ്പെട്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. അത് ഈ രൂപത്തില്‍ പര്യവസാനിക്കുമെന്ന മുന്നറിവ് അവര്‍ക്കുണ്ടായിരുന്നുമില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍ അതിനെ ത്യാഗമെന്നോ  പരീക്ഷണമെന്നോ വിശേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.

പ്രവാചകന്മാരും വലിയ്യുകളും മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരുണ്ട്. ആ വിശ്വാസം ഇസ്‌ലാം പഠിപ്പിക്കുന്ന ഏക ദൈവവിശ്വാസത്തിന് എതിരാണ്. പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിക്കുമ്പോഴല്ലാതെ അദൃശ്യമറിയില്ലെന്ന് നാം പറയുമ്പോള്‍ അതിനെ ഖണ്ഡിച്ച് ചിലര്‍ ഇബ്‌റാഹീം(അ)ന് മകനെ അറുക്കേണ്ടി വരില്ല എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് പറഞ്ഞ് ക്വുര്‍ആന്‍ സൂക്തം ഓതാറുണ്ട്. ഇതാണ് ആ സൂക്തം:

''അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യവഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്'' (6:75).             

ഇതിലെ 'ആധിപത്യ രഹസ്യങ്ങള്‍' എന്നതിന് പകരം 'മറഞ്ഞ കാര്യങ്ങള്‍' എന്ന് അര്‍ഥം നല്‍കിയാണ് തല്‍പരകക്ഷികള്‍ ഇബ്‌റാഹീം നബി(അ)ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയുമായിരുന്നു, മകനെ അറുക്കേണ്ടിവരില്ല എന്ന് അറിയുമായിരുന്നു എന്നെല്ലാം സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. 'തൗഹീദ് ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തില്‍ ഇത് കാണാം. എന്നാല്‍ ഇവര്‍ തന്നെ ഇറക്കിയ 'ഫത്ഹുര്‍ റഹ്മാന്‍' എന്ന ക്വുര്‍ആന്‍ പരിഭാഷയില്‍ ശരിയായ അര്‍ഥം നല്‍കിയിട്ടുണ്ട് താനും. 

ഇന്നത്തെ ബൈബിളിലുള്ളത് ഇബ്‌റാഹീം(അ) അറുക്കുവാന്‍ കൊണ്ടുപോയത് ഇസ്മാഈല്‍(അ)നെയല്ല ഇസ്ഹാക്വ്(അ)നെയാണ് എന്നാണ്. ഇത് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വിരുദ്ധമാണ്. തീ കുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുമ്പോള്‍ അദ്ദേഹം പറയുന്നത് കാണുക:

''അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്. എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്  അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു. ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍'' (ക്വുര്‍ആന്‍ 37:99-119).

ആദ്യം ബലിയുമായി ബന്ധപ്പെട്ട കാര്യം അല്ലാഹു പേര് പറയാതെ വിവരിച്ചു. അതിന് ശേഷം ഇബ്‌റാഹീം(അ)ന് ഇസ്ഹാക്വിനെ നല്‍കി എന്നും പറഞ്ഞു. അതില്‍നിന്ന് വ്യക്തമാണ്; ഇസ്മാഈലി(അ)നെ ബലിനല്‍കുവാനാണ് ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കല്‍പിച്ചത് എന്ന്. 

ബലി നല്‍കുവാനായി കൊണ്ടുപോയ ഇസ്മാഈലി(അ)നെ പറ്റി ക്ഷമാലുക്കളില്‍ പെട്ടവന്‍ എന്ന് ക്വുര്‍ആനില്‍ വിശേഷിപ്പിച്ചത് നാം കണ്ടു. അതേ വിശേഷണം മറ്റൊരു ഭാഗത്തും കാണാം:                                    

''ഇസ്മാഈലും ഇദ്‌രീസും ദുല്‍കിഫ്‌ലിയും എല്ലാവരും ക്ഷമാലുക്കളില്‍ പെട്ടവരായിരുന്നു''(21:85). ഈ രണ്ട് സൂക്തങ്ങളിലും ഇസ്മാഈല്‍(അ)നെ ക്ഷമാലുവെന്ന് പേരെടുത്തു പറഞ്ഞ് വിശേഷിപ്പിച്ചു. ഇസ്ഹാക്വ്(അ)നെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചത് സദ്‌വൃത്തന്‍ എന്നുമാണ്. 

''ഇസ്ഹാക്വ് എന്ന മകന്റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍'' എന്ന വചനം ശ്രദ്ധിക്കുക. ബലിയറുക്കുവാന്‍ കൊണ്ടുപോകുന്നത് ബാല്യ പ്രായത്തിലാണ്. അന്ന് നബി ആയിട്ടുമില്ല. അപ്പോള്‍ നബിയാകാന്‍ പോകുന്ന മകനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട സ്ഥിതിക്ക് ഒരു കുട്ടിയെ അതിന് മുമ്പ് ബലിയറുക്കാന്‍ കല്‍പിക്കുന്നത് ഒരു പ്രഹസനമാകില്ലേ? അത് പിതാവിനും പുത്രനും കടുത്ത പരീക്ഷണമാകാനും വഴിയില്ലല്ലോ. അപ്പോള്‍ കാര്യം വ്യക്തം; ഇബ്‌റാഹീം(അ) ബലി നല്‍കുവാനായി കൊണ്ടുപോയത് ഇസ്ഹാക്വിനെയല്ല ഇസ്മാഈലിനെ തന്നെയാണ്. 

വേദക്കാരായ ആളുകള്‍ ഈ സംഭവം ഇസ്ഹാക്വിലേക്ക് ചേര്‍ത്തു പറഞ്ഞത് അദ്ദേഹത്തിന്റെ പരമ്പരയില്‍ പെട്ടവരാണ് ഇസ്‌റാഈല്യര്‍ എന്നതിനാലാണ്. എന്നാല്‍ മുഹമ്മദ് നബി ﷺ  വരുന്നത് അറബി വംശാവലിയിലാണ്. അറബികളാകട്ടെ ഇസ്മാഈലി(അ)ന്റെ പരമ്പരയില്‍ പെട്ടവരുമാണ്. മുഹമ്മദ് നബി ﷺ യോട് അവര്‍ക്കുള്ള വെറുപ്പിനും അസൂയക്കും കാരണം അദ്ദേഹം അറബികള്‍ക്കിടയില്‍നിന്ന് വന്നു എന്നതുമാണല്ലോ. അവര്‍ക്ക് അപരിചിതനൊന്നുമല്ലായിരുന്നു മുഹമ്മദ് നബി ﷺ .

ഇസ്മാഈല്‍(അ) ഉമ്മയായ ഹാജറ്യയുടെ കൂടെ ജനവാസമില്ലാത്ത മക്കയില്‍ താമസിപ്പിക്കപ്പെട്ടതിന് ശേഷം ഇതര നാടുകളില്‍ നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങിയല്ലോ. ഹദീഥില്‍ ഇപ്രകാരം കാണാം:

''കുഞ്ഞ് വളര്‍ന്ന് വലുതായി, അവരില്‍ (ജുര്‍ഹൂം ഗോത്രം) നിന്ന് അറബി ഭാഷ പഠിക്കുകയും ചെയ്തു. കുഞ്ഞിന്റെ വളര്‍ച്ച അവരെ അത്ഭുതപ്പെടുത്തി. 

 ഇസ്മാഈല്‍(അ) വളര്‍ന്ന് വിവാഹ പ്രായത്തിലെത്തി. അവിടെയുള്ള ജുര്‍ഹൂം ഗോത്രത്തില്‍ നിന്നു വിവാഹം ചെയ്തു. അതിന് ശേഷം മാതാവ് ഹാജറയുടെ വഫാത്തും സംഭവിച്ചു. 

ഇസ്മാഈല്‍(അ) തന്റെ ഇണയുമൊത്ത് മക്കയില്‍ താമസിക്കുന്നതിനിടയില്‍ ഒരു ദിവസം, ഇബ്‌റാഹീം(അ) അവിടെ വന്നു. 

 അപ്പോള്‍ അവിടെ ഇസ്മാഈലിനെ കണ്ടില്ല. ഇസ്മാഈല്‍(അ)ന്റെ ഇണയോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് വേണ്ടി അന്നം തേടി പുറത്ത് പോയതാണ്.' ഇബ്‌റാഹീം(അ) അവരോട് അവരുടെ ജീവതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും പിന്നീട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'പ്രയാസത്തിലാണ്.' (അങ്ങനെ) അവരുടെ അവസ്ഥകളെല്ലാം അദ്ദേഹത്തെ ബോധിപ്പിച്ചു. 'ഞങ്ങള്‍ വലിയ കഷ്ടതയിലും കുടുസ്സതയിലും തന്നെയാണെന്ന് പറഞ്ഞ് അദ്ദേഹത്തോട് (പിന്നെയും) കുറെ ആവലാതിപ്പെട്ടു. 

ഇബ്‌റാഹീം(അ) അവരോട് പറഞ്ഞു: 'നിന്റെ ഭര്‍ത്താവ് വന്നാല്‍ ഞാന്‍ സലാം പറഞ്ഞതായും വാതിലിന്റെ ഉമ്മറപ്പടിയൊന്ന് മാറ്റിവെക്കുവാനും പറയണം.' ഇസ്മാഈല്‍(അ) തിരിച്ചു വന്നപ്പോള്‍ ആരോ വീട്ടില്‍ വന്ന് പോയത് പോലെയുള്ള ഒരു ശങ്ക അദ്ദേഹത്തിനുണ്ടായി. അങ്ങനെ ഇസ്മാഈല്‍(അ) ചോദിച്ചു: 'ആരെങ്കിലും ഇവിടെ വന്നിരുന്നോ?'  അവര്‍ പറഞ്ഞു: 'അതെ, ഇങ്ങനെയും ഇങ്ങനെയുമൊക്കെയുള്ള ഒരു പ്രായംചെന്ന ഒരാള്‍ വന്നിരുന്നു. എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് കഷ്ടതയിലും പ്രയാസത്തിലുമാണെന്ന് പറഞ്ഞു.' ഇസ്മാഈല്‍(അ) ചോദിച്ചു: 'അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?' അവര്‍ പറഞ്ഞു: 'അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപ്പടി മാറ്റിവെക്കുവാന്‍ നിങ്ങളോട് പറയുവാനും.'' ഇസ്മാഈല്‍(അ) പറഞ്ഞു: 'അത് എന്റെ പിതാവാണ്. നിന്നെ വേര്‍പെടുത്തുവാനും നീ നിന്റെ കുടുംബത്തോടൊപ്പം ചേരണമെന്നുമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്.' അങ്ങനെ ഇസ്മാഈല്‍(അ) അവരെ വിവാഹ മോചനം ചെയ്തു. ആ ഗോത്രത്തില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചത്ര പിന്നെയും ഇസ്മാഈല്‍(അ) താമസിക്കുന്നു.

സ്വന്തം ഭര്‍ത്താവിന്റെ കഷ്ടതയും പ്രാരാബ്ധങ്ങളും ആരാണെന്ന് പോലും അറിയാത്തവരുടെ മുന്നില്‍ ആ സ്ത്രീ അവതരിപ്പിക്കുകയാണ് ചെയ്തത്. പിതാവിനെ പോലെ തെളിഞ്ഞ ബുദ്ധിയുള്ള മകനാണ് ഇസ്മാഈല്‍(അ). പിതാവ് കൊടുത്ത സൂചന ആ സ്ത്രീക്ക് മനസ്സിലായില്ല; മകന്‍ ഇസ്മാഈലിന് മനസ്സിലാവുകയും ചെയ്തു. ബുദ്ധിയുള്ളവര്‍ക്ക് സൂചന മതിയാകുമല്ലോ. 

പിന്നീടും ഇബ്‌റാഹീം(അ) അവിടെ ചെന്നു. ഇസ്മാഈല്‍(അ)നെ വീട്ടില്‍ കണ്ടില്ല. അദ്ദേഹത്തിന്റെ ഇണയോട് അദ്ദേഹത്തെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ അന്നം തേടി (പുറത്ത്) പോയതാണ്.' അദ്ദേഹം അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചുമെല്ലാം ചോദിച്ചറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: 'നല്ല സുഖത്തിലും വിശാലതയിലുമാണ്.' അവര്‍ അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: 'എന്താണ് നിങ്ങളുടെ ആഹാരം?'  അവര്‍ പറഞ്ഞു:  'മാംസം.'  അദ്ദേഹം ചോദിച്ചു: 'എന്താണ് നിങ്ങളുടെ പാനീയം?' അവര്‍ പറഞ്ഞു: 'വെള്ളം.' അദ്ദേഹം പറഞ്ഞു: 'അല്ലാഹു നിങ്ങളുടെ മാംസത്തിലും വെള്ളത്തിലും അനുഗ്രഹം ചൊരിയട്ടെ.'

മകന്‍ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീ കഷ്ടതകള്‍ മറച്ചു വെച്ച്, തന്റെ ഭര്‍ത്താവിന്റെ അഭിമാനം കാത്തു. ഇബ്‌റാഹീം(അ)ന് സന്തോഷമായി. അവര്‍ക്കായി പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനയുടെ ഫലമെന്നോണം ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ബലി അറുക്കപ്പെടുന്ന സ്ഥലമായി മക്ക നിലകൊള്ളുന്നു. നിലയ്ക്കാത്ത വെള്ളം നല്‍കി സംസം ജനലക്ഷങ്ങളുടെ ദാഹമകറ്റുന്നു. അറഫയിലും മിനയിലും മുസ്ദലിഫയിലും മദീനയിലും ലക്ഷങ്ങള്‍ ഇടതടവില്ലാതെ കുടിച്ചു കൊണ്ടിരിക്കുന്നു സംസം വെള്ളം. ചിലരെല്ലാം ബുദ്ധികൊണ്ട് പ്രമാണങ്ങളെ അളന്ന് ബറകത്തുള്ള സംസം വെള്ളത്തെ നിസ്സാര വല്‍ക്കരിക്കുന്നുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യുടെ വാക്കുകളില്‍ ഉറച്ച വിശ്വാസമുള്ളവര്‍ അത് ഉപയോഗിക്കുന്നു. സ്വഹാബിമാര്‍ സംസം കൊണ്ടുപോയതിനെ അടിസ്ഥാനപ്പെടുത്തി ഇന്നും തീര്‍ഥാടകര്‍ അവരുടെ ദേശങ്ങളിലേക്ക് അത് കൊണ്ടുപോകുന്നു. എന്തൊരു അത്ഭുതമാണ് ഈ വെള്ളം! എന്തൊരു അനുഗ്രഹമാണീ സംസം! 

അവരുടെ അന്നത്തെ അവസ്ഥ നബി ﷺ  നമുക്ക് വിവരിച്ചു തരുന്നത് ഇപ്രകാരമാണ്: 'അന്നേ ദിവസം അവിടെ ഒരു ധാന്യം പോലും ഉണ്ടായിരുന്നില്ല. അവര്‍ക്ക് (അവിടെ വല്ലതും) ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി അതിലും (അനുഗ്രഹത്തിനായി) അദ്ദേഹം പ്രാര്‍ഥിക്കുമായിരുന്നു.' അവിടുന്ന് (ഇത്രയും കൂടി) പറഞ്ഞു: 'മക്കക്കാരല്ലാത്തവര്‍ അത് രണ്ടും മാത്രം കഴിച്ച് ജീവിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് യോജിക്കുന്നതല്ല.'

ഇബ്‌റാഹീം നബി(അ) മകന്റെ ഭാര്യയോട് പറഞ്ഞു: 'നിന്റെ ഭര്‍ത്താവ് വന്നാല്‍ അദ്ദേഹത്തിന് എന്റെ സലാം അറിയിക്കണം. വാതിലിന്റെ ഉമ്മറപ്പടി ഉറപ്പിക്കുവാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്യുക.' ഇസ്മാഈല്‍(അ) വന്നപ്പോള്‍ അദ്ദേഹം (ഭാര്യയോട്) ചോദിച്ചു:  'ആരെങ്കിലും ഇവിടെ വന്നിരുന്നോ?'  അവര്‍ പറഞ്ഞു: 'അതെ, ഒരു പ്രായം ചെന്ന നല്ല ഒരാള്‍ വന്നിരുന്നു. (അങ്ങനെ അവര്‍ അദ്ദേഹത്തെ പുകഴ്ത്തി). എന്നിട്ട് അങ്ങയെ അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ അങ്ങയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയാണെന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് നല്ല സുഖത്തിലാണെന്ന് പറഞ്ഞു.' ഇസ്മാഈല്‍(അ) ചോദിച്ചു: 'അദ്ദേഹം നിന്നെ വല്ലതും ഉപദേശിച്ചുവോ?' അവര്‍ പറഞ്ഞു: 'അതെ, നിങ്ങളോട് സലാം പറയുവാനും വാതിലിന്റെ ഉമ്മറപടി മാറ്റിവെക്കുവാന്‍ പറയാനും എന്നോട് കല്‍പിച്ചു.' ഇസ്മാഈല്‍(അ) പറഞ്ഞു: 'അത് എന്റെ പിതാവാണ്. നീയാണ് ആ ഉമ്മറപ്പടി. എന്നോട് നിന്നെ കൂടെ നിര്‍ത്തുവാനാണ് കല്‍പിച്ചിരിക്കുന്നത്.' 

അല്ലാഹു ഉദ്ദേശിച്ച അത്ര പിന്നെയും പുറത്ത് ഇസ്മാഈല്‍(അ) താമസിക്കുന്നു.

ഇബ്‌റാഹീം(അ) മകനോട് രണ്ടാമത്തെ ഇണയെ നിലനിര്‍ത്തുവാന്‍ കല്‍പിച്ചല്ലോ. ആദ്യഭാര്യയില്‍ നിന്ന് വ്യത്യസ്തമായി എന്ത് ഗുണമാണ് രണ്ടാമത്തെ ഇണയില്‍ നിന്ന് ഇസ്മാഈല്‍(അ)ന് ലഭിച്ചത്? തന്റെ അഭാവത്തിലും അഭിമാനം കാത്തു. ഉള്ളതില്‍ പൂര്‍ണ സംതൃപ്തയായി. പ്രിയതമന്റെ വരുമാനത്തിനനുസരിച്ച് മാത്രം ചെലവഴിച്ചു. ഒരാളുടെ ജീവിതത്തില്‍ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങളില്‍ പെട്ടവയാണല്ലോ ഇവ. ദാമ്പത്യ ജീവിതത്തില്‍ ഈ സല്‍ഗുണത്തിന്റെ പ്രസക്തി എത്രയുണ്ടെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 

മറ്റുള്ളവരുടെ സുഖ സൗകര്യങ്ങള്‍ നോക്കി തന്റെ ഭര്‍ത്താവ് തനിക്ക് ചെയ്ത് തരുന്ന സൗകര്യങ്ങളില്‍ തൃപ്തയാവാതെ നന്ദികേട് കാണിക്കുന്ന പെണ്ണിനെക്കുറിച്ച് നബി ﷺ  പറഞ്ഞു: 

''തന്റെ ഭര്‍ത്താവിനെ തൊട്ട് ഐശ്വര്യവതിയാവാത്ത, തന്റെ ഇണയോട് നന്ദിയുള്ളവളാകാത്ത പെണ്ണിലേക്ക് തീര്‍ച്ചയായും അല്ലാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുന്നതല്ല.'' 

അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചില്ലെങ്കില്‍ നരകം ഉറപ്പാണെന്നതില്‍ സംശയമില്ലല്ലോ. അത് അവിടുന്ന് അരുള്‍ ചെയ്തിട്ടുമുണ്ട്. പൂര്‍വികര്‍ പറഞ്ഞ ഒരു വാചകം ഇവിടെ കുറിക്കുകയാണ്. 

''ഓ, മനുഷ്യാ! ഉള്ളതില്‍ സംതൃപ്തിയടയുന്ന മാര്‍ഗത്തില്‍ നീ പ്രവേശിച്ചാല്‍ എത്ര കുറച്ചാണെങ്കിലും അത് മതിയാകും നിനക്ക്; അല്ലെങ്കില്‍ ദുന്‍യാവും അതിലുള്ളതും നിനക്ക് മതിവരുത്തില്ല.'' 

നബി ﷺ  അരുളി: ''ഐശ്വര്യം എന്നത് വിഭവങ്ങളുടെ ആധിക്യമല്ല; മറിച്ച് ഐശ്വര്യം എന്നത് മനസ്സിന്റെ ഐശ്വര്യമാണ്'' (ബുഖാരി, മുസ്‌ലിം). 

മനസ്സിന് ഐശ്വര്യം ലഭിക്കണമെങ്കില്‍ താന്‍ അനുഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണെന്നുള്ള തിരിച്ചറിവ് ഉണ്ടാവണം. അപ്പോള്‍ റബ്ബിലേക്ക് വിനീതനാകുവാനും സഹജീവികളോട് കാരുണ്യം കാണിക്കുവാനും ഉള്ളതില്‍ തൃപ്തരാകുവാനും കഴിയും. 

ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നോട് ആദ്യ ഭാര്യയെ വിവാഹ മോചനം നടത്താന്‍ കല്‍പിച്ചപ്പോള്‍ മകന്‍ അപ്രകാരം ചെയ്തല്ലോ. പിതാവ് മകനോട് ഇപ്രകാരം ആവശ്യപ്പെട്ടാല്‍ അത് നടപ്പില്‍ വരുത്തേണ്ടതുണ്ടോ എന്ന് ചിലപ്പോള്‍ സംശയം വന്നേക്കാം. സമാനമായ സംഭവം ഹദീഥുകളില്‍ വന്നിട്ടുണ്ട്. അത് ഇപ്രാകാരമാണ്:

ഇബ്‌നു ഉമര്‍്യവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: ''എനിക്ക് ഒരു ഭാര്യയുണ്ടായിരുന്നു. ഞാന്‍ അവളെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. എന്റെ പിതാവിന് അവളോട് അനിഷ്ടമായിരുന്നു. അതിനാല്‍ പിതാവ് എന്നോട് അവളെ ത്വലാക്വ് ചെയ്യാന്‍ കല്‍പിച്ചു. അപ്പോള്‍ ഞാന്‍ അത് വിസമ്മതിച്ചു. ഞാന്‍ അത് നബി ﷺ യോട് പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: അബ്ദുല്ലാ, നീ നിന്റെ ഭാര്യയെ മോചിപ്പിക്കൂ'' (തിര്‍മിദി). മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: നബി ﷺ  പറഞ്ഞു: നീ നിന്റെ പിതാവിനെ അനുസരിക്കൂ'' (അബൂദാവൂദ്).

മാതാപിതാക്കള്‍ മക്കളോട് ഇണയെ ഒഴിവാക്കുവാന്‍ കല്‍പിച്ചാല്‍ അവരെ നിരുപാധികം അനുസരിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഈ രണ്ട് സംഭവത്തെ അടിസ്ഥാനപ്പെടുത്തി അത്തരം ഒരു നയം സ്വീകരിക്കാവതല്ല. ഒരു സംഭവം കാണുക:

ഒരാള്‍ ഇമാം അഹ്മദ്(റഹി)യുടെ അടുത്തു വന്നു പറഞ്ഞു: 'എന്റെ പിതാവ് എന്റെ ഭാര്യയെ മോചിപ്പിക്കുവാനായി കല്‍പിക്കുന്നു.' ഇമാം അഹ്മദ്(റ) പറഞ്ഞു: 'നീ അവളെ മോചിപ്പിക്കരുത്'. വന്നയാള്‍ ചോദിച്ചു: 'ഉമര്‍(റ) മകന്‍ അബ്ദുല്ല(റ)യോട് തന്റെ ഭാര്യയെ മോചിപ്പിക്കുവാന്‍ കല്‍പിച്ചിട്ടില്ലേ?' അദ്ദേഹം (ഇമാം അഹ്മദ്) പറഞ്ഞു: 'നിന്റെ പിതാവ് ഉമര്‍(റ)വിനെ പോലെ ആകുന്നത് വരെ (നീ കാത്തിരിക്കുക).' മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് 'നിന്റെ പിതാവ് ഉമര്‍(റ) അല്ലല്ലോ' എന്നാണുള്ളത്.

മാതാപിതാക്കള്‍ അന്യായം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതില്‍ അവരെ അനുസരിക്കരുത്. ഇസ്മാഈല്‍(അ) പിതാവ് ഇബ്‌റാഹീം(അ)നെയും, അബ്ദുല്ല(റ) പിതാവ് ഉമര്‍(റ)വിനെയും അനുസരിച്ചുവെങ്കില്‍; ആ പിതാക്കള്‍ ഉന്നത പദവിയിലുള്ള മഹാന്മാരാെണന്ന് നാം മനസ്സിലാക്കുക. അവര്‍ നിസ്സാര കാര്യങ്ങള്‍ക്കൊന്നും മക്കളെ ത്വലാഖിന് പ്രേരിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഗുരുതരമായ കാരണം അതിനുപിന്നില്‍ ഉണ്ടായിരിക്കും. അല്ലാഹുവിനെ അങ്ങേയറ്റം സൂക്ഷിക്കുന്ന, ഭയപ്പെട്ട് ജീവിക്കുന്ന നല്ലവരായ മാതാപിതാക്കള്‍ ഇപ്രകാരം ആവശ്യപ്പെടുകയും, അവര്‍ നിരത്തുന്ന കാരണം തികച്ചും ന്യായവുമാണെങ്കില്‍ അവരെ അനുസരിക്കണം എന്നതാണ് ഈ രണ്ട് സംഭവങ്ങളില്‍ നിന്ന് നാം ഗ്രഹിക്കേണ്ടത്.